Video del Papa ai giovani cubani Video del Papa ai giovani cubani 

പാവങ്ങള്‍ക്ക് അടിസ്ഥാന വേതനം നല്കണം

മഹാമാരി ഉണര്‍ത്തുന്ന പാവങ്ങളെക്കുറിച്ചുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ആകുലത.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. വൈറസ് ബാധയില്‍ കുടുങ്ങുന്നവര്‍
അധികവും പാവങ്ങള്‍

മഹാമാരിയില്‍ ക്ലേശിക്കുന്നര്‍ അധികവും പാവങ്ങളാണെന്ന നീരക്ഷണത്തിലാണ് പാപ്പാ ഫ്രാന്‍സിസ് അവര്‍ക്കായി ഭാവിയില്‍ ആഗോളതലത്തില്‍ ഒരു വേതനം മാറ്റിവയ്ക്കുവാന്‍ സര്‍ക്കാരുകള്‍ക്കാവണമെന്ന് അഭിപ്രായപ്പെട്ടത്. പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കുമായി പ്രവര്‍ത്തിക്കുന്ന ആഗോള ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് (Popular Movements) ഏപ്രില്‍ 14, ചൊവ്വാഴ്ച അയച്ച കത്തിലാണ് പാപ്പാ ഇങ്ങനെ അഭിപ്രായപ്രകടനം നടത്തിയത്.

2. ശ്രദ്ധയില്‍പ്പെടാത്ത ഭൂരിപക്ഷം
കൊറാണ വൈറസ് ജാതിയുടെയും മതത്തിന്‍റെയും രാജ്യത്തിന്‍റെയും ഭൂഖണ്ഡത്തിന്‍റെയും അതിരുകള്‍ തകര്‍ത്ത് മരണത്തിന്‍റെ തേര്‍വാഴ്ച നടത്തുമ്പോള്‍ അധികവും ജീവന്‍ നഷ്ടമാകുന്നതും ക്ലേശിക്കുന്നതും പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമാണെന്ന നിരീക്ഷണത്തിലാണ് പാപ്പാ ഫ്രാന്‍സിസ് അവര്‍ക്കായി ഒരു ആഗോളവേതനം എന്ന ചിന്ത ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ നിര്‍ദ്ദേശിക്കുന്നത്.  ആരുടെയും ശ്രദ്ധയില്‍പ്പെടാതെ വലിയ അടുക്കളകളില്‍ ജോലി ചെയ്യുന്നവര്‍, കൃഷിയിടങ്ങളില്‍ ഇന്നും കൃത്രിമമില്ലാതെ പണിയെടുക്കുന്നവര്‍, വന്‍പദ്ധതികളില്‍ തുച്ഛമായ വേതനത്തിന് കൂലിവേലചെയ്യുന്നവര്‍, ചേരികളില്‍ പാര്‍ക്കുന്നവര്‍ ഇങ്ങനെ കൊറോണയുടെ കാലത്തും എന്നും ക്ലേശിക്കുകയും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി തത്രപ്പെടുകയുംചെയ്യുന്ന നിശ്ശബ്ദരായ ഒരു ബഹുഭൂരിപക്ഷമുണ്ടെന്നും, അവരെക്കുറിച്ച് ലോകരാഷ്ട്രങ്ങളും ഭരണകര്‍ത്താക്കളും, പ്രസ്ഥാനങ്ങളും ചിന്തയുള്ളവരാകണമെന്നും പാപ്പാ കത്തിലൂടെ അനുസ്മരിപ്പിച്ചു.

3. ചേരികളില്‍ കൂട്ടമായി കഴിയുന്നവര്‍
ചെറിയ സൗകര്യങ്ങളില്‍, ഒരു ചെറു കൂരയ്ക്കു കീഴില്‍ പാര്‍ക്കുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ പാടില്ലാത്ത (lock down) ദിനങ്ങളെക്കുറിച്ച്  ചിന്തിക്കാനാവില്ലെന്നും,  യാതൊരു സുരക്ഷയുമില്ലാതെ കഴിയുന്ന പാവങ്ങളെ പരിപാലിക്കുന്ന ഒരു ആഗോള സംവിധാനത്തിന് ഈ മഹാമാരി സഹായകമാകണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു. ലോകത്തെ ആഞ്ഞടിക്കുന്ന ഏതു പ്രതിസന്ധിയും പാവങ്ങളെ ഇരട്ടിയായി ബാധിക്കുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 April 2020, 08:24