ഫ്രാൻസീസ് പാപ്പാ തിങ്കളാഴ്ച (13/04/20) ത്രികാലപ്രാർത്ഥനയ്ക്കു ശേഷം, കൊറോണവൈറസിനെതിരായ പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തിൽ വിജനമായ വത്തിക്കാനിലെ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിനഭിമൂഖമായി നിന്ന് ആശീർവ്വാദം നല്കുന്നു. ഫ്രാൻസീസ് പാപ്പാ തിങ്കളാഴ്ച (13/04/20) ത്രികാലപ്രാർത്ഥനയ്ക്കു ശേഷം, കൊറോണവൈറസിനെതിരായ പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തിൽ വിജനമായ വത്തിക്കാനിലെ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിനഭിമൂഖമായി നിന്ന് ആശീർവ്വാദം നല്കുന്നു. 

കോവിദ് 19 ദുരന്തവും മഹിളകളുടെ ത്യാഗപൂർണ്ണ സേവനവും!

കർത്താവ് സ്ത്രീകൾക്ക് കരുത്തേകുന്നതിനും അവർക്കും അവരുടെ കുടുംബങ്ങൾക്കും നമ്മുടെ സമൂഹങ്ങൾ താങ്ങായിത്തീരുന്നതിനും വേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസീസ് പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കൊറോണവൈറസ് ബാധയുടെ തിക്ത ഫലങ്ങൾ അനുഭവിക്കുന്നവർക്കും അവരെ പരിചരിക്കുന്നവർക്കും പാപ്പാ തൻറെ പ്രാർത്ഥനാ സഹായവും സാമീപ്യവും ഒരിക്കൽക്കൂടി ഉറപ്പു നല്കുന്നു.

ഉയിർപ്പുതിരുന്നാളാനന്തര പ്രഥമ തിങ്കളാഴ്ച (13/04/20) “മാലാഖയുടെ തിങ്കളാഴ്ച” വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ, ആശീർവ്വാദാനന്തരം ഫ്രാൻസീസ് പാപ്പാ, കോവിദ് 19 ദുരന്ത വേളയിൽ ജീവൻ പോലും പണയപ്പെടുത്തി വിവിധ മേഖലകളിൽ പരസേവനത്തിലേർപ്പെട്ടിരിക്കുന്ന മഹിളകളെ പ്രത്യേകം അനുസ്മരിക്കുകയാിരുന്നു.

ഡോക്ടർമാരും നഴ്സുമാരും ക്രമസമാധനപാലനത്തിലേർപ്പെട്ടിരിക്കുന്നവരും കാരാഗൃഹങ്ങളിൽ സേവനം ചെയ്യുന്നവരും അടിസ്ഥാനാവശ്യസാധനങ്ങൾ വിൽക്കുന്ന കടകളിൽ ജോലിചെയ്യുന്നവരും കുഞ്ഞുങ്ങളും പ്രായാധിക്യത്തിലെത്തിയവരും അംഗവൈകല്യമുള്ളവരുമടങ്ങിയ കുടുംബാംഗളുമൊത്തു വീടുകളിൽ അടച്ചുപൂട്ടി കഴിയുന്ന നിരവധിയായ അമ്മമാരും സഹോദരികളും മുത്തശ്ശിമാരുമായ സ്ത്രീകൾ ചെയ്യുന്ന സേവനങ്ങൾ താൻ സ്മരിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

സ്ത്രീകൾ പീഢനത്തിനിരകളാകുന്ന അപകടത്തെക്കുറിച്ചും സഹജീവനത്തിനു വേണ്ടി അവർ വലിയ ഭാരം വഹിക്കേണ്ടിവരുന്ന അവസ്ഥയെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.

കർത്താവ് അവർക്ക് കരുത്തേകാനും അവർക്കും അവരുടെ കുടുംബങ്ങൾക്കും നമ്മുടെ സമൂഹങ്ങൾ താങ്ങായിത്തീരുന്നതിനും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. മുന്നേറാൻ സ്ത്രീകൾക്ക് കർത്താവ് ധൈര്യം പ്രദാനം ചെയ്യട്ടെയെന്ന് പാപ്പാ ആശംസിച്ചു.

ചില നാടുകളിൽ, പ്രത്യേകിച്ച് ഇറ്റലി, അമേരിക്കൻ ഐക്യനാടുകൾ, സ്പെയിൻ ഫ്രാൻസ് തുടങ്ങിയ നാടുകളിൽ അണുബാധിതരുടെയും മരണമടഞ്ഞവരുടെയും സംഖ്യ വളരെ വലുതാണെന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു. 

കൊറോണവൈറസിൻറെ കനത്ത പ്രഹരം ഏറ്റിരിക്കുന്ന എല്ലാ രാജ്യങ്ങളുടെയും ചാരെ ആയിരിന്നുകൊണ്ട്  ഈ പെസഹാവാരത്തിൽ അന്നാടുകളെ സ്നേഹത്തോടെ താൻ ഓർക്കുന്നുവെന്നു പാപ്പാ പറഞ്ഞു.

എല്ലാവർക്കും ഒരിക്കൽക്കൂടി ഉത്ഥാനത്തിരുന്നാളിൻറെ ആശംസകൾ നേർന്ന പാപ്പാ പ്രാർത്ഥനയിലും സഹോദരങ്ങളെപ്പോലെ പരസ്പരം സഹായിക്കുന്നതിലും നാം ഐക്യത്തിലായിരിക്കണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 April 2020, 14:36