പാപ്പാ സാന്താ മാര്‍ത്തയില്‍ വചന സന്ദേശം നൽകുന്നു. പാപ്പാ സാന്താ മാര്‍ത്തയില്‍ വചന സന്ദേശം നൽകുന്നു.  

വിശുദ്ധിയിലേക്കുള്ള വിളി:ദൈവ സാന്നിധ്യത്തിൽ ആഹ്ലാദിച്ച അമ്മ

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ അഞ്ചാം അദ്ധ്യായത്തിലെ അവസാന ഭാഗമായ 176-177 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

അഞ്ചാം അദ്ധ്യായം:

ജാഗരൂകരായിരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പാപ്പാ ഈ അവസാനത്തെ അദ്ധ്യായത്തിൽ സംസാരിക്കുന്നു. ആത്മീയ യുദ്ധത്തിനുള്ള തയ്യാറെടുപ്പിന് വിവേചനാബുദ്ധിയും ജാഗരൂകതയും എത്ര അനിവാര്യമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഫ്രാൻസിസ് പാപ്പാ.

176. ഈ വിചിന്തനങ്ങൾ പരിശുദ്ധ മറിയത്താൽ കിരീടമണിയിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. എന്തെന്നാൽ മറ്റാരും ജീവിച്ചിട്ടില്ലാത്തതുപോലെ യേശുവിന്‍റെ സുവിശേഷഭാഗ്യങ്ങൾ ജീവിച്ചവളാണവൾ. അവൾ ദൈവത്തിന്‍റെ സാന്നിധ്യത്തിൽ ആഹ്ലാദിച്ചു. അവളുടെ ഹൃദയത്തിൽ അവൾ എല്ലാം സംഗ്രഹിച്ചു കൊണ്ട് വാളിനാൽ തുളയ്ക്കപ്പെടാനും അവൾ തന്നെ തന്നെ അനുവദിക്കുകയും ചെയ്തു. പരിശുദ്ധ മറിയം വിശുദ്ധരുടെയെല്ലാം വിശുദ്ധയാണ്. മറ്റെല്ലാവരെയും ക്കാൾ അവൾ അനുഗ്രഹീതയാണ്. വിശുദ്ധിയുടെ മാർഗ്ഗം അവള്‍ നമ്മെ പഠിപ്പിക്കുന്നു. അവൾ എപ്പോഴും നമ്മുടെ സമീപത്ത് കൂടി നടക്കുന്നു. നാം വീണുപോകാൻ അവൾ അനുവദിക്കുന്നില്ല. ചിലപ്പോൾ അവർ നമ്മെ വിധിക്കാതെ തന്‍റെ കൈകളിൽ നമ്മെസംവഹിക്കുന്നു. അവളുമായുള്ള സംഭാഷണം നമ്മെ ആശ്വസിപ്പിക്കുകയും, സ്വതന്ത്രരാക്കുക്കുകയും, വിശദീകരിക്കുകയും ചെയ്യുന്നു. നമ്മുടെ അമ്മയായ പരിശുദ്ധ മറിയത്തിന് വാക്കുകളുടെ അതിപ്രസരം ആവശ്യമില്ല. നമ്മുടെ ജീവിതങ്ങളിൽ എന്തു സംഭവിക്കുന്നു എന്ന് നാം അവളോടു പറയേണ്ട ആവശ്യം അവൾക്കില്ല. “നന്മ നിറഞ്ഞ മറിയമേ സ്വസ്തി…” എന്ന് നാം വീണ്ടും വീണ്ടും മന്ത്രിക്കുകയാണ്. വിശുദ്ധരിൽ ഏറ്റം വിശുദ്ധയായ മറിയത്തിന്‍റെ കരങ്ങളിൽ  വിശുദ്ധിയെക്കുറിച്ചുള്ള തന്‍റെ ധ്യാന ചിന്തകളെ ഏല്‍പ്പിക്കുകയാണ് ഫ്രാൻസിസ് പാപ്പാ. ക്രൈസ്തവ ശിഷ്യത്വത്തിന്‍റെ ആഴവും പരപ്പും അറിഞ്ഞ് അഷ്ടഭാഗ്യങ്ങൾ ജീവിച്ചവൾ.  ദൈവസാന്നിധ്യത്തിൽ ശിഷ്യത്വത്തിന്‍റെ ആനന്ദം ജീവിച്ച നസ്രത്തിലെ സ്ത്രീ, എല്ലാം ഹൃദയത്തിൽ ഒതുക്കി, ആ ഹൃദയം വാളാൽ കുത്തിത്തുറക്കപ്പെടാൻ അനുവദിച്ചവൾ. ശിഷ്യത്വത്തിന്‍റെ എല്ലാ വശങ്ങളും അവളിൽ നമുക്ക് കണ്ടെത്താമെന്നത് കൊണ്ടാണ് പാപ്പാ അവളെ വിരുദ്ധരുടെ ഇടയിലെ വിശുദ്ധയെന്ന് ഇവിടെ വിശേഷിപ്പിക്കുന്നത്. വിശുദ്ധിയിലേക്ക് അവൾ നമ്മെ വഴി നടത്തുക മാത്രമല്ല വിശുദ്ധിയുടെ വഴിയിൽ അവൾ നമ്മോടൊപ്പം നടക്കുകയും കൂടി ചെയ്യുന്നു. യേശുവിന്‍റെ മരണം കണ്ട് ഭയന്ന് ഓടിപ്പോയ ശിഷ്യരെ ഒരുമിച്ചു കൂട്ടി അവർക്ക് പരിശുദ്ധാത്മാവിന്‍റെ വരവുവരെ കൂട്ടിരുന്നതു പോലെ നമ്മുടെ വീഴ്ച്ചകളിലും അവൾ നമ്മെ താങ്ങുകയും, നമ്മെ വിധിക്കാതെ ആ കരങ്ങളിൽ വഹിക്കുകയും ചെയ്യുന്നു. അവളുമായുള്ള നമ്മുടെ സമ്പർക്കം നമ്മെ ആശ്വസിപ്പിക്കും, സ്വതന്ത്രരാക്കും, വിശുദ്ധീകരിക്കും എന്ന ഫ്രാൻസിസ് പാപ്പാ എഴുതുന്നു. ഒരു പാട് വാക്കുകളുടെ പ്രഭാവങ്ങളൊന്നും അവൾക്കാവശ്യമില്ല. നമ്മുടെ ഉള്ളിൽ എന്തു നടക്കുന്നെന്ന്  അവളോടു പറയാതെ തന്നെ അവൾ അറിയുന്നു. വെറുതെ നന്മ നിറഞ്ഞ മറിയമേ... എന്നിടയ്ക്കിടെ മൃദുവേ മന്ത്രിച്ചാൽ മാത്രം മതി. വിശുദ്ധിയുടെ വഴിയിൽ നമുക്ക് ഏറ്റം അത്യാവശ്യ സഹായത്തിന് ആദ്യ ശിഷ്യയും, ശിഷ്യരിൽ ശിഷ്യയും, വിശുദ്ധരിൽ വിശുദ്ധയുമായ മറിയത്തെ തന്‍റെ വിശുദ്ധിയെക്കുറിച്ചുള്ള ചിന്തകൾ സമർപ്പിക്കാൻ ഫ്രാൻസിസ് പാപ്പായ്ക്ക് കാരണങ്ങൾ നിരവധിയാണെന്ന് തന്‍റെ പ്രബോധനത്തിന്‍റെ  അവസാനം കുറിക്കുന്ന ഈ ഖണ്ഡികയിൽ പാപ്പാ എഴുതുന്നു.

177. വിശുദ്ധിക്ക് വേണ്ടിയുള്ള ആഗ്രഹം നവമായ പരിപോഷിപ്പിക്കുന്നതിന് തിരുസഭയെ മുഴുവൻ പ്രാപ്തമാക്കാൻ ഈ പേജുകൾ സഹായമായി തീരുമെന്നാണ് എന്‍റെ പ്രത്യാശ. ദൈവത്തിന്‍റെ മഹത്വത്തിന് വേണ്ടി വിശുദ്ധരാകാനുള്ള തീവ്രമായ ആഗ്രഹം നമ്മുടെ മേൽ വർഷിക്കാൻ നമുക്ക് പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കാം. ഈ പരിശ്രമത്തിൽ നമുക്ക് പരസ്പരം പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. ഈ വിധത്തിൽ നമ്മിൽനിന്ന് ലോകത്തിന് എടുത്തു മാറ്റാൻ കഴിയാത്ത ഒരു ആനന്ദത്തിൽ നാം പങ്കുചേരും. വിശുദ്ധിയാണ് സഭയെ മറ്റ് സംഘടനകളിൽ നിന്ന് വ്യത്യസ്ഥമാക്കുന്ന ഘടകം. ഇന്നത്തെ ലോകത്തിൽ എന്തിനും ഏതിനും NGO കൾ ധാരാളമുണ്ട്. പ്രവർത്തനങ്ങളുമുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം സഭയെ വ്യത്യസ്ഥമാക്കുന്നത് അവളിൽ നിലനില്‍ക്കുന്ന വിശുദ്ധിയുടെ സന്തോഷമാണ് . ഈ വിശുദ്ധിക്കുള്ള ഒരു ആഗ്രഹം സഭ മുഴുവൻ ഉണ്ടാകാൻ ഈ താളുകൾ ഉപകരിക്കട്ടെ എന്ന് പ്രത്യാശിക്കുകയാണ് ഫ്രാൻസിസ് പാപ്പാ ഈ അവസാനത്തെ ഖണ്ഡികയിൽ. അതിന് ഏറ്റം അത്യാവശ്യം വിവേചനവരം തരുന്ന സഹായകനായ പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യമാണ്. അതിനാൽ പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹം തേടുന്നുണ്ട് പാപ്പാ ഇവിടെ. ദൈവത്തിന്‍റെ മഹത്വം വിരിയിക്കാൻ വിശുദ്ധിയിൽ ജീവിക്കാനുള്ള തീക്ഷ്ണമായ ആഗ്രഹം സഭയിൽ ചൊരിയാനും പരസ്പരം വിശുദ്ധിയിൽ വളരാൻ പ്രോൽസാഹിപ്പിക്കാനും സഹായകനായ പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹം തേടാൻ പ്രാർത്ഥിക്കുന്ന പാപ്പയെ നമുക്കിവിടെ കാണാം. യേശുവിന്‍റെ സുവിശേഷത്തിലടങ്ങിയിരിക്കുന്ന ശിഷ്യത്വത്തിന് ഒരു സന്തോഷമുണ്ട് അതിന്‍റെ ആന്തരികതയിൽ. ലോകത്തിന് നമ്മിൽ നിന്ന് പിടിച്ചടക്കാൻ കഴിയാത്ത, നശിക്കാത്ത ആ സന്തോഷം കരസ്ഥമാക്കാൻ സാധാരണക്കാരായ നമുക്കും കഴിയുമെന്ന്  നമ്മെ ഓർമ്മിച്ചു കൊണ്ട് തന്‍റെ അപ്പോസ്തോലീക പ്രബോധനം അവസാനിപ്പിക്കുകയാണ് പാപ്പാ.

സഭാ ദർശനം പരിപാടിയിൽ നമ്പര് ചിന്തനം ചെയ്തത് ഫ്രാൻസിസ് പാപ്പായുടെ “ആനന്ദിച്ചാഹ്ളാദിക്കുവിന്‍” എന്ന പ്രബോധനമായിരുന്നു. “ആനന്ദിച്ചാഹ്ളാദിക്കുവിന്‍” എന്ന പ്രബോധനം ഫ്രാന്‍സിസ് പാപ്പായു‌ടെ പ്രമാണ രേഖയായിട്ടാണ് കരുതപ്പെടുന്നത്. 2018 മാര്‍ച്ച്19ᴐo തിയതിയാണ്, വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുന്നാള്‍ ദിനത്തില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വച്ച് സഭാമക്കള്‍ക്കു ഫ്രാന്‍സിസ് പാപ്പാ തന്‍റെ മൂന്നാമത്തെ അപ്പോസ്തോലിക പ്രബോധനം നല്‍കിയത്. 2018 ഏപ്രില്‍ 9ᴐo തിയതി ഇത് പ്രസിദ്ധീകരിക്കപ്പട്ടു. ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ച് ബെര്‍ഗോളിയോ എന്ന വ്യക്തി പാപ്പാ സ്ഥാനം സ്വീകരിക്കുമ്പോള്‍ സഭയെ ആത്മീയ പുനരുത്ഥാനത്തിലേക്കു നയിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ദൈവ കേന്ദ്രീകൃതമായ നവീകരണ പ്രക്രിയ  പാപ്പായെ സ്വാധീനിച്ചിട്ടുളളതായി ഈ അപ്പോസ്തോലിക പ്രബോധനത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

വിശുദ്ധിയിലേക്കുളള വിളി

ലളിതമായ വാക്കുകളിൽ വിശുദ്ധിയിലേക്കുളള സാര്‍വത്രീക ക്ഷണം എന്ന് നമുക്ക് ഈ പ്രബോധനത്തെ വിശേഷിപ്പിക്കാം. ലളിതവും പ്രായോഗികവുമായ നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ പ്രബോധനം. വിശുദ്ധിയിലേക്കുളള സാർവ്വത്രീക ക്ഷണമായും ഒരു പുനരവതരണമായും അദ്ദേഹം ഇതിനെ വിഭാവനം ചെയ്യുന്നു. നമുക്ക് ഒരു ധ്യാനമായി ഈ ലേഖനത്തെ കണക്കാക്കാം.  വിശുദ്ധരാകാൻ സകലർക്കുമുള്ള  ക്രിസ്തുവിന്‍റെ വിളിയെ കുറിച്ചാണ് GAUDETE  ET EXSULTATE  അഥവാ  “ആനന്ദിച്ചാഹ്ളാദിക്കുവിന്‍” എന്ന അപ്പോസ്തോലിക പ്രബോധനത്തില്‍ പാപ്പാ ഊന്നിപറയുന്നത്. ഈ പ്രബോധനത്തിന്‍റെ ഉപശീര്‍ഷകം ആനുകാലിക ലോകത്തില്‍ വിശുദ്ധിയിലേക്കുളള വിളിയെ കുറിച്ചാണ്. ദൈവത്തെ എല്ലാറ്റിന്‍റെയും കേന്ദ്രത്തില്‍ നിറുത്തി നഗ്നവും, അത്യാന്താപേക്ഷിതവുമായ ഒരു സന്ദേശം പരിശുദ്ധ പിതാവ് നല്‍കുന്നു. വിശുദ്ധിയുടെ നിർവ്വചനങ്ങളെക്കാൾ അതിന്‍റെ പ്രായോഗിക വശങ്ങളാണ് പരാമർശിക്കപ്പെടുന്നത്. മനോഹരമായ ഈ പ്രബോധനത്തിന്‍റെ ആഴങ്ങളിലേക്ക് കടക്കും മുമ്പ് നമുക്ക് അതിലെ പ്രതിപാദ്യ വിഷയങ്ങൾ ഒന്ന് മനസ്സിലാക്കാം. അഞ്ച് അദ്ധ്യായങ്ങളാണ് ഈ പ്രബോധനത്തിലുള്ളത്.

ഒന്നാം അദ്ധ്യായം:

വിശുദ്ധിയിലേക്കുള്ള വിളിയെക്കുറിച്ചാണ്. വിശുദ്ധിയുടെ പല ഉദാഹരണങ്ങളും നിരത്തി വിശുദ്ധിയിലേക്കുള്ള മാർഗ്ഗങ്ങൾ കാണിച്ചുതരുന്ന പാപ്പാ നാം ഓരോരുത്തരും അവരവരുടെ വിശുദ്ധിയുടെ തനിമയാർന്ന പാത കണ്ടെത്താൻ പരിശ്രമിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. അനുദിന ജീവിതം നമ്മെ വിശുദ്ധിയിലേക്ക് നയിക്കാവുന്ന മേഖലയാണ്, അവിടെ നമ്മുടെ ജീവിതം സ്നേഹത്തിൽ ജീവിക്കുമ്പോൾ, എല്ലാം  ദൈവ കേന്ദ്രീകൃതമാകുമ്പോൾ വിശുദ്ധി ജീവനുളളതാക്കപ്പെടുന്നു.

രണ്ടാമദ്ധ്യായം:

വിശുദ്ധിയുടെ വഴിയിലെ രണ്ടു ശത്രുക്കളെക്കുറിച്ചാണ്. തത്വവാദിത്വവും ദൈവകൃപ കൂടാതെ രക്ഷനേടാമെന്ന ചിന്താധാരയും. ഈ രണ്ടു പാഷാണ്ഡതകളെയും സൂക്ഷിക്കാൻ പാപ്പാ നിർദ്ദേശിക്കുന്നു. എല്ലാം അറിയാമെന്ന ചിന്തയും, കരുണയില്ലാതെ നിയമങ്ങളിൽ മുറുകെ പിടിച്ചു നില്‍ക്കുന്ന മനോഭാവവും വിശുദ്ധിയുടെ മാർഗ്ഗത്തെ വിദൂരത്തിലാക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

മൂന്നാമത്തെ അദ്ധ്യായം:

അഷ്ടഭാഗ്യങ്ങൾ നിരത്തി അനുദിന ജീവിതത്തിൽ എങ്ങനെ വിശുദ്ധിയിൽ വളരാമെന്ന് പാപ്പാ വരച്ചുകാട്ടുന്നു. അതോടൊപ്പം അന്ത്യവിധിയെക്കുറിച്ചു നാഥൻ പറയുന്നതും കൂടി കൂട്ടിച്ചേർക്കുമ്പോൾ കരുണയാവണം നമ്മുടെ പുണ്യവഴിയുടെ കണ്ണി എന്ന തിരിച്ചറിവിലേക്ക് മാർപ്പാപ്പ നമ്മെ നയിക്കുന്നു.

നാലാമദ്ധ്യായം:

വിശുദ്ധിയുടെ അടയാളങ്ങൾ എന്തൊക്കെ എന്ന് പാപ്പാ ഇവിടെ കാണിച്ചുതരുന്നു. സ്ഥിരോൽസാഹവും, ക്ഷമയും, ശാന്തതയും, സന്തോഷവും, രസികത്വവും തുടങ്ങി അപ്പോസ്തലീകമായ ധൈര്യവും, സമൂഹ ജീവിതവും, നിരന്തരമായ പ്രാർത്ഥനയും വിശുദ്ധിയുടെ പ്രകടഭാവങ്ങളായി മാർപാപ്പ ചൂണ്ടിക്കാണിക്കുന്നു..

അഞ്ചാം  അദ്ധ്യായം:

ജാഗരൂകരായിരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പാപ്പാ ഈ അവസാനത്തെ അദ്ധ്യായത്തിൽ സംസാരിക്കുന്നു. ആത്മീയ യുദ്ധത്തിനുള്ള തയ്യാറെടുപ്പിന് വിവേചനബുദ്ധിയും ജാഗരൂകതയും എത്ര അനിവാര്യമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഫ്രാൻസിസ് പാപ്പാ.

വിശുദ്ധി അനുദിന ജീവിതമാണ്

ജനനം എന്ന മൂന്നക്ഷരത്തിന്‍റെയും, മരണം എന്ന മൂന്നക്ഷരത്തിന്‍റെയും ഇടയിലുളള മൂന്നക്ഷരമാണ് ജീവിതം. ജീവിതം എന്ന മൂന്നക്ഷരത്തിലാണ് ഒരു വ്യക്തിയുടെ ജനനവും, മരണവും വിലയിരുത്തപ്പെടുന്നത്. ജീവിതം മൂല്ല്യമുള്ളതാക്കാൻ സഹായിക്കുന്ന മൂന്നക്ഷരങ്ങളാണ് വിശുദ്ധി. ഈ ലോകത്തിലെ ജീവിതത്തില്‍ വിശുദ്ധിയിലേക്കുളള നമ്മുടെ വിളിയെ കുറിച്ചാണ് ഫ്രാന്‍സിസ് പാപ്പാ “ആനന്ദിച്ചാഹ്ളാദിക്കുവിന്‍ ” എന്ന അപ്പോസ്തോലിക  പ്രബോധനത്തിലൂടെ നമ്മോടു സംസാരിക്കുന്നത്. വിശുദ്ധിയെന്നത് പാപ്പായുടെ ഹൃദയതാളമാണ്. വിശുദ്ധിയെ അനുദിന ജീവിതമായി പാപ്പാ ഇവിടെ ചൂണ്ടികാണിക്കുന്നു.  ദൈവജനത്തിന്‍റെ ജീവിത സാഹചര്യങ്ങളുടെ മദ്ധ്യത്തില്‍ പാപ്പാ വിശുദ്ധിയെ കാണുന്നു. മക്കളെ വളര്‍ത്തുന്ന അമ്മയിലും, മക്കള്‍ക്കു ഭക്ഷണം നല്‍കാന്‍ അദ്ധ്വാനിക്കുന്ന പിതാവിലും, രോഗികളിലും, എപ്പോഴും പുഞ്ചിരിതൂകുന്ന വയോധികരായ വൈദീകരിലും, മുന്നിരയില്‍ വരാതെ കഷ്ടപ്പെട്ടു അദ്ധ്വാനിക്കുന്ന സന്ന്യാസിനികളിലും അദ്ദേഹം വിശുദ്ധിയെ കാണുന്നു. വിശുദ്ധിയുടെ ഇടത്തരക്കാര്‍ എന്ന് സാധാര​ണ മനുഷ്യരുടെ ജീവിത വിശുദ്ധിയെ മനോഹരമായി “ആനന്ദിച്ചാഹ്ളാദിക്കുവിന്‍ ” എന്ന തന്‍റെ അപ്പോസ്തോലിക  പ്രബോധനത്തില്‍ പാപ്പാ വിശദീകരിക്കുന്നു. വിശുദ്ധിയുടെ അത്യുന്നത കര്‍മ്മല മലമുകളിലും, അഭ്യന്തരഹര്‍മ്മ്യങ്ങളിലും ചെന്നെത്താത്ത അതിസാധാരണമായ അനുദിനജീവിതത്തില്‍ ജീവിക്കാവുന്ന വിശുദ്ധിയെ കുറിച്ചാണ് പാപ്പാ പ്രബോധിപ്പിക്കുന്നത്. സാധാരണ മനുഷ്യര്‍ക്കുളള വിശുദ്ധിയുടെ സന്ദേശമാണ് ഈ അപ്പോസ്തോലിക  പ്രബോധനത്തിലുടന്നീളം നാം കാണുന്നത്. ജീവിതം ഒരു ധ്യാനമാണ്. ദര്‍ശനങ്ങളും,വീക്ഷണ​ങ്ങളും, സാധനകളും, സാധ്യതകളും,സ്വപ്നങ്ങളും, പ്രതീക്ഷകളും നിറഞ്ഞ  ഒരു ധ്യാനവയല്‍. കളയും വിളയും നിറഞ്ഞ ഈ വയലിനെ വിശുദ്ധിയോടെ സമീപിച്ചാല്‍ മാത്രമേ വിളവുകളെ നമുക്ക് ജീവിത നിക്ഷേപങ്ങളാക്കിത്തീര്‍ക്കാന്‍ കഴിയുകയുള്ളൂ. ശാന്തമായി, പ്രശാന്തമായി ജീവിതത്തെ സമീപിക്കാന്‍ കഴിയുന്നതെങ്ങനെയെന്നും, എന്തിനാണ് ജീവിതത്തെ കുറിച്ചുളള ധ്യാനമെന്നുമുളള ചോദ്യങ്ങള്‍ക്കുളള ഉത്തരങ്ങള്‍ “ആനന്ദിച്ചാഹ്ളാദിക്കുവിന്‍ ” എന്ന ലേഖനത്തിലൂടെ പരിശുദ്ധപിതാവ് വ്യക്തമാക്കിത്തരുന്നു.

വിശുദ്ധി നിര്‍വചനങ്ങള്‍ക്കതീതം

ഈ പ്രബോധത്തിന്‍റെ ഉദ്ദേശം വിശുദ്ധിയെ പറ്റിയുള്ള നിർവ്വചനങ്ങളോ, വിശുദ്ധിയെ വിവേചിച്ചറിയാനുള്ള ഒരു പ്രബന്ധം അവതരിപ്പിക്കലോ വിശുദ്ധിയിലേക്കുള്ള പല മാർഗ്ഗങ്ങളെ പറ്റിയുള്ള ചർച്ചയോ അല്ല. വളരെ പ്രായോഗീകമായ രീതിയിൽ നമ്മുടെ ആനുകാലിക ജീവിതത്തിൽ യേശുവിന്‍റെ വിശുദ്ധിയിലേക്കുള്ള വിളിയെ അതിന്‍റെ എല്ലാ അപകട സാധ്യതകളേയും, വെല്ലുവിളികളേയും അവസരങ്ങളേയും മുന്നിൽ കണ്ടു കൊണ്ട് പുനരവതരിപ്പിക്കുവാനുള്ള ഒരു എളിയ ശ്രമമാണ് എന്നു പറഞ്ഞാണ് പാപ്പാ തന്‍റെ പ്രബോധനത്തിന്‍റെ അവതരണം നടത്തുക. അതിനു കാരണമായി അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത് എഫേസൂസ്കാർക്കുള്ള ലേഖനം ഒന്നാം അദ്ധ്യായം 4ആം വാക്യമാണ്. കർത്താവു നമ്മെ ഓരോരുത്തരേയും തന്‍റെ മുന്നിൽ സ്നേഹത്തിൽ വിശുദ്ധരും കളങ്കരഹിതരുമായിരിക്കാൻ വിളിച്ചിരിക്കുന്നു. സ്വര്‍ഗ്ഗത്തെ പദം വച്ചുളള  നമ്മുടെ ജീവിതയാത്രയില്‍ വിശുദ്ധിയെന്നത് വിദൂരത്തില്‍ നില്‍ക്കുന്ന സുകൃതമല്ല മറിച്ച് നമ്മുടെ ഓരോര്‍ത്തരുടെയും ജീവിതമാണ്. വിശുദ്ധിയിലേക്കുളള നമ്മുടെ വിളിയില്‍ സ്ഥിരതയോടെ ജീവിക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 March 2020, 11:49