ഫ്രാൻസീസ് പാപ്പായുടെ ദിവ്യപൂജാർപ്പണം, വത്തിക്കാനിൽ ദോമൂസ് സാംക്തെ മാർത്തെ കപ്പേളയിൽ ഫ്രാൻസീസ് പാപ്പായുടെ ദിവ്യപൂജാർപ്പണം, വത്തിക്കാനിൽ ദോമൂസ് സാംക്തെ മാർത്തെ കപ്പേളയിൽ 

കണ്ണീരിൻറെ ഞായറാക്കാം!

കോവിദ് 19 എന്ന മഹാമാരിയുടെ ഫലമായി ഏറെ വേദനിക്കുന്ന ഒരു ലോകത്തിനു മുന്നിൽ,നിരവധിയായ ജനങ്ങൾക്കു മുന്നിൽ, യേശു തീർച്ചയായും കരയുമായിരുന്നതു പോലെ കരയാൻ ഇന്ന് എനിക്കു സാധിക്കുമോ?

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യാതനകളനുഭവിന്നവരോടൊത്തു കരയാൻ കഴിയുന്നതിനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കാൻ മാർപ്പാപ്പാ വിശ്വാസികളെ ക്ഷണിക്കുന്നു.

കോവിദ് 19 ദുരന്തത്തിൽ നിന്ന് മാനവരാശിയെ രക്ഷിക്കണമേയെന്ന പ്രാർത്ഥനയടങ്ങിയ പ്രത്യേക നിയോഗത്തോടു കൂടി ഈ ദിനങ്ങളിൽ, അനുദിനം വത്തിക്കാനിൽ. “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിലെ കപ്പേളയിൽ ദിവ്യബലി അർപ്പിക്കുന്ന ഫ്രാൻസീസ് പാപ്പാ, നോമ്പുകാലത്തിലെ അഞ്ചാം ഞായറാഴ്ചത്തെ (29/03/20) വിശുദ്ധകുർബ്ബാന മദ്ധ്യേ സുവിശേഷചിന്തകൾ പങ്കുവയ്ക്കുകയായിരുന്നു.

മരിച്ച് അടക്കപ്പെട്ട ലാസറിനെ യേശു ഉയിർപ്പിക്കുന്ന സുവിശേഷ സംഭവം, യോഹന്നാൻറെ സുവിശേഷം 11,1-45 വരെയുള്ള വാക്യങ്ങൾ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

ലാസറിനൻറെ കല്ലറയ്ക്കു മുന്നിലേക്കു പോകുന്നതിനു മുമ്പ് യേശു കണ്ണീർ പൊഴിക്കുന്ന സംഭവം അനുസ്മരിച്ച പാപ്പാ ആ രോദനം ഹൃദയത്തിൽ നിന്നുള്ളതും സ്നേഹത്തോടുകൂടിയതും ആയിരുന്നുവെന്നും കരയുന്നവരോടു ചേർന്നുള്ള കരച്ചിലായിരുന്നുവെന്നും വിശദീകരിച്ചു.

ഇന്ന്, കോവിദ് 19 എന്ന മഹാമാരിയുടെ ഫലമായി ഏറെ വേദനിക്കുന്ന ഒരു ലോകത്തിനു മുന്നിൽ, ഈ രോഗത്തിൻറെ അനന്തരഫലങ്ങൾ അനുഭവിക്കുന്ന നിരവധിയായ ജനങ്ങൾക്കു മുന്നിൽ യേശു തീർച്ചയായും കരയുമായിരുന്നതു പോലെ കരയാൻ എനിക്കു സാധിക്കുമോ എന്ന് ഞാൻ എന്നോടു തന്നെ ചോദിക്കുകയാണ്, പാപ്പാ തുടർന്നു: എൻറെ ഹൃദയം യേശുവിൻറേതിനോടു സദൃശമാണോ?....  കർത്താവിനോടൊപ്പം, ഈ വേളയിൽ യാതനകളനുഭവിക്കുന്ന ജനങ്ങളോടൊപ്പം കരായൻ കഴിയുന്നതിനുള്ള അനുഗ്രഹം അവിടത്തോടു യാചിക്കുക. നമുക്കെല്ലാനർക്കും കണ്ണീരിൻറേതായിരിക്കട്ടെ ഈ ഞായർ.

കൊറോണ വൈറസ് മൂലം യാതനകളനുഭവിക്കുന്ന സകലരെയും പാപ്പാ ദിവ്യപൂജാർപ്പണ വേളയിൽ അനുസ്മരിച്ചു.

ഒറ്റപ്പെടുത്തപ്പെട്ടവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വൃദ്ധജനത്തിനും, ചികിത്സയിൽ കഴിയുന്നവർക്കും വേതനം ലഭിക്കാത്തതു മൂലം മക്കൾക്ക് ആഹാരം നല്കാൻ കഴിയാത്ത മാതാപിതാക്കൾക്കും വേണ്ടി പാപ്പാ പ്രത്യേകം പ്രാർത്ഥിച്ചു.

കോവിദ് 19 മഹാമാരി സംജാതമാക്കിയിരിക്കുന്ന അവസ്ഥയുടെ  പശ്ചാത്തലത്തിൽ ഈ ദിനങ്ങളിൽ പാപ്പാ അർപ്പിക്കുന്ന ദിവ്യബലിയിലും പാപ്പായുടെ ഇതര പരിപാടികളിലും ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കുകയും ഒപ്പം, സമ്പർക്കമാദ്ധ്യമങ്ങളിലൂടെയുള്ള ഭാഗഭഗിത്വം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ വത്തിക്കാൻ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 March 2020, 16:24