തിരയുക

Vatican News

പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ യൗസേപ്പിതാവിന്‍റെ മാദ്ധ്യസ്ഥം പ്രാര്‍ത്ഥിച്ചു

വൈറസ് ബാധയില്‍നിന്നും ഇറ്റലിയെയും ലോകത്തെയും രക്ഷിക്കുന്നതിന്....

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍ദിനത്തില്‍
മാര്‍ച്ച് 19, വ്യാഴാഴ്ച വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളില്‍ പ്രാദേശിക സമയം രാത്രി 9 മണിക്ക് ഇറ്റലിയിലെ എല്ലാക്കുടുംബങ്ങളും ജപമാലയുടെ പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍ ചൊല്ലി ദൈവിക കാരുണ്യത്തിനായി തിരുക്കുടുംബ പാലകനായ വിശുദ്ധ യൗസേപ്പിതാവിന്‍റെയും കന്യകാനാഥയുടെയും മാദ്ധ്യസ്ഥം പ്രാര്‍ത്ഥിച്ചു.  ഇറ്റലിയിലെ ദേശീയ മെത്രാന്‍ സമിതി ആഹ്വാനംചെയ്ത പ്രാര്‍ത്ഥനയില്‍ വത്തിക്കാനില്‍നിന്നും തത്സമയം കണ്ണിചേര്‍ത്ത ഹ്രസ്വ വീഡിയോ സന്ദേശത്തിലൂടെയാണ് പാപ്പാ ഫ്രാന്‍സിസ്  പങ്കുചേര്‍ന്നത്.

2. പ്രതിസന്ധിയില്‍ പതറരുത്!
ഈ പ്രതിസന്ധിയില്‍ പതറാതെ നില്കണമെന്ന ഹ്രസ്വമായ ആമുഖത്തെ തുടര്‍ന്ന്, ജപമാലയ്ക്ക് ആമുഖമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ യൗസേപ്പിതാവിന്‍റെ മാദ്ധ്യസ്ഥം പ്രാര്‍ത്ഥിച്ചത്. വിശുദ്ധന്‍റെ മരണനേരത്ത് കൂടെനില്ക്കുന്ന യേശുവിന്‍റെയും കന്യകാനാഥയുടെയും പേപ്പല്‍ വസതിയിലുള്ള ഒരു ചെറിയ മൊസൈക്ക് ചിത്രത്തിനു മുന്നില്‍നിന്നുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസിസ് വത്തിക്കാനില്‍നിന്നും ഇറ്റാലിയന്‍ കുടുംബങ്ങളുടെ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നത്. ദേശീയ മെത്രാന്‍ സമിതിയുടെ ടിവി 2000 പാപ്പായുടെ സന്ദേശവും പ്രാര്‍ത്ഥനയും ആമുഖമായി വീടുകളില്‍ സംപ്രേഷണംചെയ്യുകയും പ്രാര്‍ത്ഥനകള്‍ നയിക്കുകയും ചെയ്തു.

3. പാപ്പാ ഉരുവിട്ട വിശുദ്ധ യൗസേപ്പിതാവിനോടുള്ള
മദ്ധ്യസ്ഥപ്രാര്‍ത്ഥന

തിരുക്കുടുബ പാലകനേ,  ഈ രാജ്യത്തെയും ലോകത്തെയും സംരക്ഷിക്കണമേ. പൊതുനന്മയ്ക്കായി അശ്രാന്തം പ്രയത്നിക്കുന്നവരെ പ്രകാശിപ്പിക്കണമേ.
പ്രതിവിധി കണ്ടുപിടിക്കാന്‍ അദ്ധ്വാനിക്കുന്ന വൈദ്യശാസ്ത്ര മേഖലയുടെ ബുദ്ധിയെ തെളിയിക്കണമേ. ജീവന്‍ പണയപ്പെടുത്തി രോഗികളായ സഹോദരങ്ങളെ പരിരക്ഷിക്കാന്‍ പ്രയത്നിക്കുന്നവരെ കാത്തുപാലിക്കണമേ. അങ്ങേ സഭയെ പരിപാലിക്കണമേ, വിശുദ്ധ യൗസേപ്പിതാവേ, സഭാ ശുശ്രൂഷകരെ നന്മയുടെയും സമര്‍പ്പണത്തിന്‍റെയും അടയാളങ്ങളും ഉപകരണങ്ങളുമാക്കണമേ.

പുണ്യതാതനേ, ഞങ്ങളുടെ കുടുംബങ്ങളുടെ കൂടെയുണ്ടായിരിക്കണമേ. അങ്ങേ പ്രാര്‍ത്ഥനയുടെ നിശ്ശബ്ദസാന്നിദ്ധ്യത്താല്‍ കൂടുംബങ്ങളെ കൂട്ടായ്മയില്‍ നിലനിര്‍ത്തുകയും, കുഞ്ഞുങ്ങളെ കാത്തുപാലിക്കുകയും ചെയ്യണമേ. പ്രായാധിക്യത്തില്‍ എത്തിയവരെ അവരുടെ ഏകാന്തതയില്‍ തുണയ്ക്കുകയും, പരിത്യക്തതയാല്‍ അവരെ നിരാശയില്‍ അകപ്പെടാന്‍ ഇടവരുത്തരുതേ! പുണ്യതാതാ, ഏറ്റവും വ്രണിതാക്കളായവരെ ബലപ്പെടുത്തണമേ. വീണു പോകുന്നവരെ താങ്ങണമേ, പാവങ്ങള്‍ക്ക് അങ്ങു തുണയായിരിക്കണമേ. തിരുക്കുടുംബ പാലകാ, ലോകത്തെ മഹാമാരിയില്‍നിന്നു മോചിക്കണമേയെന്ന് ദിവ്യസുതനായ ക്രിസ്തുവിനോടു കന്യകാനാഥയ്ക്കൊപ്പം അങ്ങു ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ.
ആമേന്‍.
 

21 March 2020, 08:52