തിരയുക

കൊറോണാ വൈറസിനെതിരായ സായാഹ്ന പ്രാർത്ഥനയും ദിവ്യകാരുണ്യാരാധനയും നയിച്ച ഫ്രാൻസീസ് പാപ്പാ ആശീർവ്വാദം നല്കുന്നു 27/03/2020 കൊറോണാ വൈറസിനെതിരായ സായാഹ്ന പ്രാർത്ഥനയും ദിവ്യകാരുണ്യാരാധനയും നയിച്ച ഫ്രാൻസീസ് പാപ്പാ ആശീർവ്വാദം നല്കുന്നു 27/03/2020 

നമ്മുടെ വേധ്യതയെ അനാവരണം ചെയ്യുന്ന കൊടുങ്കാറ്റുകൾ ജീവിതത്തിൽ!

പ്രത്യാശയെ പുണരാൻ കർത്താവിനെ ആശ്ലേഷിക്കുക, ഇതാണ് നമ്മെ ഭയവിമുക്തരാക്കുകയും നമുക്ക് പ്രത്യാശ പ്രദാനം ചെയ്യുകയും ചെയ്യുന്ന വിശ്വാസത്തിൻറെ ശക്തി, പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രാർത്ഥനയും നിശബ്ദ സേവനവുമാണ് നമ്മുടെ വിജയദായക ആയുധങ്ങളെന്ന് മാർപ്പാപ്പാ.

വെള്ളിയാഴ്ച (27/03/20) വൈകുന്നേരം വിജനമായിരുന്ന, വത്തിക്കാനിലെ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ,  നയിച്ച ദിവ്യകാരുണ്യാരാധനയോടു കൂടിയ പ്രാർത്ഥനാ ശുശ്രൂഷാ വേളയിൽ സുവിശേഷ ചിന്തകൾ പങ്കുവയ്ക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.  ഈ പ്രാർത്ഥനാ ശുശ്രൂഷയുടെ അവസാനം പാപ്പാ റോമാ നഗരത്തിനും ലോകത്തിനും എന്നർത്ഥം വരുന്ന “ഊർബി ഏത്ത് ഓർബി” (URBI ET ORBI) ആശീർവ്വാദം നല്കുകയും ചെയ്തു.

യേശു കടലിനെ ശാന്തമാക്കുന്ന സുവിശേഷ സംഭവം, മർക്കോസ്, (4,35-41) അവംബമാക്കിയുള്ളതായിരുന്നു പാപ്പായുടെ പ്രഭാഷണം. 

കൊറോണവൈറസ് ഉളവാക്കിയിരിക്കുന്ന ഭീതിയിലകപ്പെട്ട നമ്മുടെ അവസ്ഥയെ പാപ്പാ കടൽക്ഷോഭത്തിൽ ആടിയുലഞ്ഞ വഞ്ചിയിൽ ഭയവിഹ്വലരായ ശിഷ്യരുടേതിനോടുപമിച്ചു.

നമ്മുടെ ചത്വരങ്ങളിലും വീഥികളിലും നഗരങ്ങളിലും കൂരിരുൾ വ്യാപിച്ചിരിക്കുകയും നമ്മുടെ ജീവിതം നിശബ്ദതയിലും ഒറ്റപ്പെടുത്തുന്ന ഒരുതരം ശൂന്യതയിലും ആണ്ടിരിക്കയും സകലവും സ്തംഭനാവസ്ഥയിലാകുകയും ചെയ്തിരിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും പറഞ്ഞ പാപ്പാ “ നിങ്ങൾ ഭയപ്പെടുന്നതെന്ത്? നിങ്ങൾക്ക് വിശ്വാസമില്ലേ?” എന്ന് യേശു ഭീതിതരായിരുന്ന ശിഷ്യരോടു ചോദിച്ച ചോദ്യം ആവർത്തിച്ചു.

ജീവിതത്തിലെ ഇത്തരം കൊടുങ്കാറ്റുകൾ നമ്മുടെ വേധ്യതയെയും നമ്മുടെ പദ്ധതികളും പരിപാടികളും പതിവുകളും മുൻഗണനകളുംകൊണ്ടു കെട്ടിപ്പൊക്കിയ കപടവും ഉപരിപ്ലവുമായ സുരക്ഷിതത്വത്തെയും തുറുന്നുകാട്ടുന്നുവെന്നു പാപ്പാ പറഞ്ഞു.

നമ്മുടെ ജീവിതത്തെയും സമൂഹത്തെയും താങ്ങിനിറുത്തുകയും അവയ്ക്ക് കരുത്തേകുകയും ചെയ്യുന്നവയെ നാം എങ്ങനെ മയക്കത്തിലാഴ്ത്തുകയും ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നുവെന്ന് ഇത് കാണിച്ചു തരുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

നമ്മുടെ അഹംഭാവത്തെ മറച്ചിരുന്ന ആവരണം ഈ കൊടുങ്കാറ്റിൽ തകരുകയാണെന്ന് പാപ്പാ പറഞ്ഞു.

നമ്മുടെ ജീവിതം സാധാരണ ജനങ്ങളാൽ നെയ്തെടുക്കപ്പെടുന്നതും പരിപാലിക്കപ്പെടുന്നതുമാണെന്ന വസ്തുത നാം മറന്നുപോകുന്നുവെന്നും ഇന്ന് നമ്മുടെ ജീവചരിത്രത്തിലെ നിർണ്ണായക സംഭവങ്ങൾ രചിക്കുന്നത്  ഭിഷഗ്വരന്മാരും നഴ്സുമാരും കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാരും, വീടുകളിൽ ജോലിചെയ്യുന്നവരും ശുചീകരണ പ്രവർത്തകരും ക്രമസമാധാന പാലകരും, യാത്രാസൗകര്യങ്ങൾ ഒരുക്കുന്നവരും സന്നദ്ധസേവകരുമൊക്കെയാണെന്ന് പാപ്പാ വിശദീകരിച്ചു. 

നമുക്കു വേണ്ടി പ്രാർത്ഥിക്കുന്നവരും നിരവധിയാണെന്ന് പാപ്പാ അനുസ്മരിച്ചു.

ഭയപ്പെടാതെ വിശ്വാസമുള്ളവരായിരിക്കേണ്ടതിൻറെ ആവശ്യകത ഊന്നിപ്പറഞ്ഞ പാപ്പാ കുരിശിനെ ആശ്ലേഷിക്കാൻ പ്രചോദനമേകി.

കുരിശിനെ ആശ്ലേഷിക്കുകയെന്നാൽ വർത്തമാന കാലത്തിലെ സകല പ്രതികൂലാവസ്ഥകളെയും ആശ്ലേഷിക്കാനുള്ള ധൈര്യം പുലർത്തുകയും നമ്മെ കൈപിടിച്ചുയർത്താൻ കഴിയുന്ന ആത്മാവിൻറെ രചനാത്മകതയ്ക്ക് ഇടം നല്കുകയുമാണെന്ന് ആഥിത്യത്തിൻറെയും സാഹോദര്യത്തിൻറെയും ഐക്യദാർഡ്യത്തിൻറെയും നൂതന രൂപങ്ങൾക്ക് ഇടമുള്ള വേദി തുറക്കുകയാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. 

പ്രത്യാശയെ പുണരാൻ കർത്താവിനെ ആശ്ലേഷിക്കുക, ഇതാണ് നമ്മെ ഭയവിമുക്തരാക്കുകയും നമുക്ക് പ്രത്യാശ പ്രദാനം ചെയ്യുകയും ചെയ്യുന്ന വിശ്വാസത്തിൻറെ ശക്തി, പാപ്പാ ഓർമ്മിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 March 2020, 15:30