കാരുണ്യം നമ്മുടെ പ്രാണവായു!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
കൊറോണ വൈറസും ഈ രോഗാണു മൂലമുണ്ടാകുന്ന കോവിദ് 19 (COVID 19) രോഗവും ലോകമെങ്ങും അനിയന്ത്രിതമായി പടരുന്ന ഈ ഒരു വേളയില്‍ ഈ ദുരന്തെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ഓരോ രാജ്യവും സ്വീകരിച്ചുകൊണ്ടിരിക്കുന്നു. കൊറോണ വൈറസിനെതിരെ ഇതുവരെയും ഫലപ്രദമായ ഒരു മരുന്നു കണ്ടുപിടിക്കാത്താ പശ്ചാത്തലത്തില്‍ നമ്മുടെ അനുദിന ജീവിത രീതിയില്‍, നമ്മുടെ സാമൂഹ്യ ജീവിതത്തില്‍, സാമൂഹ്യ ബന്ധങ്ങളില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തുകയെന്ന ലക്ഷ്യത്തോടെ വ്യക്തികള്‍ തമ്മില്‍ ഒരു സുരക്ഷിത അകലം പാലിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ആകയാല്‍ വ്യക്തികളുടെ അടുത്ത ഇടപഴകലുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും സുരക്ഷാ അകലം പാലിക്കണമെന്ന ബോധ്യം സൃഷ്ടിക്കുകയുമൊക്കെ ചെയ്തുകൊണ്ടാണ് ഇപ്പോള്‍ ഈ പ്രതിസന്ധിയെ നേരിടാന്‍ രാജ്യങ്ങള്‍ ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായി ജനസമ്പര്‍ക്കമുള്ള എല്ലാ പരിപാടികളും വത്തിക്കാനിലും താല്ക്കാലികമായി ഒഴിവാക്കിയിരിക്കുന്നു. ആകയാല്‍ ഫ്രാന്‍സീസ് പാപ്പായുടെ അനുദിന പരിപാടികളിലും ഈ മാറ്റങ്ങള്‍ പ്രകടമാണ്. പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പാപ്പാ നടത്തുന്ന എല്ലാ പരിപാടികളിലും നേരിട്ടല്ലാതെ, ദൃശ്യ-ശ്രവ്യ മാദ്ധ്യമങ്ങളിലൂടെ സംബന്ധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വത്തിക്കാന്‍ ഒരുക്കിയിരിക്കുന്നു. തന്മൂലം കഴിഞ്ഞ ആഴ്ചയിലെന്നപോലെ തന്നെ ഈ ബുധനാഴ്ചത്തെയും (18/03/20) പ്രതിവാരപൊതുകൂടിക്കാഴ്ചാ പരിപാടിയില്‍ ജനങ്ങളുടെ ഭാഗഭാഗിത്വം വിനിമയ മാദ്ധ്യമങ്ങളിലൂടെ മാത്രമായിരുന്നു. പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ ഘടനയ്ക്ക് യാതൊരു മാറ്റവും വരുത്തിയിരുന്നില്ല. പതിവുപോലെ പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം ആയിരുന്നു. തദ്ദനന്തരം പാപ്പാ, തന്നെ ഈ മാദ്ധ്യമങ്ങളിലുടെ കാണുകയും ശ്രവിക്കുകയും ചെയ്യുന്നവരെ വത്തിക്കാനില്‍ പേപ്പല്‍ ഭവനത്തിലെ ഗ്രന്ഥശാലയിലിരുന്നുകൊണ്ട് സംബോധന ചെയ്തു.
പ്രഭാഷണ സംഗ്രഹം:
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,
“കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്ക് കരുണ ലഭിക്കും” (മത്തായി 5,7) എന്ന അഞ്ചാമത്തെ സുവിശേഷസൗഭാഗ്യത്തെക്കുറിച്ചാണ് ഇന്നു നമ്മള്‍ ധ്യാനിക്കുക. ഈ സുവിശേഷഭാഗ്യത്തിന് ഒരു സവിശേഷതയുണ്ട്: ഇതില്‍ മാത്രമാണ് ആനന്ദകാരണവും ഫലവും ഒന്നായിരിക്കുന്നത്, ഇവിടെ ഫലം കാരുണ്യമാണ്. കാരുണ്യം പ്രവര്‍ത്തിക്കുന്നവര്‍ക്ക് കരുണ ലഭിക്കും, അവര്‍ കാരുണ്യത്തിനു പാത്രീഭൂതരാകും. പൊറുക്കലിന്‍റെ പാരസ്പര്യം ഈ സൗഭാഗ്യത്തില്‍ മാത്രമല്ല കാണുന്നത്, അത് സുവിശേഷത്തില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. അങ്ങനെയല്ലാതിരിക്കുന്നതെങ്ങിനെ? കരുണ ദൈവത്തിന്‍റെ ഹൃദയംതന്നെയാണ്. യേശു പറയുന്നു: “നിങ്ങള്‍ വിധിക്കരുത്, നിങ്ങളും വിധിക്കപ്പെടില്ല; കുറ്റാരോപണം നടത്തരുത്, നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല; ക്ഷമിക്കുവിന്‍, നിങ്ങളോടും ക്ഷമിക്കപ്പെടും” (ലൂക്കാ 6,37). ഇവിടെയും കാണുന്നത് ഈ പാരസ്പര്യമാണ്. യാക്കോബിന്‍റെ ലേഖനം പറയുന്നത് “എന്നും കാരുണ്യം വിധിയുടെ മേല്‍ വിജയം വരിക്കുന്നു” എന്നാണ്. (യാക്കോബ് 2,13)
സര്‍വ്വോപരി, നാം സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയില്‍ യാചിക്കുന്നത് “ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചതു പോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും പൊറുക്കണമേ” എന്നാണ്. (മത്തായി 6,12)
അവിഭാജ്യങ്ങളായ രണ്ടു കാര്യങ്ങളുണ്ട്, അതായത്, നല്കിയ മാപ്പും, സ്വീകരിച്ച മാപ്പും. എന്നാല്‍ അനേകര്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നണ്ട്, കാരണം അവര്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നില്ല. ചിലപ്പോഴൊക്കെ പൊറുക്കുകയെന്നത് ഒരു മലകയറുന്നതു പോലെ അത്രയേറെ ഊര്‍ജ്ജം ആവശ്യപ്പെടുന്ന രീതിയില്‍ ആയാസകരമായിരിക്കും ഏല്ക്കേണ്ടിവന്ന ദ്രോഹം. അപ്പോള്‍ അവന്‍ ചിന്തിക്കും ക്ഷമിക്കാന്‍ പറ്റില്ല എന്ന്. എന്നാല്‍ കാരുണ്യത്തിന്‍റെ പാരസ്പര്യം സൂചിപ്പിക്കുന്നത് നമ്മുടെ വീക്ഷണത്തെ കീഴ്മേല്‍ മറിക്കേണ്ടത് ആവശ്യമാണ് എന്നാണ്. നമുക്കു തനിച്ച് അതു സാധ്യമല്ല, ദൈവകൃപ ആവശ്യമാണ്, അത് നാം യാചിച്ചു നേടണം.
നാമെല്ലാവരും കടക്കാരാണ്. എറെ ഉദാരമതിയായ ദൈവത്തോടും സഹോദരങ്ങളോടും കടപ്പെട്ടിരിക്കുന്നവരാണ് നമ്മള്‍. പിതാവോ മാതാവോ ഭാര്യയോ ഭര്‍ത്താവോ സഹോദരനോ സഹോദരിയോ ആയിരിക്കേണ്ടത് എങ്ങനെയാണോ അങ്ങനെയല്ലാ നാം എന്ന് നമുക്കോരോരുത്തര്‍ക്കും അവബോധമുണ്ട്. ജീവിതത്തില്‍ നാമെല്ലാവരും കടത്തിലാണ്. നമുക്ക് കാരുണ്യം ആവശ്യമുണ്ട്.
വാസ്തവത്തില്‍ നമ്മുടെ ഈ ദാരിദ്ര്യം പൊറുക്കാനുള്ള ശക്തിയായി ഭവിക്കുന്നു. നാം കടക്കാരാണ്, നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളുന്നു കിട്ടും (ലൂക്കാ 6,38) എന്ന് നാം കേട്ടു. ആകയാല്‍ അളവുപാത്രം വലുതാക്കുകയും, കടങ്ങള്‍ പൊറുക്കുകയുമാണ് ഉത്തമം.
നമ്മുടെ കാരുണ്യം ജന്മംകൊള്ളുന്നത് എവിടെ നിന്നാണ്? യേശു അരുളിചെയ്തു: “നിങ്ങളുടെ പിതാവ് കാരുണ്യമുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍” (ലൂക്കാ 6,36). പിതാവിന്‍റെ സ്നേഹം എത്രമാത്രം സ്വീകരിക്കുന്നുവോ അത്രമാത്രം ഒരുവന്‍ സ്നേഹിക്കും. കാരുണ്യം പലതിനെയും പോലെ ഒരു പരിമാണമല്ല, പിന്നെയൊ, ക്രിസ്തീയ ജീവിതത്തിന്‍റെ കേന്ദ്രമാണ്. കാരുണ്യത്തിന്‍റെ അഭാവത്തില്‍ ക്രിസ്തീയത ഇല്ല. നമ്മുടെ ക്രൈസ്തവികത കാരുണ്യോന്മുഖമല്ലെങ്കില്‍ നമുക്കു വഴി തെറ്റിയിരിക്കുന്നു. കാരണം കാരുണ്യമാണ് എല്ലാ ആത്മീയ യാത്രകളുടെയും യഥാര്‍ത്ഥ ലക്ഷ്യം. ഉപവിയുടെ എറ്റം സുന്ദരമായ ഫലങ്ങളില്‍ ഒന്നാണ് കാരുണ്യം. ഞാന്‍ ഓര്‍ക്കുന്നു, പാപ്പായെന്ന നിലയില്‍ ഞാന്‍ ആദ്യമായി ചൊല്ലിയ ത്രികാല പ്രാര്‍ത്ഥനാ വേളയില്‍ ഞാന്‍ തിരഞ്ഞെടുത്ത പ്രമേയം കാരുണ്യമായിരുന്നു. പാപ്പായെന്ന നിലയില്‍ ഞാന്‍ എന്നും, എല്ലാദിവസവും നല്കേണ്ട സന്ദേശം കാരുണ്യമാണ്..... റോമിന്‍റെ മെത്രാന്‍ എന്ന നിലയില്‍ ഞാന്‍ നല്കേണ്ട സന്ദേശം കാരുണ്യമാണ്, മാപ്പാണ്.
ദൈവത്തിന്‍റെ കാരുണയാണ് നമ്മുടെ വിമോചനവും നമ്മുടെ ആനന്ദവും. കാരുണ്യത്താലണ് നാം ജീവിക്കുന്നത്, കാരുണ്യമില്ലാത്തവരായിരിക്കാന്‍ നമുക്കാവില്ല. അത് നമ്മുടെ പ്രാണവായുവാണ്. വ്യവസ്ഥകള്‍ നിശ്ചയിക്കാന്‍ അപര്യാപ്തരാണ് നമ്മള്‍, നമ്മള്‍ മാപ്പുനല്കേണ്ടത് ആവശ്യമുണ്ട്, കാരണം, നാം പൊറുക്കപ്പെടേണ്ടവരാണ്. നന്ദി.
സമാപനാഭിവാദ്യങ്ങള്‍
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. ഇറ്റാലിയന്‍ ഭാഷാക്കാരെ അഭിവാദ്യം ചെയ്യവെ പാപ്പാ പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധന ചെയ്തു.
വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുന്നാള്‍
മാര്‍ച്ച് 19-ന് തിരുസഭ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുന്നാള്‍ ആചരിക്കുന്നത് അനുസ്മരിച്ച പാപ്പാ ആ വിശുദ്ധന്‍ ജീവിതത്തിലും തൊഴിലിലും കുടുബത്തിലും സന്തോഷസന്താപങ്ങളിലും എന്നും കര്‍ത്താവിനെ തേടുകയും സ്നേഹിക്കുകയും ചെയ്തുവെന്നും, വേദപുസ്തകം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് നീതിമാനും വിവേകിയുമായ മനുഷ്യന്‍ എന്നാണെന്നും പറഞ്ഞു.
എല്ലായ്പോഴും, പ്രത്യേകിച്ച്, ബുദ്ധിമുട്ടുകളുടെ വേളകളില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ മാദ്ധ്യസ്ഥ്യം തേടാനും ആ മഹാ വിശുദ്ധന് ജീവിതം ഭരമേല്പിക്കാനും പാപ്പാ അവരെ ക്ഷണിച്ചു.
ജപമാല, കൊറോണവൈറസ് ദുരന്തത്തിനെതിരെ
കൊറോണ വൈറസും ഈ രോഗാണുമൂലമുള്ള കോവിദ് 19 രോഗവും ലോകത്തില്‍, പ്രത്യേകിച്ച് ഇറ്റലിയില്‍ സംജാതമാക്കിയിരിക്കുന്ന അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍, വ്യാഴാഴ്ച (19/03/20) രാത്രി പ്രാദേശികസമയം 9 മണിക്ക് പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍ ധ്യാനിച്ചുകൊണ്ട് കൊന്തനമസ്ക്കാരം ചൊല്ലാന്‍ കുടുംബങ്ങളെയും സകല വിശ്വാസികളെയും സമര്‍പ്പിതജീവിത സമൂഹങ്ങളെയും ഇറ്റലിയിലെ കത്തോലിക്കാമെത്രാന്മാര്‍ ക്ഷണിച്ചിരിക്കുന്നത് അനുസ്മരിച്ച പാപ്പാ ആ ക്ഷണം ആവര്‍ത്തിച്ചു. താന്‍ വത്തിക്കാനിലിരുന്നു കൊന്തനമസ്ക്കാരത്തില്‍ പങ്കുചേരുമെന്ന് വെളിപ്പെടുത്തിയ പാപ്പാ തിരുക്കുടുംബത്തിന്‍റെയും നമ്മുടെ കുടുംബങ്ങളുടെയും കാവല്‍ക്കാരനായ വിശുദ്ധ യൗസേപ്പിതാവിനോടു പ്രാര്‍ത്ഥിക്കാനും എല്ലാവരേയും പ്രത്യേകം ക്ഷണിച്ചു.
നമ്മുടെ കുടുംബങ്ങളെ, വിശിഷ്യ,രോഗികളെയും ജിവന്‍ അപകടപ്പെടുത്തിപ്പോലും അവരെ പരിചരിക്കുന്ന ഭിഷഗ്വരന്മാരെയും നഴ്സുമാരെയും സന്നദ്ധസേവകരെയും പ്രത്യേകം കാത്തുപരിപാലിക്കാന്‍ വിശുദ്ധ യൗസേപ്പിതാവിനോട് നമുക്കു പ്രാര്‍ത്ഥിക്കാമെന്ന് പാപ്പാ പറഞ്ഞു.
തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ചൊല്ലുകയും തുടര്‍ന്ന്, അപ്പസ്തോലിക ആശീര്‍വ്വാദം നല്കുകയും ചെയ്തു.