പ്രവൃത്തിയില്ലാത്ത അറിവ് വ്യര്‍ത്ഥമെന്ന് പാപ്പാ ഫ്രാന്‍സിസ്

ഹൃദയത്തെ സ്പര്‍ശിക്കുന്ന അറിവ് സഹോദരങ്ങള്‍ക്കായി നന്മചെയ്യും. പാപ്പാ ഫ്രാന്‍സിസിന്‍റെ വചനധ്യാനം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

മാര്‍ച്ച് 12-Ɔο തിയതി വ്യാഴാഴ്ച രാവിലെയും  പാപ്പാ ഫ്രാന്‍സിസ് രോഗബാധിതര്‍ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട് ദിവ്യബലി അര്‍പ്പിച്ചു.  അടുത്ത സഹായികള്‍ മാത്രം നേരിട്ടു പങ്കെടുത്ത ദിവ്യബലി മാധ്യമ ശ്രൃംഖലകളിലൂടെ തത്സമയം  ലഭ്യമാക്കിയിരുന്നു.  രോഗബാധിതര്‍ക്കായി  തുടര്‍ച്ചയായി  ദിവ്യബലി അര്‍പ്പിക്കുന്നതിന്‍റെ നാലാം ദിവസമായിരുന്നു.

1. പരിത്യക്തരെ പരിപാലിക്കണം
കൊറോണാ വൈറസ് ബാധിതര്‍ക്കായി സജീവമായ പ്രവര്‍ത്തിക്കുന്ന പരിചാരകര്‍ക്കും, പരിചരണത്തിന് മേല്‍നോട്ടം വഹിക്കുന്ന അധികൃതര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ച പാപ്പാ ഫ്രാന്‍സിസ്, രോഗികളില്‍ പാവങ്ങളായവരെ പരിത്യജിക്കരുതെന്ന് പ്രത്യേകം അനുസ്മരിപ്പിച്ചു.  തുടര്‍ന്ന് ദിവ്യബലിയുടെ സുവിശേഷഭാഗത്തെക്കുറിച്ചാണ് പാപ്പാ ചിന്തകള്‍ പങ്കുവച്ചത് (ലൂക്കാ 16, 19-31). 

2. ക്രിസ്തു പറഞ്ഞ മാനവരാശിയുടെ
മനോഭാവത്തെ സംബന്ധിക്കുന്ന കഥ

ധനവാന്‍റെയും ലാസറിന്‍റെയും ക്രിസ്തു പറഞ്ഞ കഥ വളരെ വ്യക്തമാണ്. ഒരു കുട്ടിക്കഥപോലെ  ലളിതമാണത്.  ക്രിസ്തു കഥ പറയുക മാത്രമല്ല,  മാനവരാശിയുടെയും,  നിങ്ങളുടെയും എന്‍റെയും പൊതുവായ പെരുമാറ്റവും സ്വഭാവവും ഈ  കഥയിലൂടെ  വരച്ചുകാട്ടുകയുമാണെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു.  രണ്ടു വ്യക്തികളാണ് കഥാപാത്രങ്ങള്‍.  ആദ്യത്തെയാള്‍ എല്ലാവിധത്തിലും സംതൃപ്തനായവന്‍. നല്ല വസ്ത്രങ്ങള്‍, മാളിക, എല്ലാ ദിവസവും സമൃദ്ധിയുടെ വിരുന്നു മേശകള്‍ എന്നിവ പങ്കിട്ട് അയാള്‍ ജീവിച്ചു.   ചുറ്റുവട്ടങ്ങളില്‍ അയാള്‍ക്ക്  യാതൊരു സമ്മര്‍ദ്ദവുമില്ല. ഒന്നോരണ്ടോ കൊളസ്ട്രോള്‍ ഗുളികള്‍ ദിവസേന കഴിക്കണമെന്നു മാത്രം!  എന്നാല്‍ ജീവിതം പൊതുവെ രസകരവും സമാധാനപൂര്‍ണ്ണവുമാണ്.

3. പടിവാതില്‍ക്കലെ പാവങ്ങള്‍ ഒരു പതിവു കാഴ്ച
ധനവാന്‍റെ പടിക്കല്‍ ഒരു ദരിദ്രനുണ്ടായിരുന്നു – ലാസര്‍.  ധനവാന് അത് അറിയാം.  പടിക്കല്‍ കിടക്കുന്ന പാവം മനുഷ്യന്‍ ധനവാന് ഒരു പതിവു കാഴ്ച മാത്രമായിരുന്നു. എന്‍റെ കാര്യങ്ങള്‍ നന്നായി പോകുന്നു. എന്നാല്‍ ഇവന്‍  ഇങ്ങനെയും കുഴപ്പമില്ലാതെ കഴിയുന്നു.  അതു ജീവിതത്തിന്‍റെ ഭാഗമാണെന്നും, ലോകത്തില്‍ പതിവാണെന്നും  അയാള്‍ ആത്മഗതംചെയ്തു. വല്ലപ്പോഴെല്ലാം അയാളുടെ മേശയില്‍ ബാക്കിവരുന്ന  റൊട്ടിയോ അപ്പമോ പടിക്കലെ ലാസറിനും കൊടുത്തിരുന്നു. അങ്ങനെ രണ്ടുപേരുടെയും ജീവിതം മുന്നോട്ടുപോയി. അവസാനം എല്ലാവര്‍ക്കുമുള്ള പൊതുവായ നിയമത്തിനു രണ്ടുപേരും വിധേയരായി – മരണം!  ധനവാന്‍ മരിച്ചു.  ലാസറും മരിച്ചു. ലാസര്‍ സ്വര്‍ഗ്ഗത്തില്‍ അബ്രഹാമിന്‍റെ സന്നിധിയില്‍ എത്തി.  ധനവാന്‍ മരിച്ചു സംസ്കരിക്കപ്പെട്ടുവെന്നു മാത്രം സുവിശേഷം രേഖപ്പെടുത്തുന്നു.

4. ഭൂമിയില്‍ തുടങ്ങിയ ഗര്‍ത്തം സ്വര്‍ഗ്ഗത്തിലും
ശ്രദ്ധേയമാകുന്ന രണ്ടു കാര്യങ്ങള്‍ – ഒരു പാവം മനുഷ്യന്‍ അയാളുടെ വീട്ടുപടിക്കല്‍ ഉണ്ടെന്നും അയാളുടെ പേര് ലാസര്‍ എന്നായിരുന്നെന്നും.   ഇത് ധനവാനെ സംബന്ധിച്ച് സ്വാഭാവികവും സാധാരണവുമായിരുന്നു. ചിലപ്പോള്‍ ധനവാന്‍റെ വ്യവഹാരങ്ങള്‍ പൊതുവെ പാവങ്ങള്‍ക്ക് എതിരുമായിരുന്നു. അത് അയാള്‍ക്ക് അറിയാമായിരുന്നിരിക്കണം.  മറ്റൊരു ശ്രദ്ധേയമായ കാര്യം പാപ്പാ ചൂണ്ടിക്കാണിക്കുന്നത്, ലാസറിനും ധനികനും ഇടയ്ക്കുള്ള “അഗാധമായ ഗര്‍ത്ത”മാണ്. ഇരുപക്ഷവും തമ്മില്‍ ബന്ധമോ ആശയവിനിമയങ്ങളോ ഒന്നുമില്ലാത്ത അവസ്ഥയുടെ വന്‍ഗര്‍ത്തമാണിത്. എന്നാല്‍ ഈ അകല്‍ച്ചയുടെ ഗര്‍ത്തത്തിന്‍റെ തുടക്കം മരണശേഷം  സ്വര്‍ഗ്ഗത്തിലായിരുന്നില്ല,  ഭൂമിയിലായിരുന്നെന്ന് പാപ്പാ സമര്‍ത്ഥിച്ചു.

5. നിസംഗതയുടെ ഗര്‍ത്തം
ധനവാനു തീര്‍ച്ചയായും കാര്യങ്ങള്‍ അറിയാമായിരുന്നു. പക്ഷേ അയാളുടെ ഹൃദയം അടഞ്ഞതായിരുന്നു.  മറ്റുള്ളവരുടെ ജീവിതവ്യഥകളെയും ക്ലേശങ്ങളെയും കുറിച്ച് അറിവില്ലാഞ്ഞിട്ടല്ല,  അവ അയാളെ സ്പര്‍ശിച്ചില്ല!  അയാള്‍ അവയ്ക്കു നേരെ കണ്ണടയ്ക്കുകയായിരുന്നു. ഇന്നും ഇതു സംഭവിക്കുന്നുണ്ട്. എത്രയധികം കുട്ടികളാണ് ലോകത്ത് അനുദിനം വിശപ്പുമൂലം  മരിക്കുന്നത്. നാം ഈ വാര്‍ത്ത ടി.വി.-യില്‍ കാണുന്നു, പത്രമാധ്യമങ്ങളില്‍ വായിക്കുന്നു. പക്ഷെ അവ നമ്മെ സ്പര്‍ശിക്കുന്നില്ല.  അവ ഹൃദയത്തിലേയ്ക്ക് ഇറങ്ങുന്നില്ല.   കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന കാര്യങ്ങളില്‍നിന്നും നാം അകന്നു ജീവിക്കുന്നു. ഇതാണ് കഥയില്‍ ഈശോ പറയുന്ന അകല്‍ച്ചയുടെ ഗര്‍ത്തം.   മനസ്സില്‍നിന്നും ഹൃദയം അകന്നിരിക്കുന്ന നിസംഗതയുടെ ഭാവമാണിതെന്ന് പാപ്പാ വ്യക്തമാക്കി.  ഇതിനെ  നിസംഗതയുടെ അഗാധഗര്‍ത്തമെന്ന് പാപ്പാ വിശേഷിപ്പിച്ചു!

6. നിസംഗതയുടെ ആഗോളവത്കൃതാവസ്ഥ
സിറിയ, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നും കുടിയേറ്റക്കാര്‍ അടുക്കുന്ന ഇറ്റലിയുടെ മെഡിറ്ററേനിയന്‍ ദ്വീപുതീരമായ  ലാമ്പദൂസ (Lampedusa) സന്ദര്‍ശനത്തില്‍  മനസ്സില്‍ തെളിഞ്ഞ  “നിസംഗത ആഗോളവത്കൃത”മാണെന്ന ചിന്തയെക്കുറിച്ചു പാപ്പാ പരാമര്‍ശിച്ചു. വൈറസ് ബാധമൂലം കടകളെല്ലാം അടഞ്ഞു കിടക്കുന്നു. എനിക്ക് പല ആവശ്യങ്ങളുമുണ്ട്. ഷോപ്പിങ്ങിനു പോകണം! അപ്പോഴും വിശപ്പും ദാരിദ്ര്യവും അനുദിനം അനുഭവിക്കുന്നവര്‍ എത്രയോ പേരെന്ന് നാം ഒരിക്കലും ചിന്തിക്കുകയില്ല. അതു നമ്മെ സ്പര്‍ശിക്കുന്നുമില്ല. ദാരിദ്ര്യവും യുദ്ധവും വരള്‍ച്ചയും അഭ്യന്തരകലാപങ്ങളുംമൂലം അഭയം തേടി രാജ്യാതിര്‍ത്തികളില്‍  മുട്ടുന്നവര്‍ ആയിരങ്ങളാണ്. ഇതെല്ലാം അനുദിനം സംഭവിക്കുന്നതാണെന്ന് നമുക്കറിയാം. എന്നാല്‍ നാം നിസംഗരാണ്. ഇതാണ്  നിസംഗതയുടെ ഗര്‍ത്തമെന്ന് പാപ്പാ ആവര്‍ത്തിച്ചു പ്രസ്താവിച്ചു.

7. ദൈവത്തില്‍ ആശ്രയിച്ചു
ജീവിക്കുന്ന ദരിദ്രന്‍ - ലാസര്‍

ലാസര്‍ ദരിദ്രനായിരുന്നെന്ന് ധനവാന് നല്ല അറിവുണ്ടായിരുന്നു. എന്നാല്‍ അത് ഹൃദയത്തിലേയ്ക്ക് ഇറങ്ങിയത് മരണശേഷം ദൈവസന്നിധിയിലാണ്. അവിടെയാണ് പാവം ലാസറിനെ തിരിച്ചറിഞ്ഞത്. ധനവാന്‍ അപ്പോള്‍ ലാസറിന്‍റെ സഹായം തേടുന്നു.  കഥയില്‍ ധനവാനു  പേരില്ലെന്നത് ശ്രദ്ധേയമാണ്!  അയാള്‍ക്ക് സമ്പത്തും സുഖസൗകര്യങ്ങളുമുണ്ടായിരുന്നു. എന്നാല്‍  ഒരു പേരോ സല്‍പ്പേരോ ഭൂമിയില്‍ ഇല്ലായിരുന്നുവെന്നത് പ്രതീകാത്മകമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. സ്വാര്‍ത്ഥതകൊണ്ട് സ്വത്വം, അല്ലെങ്കില്‍ വ്യക്തിത്വം ഇല്ലാതായി  “വിശേഷണങ്ങളുടെയും അലങ്കാരങ്ങളുടെയും സംസ്കാര”ത്തില്‍ (Culture of Adjectives)  ജീവിക്കുന്ന അവസ്ഥയാണിതെന്ന് പാപ്പാ വ്യാഖ്യാനിച്ചു. സ്വന്തം പേരു നഷ്ടപ്പെട്ട അവസ്ഥ. അപ്പോള്‍ നിസംഗതമൂലം പേരുനഷ്ടപ്പെട്ട്, വ്യക്തിത്വം നശിച്ച് കുറച്ചു പണവും പ്രതാപവും മാത്രമായി ഒതുങ്ങുന്ന അവസ്ഥയാണിതെന്ന് പാപ്പാ വ്യക്തമാക്കി.

8. ഉപസംഹാരം
ധനവാന്‍ ജീവിതത്തില്‍ പാവപ്പെട്ട ലാസറിനോടു കാണിച്ച നിസംഗതയാണ് പാപം. മനുഷ്യയാതനകളെയും വേദനകളെയും രോഗങ്ങളെയും കുറിച്ചു നമുക്കുള്ള അറിവ് നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിക്കണമെന്നും,  സഹോദരങ്ങള്‍ക്ക് നന്മചെയ്യാന്‍ നമ്മെ പ്രചോദിപ്പിക്കണമെന്നും  ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ വചനചിന്തകള്‍ ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 March 2020, 15:26