ഫ്രാന്‍സിസ് പാപ്പാ  ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ സന്ദേശം നല്‍കുന്നു. ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ സന്ദേശം നല്‍കുന്നു. 

ഒരിക്കലും പിശാചുമായി സംഭാഷണത്തിൽ ഏർപ്പെടരുത്

മാര്‍ച്ച് ഒന്നാം തിയതി ഞായറാഴ്ച്ച, ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തില്‍ പാപ്പാ പ്രബോധിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മാര്‍ച്ച് ഒന്നാം തിയതി ഞായറാഴ്ച്ച, പതിവുളള ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പെടെ ആയിരങ്ങള്‍ വത്തിക്കാനിലെത്തിയിരുന്നു. അവര്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ സന്ദേശം ശ്രവിക്കാന്‍ കാത്തിരുന്നു. പ്രാദേശിക സമയം കൃത്യം12 മണിക്ക് അപ്പോസ്തോലിക അരമനയില്‍ ഫ്രാന്‍സിസ് പാപ്പാ ജനങ്ങളെ അഭിവാദ്യം ചെയ്തു കൊണ്ട് പ്രത്യക്ഷനായി. കരഘോഷത്തോടും, സന്തോഷത്തോടെ ആര്‍ത്തുവിളിച്ചും ജനങ്ങള്‍ പാപ്പായെ സ്വാഗതം ചെയ്തു. സന്തോഷപൂര്‍വ്വം കരങ്ങളുയര്‍ത്തി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സന്നിഹിതരായ എല്ലാവരെയും അഭിവാദനം ചെയ്തതിന് ശേഷം പാപ്പാ പ്രഭാഷണം ആരംഭിച്ചു.

പ്രിയ സഹോദരീ സഹോദരങ്ങളെ,  ശുഭദിനാശംസകൾ!

തപസ്സു കാലത്തിലെ ആദ്യ ഞായറാഴ്ച്ചയിലെ സുവിശേഷം യേശുവിന്‍റെ  മരുഭൂമിയിലെ പരീക്ഷയെക്കുറിച്ച് (മത്താ.4:1-11) നമ്മോടു സംസാരിക്കുന്നു. ജോർദ്ദാനിൽ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ച ശേഷം "പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്ക് നയിച്ചു"(4:1). പഴയ നിയമത്തിൽ മോശയും, ഏലിയായും പ്രവചിച്ചത് പോലെ ദൈവരാജ്യത്തെ കുറിച്ച് പ്രഘോഷിക്കുവാനുള്ള തന്‍റെ ദൗത്യം ആരംഭിക്കുന്നതിന് മുമ്പ് യേശു തന്നെ സ്വയം അതിനായി തയ്യാറായി (പുറ.24: 18, 1രാജ19:18). യേശു നാൽപതു ദിനരാത്രങ്ങൾ ഉപവാസത്തിലൂടെ തപസ്സിലേക്ക് പ്രവേശിക്കുന്നു. യേശുവിന്‍റെ ഉപവാസത്തെ തകർക്കുവാൻ പ്രലോഭകനായ വിശാച് എത്തുന്നു. മൂന്ന് പ്രാവശ്യം യേശുവിനെ പ്രലോഭിപ്പിക്കുവാൻ എത്തുന്നു.

യേശുവിന് വിശക്കുന്നു എന്നറിഞ്ഞു കൊണ്ട് "നീ ദൈവപുത്രനാണെങ്കിൽ ഈ കല്ലുകൾ അപ്പമാക്കാൻ പറയുക" (4:3) എന്ന് പ്രലോഭിപ്പിക്കുന്നു. എന്നാൽ "മനുഷ്യൻ അപ്പം കൊണ്ടു  മാത്രമല്ല, ദൈവത്തിന്‍റെ നാവിൽ നിന്ന് പുറപ്പെടുന്ന ഓരോ വാക്കു കൊണ്ടുമാണ് ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു"(4:4) എന്ന് വ്യക്തമായി പിശാചിന് ഉത്തരം തൽകുന്നു. ഇതിനെ നമുക്ക് നിയമാവർത്തന പുസ്തകത്തിൽ (8:3) കാണാം. മരുഭൂമിയിലൂടെയുള്ള യാത്രയിൽ ദൈവവചനത്തിൽ ആശ്രയിച്ചു കൊണ്ടുള്ള ജീവിതമാണെന്ന്  ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയ മോശയുടെ വാക്കുകളെ അനുസ്മരിച്ചു കൊണ്ടാണ് പ്രലോഭനക്കായ പിശാചിന് യേശു ഉത്തരം നൽകിയത്.

പിശാച് രണ്ടാം പ്രാവശ്യം യേശുവിനെ കൗശലവൂർവ്വം പ്രലോഭിപ്പിക്കാൻ ശ്രമിക്കുന്നു. "നീ ദൈവപുത്രനാണെങ്കിൽ താഴേക്കു ചാടുക; നിന്നെക്കുറിച്ച് അവൻ തന്‍റെ ദൂതന്മാർക്ക് കൽപന നൽകും; നിന്‍റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും എന്ന് എഴുതപ്പെട്ടിരിക്കുന്നു." (4:6) എന്ന തിരുവചനത്തെ ഉദ്ധരിക്കുകയും ചെയ്യുന്നു. ഇവിടെ അവന്‍റെ ഉപായം വ്യക്തമാണ്. എന്നാൽ ഇത് യേശുവിനെ കുഴപ്പത്തിലാക്കുന്നില്ല. കാരണം ദൈവം ഒരിക്കലും പരീക്ഷണത്തിൽ ഉൾപ്പെടുത്തുകയില്ലെന്ന് യേശു വിശ്വസിച്ചു. പിതാവിന്‍റെ നന്മയിൽ തന്നെ സ്വയം സമർപ്പിച്ചു കൊണ്ട് തിരുഗ്രന്ഥ വചനങ്ങളെ സാത്താൻ വ്യാഖ്യാനിച്ചപ്പോൾ "നിന്‍റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്ന് കൂടി എഴുതപ്പെട്ടിരിക്കുന്നു."(4:7). എന്ന തിരുവചനത്തെ ഉദ്ധരിച്ചു കൊണ്ടു പിശാചിനോടു യേശു മറു ചോദ്യം ഉന്നയിക്കുന്നു.

അവസാനമായി പിശാചിന്‍റെ മൂന്നാമത്തെ പരിശ്രമം " വളരെ ഉയർന്ന ഒരു മലയിലേക്ക് അവനെ കൂട്ടികൊണ്ടു പോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അവനെ കാണിച്ചുകൊണ്ട്, അവനോടു പറഞ്ഞു: നീ സാഷ്ടാംഗം പ്രണമിച്ചാല്‍ ഇവയെല്ലാം നിനക്ക് ഞാൻ നൽകും"(4:8-9). എന്ന് പറയുന്നതിലൂടെ പിശാചിന്‍റെ യഥാർത്ഥ ചിന്താഗതി വെളിപ്പെടുത്തപ്പെടുന്നു. ദൈവരാജ്യത്തിന്‍റെ ആരംഭം വിശാചിന്‍റെ അന്ത്യത്തോടുകൂടിയാണ്. അതു കൊണ്ട് തിന്മയുടെ

ശക്തി യേശുവിനെ അവന്‍റെ ദൗത്യം പൂർത്തികരിക്കുന്നതില്‍ നിന്നും വഴി തിരിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ അധികാരത്തെ വിഗ്രഹ ആരാധനയായി കാണുന്ന, മനുഷ്യ മഹത്വത്തിന് പ്രാധാന്യം നല്‍കുന്ന മനോഭാവത്തെ ഉപേക്ഷിച്ച് കൊണ്ട് സാത്താനെ തന്‍റെ മുന്നിൽ നിന്നും യേശു ആട്ടിയോടിക്കുന്നു. "യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്‍റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു"(4:10). എന്ന് പറഞ്ഞപ്പോൾ "പിശാച്‌ അവനെ വിട്ടുപോയി. ദൈവദൂതന്മാര്‍ അടുത്തുവന്ന്‌ അവനെ ശുശ്രൂഷിച്ചു.(4:11) .

മരുഭൂമിയിലെ യേശുവിന്‍റെ പരീക്ഷ നമ്മെ പഠിപ്പിക്കുന്നത്: യേശു പിശാചുമായി സംവാദത്തിലേർപ്പെടുന്നില്ല. യേശു ഉത്തരം നൽകുന്നത് ത ന്‍റെ വാക്കുകൾ കൊണ്ടല്ല മറിച്ച് ദൈവവചനം കൊണ്ടാണ്. എന്നാൽ നമ്മുടെ ജീവിതത്തിൽ പലപ്പോഴും പ്രലോഭനങ്ങളുടെ നേരത്ത് നാം പ്രലോഭനങ്ങളോടും പിശാചു നോട്ടം സംവാദം ചെയ്യാൻ ആരംഭിക്കും. എന്നാല്‍ ഒരിക്കലും പിശാചുമായി സംഭാഷണം നടത്തരുത്. യേശു പിശാചിനോടു രണ്ട് കാര്യങ്ങൾ  പ്രവര്‍ത്തിക്കുന്നു: യേശു അവനെ ഓടിക്കുകയും, ദൈവവചനം കൊണ്ട് ഉത്തരം നൽകുകയും ചെയ്യുന്നു.  അതിനാല്‍ ഒരിക്കലും പ്രലോഭനവുമായും, പിശാചുമായും ഒരിക്കലും സംഭാഷണം നടത്താതിരിക്കാന്‍ ശ്രദ്ധിക്കണം.

ഇന്നും സാത്താൻ വ്യക്തികളുടെ ജീവിതത്തിൽ അതിക്രമിച്ച് കടക്കുന്നു. മനസ്സാക്ഷിയെ മെരുക്കാൻ ശ്രമിക്കുന്ന നിരവധി ശബ്ദങ്ങളുമായി  അവന്‍ തന്‍റെ ശബ്‌ദം കൂട്ടിച്ചേർക്കുന്നു. ലംഘനത്തിന്‍റെ ആവേശം അനുഭവിക്കാൻ “സ്വയം പരീക്ഷിക്കപ്പെടാൻ” നമ്മെ ക്ഷണിക്കുന്ന നിരവധി ഭാഗങ്ങളിൽ നിന്നാണ് സന്ദേശങ്ങൾ  നമ്മിലേക്ക് വരുന്നത്. ദൈവാനുഭവത്തെക്കാൾ  ഇതര മാർഗ്ഗങ്ങൾ പിന്തുടരാനുള്ള ശ്രമമാണ് പ്രലോഭനമെന്ന്  മരുഭൂമിയിലെ യേശുവിന്‍റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു.

സ്വയംപര്യാപ്തതയുടെ സംവേദനം നൽകുന്ന, ജീവിതത്തിന്‍റെ ആനന്ദം  അതില്‍ തന്നെ അവസാനിപ്പിക്കുന്ന വഴികളാണവ. എന്നാല്‍ ആ വഴികളെല്ലാം വ്യാമോഹങ്ങളാണ്. നാം എത്രത്തോളം ദൈവത്തിൽ നിന്ന് അകന്നുപോകുന്നുവോ അത്രത്തോളം നമ്മുടെ അസ്തിത്വത്തെ സംബന്ധിച്ച് വലിയ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുമ്പോള്‍ നമുക്ക് സുരക്ഷിതമില്ലായ്മയും, നിസ്സഹായതയും അനുഭവപ്പെടുന്നു.

സർപ്പത്തിന്‍റെ തല തകർത്ത യേശുവിന്‍റെ അമ്മയായ  പരിശുദ്ധ കന്യാമറിയം,  ഈ  തപസ്സ് കാലത്തില്‍ പ്രലോഭനങ്ങളെ ജാഗ്രതാപൂര്‍വ്വം അഭിമുഖികരിക്കാനും, ഈ ലോകത്തിന്‍റെ ഒരു പ്രതിഷ്‌ഠയ്ക്കും കീഴടങ്ങാതെ, തിന്മയ്ക്കെതിരായ പോരാട്ടത്തിൽ യേശുവിനെ അനുഗമിക്കാനും, യേശുവിനെപ്പോലെ വിജയികളാകാനും നമ്മെ സഹായിക്കട്ടെ.  ഈ വാക്കുകളിൽ പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 March 2020, 15:00