തിരയുക

ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനയ്ക്ക് ശേഷം അപ്പോസ്തോലിക ആശീര്‍വ്വാദം നല്‍കുന്നു. ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനയ്ക്ക് ശേഷം അപ്പോസ്തോലിക ആശീര്‍വ്വാദം നല്‍കുന്നു. 

യേശു ജീവന്റെ നാഥനാണ്

വത്തിക്കാനില്‍ മാര്‍ച്ച് 29ആം തിയതി ഫ്രാന്‍സിസ് പാപ്പാ നയിച്ച ത്രികാല പ്രാര്‍ത്ഥനാ പരിപാടിയുടെ സംഗ്രഹം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

തപസ്സു കാലത്തെ അഞ്ചാമത്തെ ഞായറാഴ്ചയുടെ സുവിശേഷം ലാസറിനെ ഉയർപ്പിക്കുന്ന ഭാഗമാണ് (യോഹ.11,1-45). മറിയത്തിന്റെയും, മാർത്തയുടേയും സഹോദരനായിരുന്നു ലാസർ. യേശുവിന്റെ നല്ല കൂട്ടുകാരായിരുന്നു അവർ. യേശു ബഥനിയായിൽ എത്തിയപ്പോൾ ലാസർ മരിച്ചിട്ട് നാല് ദിവസം കഴിഞ്ഞിരുന്നു. മാർത്താ ഓടി ഗുരുവിന്റെയടുത്ത് എത്തി അവനോടു പറഞ്ഞു. "നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു"(വാക്യം21). യേശു അവളോടു പറഞ്ഞു: ''നിന്റെ സഹോദരൻ ഉയിർക്കും"(23) എന്നിട്ട് കൂട്ടിച്ചേർത്തു "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും(25). യേശു ജീവന്റെ നാഥനാണ് താനെന്നും മൃതരായവർക്കുപോലും ജീവൻ നല്കാൻ കഴിയുന്നവനാണ് എന്നും കാണിക്കുന്നു. പിന്നാലെ മേരിയും കൂട്ടരും കരഞ്ഞുകൊണ്ട് വരുന്നു. അപ്പോൾ സുവിശേഷം പറയുന്ന പോലെ യേശു അസ്വസ്ഥനായി കരയുന്നു (33;35). ഈ ഹൃദയ തകർച്ചയോടെ കുഴിമാടത്തിനരികെ എത്തി, തന്നെ എന്നും ശ്രവിക്കുന്ന പിതാവിന് നന്ദി പറഞ്ഞ് കല്ലറ തുറക്കാൻ ആവശ്യപ്പെട്ട് ഉറക്കെ പറഞ്ഞു

"ലാസറേ, പുറത്തു വരുക"(43). അപ്പോൾ ലാസർ " പുറത്തു വന്നു. അവന്റെ കൈകാലുകള്‍ നാടകള്‍കൊണ്ട്‌ ബന്ധിക്കപ്പെട്ടും മുഖം തുണികൊണ്ട്‌ ആവരണം ചെയ്യപ്പെട്ടുമിരുന്നു"(44). 

ദൈവം ജീവനാണെന്നും ജീവൻ നല്കുന്നവനുമാണെന്ന യാഥാർത്ഥ്യം നാം സ്വന്തം കണ്ണുകൊണ്ട് കാണുന്നു, പക്ഷേ അവൻ മരണത്തിന്റെ നാടകീയത ഏറ്റെടുക്കുന്നു. യേശുവിന് വേണമെങ്കിൽ അവന്റെ കൂട്ടുകാരനായ ലാസറിന്റെ മരണം ഒഴിവാക്കാമായിരുന്നു, എന്നാൽ യേശു നമ്മുടെ പ്രിയപ്പെട്ടവരുടെ മരണത്തിൽ നാം അനുഭവിക്കുന്ന ദു:ഖം സ്വന്തമാക്കാനും, പ്രത്യേകമായി,  ദൈവത്തിന്റെ മരണത്തിൽ മേലുള്ള അധികാരം കാണിക്കാനും ആഗ്രഹിച്ചു.  ഈ സുവിശേഷ ഭാഗത്തിൽ മനുഷ്യന്റെ വിശ്വാസവും, ദൈവത്തിന്റെ സർവ്വശക്തിയും പരസ്പരം അന്വേഷിക്കുകയും അവസാനം കണ്ടുമുട്ടുകയും ചെയ്യുന്നത് നാം കാണുന്നു. മാർത്തയുടെയും, മേരിയുടെയും അവരോടൊപ്പം നമ്മുടെയുമൊക്കെ വിലാപത്തിൽ നമ്മൾ കാണുന്നു: "നീ ഇവിടെയുണ്ടായിരുന്നെങ്കിൽ...എന്നത് യേശുവാണ്, ഒരു പ്രസംഗമല്ല, മരണം എന്ന പ്രശ്നത്തിന് ദൈവത്തിന്റെ ഉത്തരം: ഞാനാണ് പുനരുത്ഥാനവും ജീവനും...വിശ്വസിക്കുക! വിലാപത്തിന്റെ നടുവിൽ, തുടർന്നും വിശ്വസിക്കുക, മരണം ജയിച്ചു എന്ന് തോന്നുമ്പോഴും.

നിന്റെ ഹൃദയത്തിൽ നിന്ന് കല്ലെടുത്തു മാറ്റുക! ദൈവത്തിന്റെ വചനം മരണമുള്ളിടത്ത് ജീവൻ പകരട്ടെ." ഇന്നും യേശു ആവർത്തിക്കുന്നു:"കല്ലെടുത്തു മാറ്റുക". ദൈവം നമ്മെ സൃഷ്ടിച്ചത് കല്ലറയ്ക്കായല്ല; സുന്ദരമായതും, നല്ലതും സന്തോഷപ്രദവുമായ ജീവനിലേക്കാണ് നമ്മെ സൃഷ്ടിച്ചത്. എന്നാൽ പിശാചിന്റെ അസൂയ മൂലം മരണം ലോകത്തിലെത്തി  എന്ന് വിജ്ഞാനത്തിന്റെ പുസ്തകം പറയുന്നു.(2,24). പിശാചിന്റെ വലയിൽ നിന്ന് നമ്മെ രക്ഷിക്കാനാണ് യേശുക്രിസ്തു വന്നത്. അതിനാൽ മരണവുമായി ബന്ധപ്പെട്ട എല്ലാത്തരം കല്ലുകളും നീക്കം ചെയ്യാനാണ് നമ്മെ ക്ഷണിക്കുന്നത്: ഉദാഹരണത്തിന്, നമ്മൾ വിശ്വാസം ജീവിക്കുന്ന കപടതകൾ മരണമാണ്; മറ്റുള്ളവര്ക്ക് നേരെ നടത്തുന്ന വിനാശകരമായ കുറ്റാരോപണങ്ങൾ മരണമാണ്; നിയമ ലംഘനങ്ങളും,  അപവാദ പ്രചാരണങ്ങളും മരണമാണ്; ദരിദ്രരെ പാർശ്വവൽക്കരിക്കുന്നത്  മരണമാണ്. കർത്താവ് ഈ കല്ലുകൾ നമ്മുടെ ഹൃദയത്തിൽ നിന്നെടുത്തു കളയാൻ ആവശ്യപ്പെടുന്നു. അപ്പോൾ നമുക്ക് ചുറ്റും വീണ്ടും ജീവൻ തഴച്ചുവളരും. ക്രിസ്തു ജീവിക്കുന്നു അവനെ സ്വീകരിക്കുന്നവനും അവനോടു ചേർന്നു നില്ക്കുന്നവനും ജീവനുമായി ബന്ധം സ്ഥാപിക്കുന്നു.  ക്രിസ്തു ഇല്ലാതെ, അല്ലെങ്കിൽ ക്രിസ്തുവിന് പുറത്ത് ജീവനില്ല എന്നു മാത്രമല്ല മരണത്തിലേക്ക് വീഴുകയും ചെയ്യുന്നു. ലാസറിന്റെ ഉത്ഥാനം മാമ്മോദീസയിലൂടെ, ക്രിസ്തുവിന്റെ പെസഹാരഹസ്യത്തിൽ മുഴുവനായി പങ്കുചേരുന്ന ഒരു വിശ്വാസിയിൽ വരുന്ന പുനർജന്മത്തിന്റെ അടയാളം കൂടിയാണ്.  പരിശുദ്ധാത്മാവിന്റെ പ്രവർത്തിയാലും ശക്തിയാലും ക്രിസ്ത്യാനി ജീവനിൽ സഞ്ചരിക്കുന്ന ഒരു പുതുസൃഷ്ടിയായ വ്യക്തിയാണ്. ജീവനുവേണ്ടിയും ജീവനിലേക്കും കടന്നു പോകുന്ന സൃഷ്ടി.

പരിശുദ്ധ കന്യകാമറിയം നമ്മുടെ വേദനകൾ സ്വന്തമാക്കിയ തന്റെ പുത്രനെ പ്പോലെ നമ്മെ കരുണാമയരാകാൻ സഹായിക്കട്ടെ. പരീക്ഷിക്കപ്പെടുന്നവരോടു ചേർന്ന് നില്ക്കുവാനും, അവരെ മരണത്തിൽ നിന്ന് മോചിപ്പിക്കുകയും, ജീവനെ വിജയിപ്പിക്കുകയും ചെയ്യുന്ന ദൈവസ്നേഹത്തിന്റെയും അനുകമ്പയുടേയും, പ്രതിബിംബനമാകാനും നമുക്കോരോരുത്തർക്കും ഇടയാക്കുകയും ചെയ്യട്ടെ! ഈ വാക്കുകളില് പാപ്പാ തന്റെ പ്രഭാഷണം ഉപസംഹരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 March 2020, 18:22