തിരയുക

പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു. പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു. 

വിശുദ്ധിയിലേക്കുളള വിളി: വിവേചനവരം

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ അഞ്ചാം അദ്ധ്യായത്തിലെ 166-168 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

അഞ്ചാം  അദ്ധ്യായം:

ജാഗരൂകരായിരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പാപ്പാ ഈ അവസാനത്തെ അദ്ധ്യായത്തിൽ സംസാരിക്കുന്നു. ആത്മീയ യുദ്ധത്തിനുള്ള തയ്യാറെടുപ്പിന് വിവേചനാബുദ്ധിയും ജാഗരൂകതയും എത്ര അനിവാര്യമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഫ്രാൻസിസ് പാപ്പാ.

166. വിവേചനവരം

വിവേകം ചിലത് വരുന്നത് പരിശുദ്ധാത്മാവിൽ നിന്നാണോ അഥവാ അത് പുറപ്പെടുന്നത് ലോകത്തിന്‍റെ അരൂപിയിൽ നിന്നാണോ അല്ലെങ്കിൽ ദുരാത്മാവില്‍ നിന്നാണോ എന്ന് നമുക്ക് എങ്ങനെ അറിയാൻ കഴിയും? അതിനുള്ള ഒരു മാർഗ്ഗം വിവേചിച്ചറിയലാണ്. ഇത് ബുദ്ധിയേക്കാൾ അഥവാ സാമാന്യബോധത്തെക്കാൾ കൂടുതലായി ചിലത് ആവശ്യപ്പെടുന്നു. ഇത് നാം യാചിക്കേണ്ട ഒരു ദാനമാണ്. ഈ ദാനം പ്രദാനം ചെയ്യണമെന്ന് വിശ്വാസപൂർവ്വം പരിശുദ്ധാത്മാവിനോടു അപേക്ഷിക്കുകയും അനന്തരം പ്രാർത്ഥനയിലും, വിചിന്തിനത്തിലും, വായനയിലും,സദുപദേശത്തിലുംകൂടി അത് വികസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുകയാണെങ്കിൽ ഈ ആത്മീയ വരദാനത്തില്‍ നാം തീർച്ചയായും വളരും.

നമ്മുടെ ഉള്ളിലുണരുന്ന ചിന്തകൾക്ക് വിവിധ ഉറവിടങ്ങൾ ഉണ്ടാകാം. ഓരോ വ്യക്തിയുടെയും മാനസീക അവസ്ഥയും,  അനുദിന ജീവിത സംഭവങ്ങളും, അനുഭവങ്ങളുമൊക്കെ നമ്മുടെ ചിന്തകളെ സ്വാധീനിക്കാം. ദൈവാത്മാവിന്‍റെ പ്രവർത്തനങ്ങളും, ദുരാത്മാവിന്‍റെ പ്രവർത്തനങ്ങളും നമ്മുടെ മനസ്സിനെയും,ചി ന്തകളെയും സ്വാധീനിക്കാമെന്നു വിശുദ്ധരുടെ ജീവിചരിത്രം വായിക്കുമ്പോഴും, പഠിക്കുമ്പോഴും നാം മനസ്സിലാക്കുന്നതാണ്. ബുദ്ധിക്കും സാമാന്യ ബോധത്തിനുമപ്പുറം നമ്മുടെ ചിന്തകൾക്ക് ഉറവിടമാകുന്നത് എന്താണെന്ന് വിവേചിച്ചറിയേണ്ടത് വിശുദ്ധിയുടെ വഴിയില്‍ ജീവിക്കാൻ വളരെ ആവശ്യമായ ഒരു ഘടകമാണ്. ഈ ഒരു വിവേചന വരത്തിനായി പ്രാർത്ഥിക്കാൻ പാപ്പാ ഉദ്ബോധിപ്പിക്കുന്നു. വിശ്വാസപൂർവ്വം പരിശുദ്ധാത്മാവിനോടു ചോദിച്ചാൽ ഈ വരം നമുക്ക് ഉറപ്പായി തരുമെന്ന വിശ്വാസമാണ് പാപ്പാ നമുക്കു പകർന്നു തരുന്നത്. എന്നാൽ ഈ വരത്തെ പ്രാർത്ഥന കൊണ്ടും, വായനയും, സദുപദേശം കൊണ്ടും വികസിപ്പിച്ചെടുക്കാവുന്നതാണ്. അങ്ങനെ നമ്മുടെ ചിന്തകളെയും, പ്രവർത്തികളെയും വിവേചിച്ചറിയാൻ അവ പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താലാണോ എന്ന് തിരിച്ചറിയാൻ ഈ വിവേചന വരം നമ്മിൽ വർത്തമാനമാക്കാൻ പരിശുദ്ധാത്മാവിനോടു തന്നെ നമുക്ക് പ്രാർത്ഥിക്കണം.

167.അടിയന്തരാവശ്യം

വിവേചിച്ചറിയാൻ ദാനം ഇക്കാലത്ത് എന്നത്തേയുംക്കാൾ ആവശ്യമായി തീർന്നിരിക്കുന്നു. എന്തെന്നാൽ, സമകാലിക ലോകം പ്രവർത്തനത്തിനും,വ്യതിചലനത്തിനുമുള്ള സാധ്യതകൾ നൽകുന്നുണ്ട്. ന്യായവും യോഗ്യവും എന്ന മട്ടിൽ അവയെല്ലാം ലോകം അവതരിപ്പിക്കുന്നു. നമ്മൾ എല്ലാവരും പ്രത്യേകിച്ച് യുവജനങ്ങൾ വഞ്ചനയുടെ ഒരു സംസ്കാരത്തിൽ മുഴുകിയിരിക്കുകയാണ്. രണ്ടോ അധികമോ തിരശ്ശീലകളിൽ ഒരേസമയം നമുക്ക് നീങ്ങാനും അതേസമയം രണ്ടോ മൂന്നോ യഥാർത്ഥ തിരക്കഥകളുമായി പരസ്പര പ്രവർത്തനം നടത്താനും നമുക്ക് കഴിയും. വിവേചിച്ചറിയലിന്‍റെ ജ്ഞാനമില്ലെങ്കിൽ അപ്പപ്പോൾ കടന്നു പോകുന്ന എല്ലാ പ്രവണതകൾക്കും നാം എളുപ്പം ഇരകളായേക്കാം.

സമകാലിക ലോകത്തിന്‍റെ പ്രത്യേകതകളെ വളരെ കൃത്യമായി മനസ്സിലാക്കി കൊണ്ട് തന്നെ ഫ്രാൻസിസ് പാപ്പാ ഈ വിവേചനാവരം ഇന്നത്തെ കാലഘട്ടത്തിനു ഏറ്റവും അത്യന്താപേക്ഷിതമാണെന്ന് പാപ്പാ പറഞ്ഞു തരുന്നു. സമകാലിക ജീവിതം കർമ്മങ്ങൾക്കും, കർമ്മങ്ങളിൽ നിന്ന് ശ്രദ്ധയെ  വ്യതിചലിക്കുന്നത്തിനും ഒരേ പോലെ ഒട്ടനവധി സാഹചര്യങ്ങൾ സൃഷ്ടിക്കാറുണ്ട്. പലപ്പോഴും ഈ പ്രവർത്തികളും, സംഭ്രമങ്ങൾ പോലും ന്യായവും നന്മയും ഒരു പക്ഷേ അവകാശവുമാണെന്നു പോലും ഇന്നത്തെ ലോകം നമ്മുടെ മുന്നിൽ അവതരിപ്പിക്കാറുണ്ട്. നമ്മൾ എല്ലാവരും ഈ വഞ്ചനയുടെ ലോകത്തിൽ ഉഴലാറുണ്ട് എന്ന വാസ്തവം പാപ്പാ ഇവിടെ അവതരിപ്പിക്കുന്നു. ആധുനിക സാങ്കേതികതയുടെ ഭാവനാ ലോകത്തിൽ യുവജനങ്ങൾ ഒരേ സമയം പല വ്യക്തിത്വങ്ങളായി സ്വയം അവതരിച്ച്, വഞ്ചനയിൽ വീഴാറുണ്ട്. ഇവിടെയെല്ലാം വിവേചനത്തിന്‍റെ വിവേകമില്ലാതെ നാം മുന്നോട്ടു പോയേക്കാം. നശ്വരതകളുടെ ഇരകളാകാനുള്ള സാധ്യതകൾക്ക് ഒട്ടും കുറവില്ല എന്ന് പാപ്പാ ചൂണ്ടികാണിക്കുന്നു.

168. ജീവിതത്തില്‍ പുതുമകൾ

നമ്മുടെ ജീവിതത്തിൽ ചില പുതുമകൾ അവതരിക്കുമ്പോൾ ഇത് വളരെ പ്രധാനമാണ്. അത് ദൈവം കൊണ്ടുവന്ന പുതിയ വീഞ്ഞാണോ അതോ ഈ ലോകത്തിന്‍റെ അരൂപി അഥവാ പിശാചിന്‍റെ അരൂപി കൊണ്ടുവന്ന ഒരു വ്യാമോഹമാണോ എന്ന് അപ്പോൾ നാം തീരുമാനിക്കേണ്ടതുണ്ട്. മറ്റു സമയങ്ങളിൽ ഇതിന് വിരുദ്ധമായതും സംഭവിക്കാം. അപ്പോൾ മാറാതിരിക്കാൻ സംഗതികൾ അവർ ആയിരിക്കുന്ന രീതിയിൽ അവശേഷിപ്പിക്കാൻ മാറ്റത്തിനെതിരെ ഉറച്ച ഒരു പ്രതിരോധം വേണമെന്ന് തീരുമാനിക്കാൻ തിന്മയുടെ ശക്തികൾ നമ്മെ ഉത്തേജിപ്പിക്കുന്നു. എങ്കിലും അത് പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനത്തിന് പ്രതിബന്ധമായിരിക്കും. ക്രിസ്തു നൽകുന്ന സ്വാതന്ത്ര്യത്താല്‍ നാം സ്വതന്ത്രരാണ്. അപ്പോഴും നമ്മുടെ ഉള്ളിലെന്താണെന്ന് നമ്മുടെ ആഗ്രഹങ്ങൾ, ഉത്കണ്ഠകൾ, ഭയങ്ങൾ, ചോദ്യങ്ങൾ തുടങ്ങിയവ എന്താണെന്നും നമുക്ക് ചുറ്റും സംഭവിക്കുന്ന “കാലങ്ങളുടെ അടയാളങ്ങൾ” എന്താണെന്നും പരിശോധിക്കാനും അങ്ങനെ പൂർണ്ണ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന വഴികൾ തിരിച്ചറിയാനും അവിടുന്ന് നമ്മോടു ആവശ്യപ്പെടുന്നു: “എല്ലാം പരിശോധിച്ച് നോക്കുവിന്‍. നല്ലവയെ മുറുകെപിടിക്കുവിന്‍.” (1തെസ.5:21).

പുതുമകൾ നമ്മുടെ മുന്നിൽ വരുമ്പോൾ ദൈവത്തിൽ നിന്നാണോ, പിശാചിൽ നിന്നാണോ വരുന്നതെന്ന് വിവേചിച്ചറിയണം. പുതുമകൾ വരുമ്പോൾ പഴമയില്‍ തൂങ്ങി നിൽക്കാനുള്ള പ്രവണതയെ പോലും വിവേചിച്ചറിയണം. ചിലപ്പോൾ ക്രിസ്തു നൽകുന്ന പുതുമകളെയും, മാറ്റത്തിനായുള്ള വിളികളെയും ചെറുക്കാൻ അശുദ്ധാത്മാവ് നമ്മെ പ്രലോഭിച്ചെന്നിരിക്കും. അത്കൊണ്ട് തന്നെ പുതുമകളിലെ പുതുമകളെയും, പ്രലോഭനങ്ങളോടു പിൻവലിയാനുള്ള പ്രവണതകളെയും വിശുദ്ധ പൗലോസ് അപ്പോസ്തലൻ പറയുന്ന പ്രകാരം തിരിച്ചറിയാൻ പാപ്പാ പ്രബോധിപ്പിക്കുന്നു.

കാലം നമുക്ക് തരുന്ന ചില അടയാളങ്ങളുണ്ട്. ഇന്നും ജീവിക്കുന്ന ദൈവം ഈ അടയാളങ്ങളിലൂടെ നമ്മോടു സംസാരിക്കുന്നു. ഈ സംസാരം തിരിച്ചറിയലാണ് യഥാർത്ഥത്തിൽ ഈ വിവേചനാവരം നമുക്ക് തരുന്ന ശക്തി. കാലത്തിന്‍റെ അടയാള‌ങ്ങളിലും, കണ്ടു മുട്ടുന്ന വ്യക്തികളിലും കടന്നു പോകുന്ന അനുഭവങ്ങളിലും ദൈവഹിതത്തെയും, ദൈവ വചനത്തെയും തിരിച്ചറിയാൻ അതിലൂടെ പ്രലോഭനങ്ങളുടെ നന്മ തിന്മ വ്യത്യാസം മനസ്സിലാക്കാൻ ദൈവം നൽകിയ സഹായമായ പരിശുദ്ധാത്മാവിന്‍റെ ഈ വിവേചനാവരം പുണ്യമാർന്ന ഒരു ജീവിതത്തിനു വിശുദ്ധിയിലേക്കുള്ള വഴിയിൽ അത്യന്താപേക്ഷിതമാണെന്ന് പരിശുദ്ധ പിതാവ് നമ്മെ ഓർമ്മിപ്പിക്കുകയും ആ വരത്തിനായി പ്രാർത്ഥിക്കാൻ നമ്മോടു ആവശ്യപ്പെടുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 February 2020, 16:35