പൊതു കൂടികാഴ്ച്ചയില്‍  പകര്‍ത്തപ്പെട്ട ചിത്രം... പൊതു കൂടികാഴ്ച്ചയില്‍ പകര്‍ത്തപ്പെട്ട ചിത്രം...  

വിശുദ്ധിയിലേക്കുളള വിളി: ജാഗ്രതയും വിശ്വസ്ഥതയും

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ അഞ്ചാം അദ്ധ്യായത്തിലെ 162-163 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

അഞ്ചാം  അദ്ധ്യായം:

ജാഗരൂകരായിരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പാപ്പാ ഈ അവസാനത്തെ അദ്ധ്യായത്തിൽ സംസാരിക്കുന്നു. ആത്മീയ യുദ്ധത്തിനുള്ള തയ്യാറെടുപ്പിന് വിവേചനാബുദ്ധിയും ജാഗരൂകതയും എത്ര അനിവാര്യമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഫ്രാൻസിസ് പാപ്പാ.

162. ജാഗ്രതയും വിശ്വസ്ഥതയും

“സാത്താന്‍റെ കുടിലതന്ത്രങ്ങളെ എതിർത്തു നിൽക്കാനും”(എഫേ.6:11)“ദുഷ്ടന്‍റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിനും” (എഫേ.6:16) ദൈവവചനം നമ്മെ വ്യക്തമായി ക്ഷണിക്കുന്നു. ഈ പ്രയോഗങ്ങൾ അതിഭാവുകത്വം നിറഞ്ഞവയല്ല. എന്തെന്നാൽ വിശുദ്ധിയിലേക്കുള്ള നമ്മുടെ പാത ഒരു നിരന്തര പോരാട്ടമാണ്. ഇത് മനസ്സിലാക്കാത്തവർ പരാജയത്തിന്‍റെയോ ഇടത്തരം കഴിവിന്‍റെയോ ഇരകളായിത്തീരും. ഈ ആത്മീയ പോരാട്ടത്തിന് വേണ്ടി കർത്താവു നൽകിയിട്ടുള്ള ശക്തമായ ആയുധങ്ങളായ വിശ്വാസ നിർഭരമായ പ്രാർത്ഥന, ദൈവവചനത്തെക്കുറിച്ചുള്ള ധ്യാനം, ദിവ്യബലിയർപ്പണം, ദിവ്യകാരുണ്യ ആരാധന, കൗദാശിക അനുരഞ്ജനം, ഉപവി പ്രവർത്തികൾ, സാമൂഹിക ജീവിതം, സാമൂഹികസ്വാധീനം തുടങ്ങിയവയെ ആശ്രയിക്കാൻ നമുക്ക് കഴിയും. നാം ശ്രദ്ധ ഇല്ലാത്തവരായി തീരുകയാണെങ്കിൽ തിന്മയുടെ വ്യാജവാഗ്ദാനങ്ങൾ നമ്മെ എളുപ്പം വശീകരിക്കും. വിശുദ്ധ കുറാ ബ്രോക്കെറോ ഇപ്രകാരം നിരീക്ഷിക്കുകയുണ്ടായി: “ലൂസിഫർ നിങ്ങൾക്ക് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുകയും അവന്‍റെ എല്ലാ ആനുകൂല്യങ്ങളും നിങ്ങളുടെ മേൽ വർഷിക്കുകയും ചെയ്യുമ്പോൾ ആ ആനുകൂല്യങ്ങൾ വ്യാജവും വഞ്ചനാത്മകവും വിഷലിപ്തവുമാണെങ്കിൽ അത് എന്ത് നന്മയാണ്?”

വിശുദ്ധിയിലേക്കുള്ള നമ്മുടെ പാത ഒരു നിരന്തര പോരാട്ടമാണെന്നും, ഇത് മനസ്സിലാക്കിയില്ലെങ്കിൽ പരാജയത്തിന്‍റെയും ഇടത്തരം കഴിവിന്‍റെയും ഇരകളായി തീരുമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.  ആത്മീയ പോരാട്ടത്തിൽ വിജയിക്കാൻ വിശ്വാസ നിർഭരമായ പ്രാർത്ഥന, ദൈവവചനത്തെക്കുറിച്ചുള്ള ധ്യാനം, ദിവ്യബലിയർപ്പണം, ദിവ്യകാരുണ്യ ആരാധന, കൗദാശിക അനുരഞ്ജനം, ഉപവി പ്രവർത്തികൾ, സാമൂഹിക ജീവിതം, സാമൂഹികസ്വാധീനം തുടങ്ങിയവയെ ആശ്രയിക്കാനും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. ജീവിതം ഒരു യുദ്ധഭൂമി പോലെയെന്ന് നാം പറഞ്ഞു കേട്ടിട്ടുണ്ട്. നമ്മിൽ പലരും നമ്മുടെ ജീവിത സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരോടു പറഞ്ഞിട്ടുമുണ്ടാകാം. എന്ത് കൊണ്ടാണ് നാം ഇങ്ങനെ നിർവ്വചിക്കുന്നത്?  എല്ലാവരും സമാധാനം ആഗ്രഹിക്കുന്നവരാണ്. എന്നാൽ സന്തോഷത്തിലാണ് സമാധാനം ഉൾക്കൊണ്ടിരിക്കുന്നതെന്ന് കരുതി നമ്മുടെയും നമ്മുടെ പ്രിയപ്പെട്ടവരുടെയും മാത്രം സന്തോഷത്തെ പ്രതി നാം പ്രവർത്തിക്കുന്ന പലതും നമ്മുടെയും മറ്റുള്ളവരുടെയും സമാധാനത്തെ അപകരിക്കുന്നു. അതാണ് നമ്മുടെ വിശ്വാസ ജീവിതത്തെയും അപകടമാക്കുന്നത്. ഇന്ന് നമുക്ക് ആത്മീയ കാര്യങ്ങൾ ചെയ്യാൻ സമയമില്ല എന്ന് പറയുന്ന കാലഘട്ടത്തിൽ നാമെത്തിയിരിക്കുന്നു. ഈ സമയക്കുറവ് നമ്മുടെ ആത്മാവിന്‍റെ പോഷണകുറവായി രൂപാന്തരപ്പെടാറുണ്ട്. ആത്മീയകാര്യങ്ങളിൽ നൽകാതെ പോകുന്ന ഈ അശ്രദ്ധയുടെ സമയത്താണ് പിശാച് നമ്മിൽ തന്‍റെ ആധിപത്യം പുലർത്തുന്നത്. എവിടെയൊക്കെ വിടവുകളുണ്ടോ അവയിലൂടെ അവൻ പ്രവേശിക്കുന്നു. അങ്ങനെ മനുഷ്യനാത്മാവിൽ ദൈവത്തിനു പകരം പിശാച് സ്ഥാനം പിടിക്കുന്നു. എന്നാൽ ദൈവം തന്‍റെ മക്കളെ വിട്ടുപോകുന്നില്ല. നമുക്ക് വേണ്ടി നിരന്തരം പൈശാചിക ശക്തികളോടു യുദ്ധം ചെയ്യുന്നു. നമ്മുടെ പാദം കല്ലിൽ തട്ടി വീഴാതിരിക്കാൻ തന്‍റെ ദൂതന്മാരെ അയച്ചു സംരക്ഷിക്കുന്ന ദൈവത്തിന്‍റെ പക്കലേക്കു ഒരു മടങ്ങി വരവ് ആവശ്യമാണ്.

163. തിന്മയെ തോല്‍പ്പിക്കാനുള്ള മാർഗ്ഗങ്ങള്‍

ഈ യാത്രാവേളയിൽ നന്മയായിട്ടുള്ളതെല്ലാം വളർത്തിയെടുക്കുന്നത്, ആത്മീയ ജീവിതത്തിലെ പുരോഗതിയും സ്നേഹത്തിലെ വളർച്ചയും തിന്മയെ തോല്‍പ്പിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങളാണ്. നിഷ്പക്ഷമായി നിലകൊള്ളാൻ തീരുമാനിക്കുന്നവർ അല്‍പ്പം കൊണ്ട് തൃപ്തിപ്പെടുന്നവർ കർത്താവിന് തങ്ങളെത്തന്നെ ഉദാരമായി നൽകുക എന്ന ആദർശം ഉപേക്ഷിക്കുന്നവർ ഒരിക്കലും പിടിച്ചു നിൽക്കുകയില്ല. പരാജയബോധത്തിലേക്ക് അവർ വീഴുകയാണെങ്കിൽ അത് കൂടുതൽ മോശമാകും. എന്തെന്നാൽ, “ആത്മവിശ്വാസം ഇല്ലാതെയാണ് നാം പുറപ്പെടുന്നതെങ്കിൽ പകുതി യുദ്ധം തോറ്റു കഴിഞ്ഞു. അവിടെ നമ്മുടെ കഴിവുകൾ കുഴിച്ചു മൂടപ്പെടുന്നു... ക്രൈസ്തവ വിജയം എപ്പോഴും ഒരു കുരിശാണ്. എന്നാൽ അതേ സമയം ആ കുരിശ് കടന്നാക്രമണങ്ങൾക്കെതിരെ ശക്തമായി സൗമ്യതയോടെ കൂടി സംവഹിക്കപ്പെടുന്ന ഒരു വിജയപതാകയുമാണ്”

തിന്മയെ തോല്‍പ്പിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങളെ കുറിച്ചും, ക്രൈസ്തവ വിജയം എപ്പോഴും ഒരു കുരിശാണെന്നുള്ള രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ച് പാപ്പാ സംസാരിക്കുന്നു. ആത്മീയ ജീവിതത്തിന്‍റെ പുരോഗതിയും, സ്നേഹത്തിലെ വളർച്ചയും തിന്മയെ പരാജപ്പെടുത്തുന്ന ആയുധങ്ങളെന്നു പാപ്പാ ചൂണ്ടിക്കാണിക്കുന്നു. ആത്മീയ ജീവിതത്തിൽ എങ്ങനെ നമുക്ക് പുരോഗതി കണ്ടെത്താൻ കഴിയും. അതിന്‍റെ പിന്നിൽ സ്നേഹം മാത്രമാണുള്ളത്. ജീവിതം സ്നേഹമായിത്തീർന്നാൽ നമ്മുടെ ആത്മാവ് സ്വതന്ത്രമായി ഈ ലോകത്തിൽ നിന്നും സ്വർഗ്ഗത്തിലേക്ക് പറന്നുയരും. ദൈവത്തോടുള്ള സ്നേഹത്തെ പ്രതി വിശുദ്ധരായ രക്തസാക്ഷികളുടെ ജീവിതം അതാണ് നമ്മെ പഠിപ്പിക്കുന്നത്. അവരുടെ ജീവിതം കുരിശുകൾ നിറഞ്ഞതായിരുന്നു. ആ കുരിശുകളെ രക്ഷാകരമാക്കി തീർക്കാൻ അവർ അനുദിനം യുദ്ധം ചെയ്യേണ്ടി വന്നു. ഓരോ കുരിശനുഭവങ്ങളെയും അവരുടെ ജീവിതത്തിൽ അഭിമുഖികരിക്കേണ്ടി വരുമ്പോൾ ആത്മവിശ്വാസത്തോടെ അവർ അവയെ രക്ഷാകരമാക്കി മാറ്റി.  ഒറ്റപ്പെടുത്തലുകളും, കുറ്റാരോപണങ്ങളും, തെറ്റുധാരണകളും, അവഹേളനങ്ങളും നമ്മുടെ ജീവിതത്തിലും ഉണ്ടാകാം. ചില മനുഷ്യർ നമ്മെ അവരുടെ വൈകല്യമായ മനോഭാവം കൊണ്ടും, പ്രവർത്തികൾ കൊണ്ടും നമ്മെ കുത്തി മുറിപ്പെടുത്തികൊണ്ടേയിരിക്കും. നമ്മെ തകർക്കുന്നത് മറ്റുള്ളവരുടെ വാക്കുകളോ പ്രവർത്തികളോ അല്ല; മറിച്ച് നമ്മുടെ മനോഭാവങ്ങളാണ്. നമ്മെ നാം അനുവദിക്കാത്തിടത്തോളം കാലം നമ്മെ ആർക്കും പരാജയപ്പെടുത്താൻ കഴിയുകയില്ല. ഇങ്ങനെ ജീവിക്കണമെങ്കിൽ നമുക്ക് ആത്മവിശ്വാസം വേണം. അത് നമുക്ക് ദൈവത്തിൽ നിന്നും മാത്രമേ ലഭിക്കുകയുള്ളു. ദൈവവുമായുള്ള ഐക്യത്തിലൂടെ മാത്രമേ നമുക്ക് അത് സ്വന്തമാക്കാൻ കഴിയുകയുള്ളു. അതോടൊപ്പം ദൈവം നമ്മെ സംരക്ഷിച്ചു കൊള്ളുമെന്ന അചഞ്ചലമായ വിശ്വാസവും വേണം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 February 2020, 11:44