തിരയുക

സമാധാനത്തിന്‍റെ സന്ദേശവുമായി ഫ്രാന്‍സീസ് പാപ്പാ ഒരിക്കല്‍ കൂടി തെക്കു കിഴക്കെ ഇറ്റലിയിലെ ബാരിയിലേക്ക്! സമാധാനത്തിന്‍റെ സന്ദേശവുമായി ഫ്രാന്‍സീസ് പാപ്പാ ഒരിക്കല്‍ കൂടി തെക്കു കിഴക്കെ ഇറ്റലിയിലെ ബാരിയിലേക്ക്! 

പാപ്പാ ബാരിയിലേക്ക്!

ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ച ബാരിയില്‍ എത്തും

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ച (23/02/2020) ഇറ്റലിയുടെ തെക്കുകിഴക്കെ തീരപ്രദേശമായ ബാരി സന്ദര്‍ശിക്കുകയും മദ്ധ്യധരണ്യാഴി പ്രദേശത്തെ സഭാപ്രതിനിധികളുടെ സമ്മേളനത്തെ സംബോധന ചെയ്യുകയും ചെയ്യും.

ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന “മെഡിറ്ററേനിയന്‍, സമാധാനത്തിന്‍റെ സീമ” എന്നശീര്‍ഷകത്തിലുള്ള പ്രാര്‍ത്ഥനാ പരിചിന്തന സംഗമത്തെയാണ് പാപ്പാ ബാരിയില്‍ സംബോധന ചെയ്യുക. 

ഈ സംഗമത്തില്‍ മദ്ധ്യധരണ്യാഴി പ്രദേശത്തെ മെത്രാന്മാരും പാത്രിയാര്‍ക്കീസുമാരും    പങ്കെടുക്കുന്നുണ്ട്.

പൂല്യ പ്രദേശത്തിന്‍റെ തലസ്ഥാനവും തുറമുഖപട്ടണവുമായ ബാരി വത്തിക്കാനില്‍ നിന്ന് തെക്കുമാറി ഏതാണ്ട് 450 കിലോമീറ്റര്‍ കരദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്.

ഞായറാഴ്ച രാവിലെ റോമിലെ സമയം 7 മണിക്ക്, ഇന്ത്യയിലെ സമയം, 11.30 ന് പാപ്പാ വത്തിക്കാനില്‍ നിന്ന് ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം അവിടേക്കു പുറപ്പെടും. 

വിശുദ്ധ നിക്കൊളാസിന്‍റെ പൂജ്യാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഈ വിശുദ്ധന്‍റെ  നമാധേയത്തിലുള്ള ബസിലിക്കയില്‍ വച്ച് പാപ്പാ മദ്ധ്യധരണ്യാഴി പ്രദേശത്തെ മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തും.

തുടര്‍ന്ന് “കോര്‍സൊ വിത്തോറിയൊ ഇമ്മാനുവേലെ ദ്വിതീയന്‍” എന്ന വീഥിയില്‍ ഒരുക്കിയിരിക്കുന്ന ബലിവേദിയില്‍ സമൂഹദിവ്യബലി അര്‍പ്പിക്കുന്ന പാപ്പാ ത്രികാല പ്രാര്‍ത്ഥന നയിച്ചതിനു ശേഷം ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം വത്തിക്കാനിലേക്കു മടങ്ങും. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 February 2020, 12:34