ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാന്‍റെയും പാപ്പായുടെയും സുരക്ഷാ ചുമതലയുള്ള ഇറ്റാലിയന്‍ പോലീസ് വിഭാഗവുമായി കൂടിക്കാഴ്ചയ്ക്കെത്തുന്നു,  ശനി (08/02/2020) ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാന്‍റെയും പാപ്പായുടെയും സുരക്ഷാ ചുമതലയുള്ള ഇറ്റാലിയന്‍ പോലീസ് വിഭാഗവുമായി കൂടിക്കാഴ്ചയ്ക്കെത്തുന്നു, ശനി (08/02/2020) 

സുരക്ഷാ പ്രവര്‍ത്തനം സുപ്രധാനവും സവിശേഷ മൂല്യമാര്‍ന്നതും!

വത്തിക്കാനില്‍, സുരക്ഷാവിഭാഗത്തിന്‍റെ പ്രവര്‍ത്തനത്തിന്‍റെ കാര്യക്ഷമതയും തൊഴില്‍ വൈദഗ്ദ്ധ്യവും ആവിഷ്ക്കരിക്കുന്നത് അപ്പസ്തോലിക സിംഹാസനത്തോടുള്ള ആത്മാര്‍ത്ഥവും വിശ്വസ്തവുമായ താല്പര്യമാണെന്ന് ഫ്രാന്‍സീസ് പാപ്പാ .

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വത്തിക്കാന്‍റെ സുരക്ഷാചുമതലയുള്ള പൊലീസ് വിഭാഗത്തിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമവും തൊഴില്‍പരമായി വിശിഷ്ടവുമാണെന്ന് മാര്‍പ്പാപ്പാ ശ്ലാഘിക്കുന്നു.

വത്തിക്കാന്‍റെയും പാപ്പായുടെയും സുരക്ഷാ ചുമതലയുള്ള ഇറ്റാലിയന്‍ പോലീസ് വിഭാഗത്തെ, പതിവുപോലെ ഇക്കൊല്ലവും, പുതുവത്സരാശംസകള്‍ കൈമാറുന്നതിന് ശനിയാഴ്ച (08/02/2020) പേപ്പല്‍ ഭവനത്തില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

അനുദിനം, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയും മ്യൂസിയവും സന്ദര്‍ശിക്കാനൊ പത്രോസിന്‍റെ പിന്‍ഗാമിയെ കാണാനൊ എത്തുന്ന വിനോദസഞ്ചാരികളു‌ടെയും തീര്‍ത്ഥാടകരുടെയും കാര്യങ്ങളില്‍ ശ്രദ്ധിക്കുക അത്ര എളുപ്പമല്ലയെന്ന വസ്തുത പാപ്പാ അനുസ്മരിച്ചു.

വരുന്നവരുടെ ആവശ്യങ്ങളും ക്രമസമാധാനപാലനത്തിന്‍റെ അനിവാര്യനിബന്ധനകളും, വത്തിക്കാന്‍ നഗരത്തിന്‍റെയും കത്തോലിക്കാവിശ്വാസത്തിന്‍റെ ഇടങ്ങളുടെയം പ്രശാന്തജീവിതവും  സമ്യക്കായി സമ്മേളിപ്പിച്ചുകൊണ്ട് വിഭിന്നങ്ങളായ സാഹചര്യങ്ങളി‍ല്‍ കര്‍മ്മനിരതരാകാന്‍ അവര്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

സുരക്ഷാവിഭാഗത്തിന്‍റെ പ്രവര്‍ത്തനത്തിന്‍റെ കാര്യക്ഷമതയും തൊഴില്‍ വൈദഗ്ദ്ധ്യവും ആവിഷ്ക്കരിക്കുന്നത് അപ്പസ്തോലിക സിംഹാസനത്തോടുള്ള ആത്മാര്‍ത്ഥവും വിശ്വസ്തവുമായ താല്പര്യമാണെന്ന് പാപ്പാ സംതൃപ്തി പ്രകടിപ്പിച്ചു.

അവരുടെ അനുദിന കര്‍ത്തവ്യങ്ങള്‍, ചിലപ്പോഴൊക്കെ അപകടകരമാണെങ്കിലും, വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും ഉപവിയുടെയും ജ്വാലയാല്‍ ജീവസുറ്റതാകുന്നുവെന്നും ഈ നാളം എളിയതും സരളവും അകൈതവുമാണെന്നും പാപ്പാ പറഞ്ഞു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 February 2020, 12:20