തിരയുക

ഞായറാഴ്ച (16/02/20) ഫ്രാന്‍സീസ് പാപ്പാ നയിച്ച മദ്ധ്യാഹ്ന പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്ന വിശ്വാസികള്‍, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ഞായറാഴ്ച (16/02/20) ഫ്രാന്‍സീസ് പാപ്പാ നയിച്ച മദ്ധ്യാഹ്ന പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്ന വിശ്വാസികള്‍, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ 

നിയമങ്ങള്‍ സ്വാതന്ത്ര്യത്തിന്‍റെ ഉപാധിയെന്ന നിലയില്‍ പാലിക്കുക!

സ്വതന്ത്രരാകാനും, വികാരങ്ങള്‍ക്കും പാപങ്ങള്‍ക്കും അടിമപ്പെടാതിരിക്കാനും നിയമങ്ങള്‍ നമ്മെ സഹായിക്കുന്നു, ഫ്രാന്‍സീസ് പാപ്പായുടെ ത്രികാലജപ സന്ദേശം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വസന്തകാല പ്രതീതിയുളവായ ഈ ഞായറാഴ്ച (16/02/20), പതിവുപോലെ, മദ്ധ്യാഹ്നത്തില്‍ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥനയില്‍ വിവിധരാജ്യാക്കാരായ നിരവധി വിശ്വാസികള്‍ പങ്കുകൊണ്ടു. പ്രാദേശികസമയം 12 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 4.30-ന്, പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിന് പേപ്പല്‍ അരമനയിലെ പതിവു ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ  ആനന്ദാരവങ്ങള്‍ ഉയര്‍ന്നു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍.

ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച (16/02/20) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍, മത്തായിയുടെ സുവിശേഷം 5,17-37 വരെയുള്ള വാക്യങ്ങള്‍, അതായത്, തന്‍റെ  ഗിരിപ്രഭാഷണത്തില്‍ യേശു, താന്‍ വന്നിരിക്കുന്നത് നിയമത്തെയൊ പ്രവാചന്മാരെയൊ അസാധുവാക്കാനല്ല, പ്രത്യുത, പൂര്‍ത്തിയാക്കാനാണെന്നു പ്രഖ്യാപിക്കുന്ന ഭാഗം, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം.

പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നല്കിയ  സന്ദേശത്തിന്‍റെ പരിഭാഷ:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

ഇന്നത്തെ സുവിശേഷം (മത്തായി 5,17.37) “ഗിരി പ്രഭാഷണത്തിലെ ഒരു ഭാഗമാണ്. അത് നിയമം  പൂര്‍ത്തീകരിക്കുന്നതിനെക്കുറിച്ചു പ്രതിപാദിക്കുന്നു. എപ്രകാരം ഞാന്‍ നിയമം നിറവേറ്റണം, അതിന് ഞാന്‍ എന്തു ചെയ്യണം. മോശയുടെ നിയമങ്ങളോട് ശരിയായ ഒരു സമീപനം പുലര്‍ത്താന്‍ തന്‍റെ ശ്രോതാക്കളെ സഹായിക്കാന്‍ യേശു അഭിലഷിക്കുന്നു.

നിയമം: സ്വാതന്ത്ര്യത്തിന്‍റെ സരണി

യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കും ഉത്തരവാദിത്വത്തിലേക്കും നിയമത്തിന്‍റെ പാതയിലൂടെ നമ്മെ ആനയിക്കുന്ന ദൈവത്തോടു വിധേയത്വം പുലര്‍ത്താന്‍ ഉപദേശിച്ചുകൊണ്ടാണ് അവിടന്ന് ഇതു ചെയ്യുന്നത്. സ്വാതന്ത്ര്യത്തിന്‍റെ  ഒരു ഉപാധിയെന്ന പോലെ നിയമം പാലിക്കണം. ഇതു നാം മറക്കരുത്, സ്വതന്ത്രനാകാന്‍ എന്നെ സഹായിക്കുന്ന, വികാരങ്ങളുടെയും പാപത്തിന്‍റെയും അടിമകയാകാതിരിക്കാന്‍ എന്നെ സഹായിക്കുന്ന, സ്വാതന്ത്ര്യത്തിന്‍റെ ഉപകരണം എന്നപോലെ നിയമം ഞാന്‍ അനുസരിക്കണം. യുദ്ധങ്ങളെക്കുറിച്ചു നമുക്ക് ചിന്തിക്കാം, യുദ്ധത്തിന്‍റെ അനന്തരഫലങ്ങളെക്കുറിച്ച് നമുക്കോര്‍ക്കാം, മിനിഞ്ഞാന്ന് സിറിയയില്‍ കൊടും തണുപ്പുമൂലം മരണമടഞ്ഞ ആ ബാലികയെ സ്മരിക്കാം. ദുര്യോഗങ്ങള്‍ നിരവധിയാണ്, ഒത്തിരിയേറെയാണ്. ഇത് വികാരവിക്ഷോഭത്തിന്‍റെ ഫലമാണ്. യുദ്ധത്തിനിറങ്ങിപ്പുറപ്പെടുന്നവര്‍ സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്തവരാണ്. അവര്‍ നിയമം പാലിക്കുന്നതില്‍ പരാജയപ്പെടുന്നു. ഒരുവന്‍ പ്രലോഭനങ്ങള്‍ക്കും വികാരങ്ങള്‍ക്കും അടിയറവു പറയുമ്പോള്‍ അവന്‍  സ്വന്തം ജീവിതത്തിന്‍റെ യജമാനനും നായകനുമല്ല, പിന്നെയൊ, നിശ്ചയദാര്‍ഢ്യത്തോടും ഉത്തരവാദിത്വത്തോടും കൂടെ ജീവിതത്തിന്‍റെ ചുക്കാന്‍ പിടിക്കുന്നതിന് അപ്രാപ്തനായി തീരുന്നു.

വൈരുദ്ധ്യങ്ങള്‍!

നാലു വൈരുദ്ധ്യങ്ങളടങ്ങിയ ഘടനയാണ് യേശുവിന്‍റെ പ്രഭാഷണത്തിനുള്ളത്. “പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.... എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു...” ഈ സൂത്രവാക്യത്താലാണ്  ഈ വൈരുദ്ധ്യങ്ങള്‍ ആവിഷ്കൃതമാകുന്നത്. ഈ വൈരുദ്ധ്യങ്ങള്‍ അനുദിനജീവിതത്തിലെ അത്രയുംതന്നെ അവസ്ഥകളെ, അതായത്, കൊലപാതകം, വ്യഭിചാരം, വിവാഹമോചനം, ആണയിടല്‍ എന്നിവയെ സൂചിപ്പിക്കുന്നു.  ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളെ യേശു ഇല്ലാക്കുകയല്ല, മറിച്ച്, ആ നിയമങ്ങളുടെ അഗാധമായ പൊരുള്‍ എന്തെന്നു വിശദീകരിക്കുകയും ഏത് അരൂപിയോടുകൂടിയായിരിക്കണം അവ പാലിക്കേണ്ടത് എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഔപചാരികമായ നിയമപാലനത്തില്‍ നിന്ന് മാറി, നിയമത്തെ, നമ്മുടെ എല്ലാവരുടെയും ലക്ഷ്യങ്ങളുടെയും തീരുമാനങ്ങളുടെയും വാക്കുകളുടെയും പ്രവര്‍ത്തികളുടെയും കേന്ദ്രമായ ഹൃദയത്തില്‍  സ്വീകരിച്ചുകൊണ്ട് യഥാര്‍ത്ഥമായി പാലിക്കുന്നതിന് അവിടന്നു പ്രചോദനം പകരുന്നു. ഹൃദയത്തില്‍ നിന്നാണ് സല്‍പ്രവൃത്തികളും ദുഷ്ചെയ്തികളും പുറപ്പെടുന്നത്.

നിയമ പാലനത്തിന്‍റെ ഫലങ്ങള്‍

ദൈവത്തിന്‍റെ നിയമം ഹൃദയത്തില്‍ സ്വീകരിക്കുമ്പോള്‍ ഒരുവന് മനസ്സിലാകുന്നു അയല്‍ക്കാരനെ സ്നേഹിക്കാതിരുന്നാല്‍ അത്, ഒരു പരിധിവരെ, സ്വയം മരിക്കുകയും  മറ്റുള്ളവരെ കൊല്ലുകയും ചെയ്യുകയാണെന്ന്. എന്തെന്നാല്‍, വിദ്വേഷവും, മാത്സര്യവും ഭിന്നിപ്പും വ്യക്ത്യാന്തരബന്ധങ്ങളുടെ അടിത്തറയായ സാഹോദര്യ ഉപവിയെ നിഹനിക്കുന്നു. ഇത് ഞാന്‍ മുമ്പു പറഞ്ഞിട്ടുള്ള യുദ്ധങ്ങളുടെയും ജല്പനങ്ങളുടെയും കാര്യത്തിലും അന്വര്‍ത്ഥമാണ്. കാരണം, സംസാര ശൈലിക്കും കൊല്ലാന്‍ കഴിയും. ആഗ്രഹങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടവയാണെന്ന് നിയമത്തെ ഹൃദയത്തില്‍ സ്വീകരിക്കുമ്പോള്‍ ഒരുവനു മനസ്സിലാകുന്നു. കാരണം, ആഗ്രഹിക്കുന്നവയെല്ലാം കൈവശമാക്കാനാകില്ല. സ്വാര്‍ത്ഥപരവും സ്വന്തമാക്കാനുള്ള പ്രവണതയുള്ളതുമായ വികാരങ്ങള്‍ക്ക് അടിമപ്പെടുന്നത് നല്ലതല്ല. വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഒരു ജീവിത ശൈലി വര്‍ജ്ജിക്കണമെന്നും അതുപോലെ തന്നെ, കള്ളസത്യം ചെയ്യരുതെന്ന വിലക്കില്‍ നിന്ന് ഒരിക്കലും ആണയിടാതിരിക്കാനുള്ള തീരുമാനത്തിലേക്ക്, സകലരോടുമുള്ള സമ്പൂര്‍ണ്ണ ആത്മാര്‍ത്ഥതയുടെ മനോഭാവം സ്വീകരിച്ചുകൊണ്ട്, കടക്കണമെന്നും ഒരുവന്‍ ഗ്രഹിക്കുന്നു ദൈവത്തിന്‍റെ നിയമം ഹൃദയത്തില്‍ സ്വീകരിക്കുമ്പോള്‍.

നിയമ പാലനം ആയാസകരം, ദൈവാനുഗ്രഹം അനിവാര്യം

എന്നാല്‍ യേശുവിനറിയാം, ഇത്രയും അഗാധമായും പൂര്‍ണ്ണമായും കല്പനകള്‍ ജീവിക്കുക എളുപ്പമല്ലയെന്ന്. അതുകൊണ്ടാണ് യേശു അവിടത്തെ സ്നേഹം നമുക്ക് സഹായമായി നല്കുന്നത്: അവിടന്നു ലോകത്തിലേക്കു വന്നത് നിയമം പൂര്‍ത്തിയാക്കാന്‍ മത്രമല്ല അവിടത്തെ അനുഗ്രഹം നമുക്കു പ്രദാനം ചെയ്യാന്‍ കൂടിയാണ്. അങ്ങനെ നമുക്ക് ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിച്ചുകൊണ്ട് ദൈവഹിതം നിറവേറ്റാന്‍ സാധിക്കും. ദൈവാനുഗ്രഹം ഉണ്ടെങ്കില്‍ നമുക്ക് എല്ലാം ചെയ്യാന്‍ സാധിക്കും. വാസ്തവത്തില്‍ വിശുദ്ധി എന്നു പറയുന്നത്, ദൈവം നമുക്കേകിയ ഈ അനുഗ്രഹം, സൗജന്യദാനം, കാത്തു സൂക്ഷിക്കലും അവിടന്ന് നമ്മുടെ നേരെ നിരന്തരം നീട്ടുന്ന കരം ഗ്രഹിക്കലുമല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ പരിശ്രമങ്ങളും അനിവാര്യ ദൗത്യങ്ങളും, നന്മയും കാരുണ്യവും നിറഞ്ഞ അവിടത്തെ അനുഗ്രഹത്താല്‍ താങ്ങിനിറുത്തപ്പെടുന്നതിനാണിത്.

സ്നേഹത്തിന്‍റെ സരണിയില്‍ മുന്നേറുക

യേശുവിന്‍റെ ഹൃദയത്തില്‍ നിന്ന് നിര്‍ഗ്ഗമിക്കുന്നതും അവിടന്ന് നമുക്കു കാണിച്ചു തന്നതുമായ സ്നേഹത്തിന്‍റെ സരണിയില്‍ മുന്നേറാന്‍ അവിടന്ന് ഇന്ന് നമ്മോടാവശ്യപ്പെടുന്നു. ക്രൈസ്തവര്‍ക്കടുത്ത ജീവിതം നയിക്കുന്നതിന് പിന്‍ചെല്ലേണ്ട പാത ഇതാണ്. യഥാര്‍ത്ഥ ആനന്ദത്തിലെത്തിച്ചേരുന്നതിനും നീതിയും സമാധനവും എങ്ങും പരത്തുന്നതിനും തന്‍റെ പുത്രന്‍ കാട്ടിത്തന്ന വഴിയിലൂടെ ചരിക്കുന്നതിന് കന്യകാ മറിയം നമ്മെ സഹായിക്കട്ടെ    

ഈ വാക്കുകളില്‍ തന്‍റെ സന്ദേശം ഉപസംഹരിച്ച പാപ്പാ തുടര്‍ന്ന് കര്‍ത്താവിന്‍റെ  മാലാഖ എന്ന പ്രാര്‍ത്ഥന നയിക്കുകയും ആശീര്‍വാദം നല്കുകയും ചെയ്തു. 

സമാപനം

ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ട എല്ലാ വിഭാഗക്കാരെയും അഭിവാദ്യം ചെയ്തു. എല്ലാവര്‍ക്കും  ശുഭ ഞായര്‍ ആശംസിച്ച പാപ്പാ, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിച്ചു. തുടര്‍ന്ന് എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാം, “അരിവെദേര്‍ച്ചി" (arrivederci) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറയുകയും ചെയ്തുകൊണ്ട് പാപ്പാ സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 February 2020, 12:26