വിശ്വസാഹോദര്യത്തിന്‍റെ കൂട്ടായ്മയ്ക്ക് പാപ്പായുടെ സ്നേഹസന്ദേശം

അബുദാബിയിലെ വിശ്വസാഹോദര്യത്തിന്‍റെ പ്രഥമ വാര്‍ഷിക ആഘോഷ സംഗമത്തിന് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. വിശ്വസാഹോദര്യ പ്രഖ്യാപനത്തിന്‍റെ
പ്രഥമ വാര്‍ഷികം

അബുദാബി അപ്പോസ്തോലിക സന്ദര്‍ശനത്തിന്‍റെ അന്ത്യത്തില്‍ 2019 ഫെബ്രുവരി 4-ന് ഈജിപ്തിലെ വലിയ ഇമാം, മഹമ്മദ് അല്‍-തയ്യീബും പാപ്പാ ഫ്രാന്‍സിസും, എമിറേറ്റ് രാജ്യങ്ങളുടെ ഭരണകര്‍ത്താക്കളുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ വിശ്വസാഹോദര്യ പ്രഖ്യാപനത്തിന്‍റെ ഒന്നാം വര്‍ഷം അവസരമാക്കിക്കൊണ്ടാണ് അബുദാബിയില്‍ നടന്ന സാഹോദര്യത്തിന്‍റെ സംഗമത്തിന് പാപ്പാ ആശംസാസന്ദേശം നല്കിയത്.

2. വിശ്വസാഹോദര്യത്തിന്‍റെ കൂട്ടായ്മ
മാനവസാഹോദര്യ പ്രഖ്യാപനത്തിന്‍റെ നടത്തിപ്പിനായി രൂപീകരിച്ചിട്ടുള്ള രാജ്യാന്തര കമ്മിറ്റി ഫെബ്രുവരി 4, ചൊവ്വാഴ്ച അബുദാബിയില്‍ നടന്ന “വിശ്വസാഹോദര്യത്തിന്‍റെ ആഘോഷ സംഗമ”ത്തില്‍ സന്നിഹിതരായിരുന്നു. പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധിയായി മോണ്‍. യൊവാന്നിസ് ഗായിഡും, ഈജിപ്തിലെ വലിയ ഇമാമിന്‍റെ പ്രതിനിധിയായി ജസ്റ്റിസ് മഹമ്മദ് അബ്ദേല്‍ സലാമും സാഹോദര്യ സംഗമത്തില്‍ പങ്കെടുത്തു. അബുദാബിയിലെ സാദിയാത്ത് ദ്വീപിലെ കലാസാംസ്കാരിക കേന്ദ്രത്തിലാണ് സമ്മേളനം നടന്നത്. അബുദാബിയുടെ വിദേശകാര്യ മന്ത്രി, ഷെയിക്ക് അബ്ദുള്ള ബിന്‍ സയിദ് അല്‍ നഹ്യാനും, എമിറേറ്റ് രാജ്യങ്ങളുടെ സ്പീക്കര്‍ സക്കീര്‍ ഗുബാഷും മാനവസാഹോദര്യ പ്രഖ്യാപനത്തിന്‍റെ പരമോന്ന കമ്മിറ്റി വിളിച്ചുകൂട്ടിയ സംഗമത്തില്‍ പങ്കെടുത്തു.

3. പ്രഖ്യാപനം - മാനവിക സാഹോദര്യത്തിന്‍റെ മാര്‍ഗ്ഗരേഖ
വെറുപ്പും, വൈരാഗ്യവും, മൗലികവാദങ്ങളും, ഭീകരതയുമില്ലാത്ത ഒരു മാനവസാഹോദര്യത്തിന്‍റെ ഭാവി സ്വപ്നമാണ് മതങ്ങളുടെ സാഹോദര്യക്കൂട്ടായ്മയില്‍ അബുദാബിയില്‍ പ്രബോധിപ്പിച്ച വിശ്വസാഹോദര്യ പ്രഖ്യാപനം (Human Fraternity Declaration) ലക്ഷ്യംവയ്ക്കുന്നത്. ഒപ്പം അത് മാനവികതയുടെ സമാധാനത്തിലേയ്ക്കും, സ്നേഹത്തിലേയ്ക്കും, സാഹോദര്യത്തിലേയ്ക്കുമുള്ള പ്രയാണത്തിന്‍റെ പ്രായോഗിക മാര്‍ഗ്ഗരേഖയാണെന്നും പ്രഥമ വാര്‍ഷിക നാളില്‍ അബുദാബിയില്‍ ചേര്‍ന്ന സാഹോദര്യക്കൂട്ടായ്മയെ പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ അനുസ്മരിപ്പിച്ചു.

4. സമാധാനവഴികളെ പ്രോത്സാഹിപ്പിക്കുന്നവര്‍
മാനവസാഹോദര്യപ്രഖ്യാപനത്തിന്‍റെ പ്രായോഗിക നടത്തിപ്പിനുള്ള പരമോന്നത കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് (The Supreme Committe for the practical implimentation of the Human Fraternity Declaration) എമിറേറ്റ് രാജ്യങ്ങള്‍ നല്കുന്ന പിന്‍തുണയെ പാപ്പാ സന്ദേശത്തില്‍ ശ്ലാഘിച്ചു. പ്രത്യേകിച്ച് അബുദാബിയുടെ കിരീടാവകാശിയും സര്‍വ്വസൈന്ന്യാധിപനുമായ മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍റെ സാന്നിദ്ധ്യവും പാപ്പാ സന്ദേശത്തില്‍ എടുത്തുപറഞ്ഞു.

മാനവിക സാഹോദര്യ പ്രവര്‍ത്തനങ്ങളെ  പ്രോത്സാഹിപ്പിക്കുന്ന രാജ്യാന്തര സമ്മാനം നല്കുവാനുള്ള കമ്മിറ്റിയുടെ തീരുമാനത്തെയും അതിന്‍റെ നടത്തിപ്പിനെയും പാപ്പാ സന്ദേശത്തില്‍ അനുമോദിച്ചു. പ്രഥമ സമ്മാനം “അബ്രാഹാമിന്‍റെ ഭവന”മെന്ന സാഹോദര്യക്കൂട്ടായ്മയുടെ (Abrahamic House Movement) സ്ഥാപകന്‍, ഡേവിഡ് ഒബേയ്ക്കു നല്ക്കുന്ന സംഗമത്തില്‍ പാപ്പാ തന്‍റെ ആത്മീയ സാന്നിദ്ധ്യം സന്ദേശത്തിലൂടെ അറിയിച്ചു.  തങ്ങളുടെ ത്യാഗപ്രവൃത്തികളിലൂടെയും ജീവിതസമര്‍പ്പണത്തിലൂടെയും ലോകത്ത് സമാധാനവും കൂട്ടായ്മയും വളര്‍ത്താന്‍ പരിശ്രമിക്കുന്ന സ്ത്രീപുരുഷന്മാര്‍ക്ക് പ്രചോദനവും പിന്‍തുണയുമാകട്ടെ സാഹോദര്യ സമ്മാനത്തിന്‍റെ പദ്ധതിയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

5. സമാധാനത്തിനായി പരിമിതികളുടെ അതിരുകള്‍  മറികടക്കാം!
മതങ്ങളുടെയും വംശങ്ങളുടെയും സംസ്കാരങ്ങളുടെയും അതിര്‍വരമ്പുകള്‍ക്ക് അതീതമായിട്ടാണ് സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും ശില്പികളാകാന്‍ വ്യക്തികള്‍ ത്യാഗപൂര്‍വ്വം ഇറങ്ങിത്തിരിക്കുന്നത് എന്ന വസ്തുതയും പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി. മാനവികതയുടെ നന്മയ്ക്കും വിശ്വസാഹോദര്യര്യത്തിനുമായി അബുദാബിയിലെ കൂട്ടായ്മ എടുക്കുന്ന ഓരോ ചുവടുവയ്പിനെയും സര്‍വ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെയെന്നും, അങ്ങനെ ലോകം കൂടുതല്‍ സമാധാനപൂര്‍ണ്ണമാകട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 February 2020, 16:29