തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ബാരിയില്‍, ദിവ്യപൂജാര്‍പ്പണ വേളയില്‍, ഞായര്‍ 23/02/2020 ഫ്രാന്‍സീസ് പാപ്പാ ബാരിയില്‍, ദിവ്യപൂജാര്‍പ്പണ വേളയില്‍, ഞായര്‍ 23/02/2020  (ANSA)

പാപ്പാ സിറിയയ്ക്കുവേണ്ടിയുള്ള അഭ്യര്‍ത്ഥന നവീകരിക്കുന്നു!

കണക്കുകൂട്ടലുകളും സ്വാര്‍ത്ഥ താല്പര്യങ്ങളും മാറ്റിവച്ച് നിരപരാധികളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാണം, ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വടക്കുകിഴക്കെ സിറിയയില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അറുതിവരുത്തുന്നതിനും സമാധാനം സംജാതമാക്കുന്നതിനും വേണ്ടി പാപ്പാ അഭ്യര്‍ത്ഥിക്കുന്നു.

ഞായറാഴ്ച (23/02/2020) തെക്കു കിഴക്കെ ഇറ്റലിയിലെ ബാരിയില്‍ അര്‍പ്പിച്ച ദിവ്യബലിയുടെ സമാപനത്തിനു മുമ്പ് നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്ക് ഒരുക്കമായി നടത്തിയ വിചിന്തനത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ അഭ്യര്‍ത്ഥന നടത്തിയത്. 

ഇറ്റലിയിലെ പൂല്യ പ്രദേശത്തിന്‍റെ തലസ്ഥാനവും തുറമുഖപട്ടണവുമായ ബാരി വത്തിക്കാനില്‍ നിന്ന് തെക്കുമാറി ഏതാണ്ട് 450 കിലോമീറ്റര്‍ കരദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്. അവിടെ ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘം, മദ്ധ്യധരണ്യാഴി പ്രദേശത്തെ സമാധാനത്തിനു വേണ്ടി ആ പ്രദേശത്തെ സഭാപ്രതിനിധികളുടെ പങ്കാളിത്തത്തോടെ ഈ മാസം 19-23 വരെ (19-23/02/2020) സംഘടിപ്പിച്ച പ്രാര്‍ത്ഥനാ പരിചിന്തന പരിപാടിയില്‍ പങ്കുചേരാനാണ് പാപ്പാ അതിന്‍റെ സമാപന ദിനത്തില്‍ അവിടെ എത്തിയത്.

മദ്ധ്യധരണ്യാഴിയുടെ ഇക്കരെ തങ്ങള്‍ സമ്മേളിച്ചിരിക്കുമ്പോള്‍ മറുകരയില്‍ മഹാ ദുരന്തം അരങ്ങേറുകയാണെന്ന വസ്തുത അനുസ്മരിച്ച പാപ്പാ ആയുധങ്ങളുടെ ഹുങ്കാരശബ്ദങ്ങള്‍ നിലയ്ക്കുന്നതിനും കുഞ്ഞുങ്ങളുടെയും നിസ്സഹായരുടെയും രോദനം ശ്രവിക്കുന്നതിനും സംഘര്‍ഷങ്ങളില്‍  ഏര്‍പ്പെട്ടിരിക്കുന്നവരോടും അന്താരാഷ്ട്രസമൂഹത്തോടുമുള്ള ശക്തമായ അഭ്യര്‍ത്ഥന ഇടയന്മാരായ തങ്ങളുടെ ഹൃദയങ്ങളില്‍ നിന്നുയരുന്നുവെന്ന് പാപ്പാ പറഞ്ഞു

സംഘര്‍ഷങ്ങളുടെ തിക്തഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരുന്ന പൗരന്മാരുടെയും നിരവധിയായ നഷ്ക്കളങ്കരായ കുഞ്ഞുങ്ങളുടെയും ജീവന്‍ സംരക്ഷിക്കുന്നതിന് കണക്കുകൂട്ടലുകളും സ്വാര്‍ത്ഥ താല്പര്യങ്ങളും മാറ്റി വയ്ക്കേണ്ടതിന്‍റെ അനിവാര്യത പാപ്പാ ചൂണ്ടിക്കാട്ടി.

 

24 February 2020, 09:23