"കരയുന്നവര്‍ ഭാഗ്യവാന്മാര്‍"
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ഫ്രാന്‍സീസ് പാപ്പാ ഈ ബുധനാഴ്ചയും (12/02/20). വത്തിക്കാനില്‍ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ വേദി, ഇക്കഴിഞ്ഞ ആഴ്ചകളിലെന്നപോലെ തന്നെ, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയായിരുന്നു. വിവിധ രാജ്യക്കാരായ തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പടെ ഏഴായിരത്തിലേറെപ്പേര്‍ ശാലയില്‍ സന്നിഹിതരായിരുന്നു. പാപ്പാ നടന്ന് ശാലയില്‍ പ്രവേശിച്ചപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദാരവങ്ങള്‍ ഉയര്‍ന്നു.
ശാലയിലേക്കു കടന്ന ഉടനെ തന്നെ പാപ്പാ ഒരു കൂട്ടം ബാലികാബാലന്മാരുമൊത്ത് അല്പസമയം ചിലവഴിച്ചു. അതിനുശേഷം പാപ്പാ ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനങ്ങള്‍ക്കിടയിലൂടെ സാവധാനം നീങ്ങി. പതിവുപോലെ പാപ്പാ കുഞ്ഞുങ്ങളോടുള്ള തന്‍റെ വാത്സല്യം പ്രത്യേകം പ്രകടിപ്പിച്ചു. നടന്ന് വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ ഏതാണ്ട് 09.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
“10 ഞാന്‍ ദാവീദിന്‍റെ ഭവനത്തിന്‍റെയും ജറുസലേം നിവാസികളുടെയും മേല്‍ കൃപയുടെയും പ്രാര്‍ത്ഥനയുടെയും ചൈതന്യം പകരും. അപ്പോള്‍ തങ്ങള്‍ കുത്തി മുറിവേല്‍പ്പിച്ചവനെ നോക്കി, ഏകജാതനെപ്രതിയെന്നപോലെ, അവര്‍ കരയും. ആദ്യജാതനെപ്രതിയെന്നപോലെ ദുഃഖത്തോടെ വിലപിക്കും” (സഖറിയ 12,10)
ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, സുവിശേഷസൗഭാഗ്യങ്ങളെ അധികരിച്ച് താന്‍ ആരംഭിച്ചിരക്കുന്ന പുതിയ പ്രബോധന പരമ്പര തുടര്‍ന്നു.
”വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ആശ്വസിപ്പിക്കപ്പെടും”
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,
സുവിശേഷസൗഭാഗ്യങ്ങളെ അധികരിച്ച് നാം ആരംഭിച്ചിരിക്കുന്ന പ്രബോധനപരമ്പരയില്‍ ഇന്നു നമ്മള്‍ രണ്ടാമത്തെ “സൗഭാഗ്യമാണ്” വിശകലനം ചെയ്യുക:”വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ആശ്വസിപ്പിക്കപ്പെടും”(മത്തായി 5,4).
സുവിശേഷം രചിക്കപ്പെട്ട ഗ്രീക്കു ഭാഷയില്‍ ഈ സൗഭാഗ്യം കര്‍മ്മണിപ്രയോഗത്തിലല്ല ആവിഷ്ക്കരിച്ചിരിക്കുന്നത്, മറിച്ച്, കര്‍ത്തരിപ്രയോഗത്തിലാണ്. “വിലപിക്കുന്നവര്‍” എന്നാണ് കാണുന്നത്. അവര്‍ കരയുന്നു. ആന്തരികമായ രോദനം. ക്രിസ്തീയ ആദ്ധ്യാത്മികതയുടെ കേന്ദ്രസ്ഥാനത്തു വരുന്ന ഒരു ഒരു മനോഭാവമാണിത്. ഇതാവിഷ്ക്കരിക്കാന്‍ മരുഭൂമിയിലെ പിതാക്കന്മാര്‍ എന്നറിയപ്പെടുന്ന ആദ്യകാല ക്രൈസ്തവ സന്ന്യാസികള്‍ ഉപയോഗിച്ചിരുന്നത് “പെന്തോസ്” (PENTHOS) എന്ന പദമാണ്. അത് കര്‍ത്താവുമായും അയല്‍ക്കാരനുമായും ഒരു ബന്ധത്തിലേക്കു തുറക്കുന്ന ഒരു ആന്തരിക വേദനയാണ്. കര്‍ത്താവുമായും അയല്‍ക്കാരനുമായുമുള്ള നൂതനമായ ഒരു ബന്ധം.
വിലാപത്തിന്‍റെ ദ്വിമാനങ്ങള്‍
തിരുലിഖിതങ്ങളില്‍, ഈ രോദനത്തിന് രണ്ടു മാനങ്ങള്‍ ഉണ്ട്. ഇവയില്‍ ആദ്യത്തേത് ഒരാളുടെ മരണത്താലൊ സഹനത്താലൊ ഉണ്ടാകുന്നതാണ്. രണ്ടാമത്തേതാകട്ടെ പാപം മൂലമുള്ള കണ്ണീരാണ്, സ്വന്തം പാപത്തെക്കുറിച്ചുള്ള കണ്ണീര്. ദൈവത്തിനും അയല്‍ക്കാരനുമെതിരെ ദ്രോഹം ചെയ്തതിനാലുള്ള വേദനയാല്‍ ഹൃദയത്തില്‍ നിന്ന് രക്തം പൊടിയുമ്പോള്‍ ഉണ്ടാകുന്നതാണത്.
അപരന്‍റെ വേദനയില്‍ പങ്കുചേരല്‍
ആകയാല്‍ അപരനുമായി ബന്ധം സ്ഥാപിക്കുകയൊ അപരന്‍റെ വേദനയില്‍ പങ്കുചേരുകയൊ ചെയ്യത്തക്കവിധം അപരന് നന്മ കാംക്ഷിക്കുകയാണിവിടെ. അകന്നു നില്ക്കുന്ന വ്യക്തികള്‍, ഒരു ചുവട് പിന്നില്‍ നില്ക്കുന്നവര്‍ ഉണ്ട്. എന്നാല്‍ സുപ്രധാനം മറ്റുള്ളവര്‍ നമ്മുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കണം എന്നതാണ്.
കണ്ണീരെന്ന ദാനം എത്രമാത്രം വിലയേറിയതാണെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. തണുപ്പന്‍ മട്ടില്‍ സ്നേഹിക്കാന്‍ കഴിയുമോ? കര്‍മ്മത്തിന്‍റെയും കടമയുടെയും പേരില്‍ സ്നേഹിക്കാനോകുമോ? ഒരിക്കലുമില്ല. ആശ്വസിപ്പിക്കപ്പെടേണ്ട ദുഃഖിതരുണ്ട്, എന്നാല്‍, ചിലപ്പോള്‍, സുഖജീവിതം നയിക്കുന്നവരില്‍ ചിലര്‍ സഹനം അനുഭവിച്ചറിയേണ്ടവരും ഉണര്‍ത്തപ്പെടേണ്ടവരുമാണ്. കാരണം അവരുടേത് ശിലാഹൃദയമാണ്. അവര്‍ക്ക് കരയാനറിയില്ല. അപരന്‍റെ വേദനയില്‍ പങ്കുചേരാന്‍ അറിയാത്തവരുണ്ട്, അവരെ ഉണര്‍ത്തേണ്ടിയിരിക്കുന്നു.
കണ്ണുതുറപ്പിക്കുന്ന രോദനം
വിലാപം, ഉദാഹരണമായി, കയ്പേറിയ ഒരു പാതയാണ്. എന്നാല്‍ അതിന് ജീവിതത്തിന്‍റെയും ഓരോ വ്യക്തിയുടെയും പവിത്രവും പകരംവയ്ക്കാനാവാത്തതുമായ മൂല്യത്തെക്കുറിച്ച് കണ്ണുതുറപ്പിക്കാനാകും. അപ്പോള്‍ മനസ്സിലാകും സമയം എത്ര ചെറുതാണെന്ന്.
പാപബോധം
വൈരുദ്ധ്യാത്മകമായ ഈ സുവിശേഷഭാഗ്യത്തിന്‍റെ രണ്ടാമത്തെ മാനം പാപത്തെക്കുറിച്ചുള്ള കരച്ചിലാണ്.
ഇവിടെ ഒരു ഭേദം കാണേണ്ടിയിരിക്കുന്നു: തെറ്റു പറ്റിയതിനാല്‍ രോഷാകുലരാകുന്നവരുണ്ട്. ഇത് അഹങ്കാരമാണ്. എന്നാല്‍ തെറ്റു ചെയ്തതിനാല്‍, നന്മചെയ്യാതിരുന്നതിനാല്‍, ദൈവവുമായുള്ള ബന്ധത്തില്‍ അവിശ്വസ്തത കാട്ടിയതിനാല്‍ കരയുന്നവരുമുണ്ട്. ഇത് സ്നേഹിക്കാതിരുന്നതിനാലുള്ള വിലാപമാണ്. അപരന്‍റെ ജീവിതത്തെക്കുറിച്ച് ഔത്സുക്യമുള്ള ഒരു ഹൃദയത്തില്‍ നിന്നാണ് ഇത് നിര്‍ഗ്ഗമിക്കുക. ഇവിടെ ഒരുവന്‍ കേഴുന്നത് നമ്മുടെ നന്മ ഏറെ ആഗ്രഹിക്കുന്ന കര്‍ത്തോവിനോട് പ്രത്യുത്തരിക്കാന്‍ കഴിയാത്തതിനാലാണ്. നന്മചെയ്യാതിരുന്നതിനെക്കുറിച്ചുള്ള ചിന്ത നമ്മെ ദുഃഖത്തിലാഴ്ത്തുന്നു. ഇതാണ് പാപബോധം. ഈ പാപബോധമുള്ളവന്‍ പറയുന്നു: ഞാന്‍ സ്നേഹിക്കുന്നവനെ ഞാന്‍ മുറിപ്പെടുത്തി. ഇത് അവനെ കണ്ണീരൊഴുക്കും വിധം വേദനിപ്പിക്കുന്നു. ഈ കണ്ണുനീര്‍ വരുന്നുണ്ടെങ്കില്‍ ദൈവം വാഴ്ത്തപ്പെടട്ടെ.
ഒരുവന്‍ നേരിടേണ്ടതായ സ്വന്തം തെറ്റുകളുടെ വിഷയമാണിത്. ഇത് പ്രയാസമേറിയതാണ് എന്നാല്‍ അത്യന്താപേക്ഷിതമാണ്. വിശുദ്ധ പത്രോസിന്‍റെ വിലാപത്തെക്കുറിച്ച് നമുക്കൊന്നു ചിന്തിക്കാം. ആ വിലാപം അദ്ദേഹത്തെ നൂതനവും ഉപരിസത്യവുമായ ഒരു സ്നേഹത്തിലേക്കെത്തിക്കുന്നതാണ്. അത് ശുദ്ധീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ഒരു കരച്ചിലാണ്. പത്രോസ് യേശുവിനെ നോക്കി കണ്ണീര്‍പൊഴിച്ചു. അവന്‍റെ ഹൃദയം നവീകൃതമാകുകയും ചെയ്തു. അത് യൂദാസിന്‍റേതില്‍ നിന്ന് വിഭിന്നമായ ഒരു രോദനമാണ്. പാവം, യൂദാസ് സ്വന്തം തെറ്റ് അംഗീകരിക്കുന്നില്ല, ആത്മഹത്യചെയ്യുന്നു. പാപം മനസ്സിലാക്കുക എന്നത് ദൈവത്തിന്‍റെ ഒരു ദാനമാണ്, അത് പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനമാണ്. നമുക്ക് സ്വയം പാപം തിരിച്ചറിയാനാകില്ല. അത് നാം പ്രാര്‍ത്ഥിച്ചു നേടേണ്ട ഒരു കൃപയാണ്. ഞാന്‍ ചെയ്തതും ചെയ്യാന്‍ സാധ്യതയുള്ളതുമായ തെറ്റേതെന്നു തിരിച്ചറിയാന്‍ കര്‍ത്താവേ എന്നെ സഹായിക്കണമേ. അത് ഒരു മഹാദാനമാണ് എന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍ അനുതാപത്തിന്‍റെതായ വിലാപം ഉണ്ടാകും.
കാരുണ്യത്തില്‍ ആവിഷ്കൃതം ക്രിസ്തീയ ജീവിതം
ആദ്യകാല താപസരില്‍ ഒരാളായ വിശുദ്ധ എഫ്രേം സിറൂസ് പറയുന്നത് അശ്രുകണങ്ങളാല്‍ കഴുകിയ വദനം അവാച്യമാം വിധം സുന്ദരമാണ് എന്നാണ്. പശ്ചാത്താപത്തിന്‍റെ സൗന്ദര്യം, വിലാപത്തിന്‍റെ സൗഷ്ഠവം, അനുതാപത്തിന്‍റെ സൗന്ദര്യം. എല്ലായ്പോഴുമെന്ന പോലെ ക്രിസ്തീയജീവിതത്തിന്‍റെ അതിശ്രേഷ്ഠമായ ആവ്ഷ്കാരം കാരുണ്യത്തിലാണ്. സ്നേഹത്താലുള്ള വേദന സ്വീകരിക്കുന്നവന്‍ ബുദ്ധിമാനും അനുഗ്രഹീതനുമാണ്, എന്തെന്നാല്‍ അവന് പരിശുദ്ധാരൂപിയുടെ ആശ്വാസം ലഭിക്കും. ദൈവത്തിന്‍റെ ആര്‍ദ്രതയായ ഈ ആത്മാവ് പൊറുക്കുകയും തിരുത്തുകയും ചെയ്യുന്നു. ദൈവം സദാ പൊറുക്കുന്നു. ഇതു നാം മറക്കരുത്. എറ്റം നിന്ദ്യമായ പാപം പോലും അവിടന്നു ക്ഷമിക്കുന്നു. എന്നാല്‍ പ്രശ്നം നമ്മിലാണ്. മാപ്പുചോദിക്കുന്നതില്‍ നാം തളര്‍ന്നുപോകുന്നു, നാം നമ്മില്‍ത്തന്നെ സ്വയം അടച്ചിടുന്നു, നാം മാപ്പപേക്ഷിക്കുന്നില്ല. ഇതാണ് പ്രശ്നം. എന്നാല്‍ ദൈവം ക്ഷമിക്കുന്നതിന് അവിടെയുണ്ട്.
നമ്മുടെ പാപങ്ങള്‍ നോക്കിയല്ല ദൈവം നമ്മോട് പെരുമാറുകയെന്നും നമ്മുടെ അകൃത്യങ്ങള്‍ക്ക് നമ്മോടു പകരം ചെയ്യുന്നില്ലയെന്നും നാം സദാ ഓര്‍ത്തിരുന്നാല്‍ നാം കാരുണ്യത്തിലും അനുകമ്പയിലും ജീവിക്കുകയും സ്നേഹം നമ്മില്‍ ആവഷ്കൃതമാകുകയും ചെയ്യും. സമൃദ്ധമായി സ്നേഹിക്കാനും പുഞ്ചിരിയോടും സാമീപ്യത്തോടും സേവനത്തോടും അതുപോലെ കണ്ണീരോടും കൂടി സ്നേഹിക്കാനുമുള്ള അനുഗ്രഹം കര്‍ത്താവ് നമുക്കു നല്കട്ടെ. നന്ദി
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.
സിറിയയ്ക്കും കൊറോണവൈറസ് ബാധിതര്‍ക്കും വേണ്ടി പ്രാര്‍ത്ഥന
വര്‍ഷങ്ങള്‍ നീണ്ട സായുധ സംഘര്‍ഷങ്ങളുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന സിറിയയിലെ ആബാലവൃദ്ധം ജനങ്ങളെ പ്രത്യേകം അനുസ്മരിച്ച പാപ്പാ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിച്ചു.
ചൈനയില്‍ കൊറോണവൈറസ് ബാധമൂലം രോഗത്തിന്‍റെ പിടിയിലമര്‍ന്നിരിക്കുന്നവരുടെ ക്ഷിപ്ര സുഖപ്രാപ്തിക്കായും പാപ്പാ പ്രാര്‍ത്ഥിച്ചു.
പൊതുകൂടിക്കാഴ്ചയുടെ അവസാനഭാഗത്ത് പാപ്പാ യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്തു.
അനുദിനം ദൈവപരിപാലനയില്‍ ആശ്രയിച്ചുകൊണ്ട് പ്രത്യാശയില്‍ സ്ഥൈര്യമുള്ളവരായിരിക്കുന്നതിനുള്ള അനുഗ്രഹത്താല്‍ കര്‍ത്താവ് അവരെ താങ്ങി നിറുത്തട്ടെയെന്ന് പാപ്പാ ആശംസിച്ചു.
തദ്ദനന്തരം, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന്, പാപ്പാ, എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.