തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍, 19/02/2020 ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍, 19/02/2020  (ANSA)

ശാന്തത ഒന്നിപ്പിക്കുന്നു, ക്രോധം ഭിന്നിപ്പിക്കുന്നു!

“ശാന്തശീലര്‍ ഭാഗ്യവാന്മാര്‍; അവര്‍ ഭൂമി അവകാശമാക്കും” (മത്തായി 5,5). ഫ്രാന്‍സീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

റോമില്‍ പൊതുവെ മൂടല്‍ അനുഭവപ്പെടുകയും മഴചാറുകയും ചെയ്ത ഒരു കാലാവസ്ഥ ആയിരുന്നെങ്കിലും ഫ്രാന്‍സീസ് പാപ്പാ ഈ ബുധനാഴ്ച (19/02/20) വത്തിക്കാനില്‍ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് വിവിധ രാജ്യക്കാരായ തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പടെ ആയിരക്കണക്കിനാളുകള്‍ എത്തിയിരുന്നു. വേദി, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാല തന്നെ ആയിരുന്നു ഈ ആഴ്ചയും. സമാധാനത്തിനും ഐക്യയൂറോപ്പിനും വേണ്ടിയുള്ള, വിശുദ്ധ ബെനഡിക്ടിന്‍റെ നാമത്തിലുള്ള, ദീപശിഖയുമേന്തിയ ഒരു സംഘവും കൂടിക്കാഴ്ചാപരിപാടിക്കെത്തിയിരുന്നു. പാപ്പാ ശാലയിലേക്കു പ്രവേശിച്ചപ്പോള്‍  ജനസഞ്ചയത്തിന്‍റെ  ആനന്ദാരവങ്ങളും കരഘോഷവും ഉയര്‍ന്നു.  പാപ്പാ ഏവര്‍ക്കും  അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനങ്ങള്‍ക്കിടയിലൂടെ സാവധാനം നീങ്ങി. പതിവുപോലെ കുഞ്ഞുങ്ങളോടുള്ള തന്‍റെ  വാത്സല്യം പ്രത്യേകം പ്രകടിപ്പിച്ച പാപ്പാ, കുഞ്ഞുങ്ങളെ തലോടുകയോ ചുംബിക്കുകയോ ആശീര്‍വ്വദിക്കുകയോ ചെയ്യുന്നുണ്ടായിരുന്നു. ചിലര്‍ നല്കിയ സ്നേഹോപഹാരങ്ങളും പാപ്പാ സ്വീകരിച്ചു. പാപ്പായെ ഒന്നു സ്പര്‍ശിക്കാനൊ, ഹസ്തദാനം നല്കാനൊ പലരുടെയും കരങ്ങള്‍ നീളുന്നതും കാണാമായിരുന്നു. പാപ്പാ നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ ഏതാണ്ട് 09.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ച് നന്മ ചെയ്യുക; അപ്പോള്‍ ഭൂമിയില്‍ സുരക്ഷിതനായി വസിക്കാം....... കോപത്തില്‍ നിന്ന് അകന്നു നില്ക്കുക, ക്രോധം വെടിയുക, പരിഭ്രമിക്കാതിരിക്കു; അതു തിന്മയിലേക്കു മാത്രമേ നയിക്കൂ.  ദുഷ്ടര്‍ വിച്ഛേദിക്കപ്പെടും; കര്‍ത്താവിനെ കാത്തിരിക്കുന്നവര്‍ ഭൂമി കൈവശമാക്കും.  അല്‍പ സമയം കഴിഞ്ഞാല്‍ ദുഷ്ടന്‍ ഇല്ലാതാകും; അവന്‍റെ സ്ഥലത്ത് എത്ര അന്വേഷിച്ചാലും അവനെ കാണില്ല. എന്നാല്‍, ശാന്തശീലര്‍ ഭൂമി കൈവശമാക്കും; ഐശ്വര്യത്തികവില്‍ അവര്‍ ആനന്ദിക്കും” (സങ്കീര്‍ത്തനം 37:3.8-11)  

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, സുവിശേഷസൗഭാഗ്യങ്ങളെ അധികരിച്ച് താന്‍ ആരംഭിച്ചിരക്കുന്ന പുതിയ പ്രബോധന പരമ്പര തുടര്‍ന്നു. “ശാന്തശീലര്‍ ഭാഗ്യവാന്മാര്‍” എന്ന സുവിശേഷ സൗഭാഗ്യമായിരുന്നു പാപ്പാ വിചിന്തനവിഷയമാക്കിയത്. ഇറ്റാലിയന്‍ ഭാഷയില്‍ പാപ്പാ നടത്തിയ  മുഖ്യ പ്രഭാഷണത്തിന്‍റെ  സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം‌,‍

മത്തായിയുടെ സുവിശേഷത്തില്‍ കാണുന്ന അഷ്ടസൗഭാഗ്യങ്ങളില്‍ മൂന്നാമത്തെതാണ് ഇന്നത്തെ നമ്മുടെ വിചിന്തനത്തിനാധാരം. “ശാന്തശീലര്‍ ഭാഗ്യവാന്മാര്‍; അവര്‍ ഭൂമി അവകാശമാക്കും” (മത്തായി 5,5).

ശാന്തശീലര്‍ എന്ന പദത്തിന്‍റെ വിവക്ഷ

ഇവിടെ ഉപയോഗിച്ചിരിക്കുന്ന “ശാന്തശീലര്‍” എന്ന പദം അക്ഷരാര്‍ത്ഥത്തില്‍ ദ്യോതിപ്പിക്കുന്നത് സൗമ്യതയെ, ഓമനത്വത്തെ, മൃദുലതയെ ആണ്, അക്രമരാഹിത്യാവസ്ഥയെയാണ്. സംഘര്‍ഷാവസ്ഥ സംജാതമാകുന്ന വേളകളിലാണ് സൗമ്യത ആവിഷ്കൃതമാകുന്നത്. ശത്രുത പ്രകടമായിരിക്കുന്ന ഒരവസ്ഥയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതില്‍ നിന്ന് സൗമ്യത തിരിച്ചറിയാന്‍ സാധിക്കും. എല്ലാം ശാന്തമായിരിക്കുമ്പോള്‍ എല്ലാവരും ശാന്തരാണെന്നു തോന്നും. എന്നാല്‍ സമ്മര്‍ദ്ദത്തോട് എങ്ങനെ പ്രതികരിക്കുന്നു? ആക്രമിക്കപ്പെടുമ്പോള്‍, ദ്രോഹിക്കപ്പെടുമ്പോള്‍, രൂക്ഷവിമര്‍ശനം ഉണ്ടാകുമ്പോള്‍ എപ്രകാരം പ്രതികരിക്കുന്നു?

ക്രിസ്തുവിന്‍റെ സൗമ്യശീലം

ക്രിസ്തുവിന്‍റെ “സൗമ്യതയെയും ശാന്തതയെയും” കുറിച്ച് വിശുദ്ധ പൗലോസ് ഓര്‍മ്മിപ്പിക്കുന്നുണ്ട്. (2 കോറിന്തോസ്, 10,1) പീഢാസഹനവേളയില്‍ യേശുവിനുണ്ടായിരുന്ന മനോഭാവത്തെക്കുറിച്ച് പത്രോശ്ലീഹാ ഓര്‍മ്മിപ്പിക്കുന്നുണ്ട്, അവിടന്ന് പ്രത്യുത്തരിച്ചില്ല, ഭീഷണി ഉയര്‍ത്തിയില്ല “പിന്നെയോ, നീതിയോടെ വിധിക്കുന്നവന് തന്നെത്തന്നെ ഭരമേല്പിക്കുകയാണ് ചെയ്തത്” (1 പത്രോസ്: 2,23). യേശുവിന്‍റെ സൗമ്യത അതിശക്തം തെളിയുന്നത് പീഢാസഹനത്തിലാണ്.

"ശാന്തശീലന്‍" വിശുദ്ധഗ്രന്ഥത്തില്‍

വിശുദ്ധ ഗ്രന്ഥത്തില്‍ “ശാന്തശീലന്‍” എന്ന വാക്ക് ഭൂമി കൈവശമില്ലാത്തവനെയും സൂചിപ്പിക്കുന്നതാണ്. ആകയാല്‍, ശാന്തശീലര്‍ ഭൂമി അവകാശമാക്കും എന്ന് മൂന്നാമത്തെ സുവിശേഷഭാഗ്യം പറയുന്നത് ശ്രദ്ധേയമാണ്.

വാസ്തവത്തില്‍ ഈ സൗഭാഗ്യം നാം നേരത്തെ വായിച്ചുകേട്ട മുപ്പത്തിയേഴാം സങ്കീര്‍ത്തനത്തെ ഓര്‍മ്മിപ്പിക്കുന്നു. അതിലും സൗമ്യതയെ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെടുത്തിയാണ് സൂചിപ്പിച്ചിരിക്കുന്നത്. നാം ചിന്തിക്കുകയാണെങ്കില്‍ ഈ രണ്ടു ഘടകങ്ങളും തമ്മില്‍ പൊരുത്തമില്ല എന്നു തോന്നാം. വാസ്തവത്തില്‍ ഭൂമി കൈവശമാക്കല്‍ സംഘര്‍ഷത്തിന് വേദിയൊരുക്കുന്ന ഒന്നാണ്. അതിര്‍ത്തി പിടിച്ചെടുക്കുന്നതിന് പലപ്പോഴും പോരാടുന്നു, ചില പ്രത്യേക പ്രദേശത്തിന്മേല്‍ ആധിപത്യമുറപ്പിക്കുന്നതിനായി പോരാടുന്നു. യുദ്ധവേളകളില്‍ കൂടുതല്‍ ശക്തന്‍ മുന്നേറുകയും മറ്റു പ്രദേശങ്ങള്‍ പിടിച്ചടക്കുകയും ചെയ്യുന്നു.

ശാന്തശീലന്‍റെ അവകാശം

എന്നാല്‍ സൗമ്യശീലരുടെ അവകാശത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന ക്രിയാപദം സശ്രദ്ധം നമുക്കൊന്നു നോക്കാം. അവര്‍ ഭൂമി പിടിച്ചെടുക്കുകയല്ല ചെയ്യുന്നത്. ശാന്തശീലര്‍ ഭാഗ്യവാന്മാര്‍; അവര്‍ ഭൂമി പിടിച്ചെടുക്കും എന്നല്ല പറഞ്ഞിരിക്കുന്നത്, മറിച്ച്, അവര്‍ “അവകാശമാക്കും” എന്നാണ്. ശാന്തശീലര്‍ ഭാഗ്യവാന്മാര്‍; അവര്‍ ഭൂമി അവകാശമാക്കും. “അവകാശമാക്കും” എന്ന ക്രിയാപദത്തിന്, വേദപുസ്തകത്തില്‍, വിശാലമായ അര്‍ത്ഥമാണുള്ളത്. ദൈവജനം “അവകാശം” എന്നു പറയുന്നത് വാഗ്ദത്ത ഭൂമിയായ ഇസ്രായേല്‍ ദേശത്തെയാണ്.

ആ മണ്ണ് ദൈവജനത്തിനുള്ള ഒരു വാഗ്ദാനമാണ്, ഒരു സമ്മാനമാണ്, കേവലം ഒരു അതിര്‍ത്തിയെന്നതിനെക്കാള്‍ വളരെ മഹത്തായ എന്തോ ഒന്നാണ്.

ആകയാല്‍, യേശു വിവക്ഷിക്കുന്ന ശാന്തശീലര്‍, ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തിന്‍റെതായ പ്രദേശം സംരക്ഷിക്കുകയും ദൈവദത്ത ദാനങ്ങളായ സമാധാനവും കരുണയും സാഹോദര്യവും വിശ്വാസവും പ്രത്യാശയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നവരാണ്. എന്തെന്നാല്‍, ശാന്തശീലര്‍ കാരുണ്യമുളവരും, സാഹോദര്യം പുലര്‍ത്തുന്നവരും വിശ്വാസമുള്ളവരും പ്രത്യാശപുലര്‍ത്തുന്നവരുമാണ്.

കോപം

ക്രോധമെന്ന പാപത്തെക്കുറിച്ചും ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. അതു ശാന്തതയ്ക്ക് വിരുദ്ധമാണ്. അതിന്‍റെ നീക്കം അക്രമാസക്തമാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. ഒരിക്കലെങ്കിലും കോപിക്കാത്ത ആരെങ്കിലുമുണ്ടോ? നാം നമ്മോടുതന്നെ ചോദിക്കേണ്ടിയരിക്കുന്നു: കോപത്താല്‍ എന്തെല്ലാം നാം നശിപ്പിച്ചിരിക്കുന്നു? ഒരു നിമിഷത്തെ കോപത്തിന് അനേകം നാശങ്ങള്‍ വരുത്താന്‍ സാധിക്കും. നിയന്ത്രണം വിട്ടു പോകും, പ്രധാനപ്പെട്ടതെന്തെന്ന് വിലിയിരുത്താന്‍ കഴിയാതെ വരുന്നു, സാഹോദര്യ ബന്ധത്തെ അപരിഹാര്യമാം വിധം തകര്‍ക്കാന്‍ അതിനു സാധിക്കും. ക്രോധം മൂലം സംസാരിക്കാത്ത അനേകം സഹോദരങ്ങളുണ്ട്, അവര്‍ പരസ്പരം അകലുന്നു. അത് ശാന്തതയ്ക്ക് വിരുദ്ധമാണ്. ശാന്തത ഒരുമിപ്പിക്കുന്നു, ക്രോധം ഭിന്നിപ്പിക്കുന്നു.

ശാന്തതയുടെ വിജയം

സൗമ്യത നിരവധികാര്യങ്ങളുടെ മേല്‍ വിജയം വരിക്കുന്നു. ഹൃദയം  കവരാന്‍ കഴിവുറ്റതാണ് ശാന്തത, അത് സൗഹൃദബന്ധങ്ങളെയും മറ്റനേകം കാര്യങ്ങളെയും പരിപാലിക്കുന്നു. കോപാകുലരായവര്‍ പിന്നീട് ശാന്തത കൈവരിക്കുകയും, പുനര്‍വിചിന്തനം നടത്തുകയും തങ്ങളുടെ ചുവടുകള്‍ പിന്നോട്ടുവയ്ക്കുകയും അങ്ങനെ ശാന്തതയാല്‍ ഒരു അഴിച്ചുപണിക്ക് തയ്യാറാകുകയും ചെയ്യുന്നു.

സൗമ്യതയാല്‍ അവകാശമാക്കേണ്ട ഭൂമി, മത്തായിയുടെ സുവിശേഷം സൂചിപ്പിക്കുന്ന ആ സഹോദരന്‍റെ രക്ഷയാണ്. “നിന്‍റെ സഹോദരന്‍ തെറ്റു ചെയ്താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവന് ബോധ്യപ്പെടുത്തിക്കൊടുക്കുക” (മത്തായി 18,15)  അപരന്‍റെ ഹൃദയത്തെക്കാള്‍ വലിയൊരു ഭൂമിയില്ല. ഇതെക്കുറിച്ച് നാം വീണ്ടും വീണ്ടും ചിന്തിക്കണം. ഒരു സഹോദരനുമായി വീണ്ടും സമാധാനത്തിലാകുക എന്നതിനേക്കാള്‍ മനോഹരമായൊരു ദേശമില്ല. സഹോദരനുമായുള്ള സമാധാനം വീണ്ടെടുക്കുന്നതിനെക്കാള്‍ നേടേണ്ടതായ മനോഹരമായൊരു ദേശമില്ല. അതാണ് ശാന്തതയാല്‍ അവകാശമാക്കേണ്ട ഭൂമി. നന്ദി

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

സമാപനാഭിവാദ്യങ്ങളും ആശീര്‍വ്വാദവും

പൊതുകൂടിക്കാഴ്ചയുടെ അവസാനഭാഗത്ത് പാപ്പാ യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്തു.

കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കാനും അവിടത്തെ പദ്ധതികള്‍ക്കുള്ളിലേക്കു കടക്കാനും അപ്രതീക്ഷിതങ്ങളായ പല വഴികളിലൂടെയും രക്ഷ നമ്മിലെത്തിച്ചേരുമെന്ന സത്യം അംഗീകരിക്കാനും പാപ്പാ അവര്‍ക്ക് പ്രചോദനം പകര്‍ന്നു.

തദ്ദനന്തരം, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന്,  പാപ്പാ, എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി

 

19 February 2020, 12:55