തിരയുക

2020.02.20 Plenaria della Congregazione Educazione Cattolica 2020.02.20 Plenaria della Congregazione Educazione Cattolica 

ഇനിയും പക്വമാര്‍ജ്ജിക്കേണ്ട കലയാണ് വിദ്യാഭ്യാസം

മാനവികതയുടെ സാഹോദര്യക്കൂട്ടായ്മയെ ബലപ്പെടുത്തുവാന്‍ വിദ്യാഭ്യാസത്തിനു കരുത്തുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ്

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഫെബ്രുവരി 20-Ɔο തിയതി വ്യാഴാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ (Congregation for Catholic Education) സമ്പൂര്‍ണ്ണ സമ്മേളനത്തെ കൂടിക്കാഴ്ചയില്‍ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. ജനതകള്‍ക്ക് കാലികമായി വെളിച്ചംപകരുന്ന ഒരു പരിവര്‍ത്തനാത്മകമായ  യാഥാര്‍ത്ഥ്യമാണ്
(a dynamic reality) വിദ്യാഭ്യാസം.  വ്യക്തിപരവും സാമൂഹികവുമായ വളര്‍ച്ചയില്‍ വിദ്യാഭ്യാസമാണ് ഒരു വ്യക്തിയെ പക്വതയില്‍ എത്തിക്കുന്നത്. വിദ്യാഭ്യാസത്തിന്‍റെ തനതും സവിശേഷവുമായ ലക്ഷണങ്ങളെക്കുറിച്ച് പാപ്പാ തുടര്‍ന്നു പരാമര്‍ശിച്ചു :

1. വിദ്യാഭ്യാസം ഒരു പാരിസ്ഥിതിക പ്രസ്ഥാനം (ecological movement).
ഇത് വിദ്യാഭ്യാസ രൂപീകരണത്തിന്‍റെ ലക്ഷ്യങ്ങളില്‍ ഒന്നായിരിക്കണമെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു. എപ്രകാരം പൊതുഭവനമായ ഭൂമിയുടെ ഭാഗമാണ് താനെന്ന അവബോധത്തോടെ ഒരാള്‍ ജീവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അയാളുടെ ജീവിത സമഗ്രത. ഭൂമുഖത്തെ ബഹുസാംസ്ക്കാരിക ഘടനയില്‍ വ്യക്തി സാഹോദര്യത്തിന്‍റെ വീക്ഷണത്തോടെ അതില്‍ പങ്കുചേരുന്നു. സാമൂഹിക സാംസ്കാരിക ഭാഷാ വൈവിധ്യങ്ങള്‍ക്കിടയിലും പരസ്പരം സമ്പന്നമാക്കും വിധത്തില്‍ വിവിധ സമൂഹങ്ങളുമായി ഇടകലര്‍ന്നും, പരസ്പരം അംഗീകരിച്ചും ജീവിക്കാന്‍ വ്യക്തിയെ വിദ്യാഭ്യാസം സഹായിക്കണം.

ഈ വിദ്യാഭ്യാസ മുന്നേറ്റം, പാരിസ്ഥിതികമായ വിവിധ തലങ്ങളില്‍ സന്തുലിതാവസ്ഥ ആര്‍ജ്ജിക്കാന്‍ വ്യക്തിയെ സഹായിക്കും. ആദ്യം തന്നോടുതന്നെയും, തുടര്‍ന്ന് മറ്റുള്ളവരോടുള്ള ഐക്യദാര്‍ഢ്യത്തിലും,  മൂന്നാമതായി സകല ജീവജാലങ്ങളോടുള്ള രമ്യതയിലും, അവസാനം ദൈവവുമായുള്ള ആത്മീയബന്ധത്തിലും ജീവിക്കാന്‍ വ്യക്തിക്കു സാധിക്കണം. ഇതിനായി വിദ്യാഭ്യാസ സംവിധാനത്തില്‍ പാരിസ്ഥിതിക ധാര്‍മ്മികതയുടെ പ്രബോധന രീതി ഉള്‍ച്ചേര്‍ത്തിരിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ ഉത്തരവാദിത്ത്വമുള്ള ഐക്യദാര്‍ഢ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും മനോഭാവത്തോടെ വ്യക്തി സമൂഹത്തില്‍ വളരുകയുള്ളൂ.

2.  സകലത്തിനെയും ആശ്ലേഷിക്കുന്ന പ്രസ്ഥാനം (An Inclusive Movement).
പ്രബോധനരീതി, അല്ലെങ്കില്‍ സംവിധാനംകൊണ്ട് വിദ്യാഭ്യാസം സകലത്തിനെയും ആശ്ലേഷിക്കേണ്ടതാണ്, പ്രത്യേകിച്ച് പരിത്യക്തരെയും പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ആശ്ലേഷിക്കുന്നതായിരിക്കണം. യുദ്ധം, വരള്‍ച്ച, കുടിയേറ്റം, മനുഷ്യക്കടത്തിന് അിടമകളാകുന്ന അവസ്ഥ, പ്രകൃതിക്ഷോഭം, സാമൂഹിക വിവേചനം, അസ്തിത്വപരമായ ജീവിത ക്ലേശങ്ങള്‍ എന്നിവയാല്‍ കഷ്ടപ്പെടുന്നരോടു കാണിക്കുന്ന ആശ്ലേഷമായിരിക്കണം നല്ല വിദ്യാഭ്യാസത്തില്‍നിന്നും ഉടലെടുക്കുന്ന സാഹോദര്യത്തിന്‍റെ തുറവുള്ള ഈ ആശ്ലേഷം.

വിദ്യാഭ്യാസത്തിന്‍റെ ഫലപ്രാപ്തി കുടയേറ്റക്കാരോടും അഭയാര്‍ത്ഥികളോടും ജാതി മത വര്‍ണ്ണ ഭാഷാ വ്യത്യാസങ്ങളില്ലാതെ പ്രകടമാക്കേണ്ട ആശ്ലേഷംകൂടിയാണ്. എളിയവരെ ഉള്‍ക്കൊള്ളുന്ന ക്രിസ്തു കാട്ടിത്തന്ന രക്ഷണീയ ദൗത്യത്തിന്‍റെ ഭാഗമാണ് സാഹോദര്യത്തിന്‍റെ ആശ്ലേഷം. ഇന്നു ലോകത്ത് എവിടെയും വളര്‍ന്നുവരുന്ന പാവങ്ങളെയും, പ്രായമായവരെയും, വൈകല്യങ്ങള്‍ ഉള്ളവരെയും ഒഴിവാക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന “വലിച്ചെറിയല്‍ സംസ്ക്കാര”ത്തിന് എതിരെ (Culture of Waste) എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, വിശിഷ്യാ എളിയവരെ പരിഗണിക്കുന്ന ഒരു സാകല്യ സംസ്കൃതി വിദ്യാഭ്യാസപരമായി വളര്‍ത്തിയെടുക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. മനുഷ്യകുലത്തിന്‍റെ ഘടനാപരമായ അടിത്തറയാകേണ്ട സാഹോദര്യത്തിന് എതിരായി ഇന്നു വളര്‍ന്നുവരുന്ന “വലിച്ചെറിയല്‍ സംസ്കാരം” ഇല്ലായ്മചെയ്യാന്‍ സാകല്യേനയുള്ള വിദ്യാഭ്യാസരീതി അനിവാര്യമാണെന്ന് പാപ്പാ വിദ്യാഭ്യാസ പ്രവര്‍ത്തകരെ ഉദ്ബോധിപ്പിച്ചു.

3.  സമാധാന സംരക്ഷണത്തിനുള്ള ഉദ്യമമാണ് വിദ്യാഭ്യാസം (Peace-keeping movement). വിദ്യാഭ്യാസത്തിലൂടെ വളര്‍ത്തിയെടുക്കേണ്ട വരുംതലമുറയുടെ സമാധാനം ഒരു മിഥ്യയല്ലെന്നും, പ്രത്യാശയുള്ളതും സാധ്യവുമായ യാഥാര്‍ത്ഥ്യമാണെന്ന് ലോകത്തിന് മനസ്സിലാക്കി കൊടുക്കേണ്ടതാണെന്ന് പാപ്പാ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു. ഇന്ന് ലോകത്ത് അസമാധാനം വളര്‍ത്തുന്ന അക്രമ രാഷ്ട്രീയത്തിന്‍റെയും (egolatry), ഭീകര പ്രവര്‍ത്തനങ്ങളുടെയും (terrorism), അതിക്രമങ്ങളുടെയും (violence), അഴിമതിയുടെയും (corruption) സാമൂഹിക ചുറ്റുപാടില്‍ വ്യക്തികളെ സമാധാനത്തിന്‍റെ പ്രയോക്താക്കളാക്കേണ്ട ധര്‍മ്മം വിദ്യാഭ്യാസ മേഖലയ്ക്കുണ്ട്. സമാധാനത്തെ തകര്‍ക്കുന്ന വ്യക്തിമാഹാത്മ്യവാദവും സമത്വവാദവും മാറ്റി, സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും സംസ്കാരം വളര്‍ത്തുന്നതിന് വിദ്യാഭ്യാസത്തെ സമാധാന സംരക്ഷണ സംരംഭമായി പരിഗണിക്കുകയും വികസിപ്പിച്ചെടുക്കുകയും ചെയ്യേണ്ടതാണെന്ന് പാപ്പാ ആഹ്വാനംചെയ്തു.

4. വിദ്യാഭ്യാസം ഒരു കൂട്ടായ സംരംഭം (team movement).
വിദ്യാഭ്യാസം ഒരു വ്യക്തിയുടെയോ, സ്ഥാപനത്തിന്‍റെയോ, മാനേജ്മെന്‍റിന്‍റെയോ പദ്ധതിയല്ല, അതൊരു കൂട്ടായ്മയുടെ പ്രവര്‍ത്തന കേന്ദ്രമാണ്. കുടുംബം, അദ്ധ്യാപകര്‍, സാംസ്കാരിക നേതാക്കള്‍,പൗര സംഘടനകളും പ്രതിനിധികളും, മത സംഘടനകള്‍, സമൂഹം എന്നിവയുടെ പിന്‍തുണയുള്ള കൂട്ടായ ഉദ്യമമാവണം വിദ്യാഭ്യാസം (A global educational village, Gravissimum Educationis 5). സഭയുടെ വീക്ഷണത്തില്‍ ഒരു കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനം ക്രിസ്തുവിന്‍റെ അരൂപിയാല്‍ പ്രചോദിതമായ ഒരു മാനവിക സമൂഹമായി വളരേണ്ടതാണ്. അതുപോലെ കത്തോലിക്ക യൂണിവേഴ്സിറ്റികളും പഠനത്തിനും, ഗവേഷണത്തിനും, പരിശീലനത്തിനുമുള്ള സമൂഹമായി മിശ്രശാഖ വിജ്ഞാനത്തിന്‍റെയും (Inter disciplinary), വിഷയാന്തര വിജ്ഞാനത്തിന്‍റെയും (Trans disciplinary) പദ്ധതികളിലൂടെ വികസിപ്പിച്ചെടുക്കേണ്ടതാണ് (Veritatis Gaudium 11, 1).

5. വിദ്യാഭ്യാസ കൂട്ടായ്മയെ തകര്‍ക്കുന്ന
പ്രതിസന്ധികള്‍

വിദ്യാഭ്യാസത്തിന്‍റെ കൂട്ടായ സംരംഭത്തില്‍ നിരീക്ഷിക്കുന്ന വിവിധ പ്രതിസന്ധികളെ മറികടക്കാനുള്ള ഒരു ഉപാധിയായിട്ടാണ് “ആഗോള വിദ്യാഭ്യാസ ഉടമ്പടി”ക്കായി (Global Educational Pact) ഒരു ദിനം അടുത്ത മെയ് 14-ന് ആരംഭിക്കണമെന്ന് താന്‍ വിദ്യാഭാസത്തിനുള്ള വത്തിക്കാന്‍റെ കാര്യാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് (Congregation for Catholic Education) പാപ്പാ പ്രഭാഷണത്തില്‍ വെളിപ്പെടുത്തി. ഒരു “ആഗോള വിദ്യാഭ്യാസ ഗ്രാമം” (A global educational village) പുനരാവിഷ്ക്കരിക്കാന്‍ ഉത്തരവാദിത്ത്വമുള്ള രാഷ്ട്രീയ, ഭരണ, മത, പൗര, വിദ്യാഭ്യാസ പ്രസ്ഥാനങ്ങളോട് ഈ മേഖലയില്‍ സഹകരണത്തിന്‍റെ കൂട്ടായ്മ വളര്‍ത്താനുള്ള ഒരു അഭ്യര്‍ത്ഥനകൂടിയാണ് ഈ ദിനമെന്നും പാപ്പാ വ്യക്തമാക്കി. എന്നാല്‍ പരിപാടികള്‍ വര്‍ദ്ധിപ്പിക്കാനുള്ള നീക്കമല്ല ഇതെന്നും വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയില്‍ വരും തലമുറയ്ക്ക് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കരുത്തും തുറവുമുള്ള രീതികളും, പരസ്പരം കേള്‍ക്കുവാനുള്ള സന്നദ്ധതയും, സംവാദത്തിന്‍റെ ക്രിയാത്മകമായ രീതികളും, പരസ്പര ധാരണയും വളര്‍ത്തുന്ന സംവിധാനങ്ങളും ഉണ്ടാകുന്നതിന് സഹായിക്കുകയാണ് ഇതിന്‍റെ ലക്ഷ്യമെന്നും പാപ്പാ വിശദീകരിച്ചു.

6. ആഹ്വാനവും ആശംസയും
വിദ്യാഭ്യാസ മേഖലയിലെ വിഭാഗിയതയും വിഭജനവും ഇല്ലാതാക്കി പരസ്പര സഹകരണത്തിന്‍റെയും ബന്ധത്തിന്‍റെയും അടിസ്ഥാനഘടകം സമൂഹത്തില്‍ പുനരാവിഷ്ക്കരിച്ചാല്‍ കൂടുതല്‍ സാഹോദര്യമുള്ള മാനവികത വളര്‍ത്താന്‍ സ്ഥാപനങ്ങള്‍ക്കു സാധിക്കും. സാമൂഹിക നന്മയ്ക്കായ് ഈ മേഖലയിലെ‍ സര്‍വ്വസ്രോതസ്സുക്കളും ഉപയോഗിക്കുവാനും, കഴിവുള്ളവരെ സമൂഹത്തിന്‍റെ നന്മയ്ക്കും അഭിവൃദ്ധിക്കമായി പരിശീലിപ്പിച്ചെടുക്കുവാനും സാധിക്കണം.  സഭയുടെ ആഗോള വിദ്യാഭ്യാസ ഉടമ്പടിയുടെ പദ്ധതിയില്‍ വിഷയാന്തര വിജ്ഞാനവും (trans disciplinary ), മിശ്രശാഖാവിജ്ഞാനവും (inter disciplinary) ഉന്നതവിദ്യാഭ്യാസത്തിന്‍റെ വിവിധ തലങ്ങളില്‍ വികസിപ്പിച്ചെടുക്കണമെന്നും പാപ്പാ ആഹ്വാനംചെയ്തു.
 
സാംസ്ക്കാരിക സാമൂഹ്യ വൈവിധ്യങ്ങളാല്‍  ഛിന്നഭിന്നവും വിഘടിതവുമായ ഇന്നിന്‍റെ വിദ്യാഭ്യാസ മേഖലയുടെ ബൗദ്ധിക വിജഞാനത്തിന്‍റെ ഐക്യം ദൈവികവിജ്ഞാനത്തിന്‍റെ പാരമ്യത്തില്‍ കേന്ദ്രീകരിക്കുവാന്‍ സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. വ്യക്തിയെയും വ്യക്തിവികസനത്തെയും കേന്ദ്രസ്ഥാനത്തു സ്ഥാപിച്ചുകൊണ്ട് സാഹോദര്യത്തിന്‍റെ മാനവികത വളര്‍ത്തുന്ന സംരംഭമായി വിദ്യാഭ്യാസം പുനരാവിഷ്ക്കരിക്കാനുള്ള പദ്ധതിയായി ആഗോള വിദ്യാഭ്യാസ ഉടമ്പടി വളരട്ടെയെന്നും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് പാപ്പാ  പ്രഭാഷണം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 February 2020, 13:46