ക്രിസ്തു പിശാച്ബാധിതനെ സുഖപ്പെടുത്തുന്ന ചിത്രം. ക്രിസ്തു പിശാച്ബാധിതനെ സുഖപ്പെടുത്തുന്ന ചിത്രം. 

പാപ്പാ: ഐതിഹ്യങ്ങൾക്കപ്പുറത്താണ് പിശാച്

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ അഞ്ചാം അദ്ധ്യായത്തിലെ 160-161 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

അഞ്ചാം  അദ്ധ്യായം:

ജാഗരൂകരായിരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പാപ്പാ ഈ അവസാനത്തെ അദ്ധ്യായത്തിൽ സംസാരിക്കുന്നു. ആത്മീയ യുദ്ധത്തിനുള്ള തയ്യാറെടുപ്പിന് വിവേചനാബുദ്ധിയും ജാഗരൂകതയും എത്ര അനിവാര്യമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഫ്രാൻസിസ് പാപ്പാ.

160. ഐതിഹ്യങ്ങൾക്കപ്പുറം

ഒരു അതിസ്വാഭാവിക ധാരണയില്ലാതെ അനുഭവസിദ്ധമായ മാനദണ്ഡങ്ങൾ കൊണ്ട് മാത്രം ജീവിതത്തെക്കുറിച്ച് നിഷ്കർഷിക്കുന്ന പക്ഷം പിശാചിന്‍റെ അസ്ഥിത്വം നാം അംഗീകരിക്കുകയില്ല. നമ്മുടെ മധ്യത്തിൽ ദുഷ്ടശക്തി സന്നിഹിതമാണ് എന്ന ബോധ്യമാണ് അത്രമാത്രം നശീകരണ ശക്തി ഉണ്ടാക്കാൻ തിന്മയ്ക്ക് കഴിയും എന്ന് മനസ്സിലാക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്. ചില യാഥാർത്ഥ്യങ്ങൾ പ്രകടമാക്കാൻ ബൈബിൾ ഗ്രന്ഥകാരന്മാർക്ക് ആശയപരമായി മാനുഷിക പരിമിതികൾ ഉണ്ടായിരുന്നു എന്നത് സത്യമാണ്. ഉദാഹരണമായി യേശുവിന്‍റെ കാലത്ത് അപസ്മാരത്തെ പിശാച് ബാധയായി എളുപ്പത്തിൽ തെറ്റിദ്ധരിച്ചിരുന്നു. എങ്കിലും, സുവിശേഷത്തിൽ വിവരിച്ചിട്ടുള്ള സംഭവങ്ങളെല്ലാം മനശാസ്ത്രപരമായ ക്രമഭംഗങ്ങളോടു ബന്ധപ്പെട്ടതായിരുന്നുവെന്നും അതുകൊണ്ട് പിശാച് ഇല്ലെന്നോ, പ്രവർത്തനനിരതനല്ലെന്നോ അനുമാനിക്കുന്നത്മായ അമിത ലഘുകരണത്തിലേക്ക് ഇതു നമ്മെ നയിക്കരുത്. വിശുദ്ധ ലിഖിതങ്ങളുടെ ആദ്യ പേജുകളിൽ തന്നെ അവൻ സന്നിഹിതനാണ്. വിശുദ്ധ ലിഖിതങ്ങൾ അവസാനിക്കുന്നത് പിശാചിന്‍റെ മേലുള്ള ദൈവത്തിന്‍റെ വിജയത്തോടുകൂടിയാണ്. “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ”  എന്ന പ്രാർത്ഥന നമ്മളെ പഠിപ്പിച്ചപ്പോൾ “തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ”  എന്ന് സ്വർഗ്ഗസ്ഥനായ പിതാവിനോടപേക്ഷിച്ചു കൊണ്ട് അത് ഉപസംഹരിക്കാന്‍ അവിടുന്ന് നമ്മളോടു ആവശ്യപ്പെട്ടു. ‘തിന്മ’  എന്ന വാക്ക് അമൂർത്തമായിട്ടല്ല ഉപയോഗിച്ചിരിക്കുന്നത്; കൂടുതൽ കൃത്യമായ ഒരു പരിഭാഷ “ദുഷ്ടാരൂപീ”എന്നായിരിക്കും. നമ്മെ ആക്രമിക്കുന്ന വ്യക്തിപരമായ ഒരു അസ്ഥിത്വത്തെ അത് സൂചിപ്പിക്കുന്നു. അവനിൽ നിന്നുള്ള മോചനത്തിനുവേണ്ടി ദിവസവും അപേക്ഷിക്കാൻ യേശു നമ്മെ പഠിപ്പിച്ചു. അവന്‍റെ ശക്തി നമ്മുടെമേൽ വിജയിക്കാതിരിക്കാൻ വേണ്ടിയാണിത്.

തിന്മയുടെ അധിപനായ പിശാചിനെ കുറിച്ചും അവന്‍റെ പിടിയിൽപ്പെടാതിരിക്കാൻ ക്രിസ്തു നമ്മെ പഠിപ്പിച്ചതിനെ കുറിച്ചും പാപ്പാ നമ്മെ ഓർമ്മപ്പെടുത്തുന്നു. തിന്മയുടെ രൂപമാണ് പിശാച്. ഈ ലോകത്തിൽ ദുഷ്ടാരൂപിയുണ്ടെന്നും അത് ഐതീഹ്യമല്ലെന്നും വിശുദ്ധ ലിഖിതങ്ങളിൽ ആരംഭം മുതൽ അവസാനം വരെ അവനെ കുറിച്ച് ക്രിസ്തുവും പരാമർശിച്ചിരിക്കുന്നുവെന്നും പാപ്പാ ചൂണ്ടികാണിക്കുന്നു. നാമെല്ലാവരും സാങ്കേതിക ലോകത്തിൽ ജീവിക്കുന്നവരാണ്. ആധൂനിക ലോകത്തിൽ ജീവിക്കുന്ന നമുക്ക് പൈശാചികമായ ഇടപെടലുകളെ തിരിച്ചറിയാൻ വളരെ പ്രയാസമാണ്. കാരണം ഒരു വ്യക്തിയുടെ വിശ്വാസത്തെ തകർക്കാൻ പിശാച് ഉപയോഗിക്കുന്ന ആയുധമെന്നത് മനുഷ്യൻ എന്തിനു ഒത്തിരി പ്രാധാന്യം നല്‍കുന്നുവോ, എന്തിനെ അവൻ ശ്രേഷ്ഠമായി കരുതുന്നുവോ അവയിലൂടെയാണ് അവൻ നമ്മിൽ പ്രവേശിക്കുന്നതും സ്വാധീനം ചെലുത്തുന്നതും.

ഉദാഹരണത്തിന് നാം ഉപയോഗിക്കുന്ന സാങ്കേതിക ഉപകരണങ്ങളെ കുറിച്ച് ചിന്തിക്കാം. മനുഷ്യ ജീവിതത്തിലെ ബുദ്ധിമുട്ടുകളെ ലഘുകരിക്കുന്നതും, പ്രവർത്തനങ്ങളെ ത്വരിതപെടുത്തുന്നതിനും,  മനുഷ്യന്‍റെ നന്മയ്ക്കു വേണ്ടി നിർമ്മിക്കപ്പെട്ട ഉപകരണങ്ങള്‍ ഇന്ന് കുഞ്ഞുകുട്ടികൾ, യുവജനങ്ങൾ തുടങ്ങി വാര്‍ദ്ധക്യത്തിലെത്തി നിൽക്കുന്നവർ വരെ തിന്മ ചെയ്യാനും ഉപയോഗിക്കപ്പെടുന്നു. പുരാതന മനുഷ്യൻ ഭക്ഷണത്തിനും, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നുള്ള സ്വയം രക്ഷയ്ക്കും വേണ്ടി കല്ല് കൊണ്ടും, മരം കൊണ്ടും, ഇരുമ്പു കൊണ്ടും ആയുധമുണ്ടാക്കിയെങ്കിൽ ഇന്നത്തെ ആധുനീകമനുഷ്യൻ നിർമ്മിക്കുന്ന ആയുധങ്ങൾ  മനുഷ്യർ തമ്മിലും,  ഗോത്രങ്ങൾ തമ്മിലും, കുടുംബങ്ങൾ തമ്മിലും, രാഷ്ട്രങ്ങൾ തമ്മിലും യുദ്ധത്തിനായി വിനിയോഗിക്കപ്പെടുന്നു. മനുഷ്യ മനസ്സിനെ തിന്മയുടെ ശക്തി എത്ര മാത്രം കീഴ്പ്പെടുത്തിയിരിക്കുന്നു. ഇന്ന് നാമുപയോഗിക്കുന്ന മൊബൈൽ ഫോണുകൾ പരസ്പര ആശയവിനിമയം ​​എന്ന അടിസ്ഥാനപരമായ ഉപയോഗത്തില്‍ നിന്നും വഴി മാറി ശരീരത്തെയും, മനസ്സിനെയും, ആത്മാവിനെയും നശിപ്പിക്കുന്ന എല്ലാത്തരം മ്ലേഛതകൾക്കായി വിനിയോഗിക്കപ്പെടുന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. ഇങ്ങനെ നന്മ പ്രവർത്തിക്കാൻ സഹായിക്കുന്ന ആയുധങ്ങളിൽ പോലും തിന്മയുടെ ഫലം നല്‍കാൻ പിശാച് നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.

ധനം അതിൽ തന്നെ തിന്മയല്ല. നമ്മുടെ അനുദിന ജീവിതത്തിനു ധനം ആവശ്യമാണ്. ആവശ്യമായതും, അത്യാവശമായ കാര്യങ്ങൾക്കായല്ലാതെ അത്യാഗ്രഹത്തിനായി ധനത്തെ ഉപയോഗിക്കാന്‍ പിശാച് മനുഷ്യനെ പ്രേരിപ്പിക്കുമ്പോൾ മനുഷ്യന് സ്നേഹം, ക്ഷമ, കരുന്ന എന്ന സുകൃതങ്ങൾ അന്യമായി പോകുന്നു. അതിന്‍റെ ഫലമായി അവനിൽ വെറുപ്പും, വിദ്വേഷവും, കപടതയും നിറയുകയും ലോകം മുഴുവനെയും സ്വന്തമാക്കണമെന്ന മോഹത്താൽ മനുഷ്യ ജീവനെ കൊല്ലാനും വേദനിപ്പിക്കാനും തുടങ്ങുന്നു.

161.സാത്താന്‍റെ കുടില തന്ത്രങ്ങളെ തിരിച്ചറിയുക 

അതുകൊണ്ട്, നാം പിശാചിനെ ഒരു ഐതിഹ്യമോ(Myth),  ഒരു ചിത്രീകരണമോ, ഒരു പ്രതീകമോ, ഒരു അലങ്കാരമോ, ഒരാശയമോ ആയി ചിന്തിക്കരുത്. ഈ തെറ്റ് നമ്മുടെ ജാഗ്രത ഇല്ലാതാക്കുന്നതിനും, നാം അശ്രദ്ധമായി വളരുന്നതിലേക്കും, ഏറ്റവും കൂടുതൽ ആക്രമണ വിധേയരാകുന്നതിലേക്കും നമ്മെ നയിക്കും. പിശാച് നമ്മെ കൈവശപ്പെടുത്തേണ്ട ആവശ്യമില്ല. അവന്‍ നമുക്ക് വെറുപ്പിന്‍റെയും ഏകാന്തത ബോധത്തിന്‍റെയും, അസൂയയുടെയും, തിന്മയുടെയും വിഷം നൽകുന്നു. നാം ജാഗ്രത പുലർത്താൻ ഇരിക്കുമ്പോൾ അവൻ നമ്മുടെ ജീവിതങ്ങളെയും, നമ്മുടെ കുടുംബങ്ങളെയും, നമ്മുടെ സമൂഹങ്ങളെയും നശിപ്പിക്കുന്നു. “നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം എന്ന് അന്വേഷിച്ചു കൊണ്ട് ചുറ്റി നടക്കുന്നു ” (1പത്രോ.5 :8).

നാം അശ്രദ്ധയോടെ ജീവിച്ചാൽ സാത്താന്‍റെ കുടില തന്ത്രങ്ങളെ തിരിച്ചറിയാൻ കഴിയാതെ നമ്മുടെ ജീവിതത്തിലും സമൂഹത്തിലും, കുടുംബത്തിലും, അസ്വസ്ഥതയും, ഭിന്നിപ്പും, കലഹവും, അസാമാധാനവും അനുഭവിക്കേണ്ടി വരുമെന്ന് പാപ്പാ നമ്മെ പ്രബോധിപ്പിക്കുന്നു. സന്തോഷവും, ഐക്യവും,നിറഞ്ഞു നിന്നിരുന്ന കുടുംബങ്ങളിൽ പെട്ടെന്ന് ഭിന്നിപ്പുണ്ടാകുന്നു. ആത്മീയരായി കഴിഞ്ഞവർപ്പെട്ടെന്ന് അധഃപതിക്കുന്നു. നീതിമാന്മാരെന്ന് കരുതിയവർ നീതിരഹിതരായി പെരുമാറുന്നു. ലോകത്തിന്‍റെ സന്തോഷങ്ങളെ വേണ്ടെന്നു വച്ച് സന്യാസത്തിന്‍റെ സംശുദ്ധിയിലേക്ക പ്രവേശിച്ചവർ സമ്പത്തിനും, മറ്റു ലൗകീഹസുഖങ്ങൾക്കും വേണ്ടി ജീവിച്ച് സമൂഹത്തിനു ഉതപ്പു നൽകുന്നു. സ്വന്തം അമ്മയുടെ നഗ്ന ചിത്രം പരസ്യപ്പെടുത്തുന്ന മക്കളും, മൊബൈൽ ഫോണിലൂടെ സ്ഥാപിക്കപ്പിടുന്ന വഞ്ചന നിറഞ്ഞ ബന്ധങ്ങൾ നൽകുന്ന ചതി തിരിച്ചറിഞ്ഞ യുവജനങ്ങളുടെ ആത്മഹത്യ വർദ്ധനവും മനുഷ്യനെ കെണിയിൽ പ്പെടുത്താൻ സാത്താൻ ഈ ലോകത്തിൽ പ്രയോഗിക്കുന്ന തിന്മയുടെ തന്ത്രങ്ങളാണ്.

ഈ പ്രബോധനത്തിന്‍റെ രണ്ടാം അദ്ധ്യായത്തിൽ വിശുദ്ധിയുടെ വഴിയില്‍ നാം അഭിമുഖികരിക്കേണ്ടി വരുന്ന രണ്ടു ശത്രുക്കളായ  “ഗ്നോസ്റ്റിസിസം”(Gnosticism),”പെലേജിയനിസം”(Pelagianism) എന്ന പാഷണ്ഡതകളെ കുറിച് പാപ്പാ പഠിപ്പിക്കുന്നു. ഈ രണ്ടു പാഷണ്ഡതകളെയും സൂക്ഷിക്കാൻ പാപ്പാ നിർദ്ദേശിക്കുന്നു. എല്ലാം അറിയാമെന്ന ചിന്തയും, കരുണയില്ലാതെ നിയമങ്ങളിൽ മുറുകെ പിടിച്ചു നില്‍ക്കുന്ന മനോഭാവവും വിശുദ്ധിയുടെ മാർഗ്ഗത്തെ വിദൂരത്തിലാക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നതായി നാം കണ്ടു. പ്രകട സംസ്കാരം നമ്മെ നാശത്തിലേക്കു നയിക്കുന്ന കെണിയാണെന്നും നശ്വരമായ വസ്തുക്കളെ മാത്രം ലക്ഷ്യം വെച്ച് നീങ്ങാൻ നമ്മെ പ്രേരിപ്പിക്കുന്നതാണെന്നു  2019 മാർച്ച് 26 ആം തിയതി ഫ്രാൻസിസ് പാപ്പാ തന്‍റെ ട്വിറ്റർ സന്ദേശത്തിൽ സൂചിപ്പിച്ചിരുന്നു. മറ്റുള്ളവരിൽ നിന്നും ലഭിക്കുന്ന  പ്രശംസയെയും, അംഗീകാരത്തെയും പ്രതിയാണ് മനുഷ്യന്‍റെ ഓട്ടം. ഈ ഓട്ടത്തിൽ നഷ്ടപ്പെടുന്ന ദൈവീക ചൈതന്യത്തെ തിരിച്ചറിയാതെ പോകുന്നതാണ് ഇന്നത്തെ മനുഷ്യന്‍റെ ഏറ്റവും വലിയ പരാജയമെന്ന് പറയാം. ഈ പരാജയത്തിലേക്ക് നമ്മെ നയിക്കുന്നത് തിന്മയുടെ അധിപനായ സാത്താനല്ലാതെ മറ്റാരുമല്ല.

പിശാചിനെ ദുഷ്ടാരൂപിയെന്ന് പരാമർശിക്കുന്ന പാപ്പാ നൽകുന്ന പ്രബോധനത്തെ ഗൗരവപൂർവ്വം നാം സ്വീകരിക്കണം. കാരണം നമ്മുടെ ആത്മീയ ജീവിതത്തിൽ പുണ്യങ്ങളുടെ രൂപത്തിൽ പോലും അവൻ നമ്മിൽ പ്രവർത്തിക്കുന്നു. മരുഭൂമിയില്‍ ക്രിസ്തുവിനെ പരീക്ഷിച്ച സാത്താനെ കുറിച്ച് വചനം നമ്മോടു പറയുന്നു. ദൈവപുത്രനായ ക്രിസ്തുവിന്‍റെ കൂടെ ജീവിച്ചിട്ടും, ക്രിസ്തു നൽകിയ അപ്പം ഭക്ഷിച്ചിട്ടും യൂദാസിന്‍റെ ഹൃദയം തിന്മയുടെ പക്ഷത്തായിരുന്നു. ക്രിസ്തുവിനെ ഒറ്റി കൊടുത്ത ശേഷം അയാളുടെ ഹൃദയത്തില്‍ കുറ്റബോധം നൽകി അവനെ കൊന്നതും തിന്മയുടെയും വഞ്ചനയുടെയും അധിപനായ പിശാചാണ്. ഇന്ന് നമ്മുടെ മദ്ധ്യേയുള്ള അവന്‍റെ സാന്നിധ്യം നന്മയുടെ ഭാവത്തിലാകാം. അത് കൊണ്ട് അവന്‍റെ കപട തന്ത്രങ്ങളെ ചെറുത്ത് നില്‍ക്കാൻ തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേയെന്ന് നാം എന്നും പ്രാർത്ഥിക്കണമെന്ന് പാപ്പാ നമ്മോടു ആവശ്യപ്പെടുന്നു.  അങ്ങനെ അവന്‍റെ ശക്തി നമ്മുടെമേൽ വിജയിക്കാതിരിക്കാൻ നമുക്ക് കഴിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 February 2020, 12:36