2019.03.06 Sant Anselmo Processione penitenziale 2019.03.06 Sant Anselmo Processione penitenziale 

വിഭൂതിത്തിരുനാളോടെ ആരംഭിക്കുന്ന വലിയ നോമ്പ്

പാപ്പാ ഫ്രാന്‍സിസ് ഫെബ്രുവരി 26, ബുധനാഴ്ച വിഭൂതിത്തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്കും. പൗരസ്ത്യസഭകളില്‍ 24-Ɔο തിയതി തിങ്കളാഴ്ചയാണ് തപസ്സാരംഭം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. സാന്‍ സബീനയുടെ ബസിലിക്കയിലെ തിരുക്കര്‍മ്മങ്ങള്‍
പാരമ്പര്യമനുസരിച്ച് റോമിലെ അവന്‍റൈന്‍ കുന്നിലുള്ള സാന്‍ സാബീനായുടെ ബസിലിക്കയിലെ  വിഭൂതിത്തിരുനാളിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസ്  നേതൃത്വം നല്കും.  ഫെബ്രുവരി 26–Ɔο തിയതി ബുധനാഴ്ചയാണ് റോമന്‍ സഭയില്‍ വിഭൂതി തിരുനാളോടെ തപസ്സിന് തുടക്കം കുറിക്കുന്നത്.  പൗരസ്ത്യ സഭകളില്‍ ഫെബ്രുവരി 24, തിങ്കളാഴ്ചയും തപസ്സ് ആരംഭിക്കും.  വത്തിക്കാനില്‍നിന്നും ഏകദേശം 7 കി.മീ. അകലെയുള്ള അവന്‍റൈന്‍ കുന്നിലേയ്ക്ക് (Aventine Hill) പാപ്പാ കാറില്‍ യാത്രചെയ്യും.

2. ബെനഡിക്ടൈന്‍ ആശ്രമത്തില്‍നിന്നും ആരംഭിക്കുന്ന പ്രദക്ഷിണം
ബുധനാഴ്ച, പ്രാദേശിക സമയം വൈകുന്നേരം 4.30-ന് (ഇന്ത്യയിലെ സമയം രാത്രി 9 മണിക്ക്)  അവന്‍റൈന്‍ കുന്നിലെ ബെനഡിക്ടൈന്‍ ആശ്രമദേവാലയത്തില്‍നിന്നും ‌ഒരു കല്ലേറു ദൂരം അകലെയുള്ള (5 മിനിറ്റു നടപ്പുദൂരമുള്ള) വിശുദ്ധ സബീനയുടെ ബസിലിക്കയിലേയ്ക്കുള്ള പ്രദക്ഷിണത്തോടെയാണ്  തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്.

3. ഭസ്മാശീര്‍വ്വാദവും ഭസ്മംപൂശലും ദിവ്യബലിയും
പ്രദക്ഷിണത്തിന്‍റെ അന്ത്യത്തില്‍ സാന്‍ സബീനയുടെ ബസിലിക്കയില്‍വച്ചു നടത്തപ്പെടുന്ന ഭസ്മാശീര്‍വ്വാദം, ഭസ്മം പൂശല്‍ എന്നീ കര്‍മ്മങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് ആമുഖമായി നിര്‍വ്വഹിക്കും. തുടര്‍ന്ന്  വചനപാരായണം, പാപ്പായുടെ സുവിശേഷ പ്രഭാഷണം, വിഭൂതിത്തിരുനാളിലെ സമൂഹബലിയര്‍പ്പണം എന്നിവയാണ് തിരുക്കരമ്മങ്ങളെന്ന്, വത്തിക്കാന്‍റെ ആരാധനക്രമ കാര്യങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി പ്രസ്താവനയിലൂടെ അറിയിച്ചു.

4. അവന്‍റൈന്‍ കുന്നും തപസ്സാചരണവും
തപസ്സ് അനുഷ്ഠാനത്തിന്‍റെ ഭാഗമായി പുരാതന റോമാനഗരത്തില്‍ നിലനിന്നിരുന്ന പാരമ്പര്യമാണ് നഗരത്തിലെ പ്രധാന ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുക, അവിടെ ദിവ്യബലിയില്‍ പങ്കുചേരുക എന്നിങ്ങനെ.  അതില്‍ പ്രഥമവും പ്രധാനവുമായി കണക്കാക്കിയിരുന്നത് അവന്‍റൈന്‍ കുന്നിലെ വിശുദ്ധ സബീനയുടെ മഹാദേവാലയമായിരുന്നു.   ഏറ്റവും പുരാതനമായ ബെനഡിക്ടൈന്‍ സന്ന്യാസ സമൂഹത്തിന്‍റെ റോമിലെ കേന്ദ്രം കൂടിയാണ് അവന്‍റൈന്‍ കുന്നിലെ ആശ്രമവും, സാന്‍ സബീനയുടെ ബസിലിക്കയും.  വിശ്വാസികളുടെ തപസ്സു തീര്‍ത്ഥാനടത്തിന്‍റെ ആദ്യസ്ഥാനമാണ് അവന്‍റൈന്‍ കുന്നെന്ന  പുരാതന പാരമ്പര്യത്തിന്‍റെ ചുവടുപിടിച്ചാണ് ഇന്നും സഭയിലെ  തപസ്സനുഷ്ഠാനത്തിന്‍റെ  പ്രാരംഭമായ വിഭൂതിത്തിരുനാളില്‍   പത്രോസിന്‍റെ പിന്‍ഗാമി അനുവര്‍ഷം അവന്‍റൈന്‍ കുന്നിലെ വിഭൂതിത്തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്കു  മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 February 2020, 16:20