കൂപ്പുകരങ്ങളോടെ  പ്രാർത്ഥനയിൽ... കൂപ്പുകരങ്ങളോടെ പ്രാർത്ഥനയിൽ... 

വിശുദ്ധിയിലേക്കുളള വിളി: നിരന്തര പ്രാർത്ഥനയിൽ

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ നാലാം അദ്ധ്യായത്തിലെ 147-150 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

നാലാമദ്ധ്യായം:  ഇന്നത്തെ ലോകത്തിലെ വിശുദ്ധിയുടെ അടയാളങ്ങൾ

വിശുദ്ധിയുടെ അടയാളങ്ങൾ എന്തൊക്കെയെന്ന് പാപ്പാ ഇവിടെ കാണിച്ചുതരുന്നു. സ്ഥിരോൽസാഹവും, ക്ഷമയും, ശാന്തതയും, സന്തോഷവും, രസികത്വവും തുടങ്ങി അപ്പോസ്തലീകമായ ധൈര്യവും, സമൂഹ ജീവിതവും, നിരന്തരമായ പ്രാർത്ഥനയും വിശുദ്ധിയുടെ പ്രകടഭാവങ്ങളായി മാർപാപ്പാ ചൂണ്ടിക്കാണിക്കുന്നു.

നാലാമത്തെ അദ്ധ്യായം ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും 5 മഹാ സാക്ഷ്യങ്ങൾ വരച്ചുകാണിക്കുന്നു. അഞ്ച് സമകാലിന രൂപങ്ങളാണനവ. എന്തെന്നാൽ വിശുദ്ധിക്ക് ഓരോ കാലഘട്ടത്തിലും വ്യത്യസ്ഥമായ രൂപങ്ങളുണ്ട്. അപ്പോസ്തോലിക പ്രബോധനം ഇക്കാത്തിലെ വിശുദ്ധിയുടെ രൂപങ്ങളാണ് തേടുന്നത് ഇന്നത്തെ സംസ്കാരത്തിന്‍റെ പരിമിതികളും, അപകടങ്ങളും വച്ച് പലപ്പോഴും അക്രമാസക്തമായ മനസ്സിനെ പതറിക്കുകയും ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്ന ആകുലതാബോധം, നിഷേധാത്മകതയും,  മുഖപ്രസാദമില്ലാത്ത അവസ്ഥയും, ഉപഭോക്തൃ സംസ്കാരം വളർത്തുന്ന സ്വയംപര്യാപ്തതയും ഇക്കാലത്തെ ആത്മീയ വിപണിയിൽ ഭരണം നടത്തുന്ന വ്യക്തിനിഷ്ഠതയും ദൈവവുമായി ഒരു ബന്ധവുമില്ലാത്ത വിലകുറഞ്ഞ ആത്മീയതയുടെ എല്ലാ രൂപങ്ങളും ഇവിടെ നിർദ്ദേശിക്കപ്പെടുന്ന  അ‍ഞ്ച് അടയാളങ്ങളായി കണകാക്കപ്പെടുന്നു.

വിശുദ്ധനായ ഒരു വ്യക്തി ആനന്ദത്തോടെ ജീവിക്കുന്നു. അദ്ദേഹത്തിന് ഒരു നർമ്മബോധവും ഉണ്ടാവും. വിശുദ്ധി എന്നാൽ കാപട്യമില്ലായ്മയാണ്. അപ്പോസ്തോലിക ധീരതയാണ്. തുനിയാനും പരീക്ഷിക്കുവാനും മുൻകൈ എടുക്കുവാനും നവ്യമായതിലേക്ക് നീങ്ങുവാനുമുള്ള ശേഷിയാണ്. അവസാനമായി വിശുദ്ധി എന്നത് കർത്താവിലേക്ക് നോക്കുവാൻ സ്വയം അനുവദിച്ചും അവിടത്തെ സ്നേഹത്തിന്‍റെ ഊഷ്മളതയാലും ആർദ്രതയാലും പരിപോഷിപ്പിക്കപ്പെടുന്നതിന് അനുവദിച്ചും നിശബ്ദതയിൽ നടത്തുന്ന പ്രാർത്ഥനയാണ്. വിശുദ്ധി എന്നത് കർത്താവിനാല്‍ അവിടുത്തെ അരൂപിയുടെ ശക്തിയാൽ രൂപാന്തരപ്പെടുത്തപ്പെടുന്നതിനുമുള്ള വിട്ടുകൊടുക്കലാണ്.

നിരന്തര പ്രാർത്ഥനയിൽ

147. അവസാനമായി വ്യക്തമാണെന്ന് തോന്നാമെങ്കിലും വിശുദ്ധി അടങ്ങിയിരിക്കുന്നത് പ്രാർത്ഥനയിലും ആരാധനയിലും പ്രകടമാകുന്ന സർവ്വാതിശായിയായവനോടുള്ള സ്ഥിരമായ തുറവിലാണെന്ന് നാം ഓർമ്മിക്കണം. വിശുദ്ധർ പ്രാർത്ഥനാരൂപിയാലും ദൈവ ഐക്യത്തിന്‍റെ ആവശ്യകതയാലും മറ്റുള്ളവരിൽനിന്നും വ്യത്യസ്ഥരായിരിക്കുന്നു. ഈ ലോകവുമായിട്ടുള്ള സർവ്വപ്രധാനമായ ഒരു മമത സങ്കുചിതവും നിസ്സാരവുമാണെന്ന് അവർ കണ്ടെത്തുന്നതിനാൽ തങ്ങളുടെ താൽപര്യങ്ങളുടെയും ചുമതലകളുടെയും മദ്ധ്യേ അവർ ദൈവത്തിനായി ദാഹിക്കുകയും സ്തുതിപ്പിലും കർത്താവിന്‍റെ ധ്യാനാനുഭവത്തിലും മുഴുകുകയും ചെയ്യുന്നു. പ്രാർത്ഥനയില്ലാത്ത വിശുദ്ധിയിൽ ഞാൻ വിശ്വസിക്കുന്നില്ല; പക്ഷേ, ആ പ്രാർത്ഥന സുദീർഘമോ, തീവ്ര വികാരങ്ങളടങ്ങുന്നതോ ആകണമെന്നില്ല.

ദൈവത്തോടുള്ള നിരന്തരമായ തുറവിലാണ് വിശുദ്ധി അടങ്ങിയിരിക്കുന്നതെന്ന് പാപ്പാ നമ്മെ പ്രബോധിപ്പിക്കുന്നു. ദൈവത്തോടുള്ള തുറവു നമുക്ക് സാധ്യമാകുന്നത് പ്രാർത്ഥനയിലും ദൈവത്തോടുള്ള ആരാധനയിലുമാണെന്ന് പാപ്പാ ചൂണ്ടികാണിക്കുന്നു. പ്രാർത്ഥയില്ലാത്ത വിശുദ്ധിയിൽ വിശ്വസിക്കുന്നില്ല എന്ന് പറയുന്ന പാപ്പാ, പ്രാർത്ഥന സുദീർഘമോ, തീവ്ര വികാരങ്ങളടങ്ങുന്നതോ ആകണമെന്നില്ല എന്ന് വ്യക്തമാക്കുയും ചെയ്യുന്നു. ദൈവത്തിനായി ദാഹിക്കുന്ന ആത്മാവിന് മൗനം പോലും പ്രാർത്ഥനയാണ്. ഹൃദയമില്ലാത്ത പ്രാർത്ഥന അധര വ്യായാമാണെന്ന് ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യ പറയുന്നു. സങ്കീർത്തകൻ പറയുന്നത് എളിയവന്‍റെ നിലവിളിയാണ് പ്രാർത്ഥന. ആ പ്രാർത്ഥനയെ ദൈവം നിരസിക്കുകയില്ല. നമ്മിലുള്ള ദൈവസാന്നിധ്യത്തെ തിരിച്ചറിയണമെങ്കിൽ നമ്മെ തന്നെ ശാന്തമാക്കി നിശബ്ദതയിൽ പ്രാർത്ഥിക്കണം. സുദീർഘമല്ലാത്ത ആത്മാർത്ഥമായ പ്രാർത്ഥനയ്ക്ക് ഉത്തമ ഉദാഹരണമാണ് ചുങ്കക്കാരെന്‍റെ പ്രാർത്ഥന. അത് തുറവുള്ള പ്രാര്‍ത്ഥനയായിരുന്നു. ആ പ്രാർത്ഥനയില്‍ ദൈവം മനുഷ്യന്‍റെ മനസ്സിനെ മനസ്സിലാക്കുകയും ദൈവത്തിന്‍റെ മുന്നിൽ താനാരെന്നെന്ന് ഏറ്റ് പറയാനുള്ള മനുഷ്യന്‍റെ തുറവിനെയും വെളിപ്പെടുത്തുന്നു.

148. കുരിശിന്‍റെ വിശുദ്ധ യോഹന്നാൻ നമ്മോടു പറയുന്നു “നിന്‍റെ ജോലികൾക്കനുസൃതമായി എപ്പോഴും ദൈവസാന്നിധ്യത്തിൽ അത് യഥാർത്ഥമോ, ഭാവനാത്മകമോ ഐക്യഭാവമുള്ളതോ ആകട്ടെ വ്യാപരിക്കുവിൻ.” അന്തിമമായി ദൈവത്തിനു വേണ്ടിയുള്ള നമ്മുടെ ആഗ്രഹം നമ്മുടെ അനുദിന ജീവിതത്തിലാണ് പ്രചരിപ്പിക്കപ്പെടുന്നത്. “പ്രാർത്ഥിക്കുന്നതിൽ സ്ഥിരതയുണ്ടായിരിക്കുക. ശാരീരിക അഭ്യാസനങ്ങൾക്കിടയിൽ അത് ഉപേക്ഷിക്കരുത്. ഭക്ഷിക്കുകയോ പാനം ചെയ്യുകയോ മറ്റുള്ളവരുമായി സംസാരിക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ആണെങ്കിലും എപ്പോഴും ദൈവത്തിലേക്ക് പോകുക. നിന്‍റെ ഹൃദയത്തെ അവിടുത്തോടു ചേർക്കുക.”

ജീവിതത്തിന്‍റെ തിരക്കുകളിലായിരിക്കുമ്പോഴും പ്രാർത്ഥന ഒരിക്കലും ഉപേക്ഷിക്കരുതെന്ന് കുരിശിന്‍റെ വിശുദ്ധ യോഹന്നാന്‍റെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ട് ദൈവത്തിനു വേണ്ടിയുള്ള നമ്മുടെ ആഗ്രഹം അനുദിന ജീവിതത്തിൽ പ്രകടിപ്പിക്ക​മെന്ന് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു. ഇന്ന് നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് പ്രാർത്ഥന. മറ്റുകാര്യങ്ങളെ പ്രതി പ്രാർത്ഥനയെ നാം മാറ്റി വയ്ക്കാറുണ്ട്. എന്നാൽ പ്രാർത്ഥനയെ പ്രതി മറ്റു കാര്യങ്ങളെ മാറ്റി വയ്ക്കാറില്ല. ദൈവത്തോടുള്ള സ്നേഹത്തിന്‍റെ ആഴമനുസരിച്ചായിരിക്കും നാം ദൈവത്തോടു സംഭാഷണം ചെയ്യാൻ സമയം കണ്ടെത്തുന്നത്. നമ്മുടെ ഓരോ പ്രവർത്തിയിലും, ചുവടുവയ്പ്പിലും ദൈവത്തെ സമീപിച്ചു കൊണ്ടാണ് നാം മുന്നേറുന്നതെങ്കിൽ ദൈവത്തിന്‍റെ നിസ്സീമമായ സ്നേഹം നമ്മെ വലയം ചെയ്യുന്നത് അനുഭവിക്കാൻ കഴിയും. നാം ചോദിക്കുന്നതിനു മുമ്പ് തന്നെ നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കാൻ കഴിയുന്ന ദൈവപിതാവിന്‍റെ സ്നേഹത്തെ പലപ്പോഴും നാം നിരസിക്കാറുണ്ട്. ഹൃദയത്തിൽ നിന്നുയരുന്ന പ്രാർത്ഥനയ്ക്ക് അച്ചടിക്കപ്പെട്ട പുസ്തകത്തിലുള്ള  പ്രാർത്ഥനയെ വായിക്കുന്നതിനേക്കാൾ ആഴമുണ്ട്. ഹൃദയത്തില്‍ നിന്നുള്ള പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം നൽകുന്നു. അതുകൊണ്ട് പ്രകാശമുള്ള ജീവിതത്തിന് പ്രാർത്ഥന ആവശ്യമാണ്. അതൊരിക്കലും ഒന്നിനെ പ്രതിയും നമ്മുടെ ജീവിതത്തിൽ നിന്നും നഷ്ടപ്പെടാതിരിക്കാൻ പരിശ്രമിക്കാം.

149. എന്നാല്‍, ഇത് സംഭവിക്കണമെങ്കിൽ ദൈവവുമായി ഒറ്റയ്ക്ക് ചെലവഴിക്കുന്ന ഏതാനും നിമിഷങ്ങളെങ്കിലും വേണം. ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയെ സംബന്ധിച്ചിടത്തോളം പ്രാർത്ഥന “നമ്മെ സ്നേഹിക്കുന്നു എന്ന് നമുക്ക് അറിയാവുന്ന ദൈവവുമായിട്ടുള്ള സ്നേഹ സംസർഗ്ഗമാണ്. കൂടെക്കൂടെയുള്ളതും ഒറ്റയ്ക്കുള്ളതുമായ സംഭാഷണമാണ്.” ഇത് ചില പ്രത്യേക വ്യക്തികൾക്ക് മാത്രമുള്ളതല്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. നമുക്ക് എല്ലാവർക്കും വേണ്ടിയുള്ളതാണത്. എന്തെന്നാൽ ആരാധിക്കപ്പെടുന്നവന്‍റെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്ന ഈ നിശബ്ദത നമുക്ക് എല്ലാവർക്കും ആവശ്യമാണ്. ദൈവത്തെ മുഖാമുഖം നേരിടാൻ തുറവുള്ള ഒരു ഹൃദയത്തിന്‍റെ പ്രത്യുത്തരമാണ് പ്രത്യാശ നിറഞ്ഞ പ്രാർത്ഥന. അതില്‍ എല്ലാം സമാധാന നിർഭരമാണ്. നിശബ്ദതയുടെ മദ്ധ്യേ കർത്താവിന്‍റെ ശാന്തമായ സ്വരം കേൾക്കപ്പെടാം.

പ്രാർത്ഥന നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായി തീരണമെങ്കിൽ  ഒറ്റയ്ക്കിരുന്ന് പ്രാര്‍ത്ഥനയിലായിരിക്കണമെന്ന് പാപ്പാ  ഓർമ്മിപ്പിക്കുന്നു. ദൈവവും മനുഷ്യനും  തമ്മിലുള്ള സ്നേഹ സംഭാഷണമാണെന്ന് ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യ പഠിപ്പിക്കുന്നു. “നമ്മെ സ്നേഹിക്കുന്നു എന്ന് നമുക്ക് അറിയാവുന്ന ദൈവവുമായിട്ടുള്ള സ്നേഹ സംസർഗ്ഗമാണ്. കൂടെക്കൂടെയുള്ളതും ഒറ്റയ്ക്കുള്ളതുമായ സംഭാഷണമാണ്.”  വിശുദ്ധര്‍ അനുഭവിച്ച അനുഭവം നാമെല്ലാവരും സ്വന്തമാക്കണം എന്ന ആഗ്രഹത്തോടെ നമ്മോടു പറഞ്ഞുതരുന്നു നാം നമ്മുടെ പ്രിയപ്പെട്ടവരോടു തനിച്ചിരിന്ന് നമ്മുടെ സ്വകാര്യങ്ങളെ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത് പോലെ ദൈവവുമായി തനിച്ചിരിക്കാൻ സമയം കണ്ടെത്തണം. നിശബ്ദതയില്‍ ദൈവത്തിന്‍റെ പ്രശാന്തമായ ശബ്ദം കേൾക്കാൻ സാധിക്കും. ഇത് അർത്ഥമാക്കുന്നത് ദൈവത്തോടു കൂടുതൽ ആഴത്തില്‍ ചേർന്ന് നിൽക്കാനുള്ള മനസ്സിന്‍റെയും ആത്മാവിന്‍റെയും ഹൃദയത്തിന്‍റെയും അഭിവാഞ്ചയാണ്.

നിശബ്ദതയില്‍ നമുക്ക് ദൈവത്തിന്‍റെ ഹൃദയത്തെ മനസ്സിലാക്കാൻ കഴിയും. അതുകൊണ്ടാണ് ലോക ബഹളങ്ങളിൽ നിന്ന് മരുഭൂമിയിലേക്കോടിയ അനേകം വ്യക്തികളുള്ളത്. മരുഭൂമിയിലെ പിതാക്കന്മാര്‍ എന്ന് അവര്‍ വിളിക്കപ്പെടുന്നു. സന്യാസിമാരുടെ പിതാവ് എന്ന് വിളിക്കപ്പെടുന്ന ആബ്ബട്ട് ആന്‍റണി, മക്കേവൂസ് എന്നിങ്ങനെ നിരവധി പേർ ലോകത്തിൽ നിന്നും മരുഭൂമിയിലേക്ക് ഓടിപ്പോയി ആത്മാവില്‍ ദൈവത്തെ ആരാധിക്കാന്‍ തീവ്രമായി പരിശ്രമിച്ചു. ലോകത്തിന്‍റെ ബഹളങ്ങളിൽ നിന്നും രക്ഷപ്പെടുത്തി ദൈവം നമ്മെ കാത്തിരിക്കുന്ന സമയമാണ് വ്യക്തിപരമായ പ്രാർത്ഥനയുടെ സമയം. ദൈവത്തിനു നമ്മോടു പലതും പറയുവാനുള്ള, നമുക്ക് ദൈവത്തെ കേൾക്കുവാനുള്ള സമയമാണത്. അതുപോലെ ദൈവത്തോടുള്ള ബന്ധത്തിന്‍റെ അവസ്ഥയെ വിവേചിച്ചറിയാനും പ്രശാന്തമായ വ്യക്തിപരമായ പ്രാർത്ഥന നമുക്ക് ആവശ്യമാണ്. വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് ഏറ്റവും ആവശ്യം പ്രശാന്തമായ ഒരു അവസ്ഥയാണ്. കാറ്റടിച്ചു, മഴ പെയ്തു, എങ്കിലും പാറമേൽ പണിത ഭവനം ഇളകാതെ നിന്നത് പോലെ ഏതു പ്രതികൂല സാഹചര്യത്തിലും  ഇളകാത്ത മനസ്സ് സ്വന്തമാക്കാന്‍ പ്രാർത്ഥന ആവശ്യമാണ് പരിശുദ്ധ മറിയവും വിശുദ്ധ യൗസേപ്പിതാവും, വിശുദ്ധ ഫ്രാൻസിസ് അസ്സീസിയും, വിശുദ്ധ അഗസ്റ്റിനും പ്രാർത്ഥനയിലൂടെ പ്രശാന്തത കണ്ടെത്തിയവരാണ്.

150. ആ നിശബ്ദതയിൽ, കർത്താവ് നമ്മെ വിളിക്കുന്ന വിശുദ്ധിയുടെ വഴികൾ ആ വെളിച്ചത്തിൽ നമുക്ക് വിവേചിച്ചറിയാം. അങ്ങനെയല്ലെങ്കിൽ നാം എടുത്തിരിക്കുന്ന തീരുമാനങ്ങൾ വെറും പ്രദർശനങ്ങളായി പോയേക്കാം. നമ്മുടെ ജീവിതത്തിൽ സുവിശേഷത്തെ മഹത്വപ്പെടുത്തുന്നതിനു പകരം നാം അതിനെ മൂടുപടം അണിയിക്കുകയോ വെള്ളത്തിൽ താഴ്ത്തികളയുകയോ ചെയ്യുകയായിരിക്കും, എന്തെന്നാൽ ദിവ്യനാഥനോടുകൂടി സമയം ചെലവഴിക്കുക, അവിടുത്തെ വാക്കുകൾ ശ്രവിക്കുക, അവിടുന്നില്‍ നിന്നും എപ്പോഴും പഠിക്കുക എന്നത് എല്ലാം ശിഷ്യർക്കും ഏറ്റവും ആവശ്യമാണ്. നമ്മൾ ശ്രവിക്കുന്നില്ലെങ്കിൽ നമ്മുടെ വാക്കുകളെല്ലാം ഉപയോഗശൂന്യമായ ജല്പനങ്ങൾ മാത്രമല്ലാതെ മറ്റൊന്നുമല്ല.

ശിഷ്യന്മാരെ തനിച്ചാക്കി ക്രിസ്തു എപ്പോഴും മലമുകളിൽ ഒറ്റയ്ക്കിരുന്ന് പ്രാർത്ഥിച്ചിരുന്നു. കല്‍ക്കട്ടയിലെ വിശുദ്ധ മദർ തെരേസ എല്ലാ ദിവസവും തന്‍റെ പ്രവർത്തികൾ ആരംഭിക്കുന്നതിന് മുമ്പ് ദിവ്യകാരുണ്യത്തിന്‍റെ മുന്നില്‍ ചെന്ന് പ്രാർത്ഥിച്ചു. വിശുദ്ധ പത്രോസ് ഏകമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോഴാണ് ദൈവീക ദർശനം ലഭിച്ചത്. എപ്പോഴും തന്‍റെ മുറിയുടെ ഒരു മൂലയിൽ ചെന്നിരുന്ന് അവിടുത്തെ സ്നേഹത്തെ കുറിച്ച് ധ്യാനിച്ചുകൊണ്ടിരുന്നതായി വിശുദ്ധ കൊച്ചു ത്രേസ്യ തന്‍റെ ആത്മകഥയിൽ പറയുന്നു. പ്രകാശമായ വാക്ക് രൂപപ്പെടുന്നത് അഗാധമായ ധ്യാനത്തില്‍ നിന്നാണ്. ധ്യാനത്തിലൂടെ ദൈവത്തെ പ്രാപിക്കുവാൻ നമുക്ക് കഴിയും. ധ്യാനത്തിന് ആവശ്യം പ്രശാന്തതയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 January 2020, 11:45