ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍, പ്രത്യക്ഷീകരണത്തിരുന്നാള്‍ ദിവ്യബലി വേളയില്‍ ഉണ്ണിയേശുവിന്‍റെ തിരുസ്വരൂപം ചുംബിച്ചു വണങ്ങുന്നു. 06/01/2020 ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍, പ്രത്യക്ഷീകരണത്തിരുന്നാള്‍ ദിവ്യബലി വേളയില്‍ ഉണ്ണിയേശുവിന്‍റെ തിരുസ്വരൂപം ചുംബിച്ചു വണങ്ങുന്നു. 06/01/2020 

ആരാധനയും ക്രിസ്തീയ ജീവിതത്തിന്‍റെ പൊരുളും!

ആരാധന വിശ്വാസത്തിന്‍റെ അവശ്യഘടകം. ധനം, ഉപഭോഗം, സുഖം, നേട്ടം. ആത്മപ്രശംസ തുടങ്ങിയ ,ആരാധനാപാത്രങ്ങളാക്കാന്‍ പാടില്ലാത്ത ദൈവങ്ങളെ തള്ളിക്കളയാന്‍ യഥാര്‍ത്ഥ ദൈവാരാധന വഴി നാം പഠിക്കും. ഫ്രാന്‍സീസ് പാപ്പായുടെ സുവിശേഷ സന്ദേശം പ്രത്യക്ഷീകരണത്തിരുന്നാള്‍ ദിനത്തില്‍.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആരാധനയുടെ പൊരുള്‍ നമുക്ക് കൈമോശം വന്നാല്‍ ദൈവോന്മുഖ പ്രയാണമായ ക്രിസ്തീയ ജീവിതയാത്രയുടെ അര്‍ത്ഥവും നമുക്കു നഷ്ടമാകുമെന്ന് മാര്‍പ്പാപ്പാ.

പ്രത്യക്ഷീകരണത്തിരുന്നാള്‍, അഥവാ, ദനഹാത്തിരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച്, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ തിങ്കളാഴ്ച (06/01/20) രാവിലെ, പ്രാദേശിക സമയം 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30-ന് ആരംഭിച്ച സാഘോഷമായ സമൂഹദിവ്യബിലിയില്‍ മുഖ്യകാര്‍മ്മികനായിരുന്ന ഫ്രാന്‍സീസ് പാപ്പാ, തദ്ദവസരത്തില്‍ പങ്കുവച്ച സുവിശേഷ ചിന്തകളിലാണ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

കിഴക്കു നിന്ന് ജ്ഞാനികള്‍ ബത്ലഹേമിലെ കാലിത്തൊഴുത്തിലെത്തി ഉണ്ണിയേശുവിനെ ആരാധിക്കുകയും അവിടത്തേക്ക് പൊന്നും മീറയും കുന്തുരുക്കവും കാഴ്ചയര്‍പ്പിക്കുകയും ചെയ്ത സംഭവം തിരുസഭ ഈ തിരുന്നാളില്‍ അനുസ്മരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ പൗരസ്ത്യദേശത്തുനിന്നുള്ള ജ്ഞാനികള്‍ അവരുടെ ആഗമനോദ്ദേശ്യം എന്താണെന്നു ഹേറൊദേസ് രാജാവിനെ ധരിപ്പിക്കുന്നതിനെക്കുറിച്ചു പരാമര്‍ശിച്ചു.  

“ഞങ്ങള്‍ കിഴക്ക് അവന്‍റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കയാണ” (മത്തായി 2,2) എന്ന ജ്ഞാനികളുടെ വാക്കുകള്‍ അനുസ്മരിച്ച പാപ്പാ ആരാധിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം എന്ന് വിശദീകരിച്ചു.

ദൈവത്തെ ആരാധിക്കാത്ത മനുഷ്യന്‍ അവനവനെത്തന്നെ ആരാധിക്കുന്നവനായി പരിണമിക്കും, ആത്മാരാധകനായി മാറും എന്നാണ് ഹേറോദേസ് രാജാവിന്‍റെ  മനോഭാവം നല്കുന്ന പാഠം എന്ന് വ്യക്തമാക്കിയ പാപ്പാ ഇത് അപകടകരമാണെന്നും ദൈവത്തെ സേവിക്കുന്നതിനു പകരം ഇവിടെ നാം ദൈവത്തെ സേവകനാക്കുന്ന അപകടമാണുള്ളതെന്നും പറഞ്ഞു.

ഹേറോദേസിനെപ്പോലെ തന്നെ ആരാധിക്കാന്‍ കഴിയാത്തവരായ മറ്റുചില വ്യക്തികളും അതായത്, പുരോഹിത പ്രമുഖര്‍, നിയമജ്ഞര്‍ തുടങ്ങിയവരും സുവിശേഷത്തില്‍ പ്രത്യക്ഷപ്പെടുന്നതും പാപ്പാ അനുസ്മരിച്ചു.

ആരാധന എന്നത് വിശ്വാസത്തിന്‍റെ അവശ്യഘടകമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

നമ്മുടെ ആവശ്യങ്ങളുടെ ഒരു പട്ടിക നിരത്താതെ യേശവുമായി കണ്ടുമുട്ടുകയാണ് ആരാധനയെന്നും അവിടത്തോടൊപ്പം ആയിരിക്കാന്‍ സാധിക്കണം എന്നതായിരിക്കണം ഏക ആവശ്യമെന്നും ഓര്‍മ്മിപ്പിച്ച പാപ്പാ, സ്തുതിയും നന്ദിയും അര്‍പ്പിക്കുമ്പോള്‍ സന്തോഷസമാധാനങ്ങള്‍ വര്‍ദ്ധമാനമാകുന്നതായി നമുക്കു മനസ്സിലാകുമെന്ന് പ്രസ്താവിച്ചു.

ധനം, ഉപഭോഗം, സുഖം, നേട്ടം. ആത്മപ്രശംസ തുടങ്ങിയ ആരാധനാപാത്രങ്ങളാക്കാന്‍ പാടില്ലാത്ത ദൈവങ്ങളെ തള്ളിക്കളയാന്‍ യഥാര്‍ത്ഥ ദൈവാരാധന വഴി നാം പഠിക്കുമെന്ന് പാപ്പാ പറഞ്ഞു.

ആരാധിക്കുകയെന്നാല്‍, ഭൗതിവസ്തുക്കള്‍ ഉണ്ടായിരിക്കുന്നതിലല്ല മറിച്ച് സ്നേഹിക്കുന്നതിലാണ് ജീവന്‍റെ മഹത്വം എന്നു കണ്ടെത്തുന്നതിന് അത്യുന്നതന്‍റെ  അരികില്‍ എളിയവനായിത്തീരുകയാണ് ആരാധനയെന്നും ജീവിതത്തെ പരിവര്‍ത്തനംചെയ്യുന്ന ഒരു സ്നേഹത്തിന്‍റെ പ്രവര്‍ത്തിയാണ് ആരാധിക്കുകയെന്നതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 January 2020, 13:05