നവജാത ശിശുവിനെ താലോലിക്കുന്ന ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍, ബുധനാഴ്ചത്തെ (29/01/2020) പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ നവജാത ശിശുവിനെ താലോലിക്കുന്ന ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍, ബുധനാഴ്ചത്തെ (29/01/2020) പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍  

അഷ്ടസൗഭാഗ്യങ്ങള്‍: ക്രൈസ്തവന്‍റെ "തിരിച്ചറിയല്‍ ചീട്ട് "

തന്നെത്തന്നെ നമുക്കേകുന്നതിന് ദൈവം തിരഞ്ഞെടുക്കുന്ന വഴികള്‍ പലപ്പോഴും അചിന്തനീയങ്ങളാണ്. അവ നമ്മുടെ പരിമിതികളും നമ്മുടെ കണ്ണീരും നമ്മുടെ പരാജയങ്ങളുമാകാം- ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ പതിവുപോലെ ബുധനാഴ്ച (29/01/20). വത്തിക്കാനില്‍ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചാ പരിപാടിയില്‍ വിവിധ രാജ്യക്കാരായ തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പടെ ഏഴായിരത്തിലേറെപ്പേര്‍ പങ്കുകൊണ്ടു. കൂടിക്കാഴ്ചാ വേദി, ഇക്കഴിഞ്ഞ ആഴ്ചകളിലെന്നപോലെ തന്നെ, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയായിരുന്നു. പാപ്പാ നടന്ന് ശാലയില്‍ പ്രവേശിച്ചപ്പോള്‍  ജനസഞ്ചയത്തിന്‍റെ  ആനന്ദാരവങ്ങള്‍ ഉയര്‍ന്നു.  ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പാപ്പാ ജനങ്ങള്‍ക്കിടയിലൂടെ സാവധാനം നീങ്ങി. പതിവുപോലെ കുഞ്ഞുങ്ങളോടുള്ള തന്‍റെ വാത്സല്യം പ്രകടിപ്പിച്ചുകൊണ്ട് പാപ്പാ അവരെ തലോടി ചുംബിച്ച് ആശീര്‍വ്വദിക്കുന്നുണ്ടായിരുന്നു. നടന്ന് വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ ഏതാണ്ട് 09.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

അഷ്ടസൗഭാഗ്യങ്ങള്‍

“(1) ജനക്കൂട്ടത്തെ കണ്ടപ്പോള്‍ യേശു മലയിലേക്കു കയറി. അവന്‍ ഇരുന്നപ്പോള്‍ ശിഷ്യന്മാര്‍ അടുത്തെത്തി.(2) അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി:(3) ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍;സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്.(4)വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ആശ്വസിപ്പിക്കപ്പെടും.(5) ശാന്തശീലര്‍ ഭാഗ്യവാന്മാര്‍; അവര്‍ ഭൂമി അവകാശമാക്കും.(6) നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കു സംതൃപ്തി ലഭിക്കും.(7) കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കു കരുണ ലഭിക്കും.(8) ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും.(9) സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും.(10) നീതിക്കുവേണ്ടി പീഡനം ഏല്ക്കുന്നവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്.(11) എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍;(12) നിങ്ങള്‍ ആനന്ദിച്ചാഹ്ലാദിക്കുവിന്‍; സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രാചകന്മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്.” (മത്തായി 5,1-12)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, സുവിശേഷസൗഭാഗ്യങ്ങളെ അധികരിച്ച് പുതിയൊരു പ്രബോധന പരമ്പരയ്ക്ക് തുടക്കം കുറിച്ചു.

പാപ്പാ നടത്തിയ, ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന  മുഖ്യ പ്രഭാഷണത്തിന്‍റെ സംഗ്രഹം:

പ്രഭാഷണസംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം‌,‍

മനുഷ്യജീവിതത്തെ തൊടുന്ന സുവിശേഷ സൗഭാഗ്യങ്ങള്‍

ഗിരിപ്രഭാഷണത്തിനു തുടക്കം കുറിക്കുന്നതും വിശ്വാസികളുടെയും നിരവധി അവിശ്വാസികളുടെയും ജീവിതത്തില്‍ വെളിച്ചം പകര്‍ന്നുതുമായ സുവിശേഷസൗഭാഗ്യങ്ങളെ (മത്തായി 5,1-12) അധികരിച്ചുള്ള പ്രബോധനപരമ്പര ഇന്നു നാം ആരംഭിക്കയാണ്. യേശുവിന്‍റെ ഈ വാക്കുകള്‍ നമ്മെ സ്പര്‍ശിക്കാതിരിക്കുക സാധ്യമല്ല. ആകയാല്‍ അതു പൂര്‍ണ്ണമായി മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യാനുള്ള അഭിവാഞ്ഛ ന്യായമാണ്. സുവിശേഷ സൗഭാഗ്യങ്ങള്‍ കൈസ്തവന്‍റെ  “തിരിച്ചറിയല്‍ ചീട്ട്” ആണ്, നമ്മുടെ “തിരിച്ചറിയല്‍ ചീട്ട്” ആണ്.  കാരണം അവ യേശുവിന്‍റെ വദനത്തെയും അവിടത്തെ ജീവിതശൈലിയെയും വരച്ചു കാട്ടുന്നു.

ഗിരിപ്രഭാഷണ ശൈലി-മാനവരാശിക്കുള്ള സന്ദേശം

ഈ സന്ദേശ പ്രഘോഷണം നടക്കുന്ന രീതി എങ്ങനെയെന്നത് സര്‍വ്വോപരി പ്രാധാന്യമര്‍ഹിക്കുന്നു. തന്നെ അനുഗമിക്കുന്ന ജനസഞ്ചയത്തെക്കണ്ട യേശു, ഗലീലി തടാകത്തെ ചുറ്റിക്കിടക്കുന്നു കുന്നിലേക്കു കയറുകയും അവിടെ ഇരുന്ന് ശിഷ്യരോടു സുവിശേഷസൗഭാഗ്യങ്ങള്‍ പ്രഘോഷിക്കുകയും ചെയ്യുന്നു. ആകയാല്‍ അത് ശിഷ്യര്‍ക്കുള്ള സന്ദേശമാണ്. എന്നാല്‍ വിശാല മണ്ഡലത്തില്‍ ജനക്കൂട്ടം, അതായത്, നരകുലം മുഴുവന്‍ ഉണ്ട്. സുവിശേഷസൗഭാഗ്യങ്ങള്‍ അഖിലനരകുലത്തിനുള്ള സന്ദേശമാണ്.‌

മലമുകള്‍

 മല, മോശയ്ക്ക് പത്തുകല്പനകള്‍ ലഭിച്ച സീനായ് മലയെ ഓര്‍മ്മിപ്പിക്കുന്നു. യേശു പുതിയ നിയമം പഠിപ്പിക്കാന്‍ ആരംഭിക്കുകയാണ്, അതായത് ദരിദ്രരായിരിക്കുക, സൗമ്യശീലരാകുക, കാരുണ്യമുള്ളവരാകുക.... ഈ പുതിയ കല്പനകള്‍ നിയമങ്ങളെ ഉല്ലംഘിച്ചു നില്ക്കുന്നതാണ്. വാസ്തവത്തില്‍, യേശു ഒന്നും അടിച്ചേല്‍പ്പിക്കുന്നില്ല, മറിച്ച് സന്തോഷത്തിന്‍റെ പാത, അവിടത്തെ മാര്‍ഗ്ഗം, അനാവരണം ചെയ്യുകയാണ്. ഭാഗ്യവാന്മാര്‍ എന്ന പദം യേശു 8 പ്രവാശ്യം ആവര്‍ത്തിക്കുന്നു.

സുവിശേഷ സൗഭാഗ്യങ്ങളുടെ ഘടന

ഓരോ സുവിശേഷ സൗഭാഗ്യത്തിനും മൂന്നു ഭാഗങ്ങളുണ്ട്. ആദ്യത്തേത് ഭാഗ്യവാന്മാര്‍ എന്ന വാക്കാണ്. തുടര്‍ന്നു വരുന്നത് അവര്‍ ആയിരിക്കുന്ന അവസ്ഥയാണ്, അതായത്, ദാരിദ്ര്യം, വിലാപം, നീതിക്കായുള്ള വിശപ്പും ദാഹവും, എന്നിങ്ങനെ. അവസാനമായി സൗഭാഗ്യകാരണം. “എന്തെന്നാല്‍” എന്ന അവ്യയം അതിനു മുമ്പു വരുന്നുണ്ട്.

ദൈവദത്തമായ പുതിയ അവസ്ഥ

എന്നാല്‍ ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയല്ല സൗഭാഗ്യകാരണം. മറിച്ച്, ദൈവത്തില്‍ നിന്നു ലഭിക്കുന്ന നൂതനമായ അവസ്ഥയാണ് അത്. യേശു പറയുന്നു, എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്, എന്തെന്നാല്‍ അവര്‍ ആശ്വസിപ്പിക്കപ്പെടും, അവര്‍ ഭൂമി കൈവശമാക്കും.

ആനന്ദകാരണമായ മൂന്നാമത്തെ ഘടകത്തില്‍ യേശു പലപ്പോഴും ഭാവി കര്‍മ്മണിപ്രയോഗം ഉപയോഗിക്കുന്നു. അവര്‍ ആശ്വസിപ്പിക്കപ്പെടും, അവര്‍ സംതൃപ്തരാക്കപ്പെടും, അവര്‍ ദൈവപുത്രരെന്നു വിളിക്കപ്പെടും.

"അനുഗ്രഹീതര്‍" ആരാണ്?

“അനുഗ്രഹീതര്‍” അല്ലെങ്കില്‍, “ഭാഗ്യവാന്മാര്‍” എന്ന പദം സൂചിപ്പിക്കുന്നതെന്താണ്? എന്തുകൊണ്ടാണ് എട്ടു സുവിശേഷസൗഭാഗ്യങ്ങളും ഭാഗ്യവാന്മാര്‍ എന്ന വാക്കില്‍ ആരംഭിക്കുന്നത്? ഇതിന്‍റെ മൂല പദം ദ്യോതിപ്പിക്കുന്നത് വരപ്രസാദാവസ്ഥയില്‍ ദൈവകൃപയില്‍ മുന്നേറുന്ന ഒരു വ്യക്തിയെയാണ്, ദൈവത്തിന്‍റെ മാര്‍ഗ്ഗത്തില്‍ മുന്നോട്ടു പോകുന്ന വ്യക്തിയെയാണ്. ക്ഷമയുടെയും ദാരിദ്ര്യത്തിന്‍റെയും പരസേവനത്തിന്‍റെയും സാന്ത്വനത്തിന്‍റെയുമൊക്കെ വഴികളില്‍ മുന്നേറുന്ന വ്യക്തിയെ ആണ്. അവര്‍ സന്തോഷവാന്മാരാകും, അവര്‍ അനുഗ്രഹീതരാകും. 

ദൈവത്തിന്‍റെ സരണി

തന്നെത്തന്നെ നമുക്കേകുന്നതിന് ദൈവം തിരഞ്ഞെടുക്കുന്ന വഴികള്‍ പലപ്പോഴും അചിന്തനീയങ്ങളാണ്. അവ നമ്മുടെ പരിമിതികളും നമ്മുടെ കണ്ണീരും നമ്മുടെ പരാജയങ്ങളുമാകാം. അത് പെസാഹാ സന്തോഷം ആണ്. സുവിശേഷസൗഭാഗ്യങ്ങള്‍ നിന്നെ എന്നും ആനന്ദത്തിലേക്കു നയിക്കുന്നു. അവ സന്തോഷത്തിലേക്കുള്ള സരണികളാണ്. സന്തോഷത്തിന്‍റെ മനോഹരവും സുരക്ഷിതവുമായ വഴി, കര്‍ത്താവു നിര്‍ദ്ദേശിക്കുന്ന വഴി, മനസ്സിലാക്കുന്നതിന് മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായം 1-11 വരെയുള്ള വാക്യങ്ങള്‍ ഇന്നും ആഴ്ചയില്‍ പലതവണയും വായിക്കുന്നത് നല്ലതാണ്. നന്ദി.

സമാപനം

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പൊതുകൂടിക്കാഴ്ചയുടെ അവസാനഭാഗത്ത് പാപ്പാ യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്തു. വെള്ളിയാഴ്ച (31/01/20) വിശുദ്ധ ഡോണ്‍ ബോസ്ക്കൊയുടെ തിരുന്നാള്‍ തിരുസഭ ആചരിക്കുന്നത് പാപ്പാ അനുസ്മരിച്ചു. യുവജനങ്ങളുടെ പിതാവും ഗുരുവുമായ അദ്ദേഹത്തിന്‍റെ ജീവിത വിശുദ്ധിയുടെ മാതൃക, ഓരോരുത്തരെയും സംബന്ധിച്ച ദൈവിക പദ്ധതി തള്ളിക്കളയാതെ തന്നെ സ്വന്തം ഭാവി പദ്ധതികളുടെ സാക്ഷാത്ക്കാരത്തിന്, പ്രത്യേകിച്ച്, യുവതീയുവാക്കളെ പ്രാപ്തരാക്കട്ടെയെന്ന് ആശംസിച്ചു.

തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന്,  എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 January 2020, 12:35