ഫ്രാന്‍സീസ് പാപ്പാ “സൈമണ്‍ വ്വിയെസന്താള്‍ സെന്‍ററിന്‍റെ" (Simon Wiesenthal Centre) അമ്പതിലേറെ പ്രതിനിധികളടങ്ങിയ ഒരു സംഘത്തെ തിങ്കളാഴ്ച (20/01/20) വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ ഫ്രാന്‍സീസ് പാപ്പാ “സൈമണ്‍ വ്വിയെസന്താള്‍ സെന്‍ററിന്‍റെ" (Simon Wiesenthal Centre) അമ്പതിലേറെ പ്രതിനിധികളടങ്ങിയ ഒരു സംഘത്തെ തിങ്കളാഴ്ച (20/01/20) വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ 

യുഹൂദവിരുദ്ധതയ്ക്കെതിരെ പാപ്പായുടെ സ്വരം വീണ്ടും

മാനവാന്തസ്സിനെ ആദരിക്കുന്ന ഉപരിമെച്ചപ്പെട്ട ഒരിടമായി ലോകത്തെ മാറ്റാന്‍ ദശകങ്ങളായി പരിശുദ്ധസിംഹാനത്തോടു സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് “സൈമണ്‍ വ്വിയെസന്താള്‍ കേന്ദ്രം” എന്ന് ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സഹിഷ്ണുത, പരസ്പരധാരണ, മതസ്വാതന്ത്ര്യം സാമൂഹ്യസമാധാന പരിപോഷണം എന്നിവയെക്കുറിച്ച് അവബോധം ജനിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മാര്‍പ്പാപ്പാ.

യഹൂദവിരുദ്ധത, വര്‍ഗ്ഗീയത, ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പ് എന്നിവയുടെ സകലരൂപങ്ങള്‍ക്കുമെതിരെ, അമേരിക്കന്‍ ഐക്യനാടുകളിലെ ലോസ് ആഞ്ചെലെസ് ആസ്ഥാനമാക്കി, ആഗോളതലത്തില്‍ പോരാടുന്ന “സൈമണ്‍ വ്വിയെസന്താള്‍ സെന്‍ററിന്‍റെ" (Simon Wiesenthal Centre) അമ്പതിലേറെ പ്രതിനിധികളടങ്ങിയ ഒരു സംഘത്തെ തിങ്കളാഴ്ച (20/01/20) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

മാനവാന്തസ്സിനെ ആദരിക്കുന്ന ഉപരിമെച്ചപ്പെട്ട ഒരിടമായി ലോകത്തെ മാറ്റാന്‍ ദശകങ്ങളായി പരിശുദ്ധസിംഹാനത്തോടു സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് “സൈമണ്‍ വ്വിയെസന്താള്‍ കേന്ദ്രം” എന്ന് അനുസ്മരിച്ച പാപ്പാ ഈ ഔന്നത്യം, വ്യക്തിയുടെ മത, വര്‍ഗ്ഗ, സാമൂഹ്യസ്ഥാനമാന ഭേദമന്യേ, എല്ലാവര്‍ക്കും  തുല്യ അളവിലാണെന്ന് ഉദ്ബോധിപ്പിച്ചു.

പോളണ്ടിലെ ഓഷ്വിറ്റ്സ് നാസി തടങ്കല്‍ പാളയത്തിലുണ്ടായിരുന്നവരെ സോവ്യറ്റ് സൈന്യം 1945 ജനുവരി 27-ന് മോചിപ്പിച്ചതിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികം അടുത്തുവരുന്നതും അനുസ്മരിച്ച പാപ്പാ, ഇന്നത്തെ സമൂഹത്തിന്‍റെ  ഉപഭോഗമനസ്ഥിതി വാക്കുകളിലും പ്രകടമാണെന്നും, എന്താണ് പറയുന്നതെന്ന ബോധ്യമില്ലാതെ പൊള്ളയായ വചസ്സുകളും വാദപ്രതിവാദങ്ങളും, ആരോപണങ്ങളും, ഭര്‍ത്സനങ്ങളും വഴി  ഏറെ സമയം പാഴാക്കി കളയുന്നുണെന്നും പറഞ്ഞു.

സ്മരണ സജീവമാക്കി നിറുത്തുന്നതിന് ഇവിടെ വേണ്ടത് മൗനം ആണെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിച്ചു.

നാം സ്മരണ നഷ്ടപ്പെടുത്തിയാല്‍ അത് നമ്മുടെ ഭാവിയെത്തന്നെ നശിപ്പിക്കലാണെന്ന് പാപ്പാ മുന്നറിയിപ്പു നല്കി.

നാം നിസ്സംഗതയില്ലാത്തവരായിരിക്കണമെങ്കില്‍ യഹൂദകൂട്ടക്കുരുതിയെന്ന  മനുഷ്യന്‍റെ  പൈശാചികപ്രവൃത്തിയെക്കുറിച്ച് നിശബ്ദതയില്‍ ഓര്‍മ്മിക്കേണ്ടത് ആവശ്യമാണെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

യഹൂദവിരുദ്ധതയെ പാപ്പാ ഒരിക്കല്‍കൂടി ശക്തമായി അപലപിക്കുകയും ചെയ്തു.

ഇന്ന് ലോകത്തിന്‍റെ പലഭാഗങ്ങളിലും സ്വാര്‍ത്ഥത, നിസ്സംഗത, അവഗണന, തുടങ്ങിയവ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്നത് മനസ്സിനെ അസ്വസ്ഥമാക്കുന്ന ഘടകങ്ങളാണെന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടി.

ആകയാല്‍ അസഹിഷ്ണുത, വിവേചനം തുടങ്ങിയവയ്ക്ക് ഇരകളാകുന്നവരെ സഹായിക്കുന്നതിന് സാമ്പത്തികവും ഇതര ഉപാധികളും ഇല്ലാവത്തവര്‍ക്ക്  താങ്ങാകുകയും ദൂരത്തായിരിക്കുന്നവര്‍ക്കു നേരെ കൈനീട്ടുകയും പാര്‍ശ്വവത്കൃതരെ സമൂഹത്തില്‍ ഉള്‍ച്ചേര്‍ക്കുകയും ചെയ്യുക അടിയന്തരാവശ്യമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 January 2020, 13:41