ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍, സിസ്റ്റയിന്‍ കപ്പേളയില്‍ നവജാത ശിശുവിന് മാമ്മോദീസാ നല്കുന്നു, കര്‍ത്താവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാള്‍ ദിനത്തില്‍ 12/01/2020, ഞായര്‍ ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍, സിസ്റ്റയിന്‍ കപ്പേളയില്‍ നവജാത ശിശുവിന് മാമ്മോദീസാ നല്കുന്നു, കര്‍ത്താവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാള്‍ ദിനത്തില്‍ 12/01/2020, ഞായര്‍ 

ശിശുക്കാളായിരിക്കെത്തന്നെ അവര്‍ക്ക് മാമ്മോദീസാ നല്കണം!

മാമ്മോദീസാ നീതിയുടെ പ്രവര്‍ത്തിയാണ്. ജ്ഞാനസ്നാനം വഴി കുഞ്ഞുങ്ങള്‍ക്ക് അച്ചാരമായി പരിശുദ്ധാത്മാവിനെ നാം നല്കുന്നു ഈ അരൂപി ആ കുഞ്ഞിന് ജീവിതകാലം മുഴുവന്‍ സംരക്ഷണവും സഹായവുമായിരിക്കും, ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കുഞ്ഞുങ്ങള്‍ക്ക് മാമ്മോദിസാ നല്കുകയെന്നത് നീതിയുടെ പ്രവൃത്തിയാണെന്ന് മാര്‍പ്പാപ്പാ.

യേശുവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാള്‍ ആചരിക്കപ്പെട്ട ഞായറാഴ്ച (12/01/20) വത്തിക്കാനില്‍, സിസ്റ്റയില്‍ കപ്പേളയില്‍ വച്ച് 32 നവജാതശിശുക്കള്‍ക്ക്, 17 ആണ്‍കുഞ്ഞുങ്ങള്‍ക്കും 15 പെണ്‍കുഞ്ഞുങ്ങള്‍ക്കും, താന്‍ ജ്ഞാനസ്നാനം നല്കിയ തിരുക്കര്‍മ്മവേളയില്‍ പങ്കുവച്ച ഹ്രസ്വ സുവിശേഷചിന്തകളിലാണ് ഫ്രാന്‍സീസ് പാപ്പാ, യേശു ജോര്‍ദ്ദാനില്‍വച്ച് മാമ്മോദീസാ സ്വീകരിക്കാന്‍ എത്തിയപ്പോള്‍ സ്നാപകയോഹന്നാ‍ന്‍ ഉന്നയിച്ച ചോദ്യത്തിന് നല്കിയ ഉത്തരം, മത്തായിയുടെ സുവിശേഷം മൂന്നാം അദ്ധ്യായം പതിനഞ്ചാം വാക്യം ആധാരമാക്കി, ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

മാമ്മോദീസാ നീതിയുടെ പ്രവര്‍ത്തിയാണെന്ന് പറയുന്നതിനു കാരണം, ജ്ഞാനസ്നാനം വഴി കുഞ്ഞുങ്ങള്‍ക്ക് അച്ചാരമായി പരിശുദ്ധാത്മാവിനെ നാം നല്കുന്നു എന്നതാണെന്നും മാമ്മോദീസാ സ്വീകരിച്ച കുഞ്ഞിന്‍റെ ഉള്ളില്‍ പരിശുദ്ധാരൂപിയുടെ ശക്തി നിറഞ്ഞിരിക്കുന്നുവെന്നും ഈ അരൂപി ആ കുഞ്ഞിന് ജീവിതകാലം മുഴുവന്‍ സംരക്ഷണവും സഹായവുമായിരിക്കുമെന്നും പാപ്പാ വിശദീകരിച്ചു.

ആകയാല്‍, കഞ്ഞുങ്ങള്‍ പരിശുദ്ധാരൂപിയുടെ ശക്തിയാല്‍ വളരേണ്ടതിന് അവര്‍ ശിശുക്കളായിരിക്കുമ്പോള്‍ തന്നെ മാമ്മോദീസാ നല്കേണ്ടത് സുപ്രധാനമാണെന്ന് പാപ്പാ പറഞ്ഞു.

ഈ കുഞ്ഞുങ്ങള്‍ പരിശുദ്ധാരൂപിയുടെ വെളിച്ചവും ശക്തിയുംകൊണ്ട് വളരുന്നതിന് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതിന്‍റെയും ഈ വളര്‍ച്ചയ്ക്ക് മതബോധനം, മാതൃക തുടങ്ങിയവയാല്‍ സഹായമേകേണ്ടതിന്‍റെയും ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

ദേവാലയത്തിനകത്ത് കുഞ്ഞുങ്ങള്‍ കരയുന്നതിനെപ്പറ്റിയും സൂചിപ്പിച്ച പാപ്പാ അങ്ങനെ സംഭവിക്കുമ്പോള്‍ ഭയപ്പെടേണ്ടില്ലെന്നും കുഞ്ഞുങ്ങളെ കരയാന്‍ അനുവദിക്കണമെന്നും പറഞ്ഞു.

ഒരു പക്ഷെ ചൂടുകൊണ്ടായിരിക്കാം, അങ്ങനെയങ്കില്‍ കുഞ്ഞിന്‍റെ ദേഹത്തുനിന്ന് വസ്ത്രം മാറ്റുക, അല്ലെങ്കില്‍ വിശന്നിട്ടായിരിക്കാം, അപ്പോള്‍ മുലയൂട്ടുക, അങ്ങനെ സമാധാനമുണ്ടാകും, പാപ്പാ മാതാപിതാക്കളോടു പറഞ്ഞു.     

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 January 2020, 12:05