ഫ്രാന്‍സീസ് പാപ്പാ  പ്രത്യക്ഷീകരണതിരുന്നാള്‍ ദിനത്തില്‍ (06/01/20) മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നതിന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സമ്മേളിച്ചിരിക്കുന്ന വിശ്വാസികള്‍ ഫ്രാന്‍സീസ് പാപ്പാ പ്രത്യക്ഷീകരണതിരുന്നാള്‍ ദിനത്തില്‍ (06/01/20) മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നതിന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സമ്മേളിച്ചിരിക്കുന്ന വിശ്വാസികള്‍ 

സ്വാതന്ത്ര്യ ദായക സത്യദൈവവും ബന്ധനത്തിലാക്കുന്ന വിഗ്രഹങ്ങളും!

വിഗ്രഹങ്ങള്‍ നമ്മെ അവയുമായി ബന്ധിക്കുകയാണ് അല്ലാതെ നാം അവയെ സ്വന്തമാക്കുകല്ല ചെയ്യുന്നതെന്നും എന്നാല്‍ സത്യദൈവമാകട്ടെ നമ്മെ ബന്ധനസ്ഥരാക്കുന്നില്ലയെന്നു മാത്രമല്ല അവിടത്തെ തളച്ചിടാന്‍ അവിടന്ന് നമ്മെ അനുവദിക്കില്ലയെന്നും അവിടന്ന് നമുക്കായി പുതുമയുടെയും സ്വാതന്ത്ര്യത്തിന്‍റെയും സരണികള്‍ തുറക്കുന്നുവെന്നും ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പുല്‍ക്കൂട്ടില്‍ ശയിക്കുന്ന ഉണ്ണിയേശുവുമായുള്ള കൂടിക്കാഴ്ച കിഴക്കു നിന്നെത്തിയ ജ്ഞാനികളുടെ മനോഭാവത്തില്‍ മാറ്റം വരുത്തിയെന്ന് മാര്‍പ്പാപ്പാ.

പ്രത്യക്ഷീകരണത്തിരുന്നാള്‍ ദിനത്തില്‍, തിങ്കളാഴ്ച (06/01/20) മദ്ധ്യാഹ്നത്തില്‍, വത്തിക്കാനില്‍ നയിച്ച പൊതുവായ ത്രികാലപ്രാര്‍ത്ഥനയ്ക്കു മുമ്പു നടത്തിയ വിചിന്തനത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്.

ഉണ്ണിയേശുമായുള്ള ഈ കൂടിക്കാഴ്ച ആ ജ്ഞാനികളെ അവിടെ പിടിച്ചു നിറുത്തുകയല്ല മറിച്ച്, തങ്ങള്‍ കണ്ടവയും തങ്ങള്‍ അനുഭവിച്ച ആനന്ദവും വിവരിക്കുന്നതിന് സ്വന്തം ദേശത്തേക്കു തിരിച്ചു പോകാനുള്ള പുത്തന്‍ പ്രചോദനം അവര്‍ക്കേകുകയാണ് ചെയ്തതെന്ന് പാപ്പാ  പറഞ്ഞു.

ഈ സംഭവത്തില്‍ ദൈവത്തിന്‍റെ ശൈലി, ചരിത്രത്തില്‍ അവിടന്ന് സ്വയം ആവിഷ്ക്കരിക്കുന്ന രീതി പ്രകടമാണെന്ന് പാപ്പാ വിശദീകരിച്ചു.

ദൈവാനുഭവം ഒരിക്കലും നമ്മെ സ്തംഭനാവസ്ഥയിലാക്കുകയല്ല മറിച്ച് സ്വതന്ത്രരാക്കുകയും, നമ്മെ തടവിലാക്കുകയല്ല യാത്ര തുടരാന്‍ അനുവദിക്കുകയുമാണ് ചെയ്യുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

യേശുവുമായുള്ള സമാഗമത്തിന്‍റെ അനുഭവങ്ങളോരോന്നും വ്യത്യസ്ത വഴികളിലേക്ക് നമ്മെ ആനയിക്കുന്നുവെന്നും കാരണം അവിടന്നില്‍ നിന്നു നിര്‍ഗ്ഗമിക്കുന്ന ശക്തി ഹൃദയത്തെ നവീകരിക്കുകയും തിന്മയില്‍ നിന്ന് നമ്മെ അകറ്റുകയും ചെയ്യുന്നതുമാണെന്നും പാപ്പാ പറഞ്ഞു.

തുടര്‍ച്ചയുടെയും പുതുമയുടെയും ഇടയില്‍ വിവേകപൂര്‍വ്വമായ ഒരു ബലതന്ത്രം ഉണ്ടെന്നും അതായത് “സ്വദേശത്തേക്കുള്ള മടക്കയാത്ര” വ്യത്യസ്തമായ ഒരു പാതയിലൂടെയാണെന്നും, ഇതിനര്‍ത്ഥം നാം മാറേണ്ടിയിരിക്കുന്നു, നമ്മുടെ ജീവിത ശൈലിയില്‍ മാറ്റം വരുത്തേണ്ടിയിരിക്കുന്നു, നമുക്കു ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളെ വിലയിരുത്തുന്ന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തേണ്ടിയിരിക്കുന്നു എന്നാണെന്നും പാപ്പാ വിശദമാക്കി.

യഥാര്‍ത്ഥ ദൈവവും നമ്മെ വഞ്ചിക്കുന്ന, ധനം, അധികാരം, നേട്ടം തുടങ്ങിയ വിഗ്രഹങ്ങളും തമ്മിലുള്ള വിത്യാസം, ദൈവവും ഈ ബിംബങ്ങളെ നമുക്കു വാഗ്ദാനം ചെയ്യുന്ന മാന്ത്രികരും ജോത്സ്യന്മാരും ആഭിചാരകരും തമ്മിലുള്ള വിത്യാസം ഇവിടെ നമുക്കു കാണാന്‍ കഴിയുമെന്ന് പാപ്പാ വിശദീകരിച്ചു.

വിഗ്രഹങ്ങള്‍ നമ്മെ അവയുമായി ബന്ധിക്കുകയാണ് അല്ലാതെ നാം അവയെ സ്വന്തമാക്കുകല്ല ചെയ്യുന്നതെന്നും എന്നാല്‍ സത്യദൈവമാകട്ടെ നമ്മെ ബന്ധനസ്ഥരാക്കുന്നില്ലയെന്നു മാത്രമല്ല അവിടത്തെ തളച്ചിടാന്‍ അവിടന്ന് നമ്മെ അനുവദിക്കില്ലയെന്നും അവിടന്ന് നമുക്കായി പുതുമയുടെയും സ്വാതന്ത്ര്യത്തിന്‍റെയും സരണികള്‍ തുറക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 January 2020, 10:06