2020.01.30 Plenaria della Congregazione per la Dottrina della Fede 2020.01.30 Plenaria della Congregazione per la Dottrina della Fede 

മനുഷ്യജീവനെ ഒരവസ്ഥയിലും തള്ളിക്കളയരുത്!

വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തെ ജനുവരി 30-Ɔο തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് അഭിസംബോധന ചെയ്തപ്പോള്‍.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ഹൃദയത്തില്‍ കാരുണ്യമുണ്ടാവണം
രോഗീപരിചരണവും ജീവിതത്തില്‍ അത്യാസന്നനിലയില്‍ എത്തിയവരുടെ ശുശ്രൂഷയും ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ വീക്ഷിക്കുമ്പോള്‍, വേദനിക്കുന്ന ഒരു വ്യക്തിയെ പരിചരിക്കുന്നതും പാരിപാലിക്കുന്നതും സംബന്ധിച്ച സഭയുടെ ഉത്തരവാദിത്ത്വത്തെക്കുറിച്ചുള്ള വ്യാകരണം തിരുത്തി എഴുതേണ്ടിയിരിക്കുന്നെന്ന് പാപ്പാ പ്രസ്താവിച്ചു. നല്ല സമറിയക്കാരന്‍റെ ഉപമ നമ്മെ പഠിപ്പിക്കുന്നത് വേദനിക്കുന്ന സഹോദരനോടുള്ള സമീപനത്തിലുള്ള മനോഭാവവും ഹൃദയത്തിന്‍റെ വീക്ഷണവുമാണ് പ്രധാനപ്പെട്ടത്. കാരണം പലപ്പോഴും കണ്ടിട്ടും കാണാതെ പോകുന്ന അവസ്ഥയാണ് മനുഷ്യയാതനകള്‍ക്കു മുന്നില്‍ സംഭവിക്കുന്നത്. കാരണമെന്താണ്. വേദനിക്കുന്ന സഹോദരനെ കണ്ട വ്യക്തിയുടെ ഹൃദയത്തില്‍ കാരുണ്യമില്ല! അതിനാല്‍ കണ്ട യാഥാര്‍ത്ഥ്യത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കുവാനോ അതിന് അപ്പുറത്തേയ്ക്കു പോകുവാനോ അയാള്‍ക്കു സാധിക്കുന്നില്ല, സൗകര്യപ്പെടുന്നില്ല. മറിച്ച് ഹൃദയത്തില്‍ കാരുണ്യമുള്ളൊരുവന്‍ സഹോദരന്‍റെ വേദന കണ്ട് ആര്‍ദ്രഹൃദയനാകുന്നു. അപരന്‍റെ വേദന അയാളെ സ്പര്‍ശിക്കും. അയാള്‍ വീണുകിടക്കുന്നവന്‍റെ ചാരത്തെത്തും, അയാളെ പരിചരിക്കുമെന്ന് പാപ്പാ വിശദീകരിച്ചു.

2. അടിസ്ഥാനങ്ങളോടു വിശ്വസ്തയും
കാലികമായ ചലനാത്മകതയും

ക്രൈസ്തവ സിദ്ധാന്തങ്ങള്‍ സങ്കുചിതവും കഠിനവുമായ ഒരു നിയമ സംവിധാനമല്ല. എന്നാല്‍ അത് മാറിക്കൊണ്ടിരിക്കുന്നതും അടിസ്ഥാനമില്ലാത്തതുമായ ചിന്താധാരയുമല്ല. അടിസ്ഥാനങ്ങളോടു വിശ്വസ്തത പുലര്‍ത്തുന്ന ചലനാത്മകതയുള്ള ഒരു യാഥാര്‍ത്ഥ്യമാണ്. തലമുറകള്‍ അതിനെ നവീകരിക്കുകയും, അവയുടെ സത്തയെ  മുഖത്തും, ശരീരത്തിലും, പേരിലും സംഗ്രഹിക്കുകയും ചെയ്യുന്നു – ഉത്ഥിതനായ ക്രിസ്തു!

3. സജീവമായ സ്നേഹം വിശ്വാസപ്രകടനം
വിശ്വാസം മറ്റുള്ളവരിലേയ്ക്കും, അവരുടെ വലുതും ചെറുതുമായ ആവശ്യങ്ങളിലേയ്ക്കും തുറക്കപ്പെടുന്നതില്‍ നമുക്ക് ഉത്ഥിതനായ ക്രിസ്തുവിന് നന്ദിയര്‍പ്പിക്കാം. അതിനാല്‍ വിശ്വാസം കൈമാറുകയെന്നു പറഞ്ഞാല്‍, ഇവിടെ അതിന്‍റെ സ്വീകര്‍ത്താവിനെ ഏറെ പരിഗണിക്കേണ്ടതുണ്ട്. അവരെ അറിയുകയും സജീവമായി സ്നേഹിക്കേണ്ടിയുമിരിക്കുന്നു. ഈ കാഴ്ചപ്പാടില്‍ ഈ സമ്പൂര്‍ണ്ണസമ്മേളനത്തില്‍ വിശ്വാസ-ധാര്‍മ്മിക കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം (Congregation for the Doctrines of Faith) പഠനവിഷയമാക്കിയിരിക്കുന്ന “ജീവിതത്തില്‍ അത്യാസന്നനിലയിലും അന്ത്യത്തിലും എത്തിയിരിക്കുന്നവരെ സംബന്ധിച്ച വിലയിരുത്തലുകള്‍” എന്ന വിഷയം ഏറെ പ്രധാനപ്പെട്ടതും പ്രസക്തവുമാണ്.

4. ജീവതത്തെ വിലപിടിപ്പുള്ളതാക്കുന്ന ഘടകങ്ങള്‍
മനുഷ്യജീവിതത്തെ വിലപിടിപ്പുള്ളതാക്കുന്നത് എന്താണെന്ന മനുഷ്യന്‍റെ അവബോധം ഇന്നത്തെ സാമൂഹിക സാംസ്കാരിക സാഹചര്യത്തില്‍ മെല്ലെ തേഞ്ഞുമാഞ്ഞുപോവുകയാണ്. പലപ്പോഴും ജീവിതത്തി‍ന്‍റെ ഉപയോഗവും കാര്യക്ഷമതയും കണക്കിലെടുത്താണ് ഈ വിലയിരുത്തല്‍ നടത്തുന്നത്. ഈ മാനദണ്ഡത്തില്‍ ജീവിതത്തെ “ഉപയുക്ത”മെന്നും, “പാഴെ”ന്നും ഇന്നത്തെ സമൂഹം വിലയിരുത്തുന്നു. ഇങ്ങനെ യഥാര്‍ത്ഥമായ മൂല്യബോധം നഷ്ടപ്പെട്ട സാഹചര്യത്തില്‍, കല്പിതമായ ഐക്യദാര്‍ഢ്യത്തിന്‍റെയും, മാനവികതയുടെയും ക്രിസ്തീയതയുടെയും ഉത്തരവാദിത്ത്വങ്ങള്‍ മങ്ങിമറയുകയാണ്. “വലിച്ചെറിയല്‍ സംസ്ക്കാര”ത്തിന് (Culture of Waste) എതിരെ ചെറുക്കാന്‍ കരുത്തുള്ള പ്രതിദ്രവ്യങ്ങളെ (antibody) സൃഷ്ടിക്കുക, മനുഷ്യജീവന്‍റെ അതീന്ദ്രിയമായ മൂല്യം അംഗീകരിക്കുക, കൂട്ടായ്മയുടെ ഒരു ജീവിതശൈലി സാദ്ധ്യമാക്കുക, സഹവര്‍ത്തിത്വത്തിന്‍റെ അടിത്തറ കാത്തുപാലിക്കുക എന്നിവ യഥാര്‍ത്ഥത്തിലുള്ള പരിഷ്കൃത സമൂഹത്തിന്‍റെ അടയാളമായിരിക്കും.

5. പരിചരണം ഒരു സ്നേഹസാന്ത്വനം
രോഗം ജീവിതത്തെ ഗ്രസിക്കുമ്പോള്‍ ആ വ്യക്തിയുടെ കണ്‍മുന്‍പില്‍ സഹായത്തിന് ആരെങ്കിലും ഉണ്ടായിരിക്കുന്നതും, ഒരു നല്ല സമറിയക്കാരനെപ്പോലെ കാരുണ്യം കാട്ടേണ്ടതും ആവശ്യമാണ് ( Message World Day of Sick, 11 Feb. 2020). ശാരീരിക ആലസ്യങ്ങള്‍ക്കൊപ്പം വൈകാരിക വിഷമങ്ങളും ആത്മീയ ആശങ്കയും വ്യക്തിക്ക് ഉണ്ടെങ്കില്‍ പ്രത്യേകിച്ച് രോഗിക്കുചുറ്റും വൈദ്യസഹായത്തിന്‍റെയും, പ്രത്യാശയുടെയും പരസ്പര ബന്ധത്തിന്‍റെയും ഒരു ചുറ്റുപാടു സൃഷ്ടിക്കേണ്ടതാണ്.

6. ഏത് അവസ്ഥയിലും മാനിക്കപ്പെടേണ്ട മനുഷ്യാന്തസ്സ്
സുഖപ്പെടുത്താനാവാത്തതെന്നും, രക്ഷയില്ലെന്നും പറഞ്ഞു വൈദ്യശാസ്ത്രം തള്ളുന്ന രോഗങ്ങളുടെ ചുറ്റുപാടുകളില്‍പ്പോലും മനുഷ്യാന്തസ്സ് തിരിച്ചറിഞ്ഞും അംഗീകരിച്ചും വ്യക്തിയെ ഒരിക്കലും ഉപേക്ഷിക്കരുത്. കാരണം നിത്യത തേടുന്ന മനുഷ്യജീവിതം ഏത് അവസ്ഥയിലും അതിന്‍റെ അന്തസ്സിന് കുറവുവരുന്നില്ല, മറിച്ച് അത്യാസന്ന നിലയില്‍ എന്നും രക്ഷയില്ലാത്തതെന്നും വൈദ്യശാസ്ത്രം വിധിയെതുമ്പോഴും പരമാവധി ശ്രദ്ധയും പരിചരണയും പിന്‍തുണയും നല്കേണ്ടതാണ്. മനുഷ്യാന്തസ്സ് നഷ്ടമായവരെന്നു കരുതുന്നവര്‍ക്കും, അതില്ലാതെ പോയവര്‍ക്കും അന്ത്യനിമിഷങ്ങളിലാണെങ്കിലും അത് കഴിയുന്നത്ര നല്കിക്കൊണ്ട് വ്യക്തിയെ മാനിക്കണമെന്ന് പഠിപ്പിച്ച കല്‍ക്കട്ടയിലെ മദര്‍ തെരേസയുടെ ജീവിതമാതൃ പാപ്പാ പ്രഭാഷണത്തില്‍ ചൂണ്ടിക്കാണിച്ചു.

7. പിന്‍തുണയ്ക്കേണ്ട
അതിവേദനയുടെ സാന്ത്വനകേന്ദ്രങ്ങള്‍

അതിനാല്‍ അത്യപൂര്‍വ്വരോഗങ്ങളാലും, മാരകമായ വ്യഥകളാലും മരണവുമായി മല്ലടിക്കുന്നവരെ പരിചരിക്കുന്ന ശാരീരികവും മാനസികവുമായ അതിവേദയുടെ സാന്ത്വനകേന്ദ്രങ്ങള്‍ (Palliative Care Centers) നല്കുന്ന സേവനം അംഗീകരിക്കേണ്ടതാണ്. രോഗികള്‍ക്ക് നല്ല വൈദ്യസഹായവും, മാനസികവും ആത്മീയവുമായ പിന്‍തുണയും നല്കുവാന്‍ കെല്പുള്ളവര്‍ അതിവേദനയുടെ സാന്ത്വനകേന്ദ്രങ്ങളില്‍ (Palliative Care Centers) ഉണ്ടായിരിക്കേണ്ടതാണ്. രോഗിയുടെ കുടുംബത്തിന്‍റെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ മനുഷ്യാന്തസ്സിന് അനുയോജ്യമാം വിധം സാന്ത്വന പരിചരണം നേടാനുള്ള സാഹചര്യം സംജാതമാക്കുന്നത് ജീവനോടുള്ള ആദരവും മനുഷ്യാന്തസ്സു മാനിക്കുന്ന സ്നേഹവുമുള്ള സാന്ത്വന ചികിത്സയുമാണ്.

8 അഭിനന്ദനങ്ങളുമായ്...!
വിശ്വാസകാര്യങ്ങള്‍ക്കുള്ള സംഘം കര്‍ദ്ദിനാള്‍ ലൂയി ലേദാരിയ ഫെററിന്‍റെ നേതൃത്വത്തില്‍ ചെയ്യുന്ന നല്ല സേവനത്തിന് പ്രവര്‍ത്തകരായ മറ്റ് കര്‍ദ്ദിനാളന്മാരെയും, മെത്രാന്മാരെയും, വൈദികരെയും, അല്‍മായരായ മറ്റ് ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ഉപസംഹരിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 January 2020, 18:29