വത്തിക്കാനില്‍ നിര്‍മ്മിച്ചിരിക്കുന്ന പുല്‍ക്കൂട്... വത്തിക്കാനില്‍ നിര്‍മ്മിച്ചിരിക്കുന്ന പുല്‍ക്കൂട്... 

പുല്‍ക്കൂടിന്‍റെ അര്‍ത്ഥവും ആത്മീയതയും

പുൽക്കൂടിന്‍റെ പ്രാധാന്യത്തെയും അതിന്‍റെ ആത്മീയവശങ്ങളെയും വളരെ മനോഹരമായി പഠിപ്പിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ “Admirabile signum” എന്ന അപ്പോസ്തോലിക രേഖയിലെ ചിന്തകളെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പാപ്പായുടെ “Admirabile signum” എന്ന അപ്പോസ്തോലിക രേഖയെ അടിസ്ഥാനമാക്കിയ വിചിന്തനത്തിന്‍റെ ശബ്ദരേഖ

ജീവിതം നമ്മെ പലതും പഠിപ്പിക്കുന്നു. വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയും നാം ചില സത്യങ്ങളെയും അസത്യങ്ങളെയും തിരിച്ചറിയുന്നു. ചിലർ നമ്മുടെ ജീവിതത്തിൽ പറയാതെ വന്ന് പറയാതെ പലതും പറഞ്ഞ് പോകുന്നു. ചിലരാകട്ടെ  നമ്മോടെന്തെങ്കിലും പറഞ്ഞ് നമ്മില്‍ നിന്നകന്ന് പോകുന്നു. വേറെ ചിലർ നമ്മിൽ തങ്ങി നിൽക്കുന്നു. മറ്റ് ചിലർ താങ്ങായി നില്‍ക്കുന്നു. അതുപോലെ തന്നെ ചിലരെ നാം ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നു. ചിലതിനെ മനപൂർവ്വം നാം മറക്കാൻ ഇഷ്ടപ്പെടുന്നു. ഇങ്ങനെയുള്ള ചില മാറ്റങ്ങൾ നമുക്ക് തിരിച്ചടികളും തിരിച്ചറിവും നൽകുന്നു.  

താക്കോലില്ലാതെ മനുഷ്യൻ താഴ് നിർമ്മിക്കുന്നില്ല. അത്പോലെ പരിഹാരമില്ലാത്ത പ്രശ്നങ്ങളെ ദൈവം അനുവദിക്കുകയുമില്ല. ജീവിതത്തിൽ എന്ത് വേണമെങ്കിലും മാറ്റങ്ങള്‍ക്ക് വിധേയമാകാം. എന്നാൽ നാം നമ്മെ അനുവദിക്കാത്തിടത്തോളം കാലം നമ്മെ ആർക്കും മാറ്റാനാവില്ല. എന്നാൽ ചില മാറ്റങ്ങൾ അത്യന്താപേക്ഷിതമാണ്. നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിത്തീരാൻ ചില മാറ്റങ്ങളുടെ മലകൾ നാം കയറേണ്ടി വരും. അങ്ങനെ കയറുമ്പോൾ നമ്മുടെ കയ്യിൽ നാം കരുതേണ്ട വിളക്കും വിഭവവും ഒന്ന് മാത്രമായിരിക്കണം. ദൈവം. സര്‍വ്വശക്തനായിരുന്നിട്ടും കാലിത്തൊഴുത്തിൽ മനുഷ്യന്‍റെ എല്ലാ ചോദ്യങ്ങൾക്കും അവന്‍റെ എല്ലാ പ്രതാപങ്ങള്‍ക്കും, അവൻ ശ്രേഷ്ട്മെന്ന് കരുതുന്ന എല്ലാ നേട്ടങ്ങൾക്കും ഉത്തരമായി വലിയൊരു മാറ്റത്തിന് വിധേയപ്പെട്ട ദൈവപുത്രനായ ക്രിസ്തുവിനെയാണ് നാം ജീവിതത്തിലുടനീളം കൊണ്ട് നടക്കേണ്ടത്. ദൈവം എന്ത് മാറ്റമാണ് തന്നിലും ഈ ലോകത്തിലും വരുത്തിയതെന്ന് ചിന്തിക്കുമ്പോൾ നമുക്ക് മനസ്സിലാകും അവൻ ചെറുതായി. വലുതിൽ നിന്നും ചെറുതായി. ജനനം മുതൽ അന്ത്യം വരെ അവൻ ചെറുതാകാനും ചെറുതായിരിക്കാനും ഇഷ്ടപ്പെട്ടു.

ചെറുതാകല്‍ മഹത്വമാണ്; അത് ദൈവീകമാണ് എന്ന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ ഡിസംബർ മൂന്നാം തിയതി പേപ്പൽ വസതിയായ സാന്താ മാർത്തയിലെ കപ്പേളയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തിൽ പ്രബോധിപ്പിച്ചു. എന്താണ് ചെറുതാകല്‍. എന്തിന് നാം ചെറുതാകണം  എന്ന ചോദ്യങ്ങൾക്കു ബെദ്ല്ഹേമിലെ പുൽക്കൂട് ഉത്തരം നൽകുന്നു.

ക്രൈസ്തവരായ എല്ലാവരും ക്രിസ്തുമസ് ആഘോഷത്തിനായുള്ള തിരക്കിലാണ്. നക്ഷത്രവിളക്കുകൾ, പുൽക്കൂടുകൾ, തോരണങ്ങൾ, ക്രിസ്തുമസ് ട്രീ, ക്രിസ്തുമസ് കാർഡുകൾ, സാന്താ ക്ലോസ് എന്നിങ്ങനെ നമ്മുടെ ബാല്യം മുതൽ നാം കണ്ടു വരുന്ന പലതും ഇന്ന് വ്യത്യസ്ഥ രൂപത്തിലും ഭാവത്തിലും നമ്മുടെ കണ്ണുകളെ അത്ഭുതപെടുത്തിക്കൊണ്ടേയിരിക്കുമ്പോൾ ഏറ്റവും വലിയ അത്ഭുതമായ ദൈവത്തിന്‍റെ മനുഷ്യാവതാരത്തെകുറിച്ചുള്ള ഓർമ്മകൾ ഇന്നിന്‍റെ ലോകത്തിന്‍റെ ആഡംബരങ്ങളുടെ ആധിപത്യത്തിൽ നമ്മിൽ നിന്നും മെല്ലെ മെല്ലെ മാഞ്ഞു കൊണ്ടേയിരിക്കുന്നു എന്ന സത്യം നാം തിരിച്ചറിയാതെ പോകുന്നു. മനുഷ്യാവതാരം ചെയ്ത ദൈവത്തിന്റെ ജനനം നമ്മിൽ നിന്നും ഒന്ന് മാത്രമേ ആവശ്യപെടുന്നുള്ളു. നമ്മിൽ രൂപപ്പെടേണ്ട പുൽക്കൂട്. ആ പുൽക്കൂടിന്‍റെ പ്രധാന്യയത്തെയും അതിന്‍റെ ആത്മീയവശങ്ങളെയും വളരെ മനോഹരമായി ഫ്രാൻസിസ് പാപ്പാ “Admirabile signum”  എന്ന അപ്പോസ്തോലിക രേഖയിൽ വ്യക്തമാക്കി തരുന്നു.

അദ്മിറാബിലെ സീഞ്ഞൂം

വിശുദ്ധ ഗ്രന്ഥത്തിന്‍റെ താളുകളിൽ നിന്ന് വിടർന്ന് ജീവൻ വയ്ക്കുന്ന സുവിശേഷം പോലെയാണ് തിരുപ്പിറവിരംഗം വിവരിക്കുന്ന പുൽക്കൂടുകൾ എന്ന് പറഞ്ഞു കൊണ്ട് പുൽക്കൂടും അതിലെ ഓരോ രൂപങ്ങളും ഘടകങ്ങളും വിശദീകരിച്ച്  കുടുംബങ്ങൾ ക്രിസ്തുമസ് കാലത്ത്  പുൽക്കൂടൊരുക്കുന്ന ഭക്തി പാരമ്പര്യത്തെ വിശകലനം ചെയ്യുകയാണ് അദ്മിറാബിലെ സീഞ്ഞൂം എന്ന അപ്പോസ്തോലീക ലിഖിതത്തിൽ ഫ്രാൻസിസ് പാപ്പാ. കുഞ്ഞുങ്ങളായിരുന്ന കാലത്ത് അപ്പനപ്പുപ്പന്മാരിൽ നിന്ന് കൈമാറിക്കിട്ടിയ ഈ ഭക്തകൃത്യം ഒരിക്കലും നിന്ന് പോകാതിരിക്കട്ടെ എന്നാംശംസിക്കുന്ന പാപ്പാ ക്രിസ്തുമസ് പുൽക്കൂടിന്‍റെ ഒരിക്കലും നശിക്കാത്ത നമ്മെ അൽഭുതപ്പെടുത്താനുള്ള കഴിവിനെക്കുറിച്ചാണ് എഴുതുന്നത്.

സുവിശേഷങ്ങളിലുള്ള യേശുവിന്‍റെ ജനനത്തിന്‍റെ വിവരണങ്ങളുടെ അടിസ്ഥാനമാണ് "തൊഴുത്തിന്" ആധാരമെന്നും അതിന്‍റെ അടയാളാർത്ഥം കാലികൾ തിന്നുന്ന വൈക്കോൽ തന്‍റെ ആദ്യ മെത്തയാക്കിയവൻ പിന്നീട് സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ അപ്പമായി വെളിപ്പെടുത്തി എന്നത് മാത്രമല്ല ആ ജനന രംഗം യേശുവിന്‍റെ ജീവരഹസ്യങ്ങളുടെ വെളിപ്പെടുത്തലുകളുടെ നീണ്ട നിരയാണെന്നും അവയെ നമ്മുടെ അനുദിനജീവിതത്തോടു ചേർത്തു നിറുത്തുന്നു എന്നും പാപ്പാ എഴുതി.

പുൽക്കൂടിന്‍റെ തുടക്കം

ഇറ്റലിയിലെ ഗ്രേച്ചോ എന്ന പട്ടണത്തിലെ ഗുഹകളിൽ 1223 ൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസി തുടങ്ങി വച്ച പാരമ്പര്യത്തെക്കുറിച്ചും ആ ക്രിസ്തുമസ് ദിനത്തിൽ ആദ്യമായി പുൽക്കൂട് നിർമ്മിച്ച് അവിടെ ബലിയർപ്പിച്ച് ഫ്രാൻസിസ്കൻ സമൂഹവും അവിടത്തെ ജനങ്ങളും മനുഷ്യാവതാരവും പരിശുദ്ധകുർബ്ബാനയുമായുള്ള ബന്ധം വെളിപ്പെടുത്തിയെന്നും പാപ്പാ ആമുഖത്തില്‍ വ്യക്തമാക്കുന്നു. അങ്ങനെ ആ ഗുഹയിൽ എല്ലാവരും സന്തോഷത്തോടെ ഒരുമിച്ചുകൂടി തിരുപ്പിറവിയും ആ രഹസ്യം പിന്നീട് പങ്കുവയ്ക്കുന്നവരും തമ്മിലുള്ള കാലാന്തരം ഇല്ലാതാക്കി. ആ ഒരു ലളിതമായ അടയാളം വഴി വിശുദ്ധ ഫ്രാൻസിസ് ഒരു വലിയ സുവിശേഷ പ്രഘോഷണമാണ് നടത്തിയതെന്നും ആ പ്രഘോഷണത്തിന്‍റെ തുടർച്ചയാണിന്നും പുൽക്കൂട്ടിൽ കാണുന്നതെന്നും പാപ്പാ ചൂണ്ടികാണിക്കുന്നു.

ക്രിസ്മസ് പുൽക്കൂട് ദൈവത്തിന്‍റെ സ്നേഹക്കരുതലിന്‍റെ അടയാളം

പുൽക്കൂട് നമ്മിൽ ഇത്രമാത്രം ചലനങ്ങൾ സൃഷ്ടിക്കാൻ കാരണം ദൈവത്തിന്‍റെ കരുതലാർന്ന സ്നേഹമാണ്. ഫ്രാൻസിസ് അസ്സീസിയുടെ കാലം മുതൽക്കേ പുൽക്കൂട്  മനുഷ്യാവതാരത്തിൽ  ദൈവപുത്രൻ സ്വീകരിച്ച ദാരിദ്യത്തെ "തൊടാനും " "അനുഭവിക്കാനും " നമ്മെ ക്ഷണിച്ചു കൊണ്ട് അത്യാവശ്യക്കാരായ നമ്മുടെ സഹോദരീ സഹോദരന്മാരിൽ  യേശുവിനെ കണ്ട് കരുണയോടെ സഹായിക്കാൻ ആവശ്യപ്പെടുന്നു എന്ന് പാപ്പാ എഴുതി വയ്ക്കുന്നു.

പുൽക്കൂട്ടിലെ രൂപങ്ങളുടെ അർത്ഥങ്ങൾ

പുൽക്കൂട്ടിൽ കാണാറുള്ള രൂപങ്ങളുടെ അർത്ഥം വിശദീകരിക്കാൻ പാപ്പാ മടിക്കുന്നില്ല. രാത്രിയുടെ നിശബ്ദതയിലും   ഇരുളിൽ തെളിയുന്ന പശ്ചാത്തലത്തിലെ നക്ഷത്രമയമായ ആകാശം, നമ്മുടെ ജീവിതത്തിന്‍റെ ഇരുണ്ട യാമങ്ങളിൽ പോലും നമ്മെ കൈവിടാത്ത ദൈവത്തെ ഓർമ്മിപ്പിക്കുന്നു. അവന്‍റെ സാന്നിധ്യം ഇരുളിൽ പ്രകാശവും സഹനത്തിന്‍റെ നിഴലിലായവർക്ക് വഴിയും കാണിക്കുന്നു. പാപ്പാ വിശദീകരിച്ചു.

പുൽക്കൂട്ടിലെ പ്രകൃതി ദൃശ്യങ്ങളിൽ പലപ്പോഴും കാണുന്ന പഴയ തകർന്ന കെട്ടിടങ്ങൾ മനുഷ്യത്വത്തിന്‍റെ തകർച്ചയുടെയും, തകരാവുന്ന, ചീയാവുന്ന, നിരാശപ്പെടുത്താവുന്ന സകലത്തിന്‍റെയും അടയാളങ്ങളാണെന്നും, കർത്താവിന്‍റെ വരവ് സുഖപ്പെടുത്താനും, പുതുക്കിപ്പണിയാനും, ലോകത്തെയും നമ്മുടെ ജീവിതങ്ങളേയും  ആദിയിലെ തെളിച്ചത്തിലേക്ക് തിരിച്ചെത്തിക്കാനുമാണ് എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു എന്ന് ഫ്രാൻസീസ് പാപ്പാ വിശദീകരിച്ചു.

ആട്ടിടയർ

പല പല തിരക്കിൽപ്പെട്ടുഴലുന്ന അനവധി പേരെപ്പോലെയല്ലാതെ ഇടയന്മാർക്കാണ് ഏറ്റം അത്യാവശ്യമായ രക്ഷയുടെ സമ്മാനം ആദ്യം കാണാനായത്. എളിയവരും ദരിദ്രരുമാണ് മനുഷ്യാവതാരം ആദ്യം എതിരേൽക്കുന്നത്. സ്നേഹത്തോടും, നന്ദിയോടും, അത്ഭുതത്തോടും കൂടെ ഉണ്ണിയേശുവിൽ നമ്മെ കാണാനെത്തുന്ന ദൈവത്തെ തേടി പുറപ്പെട്ടത് കൊണ്ട് അവർ ദൈവത്തോടു പ്രത്യുത്തരിച്ചതിനെ പാപ്പാ അനുസ്മരിച്ചു. പാവപ്പെട്ടവരുടേയും എളിയവരുടേയും പുൽകൂട്ടിലെ സാന്നിധ്യം വഴി ദൈവം മനുഷ്യനായത് ദൈവത്തിന്‍റെ സ്നേഹം ഏറ്റവും അത്യവശ്യമായവർക്കും ദൈവത്തിന്‍റെ സാന്നിധ്യം ആവശ്യപ്പെടുന്നവർക്കും വേണ്ടിയാണ്. പുൽക്കൂട്ടിൽ നിന്ന് വളരെ ശാന്തമായും എന്നാൽ ശക്തമായും യേശു വിളംമ്പരം ചെയ്യുന്ന സത്യം ദരിദ്രരുമായുള്ള പങ്കുചേരലാണ്.  ആരേയും ഒഴിവാക്കാത്ത, പാര്‍ശ്വവൽക്കരിക്കാത്ത, കൂടുതൽ മാനുഷികവും, സാഹോദ്യര്യവുമാർന്ന ഒരു ലോക സൃഷ്ടിക്കുള്ള മാർഗ്ഗമെന്നാണെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

അനുദിന വിശുദ്ധി

ചിലപ്പോഴെങ്കിലും പുൽക്കൂട്ടിൽ സുവിശേഷ വിവരണങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത രൂപങ്ങൾ നമ്മൾ വയ്ക്കാറുണ്ട്. അവയെപ്പോലും   സാധാരണ കാര്യങ്ങൾ സന്തോഷപൂർവ്വം ചെയ്ത് അസാധാരണമാക്കി മാറ്റുന്ന നമ്മുടെ അനുദിന ജീവിത സാഹചര്യങ്ങളിലെ വിശുദ്ധിയുടെ അടയാളങ്ങളായി തന്‍റെ ലിഖിതത്തിൽ പാപ്പാ വെളിപ്പെടുത്തുന്നു.

മേരിയും യൗസേപ്പും

മേരിയുടേയും യൗസേപ്പിന്‍റെയും രൂപങ്ങളെപറ്റി പറയാൻ തുടങ്ങുമ്പോൾ അമ്മയായ മേരിയെപറ്റി എഴുതുന്നത് അവളുടെ ഉണ്ണിയെ ധ്യാനിച്ച് എല്ലാ സന്ദർശകർക്കും കാണിച്ചു കൊടുക്കുന്നവളായാണ്. തന്‍റെ  പുത്രനെ തനിക്ക് മാത്രമായി സൂക്ഷിക്കുന്ന ഒരമ്മയെ അല്ല മറിച്ച് അവനെ അനുസരിക്കാനും അവൻ പറയുന്നത് ചെയ്യുവാനും ആവശ്യപ്പെടുന്നവളെയാണ് കണ്ടെത്തുക എന്ന് പാപ്പാ നിരീക്ഷിക്കുന്നു. അവളോട് ഒത്തു നിന്ന് യൗസേപ്പ്, കുഞ്ഞിന്‍റെയും അമ്മയുടേയും സംരക്ഷകനാകുന്ന, ദൈവത്തിന്‍റെ ഹിതത്തിന് സ്വയം സമർപ്പിക്കുന്ന നീതിമാനെ നമുക്ക് കണ്ടെത്താൻ കഴിയുന്നു എന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.

ഉണ്ണിയേശു

പക്ഷേ ഉണ്ണിയേശുവിനെ പുൽക്കൂട്ടിൽ വയ്ക്കുമ്പോഴാണ് പിറവി രംഗം സജീവമാകുക എന്ന് പറയുന്ന പാപ്പാ,  ദൈവം കുഞ്ഞാവുന്നത് അസാധ്യമെന്ന് കരുതാം എന്നാൽ ഉണ്ണിയേശുവിൽ അത് സത്യമാണ് എന്നും ഇത്തരത്തിലാണ് അവന്‍റെ സ്നേഹത്തിന്‍റെ മഹത്വം അവൻ വെളിപ്പെടുത്താൻ ആഗ്രഹിച്ചത്. ചിരിച്ച് എല്ലാവർക്കുമായി കൈ വിരിച്ച് തുറന്നു പിടിച്ച് പുല്‍കൂട്ടില്‍ ഉണ്ണിയെത്തുന്നു എന്നെഴുതുന്നു. ഈ അദ്വിതീയമായ,  സമാനതകളില്ലാത്ത ചരിത്രത്തിന്‍റെ ഗതിതന്നെ മാറ്റിയ സംഭവം  കാണാനും തൊടാനും പുൽക്കൂട് ഇടവരുത്തുന്നു എന്നു മാത്രമല്ല നമ്മടെ ജീവിതം എത്രമാത്രം ദൈവത്തിന്‍റെ ജീവിതത്തിന്‍റെ കൂടി ഭാഗമാണെന്ന് ചിന്തിക്കാൻ കൂടി നമ്മെ പ്രേരിപ്പിക്കുന്നു എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

മൂന്ന് രാജാക്കന്മാർ

പ്രത്യക്ഷീകരണ തിരുനാളാകുമ്പോൾ പുൽക്കൂട്ടിൽ നമ്മൾ 3 രാജാക്കന്മാരെ കൂടി എടുത്തു വയ്ക്കും. സുവിശേഷം പ്രചരിപ്പിക്കാനുള്ള എല്ലാ ക്രൈസ്തവരുടേയും ഉത്തരവാദിത്വമാണ് അവരുടെ സാന്നിധ്യം നമ്മെ ഓർമ്മിപ്പിക്കുക എന്ന് പാപ്പാ എഴുതി. വളരെ നീണ്ട വഴികളിലൂടെ ജനങ്ങൾക്ക് ക്രിസ്തുവിലേക്കെത്താമെന്നും എന്നാൽ തിരികെ പോകുമ്പോൾ രക്ഷകനെ കണ്ട അത്ഭുതവിശേഷം മറ്റുള്ളവരോടു പറയുക വഴി സുവിശേഷം മറ്റു രാജ്യങ്ങളിലേക്ക് പ്രചരിപ്പിക്കാൻ ഈ രാജാക്കന്മാർ നമ്മെ പഠിപ്പിക്കന്നു എന്ന് ഫ്രാൻസിസ് പാപ്പാ ആലേഖനം ചെയ്തു.

വിശ്വാസ പ്രചാരണം

കുട്ടികളായിരുന്നപ്പോൾ ക്രിസ്തുമസ് പുൽക്കൂടിന് മുന്നിൽ നിന്ന ഓർമ്മകൾ നമ്മുടെ കുട്ടികളിലേക്കും, പേരക്കിടാങ്ങളിലേക്കും പകർന്ന് നല്‍കാനുള്ള ഉത്തരവാദിത്വത്തെ ഓർമ്മിപ്പിക്കുന്നു എന്ന് എഴുതുന്ന പാപ്പാ എങ്ങനെ പുൽക്കൂട് ക്രമീകരിക്കപ്പെട്ടിരിക്കുന്നു എന്നതിലല്ല അത് നമ്മുടെ ജീവിതത്തോടു എന്തു സംസാരിക്കുന്നു എന്നതിലാണ് കാര്യമെന്നും,  വിശ്വാസം പങ്കിട്ടുനൽകാനുള്ള  കുട്ടിക്കാലം മുതൽ എല്ലാ ജീവിത ഘട്ടങ്ങളിലും യേശുവിനെ ധ്യാനിക്കാനും, ദൈവത്തിന്‍റെ സ്നേഹം അനുഭവിക്കാനും ദൈവം നമ്മോടു കൂടെയുണ്ടെന്നും നമ്മൾ ദൈവത്തോടൊപ്പമുണ്ടെന്നും വിശ്വസിക്കാനും അനുഭവിക്കാനുമുള്ള വിലമതിക്കാനാവാത്ത ഒന്നാണ് പുൽക്കൂട് എന്ന് പറഞ്ഞ് പാപ്പാ –‘അദ്മിറാബിലെ സീഞ്ഞൂം’ എന്ന തന്നെ ലിഖിതം ഉപസംഹരിക്കുന്നു.

വളരെ മനോഹരമായി നാം നിർമ്മിക്കുന്ന പുൽക്കൂടിന്‍റെ ആത്മീയതയെ കുറിച്ചു പാപ്പാ വ്യക്തമാക്കി തരുന്നു. പാപ്പായുടെ ഈ പ്രബോധനങ്ങൾക്കനുസരിച്ചു ഈ വർഷത്തെ ക്രിസ്തുമസ് ആത്മീയത നിറഞ്ഞ വിശുദ്ധി നിറഞ്ഞ ആഘോഷമായി തീർക്കാൻ പരിശ്രമിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 December 2019, 12:40