ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ച (15/12/19) വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്ന പ്രാര്‍ത്ഥനാവേളയില്‍  കുഞ്ഞുങ്ങളും മുതിര്‍ന്നവരും ഉണ്ണിയേശുവിന്‍റെ ചെറുരൂപങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ച (15/12/19) വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്ന പ്രാര്‍ത്ഥനാവേളയില്‍ കുഞ്ഞുങ്ങളും മുതിര്‍ന്നവരും ഉണ്ണിയേശുവിന്‍റെ ചെറുരൂപങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു 

സന്തോഷ-സന്ദേഹ മിശ്രിത ജീവിതം!

ഫ്രാന്‍സീസ് പാപ്പായുടെ ത്രികാലജപ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

തിരുപ്പിറവിക്കുള്ള ഒരുക്കത്തിന്‍റെ സമയമായ ആഗമനകാലത്തിലെ മൂന്നാമെത്തെതായിരുന്ന ഇക്കഴിഞ്ഞ ഞായാറാഴ്ച (15/12/19), മദ്ധ്യാഹ്നത്തില്‍ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥനയില്‍ വിവിധരാജ്യക്കാരായ നിരവധി വിശ്വാസികള്‍ പങ്കുകൊണ്ടു. തങ്ങളുടെ ഭവനങ്ങളില്‍ നിര്‍മ്മിച്ചിട്ടുള്ള പുല്‍ക്കൂടുകളി‍ല്‍ വയ്ക്കുന്നതിനുള്ള ഉണ്ണിയേശുവിന്‍റെ രൂപം പതിവുപോലെ ഇക്കൊല്ലവും, പാപ്പായെക്കൊണ്ട് ആശീര്‍വദിപ്പിക്കുന്നതിന് ഉണ്ണിയേശുവിന്‍റെ രൂപങ്ങളുമേന്തി വന്ന ബാലികാബാലന്മാരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കായി പാപ്പാ ജാലകത്തിങ്കല്‍ പ്രത്യക്ഷനാകുന്നതും പ്രതീക്ഷിച്ച്, യുവതീയുവാക്കള്‍ കൈത്താളമോടെ പാട്ടുപാടി  വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ ചത്വരത്തില്‍ നില്പുണ്ടായിരുന്നു. പ്രാദേശികസമയം 12 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 4.30-ന്, പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിന്, പതിവുപോലെ, പേപ്പല്‍ അരമനയിലെ പതിവു ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ  ആനന്ദാരവങ്ങള്‍ ഉയര്‍ന്നു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച (15/12/19) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച്  വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങള്‍, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം. ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ  പരിചിന്തനം പാപ്പാ ആരംഭിച്ചത് ഇപ്രകാരമാണ്:

പാപ്പായുടെ സന്ദേശം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

 “ആനന്ദ ഞായര്‍”

ആഗമനകാലത്തിലെ മൂന്നാമത്തെതായ ഈ ഞായര്‍ “ആനന്ദ ഞായര്‍” എന്നാണ് അറിയപ്പെടുന്നത്. ഈ ഞായറാഴ്ച ദൈവവചനം ആനന്ദിക്കാനും, അതോടൊപ്പം തന്നെ, വിശ്വസിക്കുക എന്നത് ആയാസകരമാക്കും വിധമുള്ള സന്ദേഹത്തിന്‍റെ വേളകളും അസ്തിത്വത്തില്‍ അടങ്ങിയിരിക്കുന്നു എന്ന അവബോധം പുലര്‍ത്താനും നമ്മെ ക്ഷണിക്കുന്നു. സന്തോഷവും സന്ദേഹവും നമ്മുടെ ജീവിതാനുഭവങ്ങളുടെ ഭാഗമാണ്.

വൈരുദ്ധ്യങ്ങള്‍

“വിജനദേശവും വരണ്ട പ്രദേശവും സന്തോഷിക്കും. മരുഭൂമി ആനന്ദിക്കുകയും പുഷ്പിക്കുകയും ചെയ്യും” (ഏശയ്യാ 35,1) എന്നു പറഞ്ഞുകൊണ്ട് ഏശയ്യാ പ്രവാചകന്‍ ആനന്ദിക്കാനേകുന്ന ക്ഷണത്തിന് വിരുദ്ധമായി നില്ക്കുന്നു സുവിശേഷത്തില്‍ സ്നാപകയോഹന്നാന്‍റെ സംശയം, അതായത് സ്നാപകന്‍ ചോദിക്കുന്നു: ”വരാനിരിക്കുന്നവന്‍ നീ തന്നെയോ? അതോ, ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ?” (മത്തായി 11,3). വാസ്തവത്തില്‍ ഏശയ്യാ പ്രവാചകന്‍റെ വീക്ഷണം അന്നത്തെ സാഹചര്യത്തിനപ്പുറം കടക്കുന്നു പ്രവാചകന്‍ തന്‍റെ  മുന്നില്‍ കാണുന്നത് നിരാശപൂണ്ട ജനത്തെ, ദുര്‍ബല കരങ്ങളും ബലഹീനമായ കാല്‍മുട്ടുകളും അസ്വസ്ഥ ഹൃദയങ്ങളുമായി നില്ക്കുന്ന ജനത്തെയാണ്. ഈ യാഥാര്‍ത്ഥ്യം  എക്കാലത്തും വിശ്വാസത്തെ പരീക്ഷണവിധേയമാക്കുന്നു. എന്നാല്‍ ദൈവത്തിന്‍റെ  മനുഷ്യനാകട്ടെ ദീര്‍ഘദൃഷ്ടിയുള്ളവനാണ്, കാരണം, പരിശുദ്ധാരൂപി വാഗ്ദാനത്തിന്‍റെ  ശക്തി അവന്‍റെ ഹൃദയത്തിന് അനുഭവവേദ്യമാക്കുകയും അങ്ങനെ അവന്‍ രക്ഷ പ്രഘോഷിക്കുകയും ചെയ്യുന്നു. “ധൈര്യമായിരിക്കുവിന്‍, ഭയപ്പെടേണ്ട. ഇതാ നിങ്ങളുടെ ദൈവം..... അവിടന്ന് നിങ്ങളെ രക്ഷിക്കും” (ഏശയ്യാ 35,3,4). അപ്പോള്‍ സകലവും രൂപാന്തരപ്പെടും: മരുഭൂമി പുഷ്പിക്കും, നിരാശരുടെ ഹൃദയത്തില്‍ സന്തോഷം സ്ഥാനം പിടിക്കും മുടന്തനും അന്ധനും മൂകനും സൗഖ്യമാക്കപ്പെടും (ഏശയ്യാ 35,5-6) യേശുവഴി സംഭവിക്കുന്നത് ഇതാണ്: ”അന്ധന്മാര്‍ കാഴ്ചപ്രാപിക്കുന്നു, മുടന്തന്മാര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരാക്കപ്പെടുന്നു, ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം പ്രഘോഷിക്കപ്പെടുന്നു” (മത്തായി 11,5) 

ആകമാന മനുഷ്യനെ വലയം ചെയ്യുന്ന രക്ഷ          

ഈ വിവരണം കാണിച്ചു തരുന്നത് രക്ഷ സമഗ്രമനുഷ്യനെ ആശ്ലേഷിക്കുന്നുവെന്നും അവനെ പുര്‍ജനിപ്പിക്കുകയും ചെയ്യുന്നു. ഈ പുതു ജനനം അതിലുള്‍ക്കൊള്ളുന്ന ആനന്ദത്തോടൊപ്പം തന്നെ നാം നമ്മോടു നമ്മിലുള്ള പാപത്തോടും മരിക്കണം എന്ന മുന്‍വ്യവസ്ഥയും വയ്ക്കുന്നു. ഇവിടെ നിന്നാണ് മാനസാന്തരത്തിനുള്ള ആഹ്വാനം ഉയരുന്നത്. മാനസാന്തരം സ്നാപകയോഹന്നാന്‍റെയും യേശുവിന്‍റെയും പ്രഘോഷണത്തിന്‍റെ അടിസ്ഥാനമാണ്. പ്രത്യേകിച്ച് ദൈവത്തെക്കുറിച്ച് നമുക്കുള്ള സങ്കല്പം മാറ്റുകയാണത്. യേശുവിനോട് സ്നാപകന്‍ ഉന്നയിക്കുന്ന ചോദ്യത്തിലൂടെ ആഗമന കാലം ഇതിന് നമുക്കു പ്രചോദനം പകരുന്നു. സ്നാപകന്‍ യേശുവിനോടു  ചോദിക്കുന്നത് ഇതാണ്: ”വരാനിരിക്കുന്നവന്‍ നീ തന്നെയോ? അതോ, ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ?” (മത്തായി 11,3). നമുക്കൊന്നു ചിന്തിക്കാം. സ്നാപകയോഹന്നാന്‍ ജീവിതകാലം മുഴുവനും മിശിഹായെ പ്രതീക്ഷിച്ചിരിക്കയായിരുന്നു; അദ്ദേഹത്തിന്‍റെ ജീവിത ശൈലിക്കും അദ്ദേഹത്തിന്‍റെ  ശരീരത്തിനു തന്നെയും രൂപം നല്കിയത്  ഈ കാത്തിരിപ്പാണ്. അതുകൊണ്ടുകൂടിത്തന്നെയാണ് യേശു ഇപ്രകാരം പ്രകീര്‍ത്തിക്കുന്നത്: “സ്ത്രീകളില്‍ നിന്ന് ജനിച്ചവരില്‍ സ്നാപകനെക്കാള്‍ വലിയവനില്ല” (മത്തായി 11,11). എന്നിരുന്നാല്‍ തന്നെയും അവനും യേശുവിനെ തിരച്ചറിയേണ്ടിയിരുന്നു. യോഹന്നാനെ പോലെ നമ്മളും, ദൈവം എളിയവനും കാരുണ്യവാനുമായ യേശുക്രിസ്തുവില്‍ സ്വീകരിച്ച വദനം തിരിച്ചറിയാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.

കൃപയുടെ സമയം

ആഗമനകാലം കൃപയുടെ സമയമാണ്. ദൈവത്തില്‍ വിശ്വസിച്ചതുകൊണ്ടു മാത്രം പോരാ, നമ്മുടെ വിശ്വാസം അനുദിനം ശുദ്ധീകരിക്കുകയും വേണമെന്ന് ഈ കാലം നമ്മോടു പറയുന്നു. ഒരു കഥയിലെ കഥാപാത്രത്തെയല്ല, പ്രത്യുത, നമ്മോടു ചോദ്യം ചെയ്യുകയും നമ്മെ പങ്കുചേര്‍ക്കുകയും ചെയ്യുന്ന ഒരു ദൈവത്തെ സ്വീകരിക്കാനുള്ള ഒരുക്കമാണ് ഇത്. ആ ദൈവത്തിനു മുന്നില്‍ ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടിയരിക്കുന്നു. പുല്‍ക്കൂട്ടില്‍ ശയിക്കുന്ന ദിവ്യ ഉണ്ണിയ്ക്ക് ഏറ്റം ആവശ്യത്തിലിരിക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാരുടെയും പാവപ്പെട്ടവരുടെയും വദനമാണ് ഉള്ളത്. മനുഷ്യാവതാരരഹസ്യത്തിന്‍റെ സവിശേഷാനുകൂല്യം ലഭിച്ചവരാണവര്‍. കൂടുതലും അവരാണ്, നമ്മുടെ മദ്ധ്യെയുള്ള ദൈവത്തിന്‍റെ  സാന്നിധ്യം തിരിച്ചറിയുന്നത്.

കന്യകാമറിയത്തിന്‍റെ സഹായം

നമ്മുടെ രോഗങ്ങള്‍ സൗഖ്യമാക്കാനും തന്‍റെ  സന്തോഷം നമുക്കേകാനും  വന്നവനും വീണ്ടും വരാനിരിക്കുന്നവനുമായവന് ഹൃദയത്തില്‍ ഇടം ഒരുക്കാനും തിരുപ്പിറവിയോട് നാം അടുത്തുകൊണ്ടിരിക്കുന്ന വേളയില്‍ ബാഹ്യവസ്തുക്കളാല്‍ ഏകാഗ്രത നഷ്ടപ്പെടാതിരിക്കാനും പരുശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ.        

ഈ വാക്കുകളില്‍ തന്‍റെ സന്ദേശം ഉപസംഹരിച്ച പാപ്പാ തുടര്‍ന്ന് കര്‍ത്താവിന്‍റെ  മാലാഖ എന്ന പ്രാര്‍ത്ഥന നയിക്കുകയും ആശീര്‍വാദം നല്കുകയും ചെയ്തു.  ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ ഇറ്റലിയിലും ലോകത്തിന്‍റെ ഇതരഭാഗങ്ങളിലും നിന്നെത്തിയിരുന്നവരെ പ്രത്യേകം അഭിവാദ്യം ചെയ്തു.

ഉണ്ണിയേശുവിന്‍റെ രൂപങ്ങള്‍ ആശീര്‍വ്വദിക്കുന്നതിനായി കൊണ്ടുവന്നിരുന്ന കുട്ടികളോട് അത് ഉയര്‍ത്തിപ്പിടിക്കാന്‍ ആവശ്യപ്പെട്ട പാപ്പാ താന്‍ അവ ഹൃദയപൂര്‍വ്വം   ആശീര്‍വ്വദിക്കുന്നുവെന്നു വെളിപ്പെടുത്തി.

പുല്‍ക്കൂട് സജീവ സുവിശേഷം പോലെയാണെന്നു പറഞ്ഞ പാപ്പാ തിരുപ്പിറവി രംഗത്തെക്കുറിച്ചു ധ്യാനിക്കുമ്പോള്‍ നാം, മനുഷ്യനുമായി കൂടിക്കാഴ്ച നടത്തുന്നതിന് മനുഷ്യാവതാരം ചെയ്ത ദൈവവമായ യേശുവിന്‍റെ എളിമയാല്‍ ആകര്‍ഷിതരായി ആദ്ധ്യാത്മികമായി മുന്നേറണമെന്ന് ഓര്‍മ്മിപ്പിച്ചു.

നമ്മോടൊന്നായിത്തീരത്തക്കവിധം അത്രമാത്രം യേശു നമ്മെ സ്നേഹിക്കുന്നുവെന്നും അത് നമ്മളും അവിടത്തോട് ഒന്നായിത്തീരുന്നതിനുവേണ്ടിയാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

അമ്പത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ്

ഹങ്കറിയുടെ തലസ്ഥാനമായ ബുദ്ധാപെസ്റ്റ് 2020 സെപ്റ്റംബര്‍ 13-20 വരെ അമ്പത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് ആതിഥ്യമരുളുന്നതും പാപ്പാ അനുസ്മരിച്ചു.

സഭയുടെ ജീവിതത്തിന്‍റെ കേന്ദ്രം ദിവ്യകാരുണ്യമാണെന്ന് ദിവ്യകാരുണ്യ കോണ്‍ഗ്രസ്സുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് പാപ്പാ പറഞ്ഞു.

“എന്‍റെ എല്ലാ ഉറവകളും നിന്നിലാണ്”. എണ്‍പത്തിയേഴാം സങ്കീര്‍ത്തനത്തിലെ ഏഴാമത്തെതായ ഈ വാക്യം അമ്പത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ ആദര്‍ശ പ്രമേയമായി സ്വീകരിച്ചിരിക്കുന്നതും പാപ്പാ അനുസ്മരിച്ചു.

ബുദ്ധാപെസ്റ്റില്‍ നടക്കാന്‍ പോകുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് ക്രീസ്തീയ സമൂഹങ്ങളുടെ നവികരണ പ്രക്രിയയ്ക്ക് പ്രചോദനമേകട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.  

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും  ശുഭ ഞായറും നല്ല തിരുപ്പിറവി  നൊവേനയും ആശംസിക്കുകയും ഉണ്ണിയേശുവിന്‍റെ രൂപങ്ങള്‍ പുല്‍ക്കൂടുകളിലേക്കു കൊണ്ടുപോകാന്‍ ബാലികാബാലന്മാര്‍ക്ക് പ്രചോദനം പകരുകയും ചെയ്തു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന തുടര്‍ന്ന് നവീകരിച്ച പാപ്പാ അതിനുശേഷം, എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാം, “അരിവെദേര്‍ച്ചി" (arrivederci) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 December 2019, 12:03