റോമിലെ ഫിലിപ്പീനിയാക്കാരുടെ സമൂഹത്തിനായി ഫ്രാൻസിസ് മാർപാപ്പാ  ദിവ്യബലി അര്‍പ്പണ വേളയില്‍... റോമിലെ ഫിലിപ്പീനിയാക്കാരുടെ സമൂഹത്തിനായി ഫ്രാൻസിസ് മാർപാപ്പാ ദിവ്യബലി അര്‍പ്പണ വേളയില്‍... 

റോമിലെ ഫിലിപ്പീനിയോ പ്രവാസി സമൂഹത്തിനായിപാപ്പായുടെ ബലിയര്‍പ്പണം

ഡിസംബർ പതിനഞ്ചാം തിയതി വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ റോമിലുള്ള ഫിലിപ്പിനോ സമൂഹത്തിനായി ഫ്രാൻസിസ് പാപ്പാ ദിവ്യബലി അർപ്പിച്ചവസരത്തിൽ അവരുടെ വിശ്വാസം പങ്കുവെയ്ക്കുന്നതിനുള്ള ഒരു പ്രത്യേക ദൗത്യം അവര്‍ക്കുണ്ടെന്ന് അവരെ ഓർമ്മിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ സന്നിഹിതരായ ഫിലിപ്പിനോ സമൂഹത്തിനു വേണ്ടി അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തിൽ ആരാധനാക്രമത്തിലെ പ്രതിവചന സങ്കീര്‍ത്തനത്തെ  അനുസ്മരിച്ച പാപ്പാ ദുർബ്ബലരായ വ്യക്തികള്‍ ദൈവത്തിൽ നിന്നുള്ള പ്രത്യേക സ്നേഹത്തിന് അർഹതയുള്ളവരാണെന്ന് ചൂണ്ടികാണിച്ചു.അടിച്ചമർത്തപ്പെട്ടവർ, വിശപ്പനുഭവിക്കുന്നവർ, തടവുകാർ, വിദേശികൾ, അനാഥർ, വിധവകൾ എന്നിവരെ പരാമർശിച്ച പാപ്പാ “ഇവരാണ് പ്രാന്തപ്രദേശങ്ങളിലെ ഇന്നലത്തെയും ഇന്നത്തെയും നിലനില്‍ക്കുന്ന നിവാസികൾ” എന്ന് വ്യക്തമാക്കി.

ലോകം മുഴുവനും  ഇമ്മാനുവേലിന്‍റെ  മനുഷ്യാവതാര രഹസ്യത്തെ ആഘോഷിക്കുവാൻ ഒരുങ്ങി കൊണ്ടിരിക്കുന്നു. ക്രിസ്തുമസ് എന്ന അത്ഭുതത്തെ ആണ്ടുതോറും നവീകരിക്കാൻ ദൈവത്തോടു അപേക്ഷിക്കാം. ഏറ്റവും നിസ്സാരരോടും താഴ്ന്നവരോടും ദൈവത്തിന്‍റെ കരുണാദ്രമായ സ്നേഹത്തിന്‍റെ ഉപകരണങ്ങളായി നമ്മെ സ്വയം സമർപ്പിക്കാം. പാപ്പാ അഭിപ്രായപ്പെട്ടു. പ്രതീക്ഷയുടെ ഒരവബോധം നമ്മുടെ ഹൃദയത്തിൽ ഉണർത്താനും നമ്മുടെ പ്രാർത്ഥനയെ ബലപ്പെടുത്താനും ആഗമനകാലത്തിൽ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

ഫിലിപ്പീനിയാക്കാരും സിംബാങ്-ഗാബിയും

നൂറ്റാണ്ടുകളായി ഫിലിപ്പൈന്‍സിൽ ക്രിസ്തുമസ് ഒരുക്കത്തിനായി ഒമ്പതു ദിവസങ്ങളിൽ നൊവേന നടത്തപ്പെട്ടുവരുന്നു. അതിനെ സിംബാങ്-ഗാബി (പാതിരാ കുർബ്ബാന) എന്നാണ് വിളിക്കുന്നത്. നൊവേന ദിവസങ്ങളിൽ ഫിലിപ്പൈന്‍സ് വിശ്വാസികൾ അവരവരുടെ ഇടവകകളിൽ പ്രത്യേക ദിവ്യബലിയില്‍ പങ്കുകൊള്ളുന്നുവെന്നും അടുത്ത ദശകങ്ങളിലായി ഈ ഭക്തി ദേശീയ അതിർത്തികൾ കടന്ന് ഇറ്റലി, വത്തിക്കാൻ എന്നിവയുൾപ്പെടെ മറ്റ് പല രാജ്യങ്ങളിലും എത്തിയിരിക്കുന്നുവെന്നും അതിനെ പ്രതി ഫിലിപ്പിനിയാക്കാരായ കുടിയേറ്റക്കാർക്ക് പാപ്പാ നന്ദി പറയുകയും ചെയ്തു.  ഈ ആഘോഷത്തിലൂടെ, എല്ലാവരോടും, പ്രത്യേകിച്ച് ഏറ്റവും ദുർബ്ബലായവരോടു ദൈവസ്നേഹവും, ആർദ്രതയും പ്രകടിപ്പിക്കാൻ നാം സ്വയം പ്രതിജ്ഞാബദ്ധരാണെന്ന് പാപ്പാ വ്യക്തമാക്കി.

പ്രത്യേക ദൗത്യം

മെച്ചപ്പെട്ട ഒരു ഭാവി അന്വേഷിച്ച് റോമിലുള്ള ഫിലിപ്പിനിയന്‍ സമൂഹം സ്വന്തം ഭൂമി വിട്ടു ഇറ്റലിയിലായിരിക്കുന്നു എന്ന് സൂചിപ്പിച്ച പാപ്പാ അവർക്കു ഒരു പ്രത്യേക ദൗത്യമുണ്ടെന്നും ഓർമ്മിപ്പിച്ചു. "നിങ്ങളുടെ വിശ്വാസം നിങ്ങൾ ഇപ്പോളായിരിക്കുന്ന ഇടവക സമൂഹങ്ങളിലെ പുളിമാവ് പോലെയാണ്. നിങ്ങളുടെ ആത്മീയതയുടെയും സംസ്കാരത്തിന്‍റെയും സമ്പന്നത പങ്കുവയ്ക്കാൻ ലഭിക്കുന്ന എല്ലാ അവസരങ്ങളെയും വളര്‍ത്തണമെന്നും അതോടൊപ്പം സ്വയം സമ്പുഷ്ടമാക്കുവാൻ മറ്റുള്ളവരെ അവരുടെ അനുഭവങ്ങളെ പങ്കുവയ്ക്കാൻ അനുവദിക്കണമെന്നും പാപ്പാ നിർദ്ദേശിച്ചു.

ദൈവരാജ്യത്തിന്‍റെ അടയാളങ്ങളെ നവീകരിക്കാൻ നമുക്ക് ലഭിച്ചിരിക്കുന്ന ദാനങ്ങളെ വിനിയോഗിച്ചു കൊണ്ട് ഒരുമിച്ചു  പ്രാന്ത പ്രദേശങ്ങളിൽ കഴിയുന്ന സഹോദരങ്ങള്‍ക്കായി ഉപവി പ്രവർത്തനങ്ങൾ ചെയ്യുവാൻ അതിനായി പരിശീലിക്കപ്പെടാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. എല്ലാ ഭാഷകളിലും സുവിശേഷം പ്രഘോഷിക്കുവാനും, രക്ഷയുടെ സദ്വാർത്ത അറിയിക്കുവാനും സാധ്യമാകുന്നത്ര ജനങ്ങളിലേക്ക് എത്തിച്ചേരാനുമായി നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ട് പാപ്പാ തന്‍റെ വചന സന്ദേശം ഉപസംഹരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 December 2019, 15:59