ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍, പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയില്‍ 11/12/2019 ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍, പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയില്‍ 11/12/2019 

ക്രിസ്തീയവിരുദ്ധ പീഢനം ലോകത്തില്‍ അഭംഗുരം തുടരുന്നു!

തന്നെ ബന്ധിച്ചിരിക്കുന്ന ചങ്ങലയെയും വിശ്വാസത്തിന്‍റെ നയനങ്ങളോടെ ദര്‍ശിക്കത്തക്കവിധം ശക്തമായ പൗലോസിന്‍റെ ക്രിസ്തുവിശ്വാസം! പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

റോമില്‍ ശൈത്യം ആധിപത്യമുറപ്പിച്ചു തുടങ്ങിയതിനാല്‍ ഈ ബുധനാഴ്ച (11/12/19) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയായിരുന്നു ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ വേദി. വവിധരാജ്യാക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ എണ്ണായിരത്തിലേറെപ്പേര്‍ ശാലയില്‍ സന്നിഹിതരായിരുന്നു. പൊതുദര്‍ശനം അനുവദിക്കുന്നതിനായി പാപ്പാ, ശാലയില്‍ പ്രവേശിച്ചപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദാരവങ്ങള്‍ ഉയര്‍ന്നു.  ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, നീങ്ങിയ പാപ്പാ കുഞ്ഞുങ്ങളെ തലോടി ചുംബിച്ച് ആശീര്‍വ്വദിക്കുന്നുണ്ടായിരുന്നു. ചിലര്‍ക്ക് ഹസ്തദാനമേകുകയും ചിലരോടു കുശലനാന്വേഷണം നടത്തുകയും ചെയ്ത പാപ്പാ ചിലര്‍ നല്കിയ ചെറുസ്നേഹോപഹാരങ്ങള്‍ സ്വീകരിക്കുന്നുമുണ്ടായിരുന്നു. പാപ്പാ നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ ഏതാണ്ട് 09.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2- മണിക്ക് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

“അഗ്രിപ്പാ രാജാവിന്‍റെ മുമ്പില്‍ നിന്ന് വിശുദ്ധ പൗലോസ് പറഞ്ഞു: “(22) ഇന്നുവരെ ദൈവത്തില്‍നിന്നുള്ള സഹായം എനിക്കുണ്ട്. അതുകൊണ്ടുതന്നെയാണ് വലിയവരുടെയും ചെറിയവരുടെയും മുമ്പില്‍ സാക്ഷ്യം നല്കിക്കൊണ്ട് ഞാന്‍ ഇവിടെ നില്ക്കുന്നതും.(23) ക്രിസ്തു പീഡനം സഹിക്കണമെന്നും മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റവനായി ജനത്തോടും വിജാതീയരോടും പ്രകാശത്തെ വിളംബരം ചെയ്യണമെന്നും പ്രവാചകന്മാരും മോശയും പ്രവചിച്ചിട്ടുള്ളതല്ലാതെ മറ്റൊന്നും ഞാന്‍ പ്രസംഗിക്കുന്നില്ല" (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 26:22,23)
ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, അപ്പസ്തോല പ്രവര്‍ത്തനങ്ങളെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന  പ്രഭാഷണത്തിന്‍റെ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം‌,‍
സുവിശേഷപ്രയാണം ലോകത്തില്‍ തുടരുന്നതു അപ്പസ്തോലപ്രവര്‍ത്തനഗ്രന്ഥ പാരായണത്തില്‍ നാം കാണുന്നു. വിശുദ്ധ പൗലോസിന്‍റെ സാക്ഷ്യം എന്നും ഉപരിയുപരി സഹനത്താല്‍ മുദ്രിതമായിരുന്നു. സമയം കടന്നു പോകുന്തോറും പൗലോസിന്‍റെ ജീവിതത്തില്‍ ഇത് വര്‍ദ്ധമാനമാകുന്നു. തീക്ഷ്ണതാഭരിതനായ സുവിശേഷപ്രഘോഷകനും വിജാതീയര്‍ക്കിടയില്‍ പുത്തന്‍ ക്രൈസ്തവസമൂഹങ്ങള്‍ക്ക് ജന്മമേകിയ ധീരനായ പ്രേഷതിനും മാത്രല്ല ഉത്ഥിതന്‍റെ സഹനസാക്ഷിയും ആയിരുന്നു പൗലോസ്.

വിശുദ്ധ പൗലോസ് ജറുസലേം നഗരത്തില്‍

ജെറുസലേമില്‍ പൗലോസപ്പസ്തോലന്‍ എത്തുന്ന സംഭവം അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ ഇരുപത്തിയൊന്നാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നു. ജനങ്ങള്‍ പൗലോസിനെതിരെ ശബ്ദമുയര്‍ത്തുന്നു. അവന്‍ മര്‍ദ്ദകനാണെന്നും അവനെ വിശ്വസിക്കരുതെന്നും അവര്‍ പറയുന്നു. യേശുവിന്‍റെ കാര്യത്തിലും എങ്ങനെയായിരുന്നോ അപ്രകാരം തന്നെ പൗലോസിനോടും ജറുസലേം നഗരം ശത്രുതകാട്ടി. ദേവലായത്തിലെത്തിയ പൗലോസിനെ തിരച്ചറിഞ്ഞ ജനക്കൂട്ടം പിടിച്ചു വലിച്ചു പുറത്തുകൊണ്ടുവരികയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. റോമന്‍ പടയാളികളെത്തി പൗലോസിനെ രക്ഷിക്കുന്നു. എന്നാല്‍ നിയമത്തിനും ദേവാലയത്തിനും എതിരായി പഠിപ്പിച്ചു എന്ന കുറ്റാരോപിതനായ പൗലോസ് കാരാഗൃഹത്തിലായി.

തടവറ യാത്ര

അങ്ങനെ കാരഗൃഹവാസിയുടെതായ യാത്ര പൗലോസ് ആരംഭിക്കുന്നു. ആദ്യം ആലോചനസംഘത്തിന്‍റെ മുന്നിലും പിന്നീട് കേസറിയായിലെ റോമന്‍ ദേശാധിപതിയുടെ അടുത്തും അവസാനം അഗ്രിപ്പാ രാജാവിന്‍റെ മുന്നിലും പൗലോസിനെ കൊണ്ടുപോയി. യേശുവും പൗലോസും തമ്മിലുള്ള സാമ്യം ലൂക്കാ എടുത്തുകാട്ടുന്നു. ഇരുവരും ശത്രുക്കളുടെ വിദ്വേഷത്തിനു പാത്രങ്ങളായി, രണ്ടുപേര്‍ക്കുമെതിരെ പരസ്യമായി കുറ്റമാരോപിക്കപ്പെട്ടു. ഇരുവരുടെയും നിരപരാധിത്വത്തെക്കുറിച്ച് സാമ്രാജ്യാധികാരികള്‍ക്ക് ബോധ്യമുണ്ടായിരുന്നു. അങ്ങനെ പൗലോസ് സ്വന്തം ഗുരുവിന്‍റെ സഹനത്തില്‍ പങ്കുചേര്‍ന്നു. ഈ സഹനം സജീവസുവിശേഷമായി പരിണമിച്ചു.

ഉക്രയിനിലെ പീഡിത ക്രൈസ്തവര്‍

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നിന്നാണ് ഞാന്‍ ഇപ്പോള്‍ വന്നത്. ഉക്രയിനിലെ ഒരു രൂപതയില്‍ നിന്നെത്തിയ തീര്‍ത്ഥാടകരുമായി ബസിലിക്കയില്‍ വച്ച് ഞാന്‍ കൂടിക്കാഴ്ച നടത്തി. സുവിശേഷത്തെ പ്രതി പീഡിപ്പിക്കപ്പെട്ട ജനതയാണത്. അവര്‍ എത്രമാത്രം പിഢിപ്പിക്കപ്പെട്ടു. എന്നാല്‍ അവര്‍ വിശ്വാസത്തിന്‍റെ കാര്യത്തില്‍ സന്ധിചെയ്തില്ല. ഇന്ന് ലോകത്തില്‍, യൂറോപ്പിലും നിരവധി ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്.
ആരോപണങ്ങള്‍ക്കെതിരെ വാദിക്കാന്‍ പൗലോസ് വിളിക്കപ്പെടുന്നു. അവസാനം, അഗ്രിപ്പാ രണ്ടാമന്‍ രാജാവിന്‍റെ സാന്നിധ്യത്തില്‍ പൗലോസിന്‍റെ ന്യായവാദങ്ങള്‍ വിശ്വാസത്തിന്‍റെ ഫലദായക സാക്ഷ്യമായി പരിണമിക്കുന്നു.തുടര്‍ന്ന് പൗലോസ്, തന്‍റെ മാനസാന്തരത്തിന്‍റെ കഥപറയുന്നു. ഉത്ഥിതന്‍ അവനെ ക്രിസ്ത്യാനിയാക്കുകയും ജനതകള്‍ക്കിടയില്‍ പ്രേഷിതനായിരിക്കുകയെന്ന ദൗത്യം ഏല്പിക്കുകയും ചെയ്തു. “അത് അവരുടെ കണ്ണുകള്‍ തുറപ്പിക്കാനും അതുവഴി അവര്‍ അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്കും സാത്താന്‍റെ ശക്തിയില്‍ നിന്ന് ദൈവത്തിലേക്കും തരിയാനും പാപമോചനം സ്വീകരിക്കാനും ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ വിശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയില്‍ അവര്‍ക്കും സ്ഥാനം ലഭിക്കാനും വേണ്ടിയാണ്” (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 26,18) 

അഗ്രിപ്പാ രാജാവിന്‍റെ മനസ്സിനെ തൊട്ട സാക്ഷ്യം

പൗലോസിന്‍റെ തീക്ഷ്ണതയേറിയ സാക്ഷ്യം അഗ്രിപ്പാരാജാവിന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചു. രാജാവ് പൗലോസിനോട് ഇപ്രകാരം ചോദിക്കുന്നു: “എളുപ്പത്തില്‍ എന്നെ ക്രിസ്ത്യാനി ആക്കാമെന്നാണോ”? തുടര്‍ന്ന് നിരപരാധിയാണെന്ന് വിധിക്കപ്പെടുന്നു. എന്നാല്‍ സീസറിന്‍റെ മുമ്പില്‍ ഉപരിവിചാരണയ്ക്ക് അപേക്ഷിച്ചിരുന്നതിനാല്‍ പൗലോസിനെ വിട്ടയയ്ക്കാനാകുന്നില്ല. അങ്ങനെ വചനത്തിന്‍റെ അഭംഗുരയാത്ര റോമാ നഗരത്തിലേക്കു നീങ്ങുന്നു. ചങ്ങലയാല്‍ ബന്ധിതനായി പൗലോസ് ഇവിടെ, റോമില്‍ എത്തുന്നു.
ആ നിമിഷം മുതല്‍ പൗലോസിന്‍റെ രൂപം ഒരു തടവുകാരന്‍റെതാണ്. പൗലോസിന്‍റെ ചങ്ങലയാകട്ടെ അപ്പസ്തോലന് സുവിശേഷത്തോടുളള വിശ്വാസ്തതയുടെയും ഉത്ഥിതനേകിയ സാക്ഷ്യത്തിന്‍റെയും അടയാളവും.

വിശ്വാസ തീവ്രത

തീര്‍ച്ചയായും അപ്പസ്തോലന് അപമാനകരമായ ഒരു പരീക്ഷണമായിരുന്നു ഈ ചങ്ങല. കാരണം അത് അദ്ദേഹത്തിന് ലോകത്തിനു മുന്നില്‍ ഒരു കുറ്റവാളിയുടെ പരിവേഷമാണ് ചാര്‍ത്തുന്നത്. എന്നാല്‍ ഈ ചങ്ങലയെയും വിശ്വാസത്തിന്‍റെ നയനങ്ങളോടെ ദര്‍ശിക്കത്തക്കവിധം അത്രമാത്രം ശക്തമായിരുന്നു പൗലോസിന് ക്രിസ്തുവിനോടുള്ള സ്നേഹം.
പ്രിയ സഹോദരീസഹോദരന്മാരേ, പരീക്ഷണവേളയില്‍ സ്ഥൈര്യമുള്ളവരായിരിക്കാനും വിശ്വാസത്തിന്‍റെ നയനങ്ങളാല്‍ എല്ലാം വായിച്ചെടുക്കാന്‍ പ്രാപ്തരാകാനും പൗലോസ് നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കാനും ക്രൈസ്തവരായിരിക്കാനും കര്‍ത്താവിന്‍റെ ശിഷ്യരായിരിക്കാനും പ്രേഷിതരായിരിക്കാനുമുള്ള നമ്മുടെ വിളിയോട് അങ്ങേയറ്റം വിശ്വസ്തത പുലര്‍ത്തുന്നതിന് നമ്മെ സഹായിക്കാന്‍ അപ്പസ്തോലന്‍റെ മാദ്ധ്യസ്ഥ്യം വഴി നമുക്കു കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം. നന്ദി.

സമാപനാഭിവാദ്യങ്ങള്‍

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.
പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, കന്യകയും നിണസാക്ഷിയുമായ വിശുദ്ധ ലൂസിയുടെ തരുന്നാള്‍ വെള്ളിയാഴ്ച (13/12/19) ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു.
ചക്രവാളത്തില്‍ പ്രസരിച്ചിരിക്കുന്ന ഉണ്ണിയേശുവിന്‍റെ പ്രകാശകിരണങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ അനുഗ്രഹമായി നിറയട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു. തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന്, എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 December 2019, 12:30