പ്രേഷിതസന്ദേശവുമായി  പാപ്പാ പ്രേഷിതസന്ദേശവുമായി പാപ്പാ 

2019 ലെ പാപ്പായുടെ യാത്രകളുടെ പ്രേഷിതസന്ദേശം

ഈ വർഷം പാപ്പാ നടത്തിയ അപ്പോസ്തോലിക യാത്രകൾ 7 എണ്ണമാണ്. 4 ഭൂഖണ്ഡങ്ങളിലായി 11 രാജ്യങ്ങൾ ഇറ്റലിക്ക് പുറത്ത് പാപ്പാ സന്ദർശിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

Maximum Illud ന്‍റെ പ്രേഷിത വിളിയും, 2019 ലെ ഫ്രാൻസിസ് പാപ്പായുടെ പ്രേഷിത യാത്രകളും

Maximum Illud ന്‍റെ  പ്രേഷിത വിളിയും, ഫ്രാൻസിസ് പാപ്പായുടെ പ്രേഷിത യാത്രകളും

ലോകയുവജന ദിനവും പാപ്പായുടെ 7 അപ്പോസ്തലീക യാത്രകളും ആമസോൺ സിനഡും ഒക്കെ വന്നു ചേർന്ന വളരെ സംഭവബഹുലമായ ഒരു വർഷം കൊഴിയുന്നു. കഴിഞ്ഞ ജൂൺ മാസത്തിൽ  ഫ്രാൻസിസ് പാപ്പാ കുട്ടികളോടു ഒരു സ്വകാര്യം പങ്കുവച്ചു. "എനിക്ക് യാത്ര ചെയ്യാൻ ഇഷ്ടമല്ല". പിന്നെ എങ്ങനെയാണ് പാപ്പായുടെ യാത്രകൾ ഈ വർഷം വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ 1982 ലെ റെക്കോഡിലേക്ക് എത്തിയത്. ഈ വർഷം പാപ്പാ നടത്തിയ അപ്പോസ്തോലിക യാത്രകൾ 7 എണ്ണമാണ്. 4 ഭൂഖണ്ഡങ്ങളിലായി 11 രാജ്യങ്ങൾ ഇറ്റലിക്ക് പുറത്ത് പാപ്പാ സന്ദർശിച്ചു. യാത്ര ഇഷ്ടപ്പെടാത്ത പാപ്പായ്ക്ക് ഇതെങ്ങനെ എന്ന്  നമുക്ക് ചിന്തിക്കാം.

ക്രിസ്തീയ ജീവിതത്തെ ഒരു യാത്രയായി വിഭാവനം ചെയ്യുന്ന പാപ്പായുടെ ഈ യാത്രകളെ ഒന്ന് ആഴത്തിൽ വിശകലനം ചെയ്യുന്നതിന് മുമ്പ് പാപ്പായാകുന്നതിന് മുമ്പുള്ള അർജന്‍റീനയുടെ ആർച്ചുബിഷപ്പായിരുന്ന ജോർജ്ജ് മരിയോ ബെർഗോളിയോ എങ്ങനെയായിരുന്നു എന്ന് പറയുന്നതായിരിക്കും ഉചിതം. തന്‍റെ രൂപതയിൽ നിന്നും ഒരിക്കലും വിട്ടുമാറാത്ത ഒരാളായിരുന്നു അദ്ദേഹം എന്നതാണ് വാസ്തവം. വളരെ കുറച്ച് അന്തർദ്ദേശീയ യാത്രകൾ മാത്രം. അവയിൽ അധികവും ലാറ്റിന്‍ അമേരിക്കാ അല്ലെങ്കിൽ സിനഡുകൾക്കും മറ്റുമായി റോമിലേക്കും. പക്ഷേ അദ്ദേഹം തന്‍റെയുള്ളിൽ തന്‍റെ തന്നെ സഹോദരനായ ഈശോസഭാ വൈദീകൻ വിശുദ്ധ ഫ്രാൻസിസ് സേവ്യറെ പോലെ ഒരു മിഷനറിയാകാനുള്ള ആഗ്രഹം കാത്തിരുന്നു. അതിനാൽ തന്നെ യാത്രികന്‍റെ ആത്മീയതയും, മിഷനറി ചൈതന്യവും ഉള്ളിൽ നിറച്ചു വച്ചിരുന്നു. തന്‍റെ രൂപതയിൽ സത്യത്തിൽ പറഞ്ഞാൽ അദ്ദേഹം ഒരിക്കലും വെറുതെ നിന്നിരുന്നില്ല. എപ്പോഴും പൊതു വാഹനങ്ങളിൽ രൂപത മുഴുവനും എത്തിയിരുന്ന അദ്ദേഹത്തെ പാപ്പായായി തിരഞ്ഞെടുത്ത ശേഷം അദ്ദേഹം സാധാരണ ബസിൽ യാത്ര ചെയ്തിരുന്ന ഫോട്ടോകൾ എത്ര ആശ്ചര്യമായി നമ്മൾ കണ്ടിരുന്നു.

പുതിയ പാപ്പാ വൈദീക വേഷത്തിൽ ബസ്സിൽ ഒരു സാധാരണ  യാത്രക്കാരനാവുക എന്നതും ആശ്ചര്യം തന്നെ.  പട്ടണമദ്ധ്യത്തേക്കാൾ, തന്‍റെ ജനങ്ങളുടെയിടയിൽ, തന്‍റെ സമയം, അസ്തിത്വത്തിന്‍റെ പുറമ്പോക്കുവാസികളോടൊപ്പം ചിലവഴിക്കാൻ ഇഷ്ടപ്പെട്ടിരുന്ന  കാൽനടക്കാരനായ ഒരു മെത്രാൻ, പിന്നീട് ആഗോള സഭയുടെ ഇടയനായപ്പോൾ ലോകമാണ് തന്‍റെ രൂപതയെന്നും, അർജന്‍റീനയിലെ തന്‍റെ രൂപതയിൽ താൻ ചെയ്തതുപോലെ ഈ വിപുലമായ രൂപതയിലും നടന്നേ ഒക്കൂ എന്നും ഉള്ളിൽ തീരുമാനിച്ചിരിക്കണം. കാരണം അന്ന് കുട്ടികളോടു പറഞ്ഞ കൂട്ടത്തിൽ പാപ്പാ കൂട്ടിച്ചേർത്തിരുന്നു, "സൂപ്പിഷ്ടമല്ലേ, എന്നാല്‍ രണ്ടു കപ്പു കുടിക്കണം" എന്ന്  മാതാപിതാക്കൾ പറയും പോലെയാണ് തന്‍റെ അവസ്ഥ എന്ന്. അതോടൊപ്പം മറ്റൊന്നുകൂടി പാപ്പാ പറഞ്ഞു, യാത്രയിൽ ധാരാളം ആളുകളെ കണ്ടു മുട്ടുന്നു. അവരിൽ നിന്ന് പഠിക്കുന്നു എന്ന്. സത്യത്തിൽ ഫ്രാൻസിസ് പാപ്പായുടെ യാത്രകളുടെ അടിസ്ഥാനം ഇതാണ്. ജനങ്ങളെ കണ്ടുമുട്ടുക, അവരുടെ സാഹചര്യങ്ങളിൽ നിന്ന് അവരെ മനസ്സിലാക്കുക, പഠിക്കുക.

ഇക്കൊല്ലത്തെ യാത്രകൾക്ക് പിന്നിൽ വളരെ അർത്ഥഗർഭമായ മറ്റൊരു കാര്യം കൂടിയുണ്ട്. ബനഡിക്ട് പതിനഞ്ചാമൻ പാപ്പായുടെ Mximum Illud എന്ന മിഷനറി പ്രവർത്തനങ്ങളെക്കുറിച്ചെഴുതിയ ചാക്രീക ലേഖനത്തിന്‍റെ ശതവാർഷികം. അങ്ങനെ തന്‍റെ ഈ വർഷം യാത്രകളിലൂടെ പാപ്പാ കർത്താവിന്‍റെ മിഷനറി ശിഷ്യത്വത്തിന്‍റെ മാതൃകയായി മാറുന്നു. കൂടാതെ വാഷിംഗ്‌ടൺ പോസ്റ്റ് എഴുതിയത് പോലെ തന്‍റെ യാത്രകളിൽ ജീവിത അസ്തിത്വത്തിന്‍റെ പുറമ്പോക്കുകളിലെത്തി  സുവിശേഷവൽക്കരണത്തിന്‍റെ  നവീകരണത്തിന്‍റെ ആവശ്യകത സഭയുടെയും ലോകത്തിന്‍റെയും മുന്നിൽ എത്തിക്കുന്നു.

പാപ്പായുടെ 7 അപ്പോസ്തലീക യാത്രകൾ

ഫ്രാൻസിസ് പാപ്പായുടെ ഈ വർഷത്തെ 7 യാത്രകളെ വളരെ പ്രതീകാത്മകമായി കാണാനാണ് ആഗ്രഹിക്കുന്നത്.

പനാമയിലേക്ക് സഭയുടെ "ഇന്നുകളോടൊപ്പം "

 2019ലെ ആദ്യ യാത്ര തന്നെ ലോകയുവജന ദിനവുമായി ബന്ധപ്പെട്ടായിരുന്നു. യുവജന സിനഡു കഴിഞ്ഞ്  ക്രിസ്തു ജീവിക്കുന്നു എന്നും നമ്മുടെ പ്രത്യാശയായി ലോകത്തിന് തന്നെ യുവത്വം പകർന്ന് യുവാക്കളോടൊപ്പം ഒരിക്കലും അവരെ തഴയാത്ത യേശുവിനെക്കുറിച്ചും യുവജനങ്ങളുടെ സഭയിലെ സാന്നിധ്യം സഭയ്ക്കു പകരുന്ന യുവത്വത്തെക്കുറിച്ചും അവരെ ശ്രവിക്കേണ്ടതും അവരോടൊപ്പം അനുയാത്ര ചെയ്യേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും തന്‍റെ Christus Vivit ൽ രേഖപ്പെടുത്തിയ അദ്ദേഹത്തിന്‍റെ പനാമയിലേക്കുള്ള യാത്ര യുവജനങ്ങളോടൊപ്പമുള്ള സഭയുടെ  നവയാത്രയുടെ തുടക്കമായി. അവിടെ, യുവജനങ്ങളാണ് ലോകത്തിന്‍റെയും സഭയുടേയും ഇന്നും നാളെയും എന്ന് ലോകത്തോട് പ്രഖ്യാപിക്കാൻ പാപ്പാ മടി കാണിച്ചില്ല. ലോകത്തിൽ നിന്നുള്ള മുഴുവൻ യുവജനങ്ങളും ഒരുമിച്ച് കൊടികളുയർത്തി ആഘോഷിച്ച യുവജന ദിനത്തെ പറ്റി പിന്നീട് പാപ്പാ പറഞ്ഞത് പരസ്പരം ഏറ്റുമുട്ടുന്ന ദേശീയതയുടെ വൈരുദ്ധ്യത മതിലുകൾ തീർക്കുന്ന സാർവ്വലൗകീകതയുടെ പരസ്പര കണ്ടുമുട്ടൽ വിലക്കുകൾക്ക് നൽകുന്ന വിപരീത സംസ്ക്കാരമാണ് യുവജന സംഗമമെന്നാണ്. ഒരുതരം പുളിമാവ്. ലോകത്തെ സാർവ്വ സാഹോദര്യ പരസ്പര കൂടിക്കാഴ്ചയുടെ സംസ്കാരത്തിലേക്ക് ഉയർത്തുന്ന ഒന്ന്.

സാർവ്വത്രിക സാഹോദര്യത്തിന്‍റെ അപ്പോസ്തലനായി അറേബ്യൻ നാട്ടിലേക്ക്

ദൈവത്തിന്‍റെ നാമത്തിൽ മനുഷ്യൻ മനുഷ്യനെ ഹനിക്കുന്നത് ദൈവത്തോടു തന്നെ ചെയ്യുന്ന നിന്ദയാണെന്ന് പല പ്രാവശ്യം ലോകത്തോടു വിളിച്ചു പറയാൻ ധൈര്യം കാട്ടിയ പാപ്പായ്ക്ക് മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വം ഏറ്റം പ്രധാനമാണ്. ദൈവത്തിന്‍റെ തന്നെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട അവന്‍റെ മക്കൾ പരസ്പ്പരം ദൈവനാമത്തിൽ പോരടിക്കുന്നത് ഭാതൃഹത്യയാണെന്ന് തിരിച്ചറിയാൻ ലോകത്തെ ക്ഷണിക്കയായിരുന്നു പാപ്പാ തന്‍റെ സന്ദർശനം വഴി. അവിടെ യഹൂദ, ക്രിസ്തീയ, മുസ്ലിം മതങ്ങളുടെ നേതൃത്വത്തിൽ ഒപ്പുവച്ച സാർവ്വ സാഹോദര്യത്തിന്‍റെ പത്രിക വിദൂര ഫലങ്ങൾ പുറപ്പെടുവിക്കാൻ പോന്നതാണ്. പരസ്പര വിശ്വാസവും, ആത്മാർത്ഥമായ സംവാദവും മൂലം അപരന്‍റെ വ്യത്യസ്ഥതയെ ഭയക്കാതെ അവനെ മനസ്സിലാക്കാനും ആ വ്യത്യസ്ഥതയുടെ പരസ്പര പൂരകത്തെ തിരിച്ചറിയാനും അംഗീകരിക്കാനുമുള്ള ആഹ്വാനവുമായി നടത്തിയ ഒരു യാത്രയായിരുന്നു യു.എ.ഇ.ലേക്കും മൊറോക്കൊയിലേക്കും പാപ്പാ നടത്തിയത്.

എക്യുമെനിസത്തിന്‍റെ അപ്പോസ്തലനായി  ബൾഗേറിയ, വടക്കൻ മച്ചദോണിയ, റൊമാനിയായിലേക്ക്

വിവിധ മതവിശ്വാസങ്ങൾ തമ്മിൽ മാത്രമല്ല ക്രിസ്തീയ വിശ്വാസികൾ തമ്മിലും ഭിന്നതകൾ നിലനില്‍ക്കുന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കുകയും ഐക്യത്തിനായി പരിശ്രമിക്കുകയും ചെയ്യുന്നത് സഭയുടെ ദീർഘകാല പ്രയത്നയാണ്. സമാധാനത്തിന്‍റെ ദൂതനായി സഞ്ചരിക്കുന്ന ഫ്രാൻസിസ് പാപ്പാ ഇക്കാര്യത്തിൽ ഒരിക്കലും പിന്നോട്ടു പോയിട്ടില്ല. തന്‍റെ അപ്പോസ്തലീക യാത്രയ്ക്ക് തിരഞ്ഞെടുക്കുന്ന രാജ്യങ്ങൾ പോലും അത്തരം സാധ്യതകളെ മുൻകൂട്ടി കാണുകയും പരസ്പര കൂടിക്കാഴ്ചകൾക്കും, സംവാദത്തിനും ഒരുമിച്ചു പ്രാർത്ഥിക്കലിനും എപ്പോഴും പ്രാധാന്യം നൽകിയിട്ടുണ്ട് ഫ്രാൻസിസ് പാപ്പാ. അത്തരം ഒരു യാത്രയുടെ പൂർത്തീകരണമായിരുന്നു ബൾഗേറിയ, വടക്കൻ മച്ചദോണിയ, റൊമാനിയ സന്ദർശനം.

പരിസ്ഥിതി മാനസാന്തരത്തിന്‍റെ അപ്പോസ്തലനായി ആഫ്രിക്കന്‍ നാടുകളിലേക്ക്

പൊതുഭവനമായ ഭൂമിയുടേയും പരിസ്ഥിതിയുടെ സംരക്ഷണവും പ്രത്യാശയുടേയും, സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും ദൂതനായി മുറിവേറ്റ ഭൂമിക്കും അന്തരീക്ഷത്തിനും മനുഷ്യനും പ്രത്യാശയുടെ മരുന്നുമായി അനുരഞ്ജനത്തിനുള്ള ആഹ്വാനവും സമാധാനത്തിനുള്ള സന്ദേശവും പകർന്ന് പാപ്പാ മൊസാംബിക്കും മഡഗാസ്കറും മൌറീഷ്യസും സന്ദർശിച്ചു.  പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകതയും മനുഷ്യന്‍റെ ധനസമ്പാദനത്തിനുള്ള ആർത്തി പാർശ്വവൽക്കരിക്കുന്ന ജീവിതങ്ങളും തന്‍റെ അപ്പോസ്തോലിക യാത്രയിൽ ഒരിക്കലും മറക്കാതെ ഹൃദയത്തിലേറ്റിയ ഫ്രാൻസിസ് പാപ്പായെ നമുക്ക് കണ്ടെത്താൻ കഴിയും ഈ യാത്രകളിൽ.

ലോക സമാധാനം പരസ്പര കൂടിക്കാഴ്ച്ചാ സംവാദ സംസ്കാരത്തിന്‍റെ അപ്പോസ്തലൻ

ബലഹീനരുടെ സംരക്ഷണം സംസ്കാരത്തിന്‍റെ അടയാളം എന്ന് ഉദ്ബോധിപ്പിച്ച് സ്ത്രീകളുടെയും കുട്ടികളുടേയും അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാനുള്ള ആഹ്വാനവുമായി തായ്ലാന്‍റിലും, ലോകസമാധാനത്തിന്‍റെ ആഹ്വാനവുമായി കഴിഞ്ഞ കാല അണുവായുധ ദുരന്തങ്ങളുടെ ഓർമ്മകളിൽ നിന്നും പരസ്പര നശീകരണ ഭീഷണിയല്ല ലോകസമാധാനത്തിന് ആധാരമാക്കേണ്ടതെന്നും മറിച്ച് ആത്മാർത്ഥമായ ചർച്ചകളും സംവാദങ്ങളും പരസ്പര കൂടിക്കാഴ്ചയുടെ സംസ്കാരവുമാവണം ലോകസമാധാനത്തിന് അടിസ്ഥാനമെന്നും അറിയിച്ച് ജപ്പാനിലും തന്‍റെ സന്ദർശത്തിലൂടെ സമാധാന ദൂതനായി മാറി പാപ്പാ.

പാപ്പായുടെ യാത്രകളുടെ പ്രേഷിതസന്ദേശം

വിവിധ സംസ്കാരങ്ങളെ അടുത്തറിയുക നന്മയേ വരുത്തൂ എന്ന് തിരിച്ചറിയാനുള്ള ഒരു ക്ഷണമാണ് തന്‍റെ ഓരോ യാത്രയും. ഫ്രാൻസിസ് പാപ്പാ തന്‍റെ യാത്രകളുടെ തിരഞ്ഞെടുപ്പുകളിൽ എപ്പോഴും ശ്രദ്ധ വയ്ക്കുന്ന ഒരു കാര്യം നമുക്ക് കണ്ടെത്താൻ കഴിയും. എളിയവരും, പാവപ്പെട്ടവരും, പാർശ്വവൽക്കരിക്കപ്പെട്ടവരും, അനാഥരും, വൃദ്ധരും, സമൂഹം വലിച്ചെറിയുന്നവരും, കാരാഗൃഹവാസികളും വരെ അദ്ദേഹത്തിന്റെ യാത്രകളിൽ നായകസ്ഥാനത്തെത്താറുണ്ട്.  തന്‍റെ യാത്രകളിലൂടെ  ലോക മാധ്യമ സമൂഹം ഒരിക്കലും വെളിച്ചം പകരാത്ത കോണുകളിൽ എത്തി അവയെ ലോകസമൂഹത്തിന്‍റെ മുന്നിൽ എത്തിക്കാൻ പാപ്പായ്ക്ക് കഴിയുന്നു. അങ്ങനെ ലോകം മറക്കുന്ന, മറച്ചു പിടിക്കാൻ ശ്രമിക്കുന്ന അഭംഗികളെന്ന ജീവിതങ്ങളെ ലോകത്തിന്‍റെ മുന്നിലെത്തിക്കാനും അവരെക്കുറിച്ച് ചിന്തിക്കാനും, അവർക്കായി പ്രവർത്തിക്കാനും ജനഹൃദയങ്ങളെ തൊട്ടുണർത്താന്‍ പാപ്പായുടെ യാത്രകളിലൂടെ പാപ്പായ്ക്ക് കഴിയുന്നു. അങ്ങനെ കൂടിക്കാഴ്ചയുടെ സംസ്കാരം കൂട്ടു പ്രവർത്തനത്തിന്‍റെ പുളിമാവാക്കി അസമത്വത്തിന്‍റെ മതിലുകൾ തകർത്തെറിയാൻ തന്‍റെ യാത്രയിലൂടെ പാപ്പാ ശ്രദ്ധിക്കുന്നു.

Maximum Illud ന്‍റെ പ്രബോധനം മനസ്സിൽ സൂക്ഷിച്ച് നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവാനും(മര്‍ക്കോസ്‌.16 : 15) എന്നാൽ അത്തരം പ്രവർത്തനങ്ങളിൽ പ്രാദേശീക സംസ്കാര സമ്പന്നതയെ തഴയാതെ  പ്രാദേശീക സഭയെ സ്വയംപര്യാപ്തതയിൽ എത്തിക്കാനുമുള്ള സഭയുടെ യഥാർത്ഥ മിഷനറി ചൈതന്യം പാപ്പായുടെ ഓരോ യാത്രയിലും നമുക്ക് കാണാം. പ്രാദേശീക സംസ്കാരങ്ങളുടെ മൂല്യങ്ങളെയും സഭ യേശുവിന്‍റെ മനുഷ്യാവതാരം പോലെ സാംസ്കാരീകാനുരൂപണം വഴി സകലജനതകളേയും ദൈവത്തിങ്കലേക്കെത്തിക്കുവാനും, തന്‍റെ സൃഷ്ടിയെ കാത്തുപരിപാലിച്ച് സംരക്ഷിക്കാൻ ദൈവീക മുഖമേകിയ മനുഷ്യനെ അവന്‍റെ പൊതു ഭവനമായ ഭൂമിയുടെ പരിസ്ഥിതി സംരക്ഷണ ചുമതലയുടെ ഉത്തരവാദിത്വത്തെ ഓർമ്മിപ്പിക്കാനും ഒരേ ദൈവ പിതാവിന്‍റെ മക്കളായ നമ്മുടെ സാർവ്വ സാഹോദര്യത്തെ ഊട്ടിയുറപ്പിക്കാനും, വ്യത്യസ്ഥതകൾ ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമല്ല എന്ന് തിരിച്ചറിയുന്ന കൂടിക്കാഴ്ച്ചയുടെ സംസ്കാരവും ആത്മാർത്ഥമായ സംവാദവും വഴി ലോകസമാധാനത്തിന്‍റെ വഴി തെളിക്കാനുമുള്ള യാഥാർത്ഥ ക്രിസ്തീയ ശിഷ്യത്വത്തിന്‍റെ  പ്രേഷിത യാത്രകളായിരുന്നു Maximum illud ന്‍റെ ശതവർഷത്തിൽ ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലീക യാത്രകൾ.അഭിനന്ദനങ്ങളും ആശംസകളും അർപ്പിക്കുന്നതോടൊപ്പം നമുക്കും നമ്മുടെ അനുദിന യാത്രകളിൽ ഈ പ്രേഷിത ചൈതന്യമുൾക്കൊള്ളാൻ പരിശ്രമിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 December 2019, 00:00