ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ ഞായറാഴച് (08/12/19) മദ്ധ്യാഹ്നത്തില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്ന വിശ്വാസികള്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയും ചത്വരത്തില്‍ ഒരുക്കിയ പുല്‍ക്കൂടും ക്രിസ്തുമസ്സ് മരവും കാണാം. ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ ഞായറാഴച് (08/12/19) മദ്ധ്യാഹ്നത്തില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്ന വിശ്വാസികള്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയും ചത്വരത്തില്‍ ഒരുക്കിയ പുല്‍ക്കൂടും ക്രിസ്തുമസ്സ് മരവും കാണാം. 

ദൈവഹിതം നിരുപാധികം സ്വീകരിച്ച കന്യകാ മറിയം!

ഫ്രാ‍ന്‍സീസ് പാപ്പായുടെ ത്രികാലജപ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പരിശുദ്ധ കന്യകാമറിയത്തിന്‍റെ അമലോത്ഭവത്തിരുന്നാള്‍ ദിനമായിരുന്ന ഞായാറാഴ്ച (08/12/19), മദ്ധ്യാഹ്നത്തില്‍ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥനയില്‍ വിവിധരാജ്യാക്കാരായ നിരവധി വിശ്വാസികള്‍ പങ്കുകൊണ്ടു. വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തിന്‍റെ മദ്ധ്യത്തിലായി, ഒരുക്കിയിരിക്കുന്ന വലിയ ക്രിസ്തുമസ് മരവും പുല്‍ക്കൂടും കാണുന്നതിനെത്തിയിരുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.  പ്രാദേശികസമയം 12 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 4.30-ന്, പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിന്, പതിവുപോലെ, പേപ്പല്‍ അരമനയിലെ പതിവു ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ  ആനന്ദാരവങ്ങള്‍ ഉയര്‍ന്നു. വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച (08/12/19) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച്  വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍, ലൂക്കായുടെ സുവിശേഷം, 1,26-38വരെയുള്ള വാക്യങ്ങള്‍ അതായത്, കന്യകയായ മറിയം പരിശുദ്ധാരൂപിയാല്‍ ഗര്‍ഭം  ധരിക്കുകയും ദൈവപുത്രന് ജന്മം നല്കുകയും ചെയ്യുമെന്ന മംഗളവാര്‍ത്ത ദൈവദൂതന്‍  അവളെ അറിയിക്കുന്ന സംഭവം ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം. ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ  പരിചിന്തനം പാപ്പാ ആരംഭിച്ചത് ഇപ്രകാരമാണ്:

ത്രികാലജപ സന്ദേശം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

പരിശുദ്ധ മറിയത്തിന്‍റെ അമലോത്ഭവം

നാം മറിയത്തിന്‍റെ അമലോത്ഭവത്തിരുന്നാള്‍ ഇന്ന് ആഘോഷിക്കുകയാണ്. കാത്തിരിപ്പിന്‍റെതായ സമയമാകുന്ന ആഗമനകാലത്തിന്‍റെ പശ്ചത്താലത്തിലാണ് ഈ തരുന്നാള്‍ ആചരിക്കപ്പെ‌ടുന്നത്. താന്‍ നല്കിയ വാഗ്ദാനങ്ങളെല്ലാം ദൈവം പൂര്‍ത്തിയാക്കും. എന്നാല്‍ ഇന്നത്തെ തിരുന്നാളില്‍ നമ്മോടു പ്രഘോഷിക്കപ്പെട്ടത് കന്യാകാമറിയത്തിലും അവളുടെ ജീവിതത്തിലും നിറവേറ്റപ്പെട്ട ഒരു കാര്യമാണ്. ഇന്നു നാം ചിന്തിക്കുക ഈ പൂര്‍ത്തീകരണത്തിന്‍റെ ആരംഭത്തെക്കുറിച്ചാണ്. കര്‍ത്താവിന്‍റെ  അമ്മയുടെ ജനനത്തിനു മുമ്പുതന്നെ അവളിലും അവളുടെ ജീവിതത്തിലും സംഭവിച്ചതാണിത്. വാസ്തവത്തില്‍ മറിയത്തിന്‍റെ അമലോത്ഭവം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്, അവളുടെ അമ്മയുടെ ഉദരത്തില്‍ അവളുടെ ജീവന്‍ തുടിക്കാന്‍ തുടങ്ങിയ ആ കൃത്യ സമയത്തിലേക്കാണ്. മാനവകുടുംബത്തിന്‍റെ പൊതുപൈതൃകമായ കല്മഷം ഏശാതെ കന്യകാമറിയത്തെ കാത്തുപരിപാലിച്ചുകൊണ്ട് അവിടെ ദൈവത്തിന്‍റെ  പവിത്രീകരണ സ്നേഹം  സന്നിഹിതമായിരുന്നു.

"ദൈവകൃപ നിറഞ്ഞവള്‍"

മറിയത്തോടുള്ള ദൈവദൂതന്‍റെ അഭിവാദനം ഇന്നത്തെ സുവിശേഷത്തില്‍ മുഴങ്ങുന്നു: “ദൈവകൃപ നിറഞ്ഞവളേ സന്തോഷിച്ചാലും, കര്‍ത്താവ് നിന്നോടു കൂടെ” (ലൂക്കാ 1,28). തന്‍റെ ദുര്‍ജ്ഞേയ പദ്ധതിയില്‍ കൃപാവരപൂരിതയായ, അതായത്, തന്‍റെ സ്നേഹത്താല്‍ നിറഞ്ഞവളായ ഒരു സൃഷ്ടിയായി അവളെക്കുറിച്ച് ദൈവം സദാ ചിന്തിച്ചിരുന്നു, അവളുടെ അസ്തിത്വം അഭിലഷിച്ചിരുന്നു. എന്നാല്‍, ഈ നിറവിന് ഇ‌ടം ആവശ്യമാണ്. അതിന് സ്വയം ശൂന്യവത്ക്കരിക്കേണ്ടിയിരിക്കുന്നു, സ്വയം മാറിനില്ക്കേണ്ടിയിരിക്കുന്നു. അതാണ് മറിയം ചെയ്തത്. ദൈവവചനം ശ്രവിക്കാനും സ്വന്തം ജീവിതത്തില്‍ ദൈവഹിതം നിരുപാധികം സ്വീകരിച്ചുകൊണ്ട് ദൈവഹിതത്തിന് പൂര്‍ണ്ണമായി സമര്‍പ്പിക്കാനും അവള്‍ക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവളില്‍ ദൈവചനം മാംസം ധരിച്ചു. അവളേകിയ “സമ്മത”മാണ് ഇതു സാധ്യമാക്കിയത്. യേശുവിന്‍റെ  അമ്മയായിത്തീരാനുള്ള സന്നദ്ധത ആരാഞ്ഞ ദൈവദൂതനോട് മറിയം ഇപ്രകാരം പ്രത്യുത്തരിക്കുന്നു: ”നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ” (ലൂക്കാ 1,38).

ദൈവഹിതത്തിനു മുന്നില്‍ വിഘാതം സൃഷ്ടിക്കാതെ മറിയം

മറിയം ന്യായാന്യായങ്ങള്‍ നിരത്താന്‍ നില്ക്കുന്നില്ല, കര്‍ത്താവിന് മുന്നില്‍ തടസ്സങ്ങള്‍ വയ്ക്കുന്നില്ല, മറിച്ച്, സന്നദ്ധതയോടു കൂടി സ്വയം സമര്‍പ്പിക്കുകയും പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനത്തിന് ഇടം നല്കുകയും ചെയ്യുന്നു. മറിയം സ്വന്തം അസ്തിത്വം മുഴുവനും വ്യക്തിപരമായ ജീവിതവും ഉടന്‍ ദൈവത്തിനായി വിട്ടുകൊടുക്കുന്നു. ദൈവത്തിന്‍റെ വചനവും ദൈവഹിതവും അവയ്ക്ക് രൂപം നല്കുന്നതിനും പൂര്‍ണ്ണതയിലെത്തിക്കുന്നതിനും വേണ്ടിയായിരുന്നു അത്. തന്നെ സംബന്ധിച്ച ദൈവിക പദ്ധതിയോട് പൂര്‍ണ്ണമായി സഹകരിക്കുകവഴി മറിയം സ്വന്തം ഇഷ്ടം നിറവേറ്റലിന്‍റെ  ചെറിയൊരു നിഴല്‍ പോലുമില്ലാത്ത “സര്‍വ്വ സൗന്ദര്യവും” “സകല വിശുദ്ധയും” ആയിത്തിരുന്നു. എളിമ നിറഞ്ഞവളാണ് മറിയം. അവള്‍ മഹത്തായ ഒരു സൃഷ്ടിയാണ്, ഒപ്പം വിനയാന്വിതയും നിസ്സാരയും പാവപ്പെട്ടവളും ആണ്. അഖില സ്നേഹവും കൃപയും ആത്മദാനവുമായ ദൈവത്തിന്‍റെ സൗന്ദര്യം അവളില്‍ പ്രതിഫലിക്കുന്നു.

മറിയത്തിന്‍റെ സ്വയാര്‍പ്പണം

ദൈവത്തിന് സ്വയം സമര്‍പ്പിക്കുന്ന മറിയത്തിന്‍റെ വാക്കുകള്‍ അടിവരയിട്ടുകാട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: “കര്‍ത്താവിന്‍റെ ദാസി” എന്ന് അവള്‍ സ്വയം പ്രഖ്യാപിക്കുന്നു. ദൈവത്തിന് മറിയം നല്കിയ “സമ്മതം” തുടക്കം മുതല്‍തന്നെ പരസേവനത്തിന്‍റെയും അപരന്‍റെ  ആവശ്യങ്ങളെക്കുറിച്ചുള്ള ഔത്സുക്യത്തിന്‍റെയും ഭാവം ആര്‍ജ്ജിക്കുന്നു. ഇതിനു സമൂര്‍ത്ത സാക്ഷ്യമേകുന്നതാണ് മംഗളവാര്‍ത്തയെ തുടര്‍ന്ന്, ഉടനെതന്നെ, മറിയം എലിസബത്തിനെ സന്ദര്‍ശിക്കാന്‍ പോയ സംഭവം. ദൈവത്തോടുള്ള സന്നദ്ധതാ ഭാവം അയല്‍ക്കാന്‍റെ ആവശ്യങ്ങള്‍ നറവേറ്റിക്കൊടുക്കാനുള്ള സന്നദ്ധതയില്‍ ആവിഷ്കൃതമാകുന്നു. ഇതില്‍ കോലാഹലങ്ങളും പ്രകടനപരതയും, ആദരണീയ സ്ഥാനങ്ങള്‍ക്കായുള്ള ഓട്ടവും പരസ്യവും ഒന്നും ഇല്ല. കാരണം ഉപവിയുടെയും കാരുണ്യത്തിന്‍റെയും പ്രവര്‍ത്തനങ്ങളെ ഒരു കീര്‍ത്തിസ്തംഭം കണക്കെ പ്രദര്‍ശിപ്പിക്കേണ്ട ആവശ്യമില്ല. കാരുണ്യപ്രവര്‍ത്തനങ്ങള്‍ വീമ്പിളക്കിയല്ല, മറിച്ച്, നിശബ്ദമായിട്ടാണ്, രഹസ്യമായിട്ടാണ് ചെയ്യുക. നമ്മുടെ സമൂഹങ്ങളില്‍ നമ്മളും വിവേകത്തിന്‍റെയും രഹസ്യത്തിന്‍റെയും ശൈലി അഭ്യസിച്ചുകൊണ്ട് മറിയത്തിന്‍റെ മാതൃക പിന്‍ചെല്ലാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.

നമ്മുടെ ജീവിതം മുഴുവന്‍ ദൈവത്തോടുള്ള “സമ്മതം” ആക്കാന്‍, ദൈവാരാധനയാലും സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയുമായ അനുദിന ചെയ്തികളാലുമുള്ള    “സമ്മതം” ആക്കി മാറ്റാന്‍ നമ്മുടെ അമ്മയായ മറിയത്തിന്‍റെ തിരുന്നാള്‍ നമ്മെ സഹായിക്കട്ടെ.   

 

ഈ വാക്കുകളില്‍ തന്‍റെ സന്ദേശം ഉപസംഹരിച്ച പാപ്പാ തുടര്‍ന്ന് കര്‍ത്താവിന്‍റെ  മാലാഖ എന്ന പ്രാര്‍ത്ഥന നയിക്കുകയും ആശീര്‍വാദം നല്കുകയും ചെയ്തു. 

 നവവാഴ്ത്തപ്പെട്ട ജെയിംസ് ആല്‍ഫ്രെഡ് മില്ലെര്‍ 

ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ ഗോട്ടിമാലയിലെ ഹുവെഹുവെത്തെനാംഗൊയില്‍ “ക്രിസ്ത്യന്‍ ബ്രദേഴ്സ്” എന്ന സന്ന്യാസ സമൂഹത്തിലെ അംഗം ജെയിംസ് ആല്‍ഫ്രെഡ് മില്ലെര്‍  ശനിയാഴ്ച (07/12/19) വാഴ്‍ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു.

യുവജനങ്ങള്‍ക്ക് ശിക്ഷണമേകുന്നതില്‍ ഒരു മാതൃകയും ഗോട്ടിമാലയിലെ ജനങ്ങള്‍ക്കും  സഭയ്ക്കും വേണ്ടി ജീവന്‍ വിലയായ് നല്കിയ രക്തസാക്ഷിയുമാണ് നവവാഴ്ത്തപ്പെട്ട ജെയിംസ് ആല്‍ഫ്രെഡ് മില്ലെര്‍ എന്നനുസ്മരിച്ച പാപ്പാ നീതി, സമാധാനം, ഐക്യദാര്‍ഢ്യം എന്നിവയ്ക്കായുള്ള ഗോട്ടിമാലയുടെ യത്നത്തെ അദ്ദേഹത്തിന്‍റെ നിണസാക്ഷിത്വം ശക്തിപ്പെടുത്തട്ടെയെന്ന് പ്രാര്‍ത്ഥിച്ചു.

ഉക്രയിനു വേണ്ടി പ്രാര്‍ത്ഥന

ഉക്രയിനില്‍ സമാധാനം സംസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി അന്നാടിന്‍റെയും റഷ്യയുടെയും ഫ്രാന്‍സിന്‍റെയും ജര്‍മ്മനിയുടെയും രാഷ്ട്രത്തലവന്മാര്‍ ഫ്രാന്‍സിന്‍റെ  തലസ്ഥാനമായ പാരീസില്‍ തിങ്കളാഴ്ച (09/12/19) സമ്മേളിക്കുന്നതിനെക്കുറിച്ച് ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്നു പരാമര്‍ശിക്കുകയും പ്രാര്‍ത്ഥനാസഹായം ഉറപ്പേകുകയും ചെയ്തു.

ഈ രാഷ്ട്രീയ സംഭാഷണം ഉക്രയിനിനും അവിടത്തെ ജനങ്ങള്‍ക്കും   നീതിയിലധിഷ്ഠിതമായ ശാന്തിയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. 

അവിടെ സമാധാനം ഉണ്ടാകുന്നതിന് തീക്ഷ്ണമായ പ്രാര്‍ത്ഥന ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.

സമാപനാഭിവാദ്യങ്ങള്‍

തദ്ദനന്തരം പാപ്പാ ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച വിവിധ രാജ്യാക്കാരടങ്ങിയ സംഘങ്ങളെ അഭിവാദ്യം ചെയ്തു. അമോത്ഭവനാഥയുടെ തിരുന്നാളിനോടനുബന്ധിച്ച് താന്‍ ഞായറാഴ്ച (08/12/19) ഉച്ചതിരിഞ്ഞ് റോമിലെ മേരി മേജര്‍ ബസിലിക്കയില്‍ പോയി പരിശുദ്ധ മാതാവിനോടു പ്രാര്‍ത്ഥിക്കുകയും റോമിലെ “സാപാനിഷ് ചത്വരത്തില്‍” (പ്യാത്സ ദി സ്പാഞ്ഞ) എത്തി, പതിവുപോലെ, അമലോത്ഭവ നാഥയുടെ സ്മാരകത്തിനു മുന്നില്‍ ആദരവര്‍പ്പിക്കുകയും ചെയ്യുമെന്ന് പാപ്പാ വെളിപ്പെടുത്തുകയും നമ്മുടെ സ്വര്‍ഗ്ഗീയാംബയോടുള്ള പുത്രനിര്‍വ്വിശേഷ ഭക്തി ആവിഷ്ക്കരിക്കുന്ന ഈ കര്‍മ്മത്തില്‍ തന്നോടൊന്നു ചേരാന്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും  ശുഭ ഞായറും നല്ലൊരു ആഗമനകാലയാത്രയും ആശംസിക്കുകയും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിക്കുകയും ചെയ്തു. അതിനുശേഷം, എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേര്‍ന്ന   മാര്‍പ്പാപ്പാ വീണ്ടും കാണാം, “അരിവെദേര്‍ച്ചി" (arrivederci) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറഞ്ഞുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 December 2019, 12:53