ഇറാക്ക്,  പ്രതിഷേധപ്രകടനത്തിന്‍റെ ഒരു ദൃശ്യം 01/12/2019 ഇറാക്ക്, പ്രതിഷേധപ്രകടനത്തിന്‍റെ ഒരു ദൃശ്യം 01/12/2019 

ഇറാക്കില്‍ സമാധാനം ഉണ്ടാകുന്നതിനായി പാപ്പാ പ്രാര്‍ത്ഥിക്കുന്നു

ഇറാക്കില്‍ ഒക്ടോബറില്‍ ആരംഭിച്ച പ്രതിഷേധപ്രകടനങ്ങള്‍ക്കെതിരെയുണ്ടായ സര്‍ക്കാര്‍ സായുധ നടപടികള്‍ 400 ലേറെപ്പേരുടെ ജീവന്‍ അപഹരിച്ചതായി കണക്കാക്കപ്പെടുന്നു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഇറാക്കില്‍ നിലവിലുള്ള അവസ്ഥയില്‍ പാപ്പാ ആശങ്ക പ്രകടിപ്പിക്കുന്നു.

ഞായറാഴ്ച (01/12/19) വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനാവേളയില്‍ ആശീര്‍വ്വാദാനന്തരമാണ് ഫ്രാന്‍സീസ് പാപ്പാ, ഇറാക്കിലെ ജനങ്ങള്‍, വിശിഷ്യ, യുവതീയുവാക്കള്‍ അഴിമതിയ്ക്കും തൊഴില്‍രാഹിത്യത്തിനും സര്‍ക്കാര്‍സേവനങ്ങളുടെ അപര്യാപ്തതയ്ക്കുമെതിരെ ഈ ദിനങ്ങളില്‍ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിന്‍റെ ഫലമായി യാതനകളനുഭവിക്കുന്നവരെ, വേദനയോടെ അനുസ്മരിച്ചത്.

ഇറാക്കിലെ സ്ഥിതിഗതികള്‍ താന്‍ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നത് എന്നു പറഞ്ഞ പാപ്പാ ഇപ്രകാരം തുടര്‍ന്നു:  “കഴിഞ്ഞ ദിനങ്ങളില്‍ അവിടെ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് കടുത്തരീതിയിലുള്ള പ്രതികരണമാണുണ്ടായതെന്നും ഈ പ്രതികരണങ്ങള്‍ക്ക് അനേകര്‍ ഇരകളായി എന്നും ഞാന്‍ വേദനയോടെ മനസ്സിലാക്കുന്നു.  ഈ പ്രകടനത്തിടെ മരണമടഞ്ഞവര്‍ക്കും    മുറിവേറ്റവര്‍ക്കും ഇറാക്കിലെ എല്ലാ ജനങ്ങള്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സമാധാനത്തിനും ഐക്യത്തിനും വേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ അവരുടെ കുടുംബാംഗങ്ങളുടെയും ഇറാക്കിലെ അഖില ജനത്തിന്‍റെയും ചാരെയുണ്ട്”.

ഒക്ടോബറില്‍ ആരംഭിച്ച പ്രതിഷേധപ്രകടനങ്ങള്‍ക്കെതിരെയുണ്ടായ സര്‍ക്കാര്‍ സായുധ നടപടികള്‍ 400 ലേറെപ്പേരുടെ ജീവന്‍ അപഹരിച്ചു. 

പ്രതിഷേധ പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാക്കിന്‍റെ പ്രധാനമന്ത്രി അദല്‍ അബ്ദുള്‍ മഹ്ദി രാജി പ്രഖ്യാപിച്ചിട്ടുണ്ട്. 

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവസരം നല്കുന്നിതനുവേണ്ടി താന്‍ അധികാരം ഒഴിയുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 December 2019, 10:05