സൊമാലിയായുടെ തലസ്ഥാനമായ മൊഗദിഷുവില്‍ ശനിയാഴ്ച (28/12/2019) ഉണ്ടായ കാര്‍ബോബ് സ്ഫോടനത്തിന്‍റെ ഒരു ദൃശ്യം സൊമാലിയായുടെ തലസ്ഥാനമായ മൊഗദിഷുവില്‍ ശനിയാഴ്ച (28/12/2019) ഉണ്ടായ കാര്‍ബോബ് സ്ഫോടനത്തിന്‍റെ ഒരു ദൃശ്യം 

സൊമാലിയായില്‍ ഭീകരാക്രമ​ണം- പാപ്പായുടെ വേദനയും പ്രാര്‍ത്ഥനയും

സൊമാലിയായുടെ തലസ്ഥാനമായ മൊഗദിഷുവില്‍ ശനിയാഴ്ച (28/12/19) നടന്ന ദാരുണമായ കാര്‍ബോംബ് ഭീകരാക്രമണത്തിനിരകളായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സൊമാലിയായുടെ തലസ്ഥാനമായ മൊഗദിഷുവില്‍ ശനിയാഴ്ച (28/12/19) ഉണ്ടായ ദാരുണമായ  ഭീകരാക്രമണത്തിനിരകളായവര്‍ക്ക് വേണ്ടി മാര്‍പ്പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

വത്തിക്കാനില്‍ ഞായാറാഴ്ച (29/12/19) മദ്ധ്യാഹ്നത്തില്‍ നയിച്ച ത്രികാലാ പ്രാര്‍ത്ഥനാവേളയില്‍, ആശീര്‍വ്വാദാനന്തരമാണ്, ഫ്രാന്‍സീസ് പാപ്പാ ഈ കാര്‍ബോംബ് സ്ഫോടനത്തില്‍ മരണമടഞ്ഞവര്‍ക്കും പരിക്കേറ്റവര്‍ക്കും ഈ ആക്രമണം മൂലം വേദനിക്കുന്ന സകലര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളെ ക്ഷണിച്ചത്.

ഈ ബോംബ്സ്ഫോടനത്തില്‍ എഴുപതിലേറെപ്പേര്‍ മരിച്ചത് അനുസ്മരിച്ച പാപ്പാ, അവരുടെ കുടുംബങ്ങളുടെയും ഈ ദുരന്തം മൂലം കേഴുന്നവരുടെയും ചാരെ താനുണ്ടെന്ന് ഉറപ്പുനല്കി.

തുടര്‍ന്ന് പാപ്പാ, നന്മനിറഞ്ഞ മറിയമെ എന്ന പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്തു.

ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും അല്‍ക്വയ്ദ ബന്ധമുള്ള അല്‍ഷബാബ് ഭീകരസംഘടനായകാം പിന്നിലെന്ന് സംശയിക്കുന്നു.

മൊഗദിഷുവിന്‍റെ തെക്കുഭാഗത്ത് വാഹന പരിശോധനകേന്ദ്രത്തില്‍, അഥവാ, ചെക്ക്പോസ്റ്റില്‍, ആയിരുന്നു ശനിയാഴ്ച(28/12/19) രാവിലെ സ്ഫോടനം ഉണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും ഒരു ബസിലുണ്ടായിരുന്ന സര്‍വകലാശാലാ വിദ്യാര്‍ത്ഥികളാണ്.

വാഹനബോംബ് സ്ഫോടനം നടന്ന പ്രദേശത്ത് പാതനിര്‍മ്മാണവും നടന്നുവരുന്നതിനാല്‍  നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നവരില്‍പ്പെട്ട തുര്‍ക്കിക്കാരായ രണ്ട് എഞ്ചിനീയര്‍മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

പതിറ്റാണ്ടിലേറെയായി സൊമാലിയായില്‍ സര്‍ക്കാരിനെതിരെ പോരാടുന്ന അല്‍ ഷബാബ് ഭീകര സംഘടനയാണ് ഇത്തരം ആക്രമണങ്ങള്‍ നടത്താറുള്ളത്. 2017-ല്‍ ഈ ഭീകര സംഘടന നടത്തിയതെന്നു കരുതുന്ന കാര്‍ബോംബാക്രമണങ്ങളില്‍ അ‍ഞ്ഞൂറിലേറെപ്പേരുടെ ജീവന്‍ പൊലിഞ്ഞു.

ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സംഘടനയില്‍ ഒമ്പതിനായിരത്തോളം അംഗങ്ങള്‍ ഉണ്ടെന്നു കരുതുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 December 2019, 09:50