തിരയുക

Vatican News
The bronze sculpture of Immaculata and the marble column in the Spanish Square The bronze sculpture of Immaculata and the marble column in the Spanish Square 

അമലോത്ഭവ മഹോത്സവം ഇറ്റലിയില്‍ ഞായറാഴ്ച ആചരിക്കും

റോമിലെ സ്പാനിഷ് ചത്വരത്തില്‍ അമലോത്ഭവ സ്തൂഭത്തിനു മുന്‍പിലെ പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ഇറ്റലിക്ക് പ്രത്യേക അനുമതി
ഡിസംബര്‍ 8-Ɔο തിയതി ഞായറാഴ്ചയും ആഗമനകാലത്തെ രണ്ടാം വാരവുമാകയാല്‍ ലോകമെമ്പാടും കന്യകാനാഥയുടെ അമലോത്ഭവമഹോത്സവം തിങ്കളാഴ്ച, ഡിസംബര്‍ 9-നാണ് ആചരിക്കുന്നത്. എന്നാല്‍ ഇറ്റലിയുടെ ദേശീയ മെത്രാന്‍ സമിതിയുടെ അഭ്യര്‍ത്ഥനപ്രകാരം ദേശീയതലത്തില്‍ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും ഡിസംബര്‍ 8, ഞായറാഴ്ച തന്നെ ആചരിക്കുവാനുള്ള അനുമതി വത്തിക്കാന്‍ നല്കിയിട്ടുണ്ട്.

2. പാപ്പാ ഫ്രാന്‍സിസ് സ്പാനിഷ് ചത്വരത്തിലെ
പ്രാര്‍ത്ഥനശുശ്രൂഷ നയിക്കും

റോമാനഗര വാസികള്‍ക്ക് പ്രിയപ്പെട്ട അമലോത്ഭവ ആഘോഷം നടക്കുന്നത്, നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള സ്പാനിഷ് ചത്വരത്തിലാണ്. വിശ്വാസപ്രഘോഷണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ കാര്യാലയത്തിനു മുന്‍പിലുള്ള കന്യകാനാഥയുടെ അമലോത്ഭവ സ്തൂഭത്തിലെ അതിമനോഹരമായ വെങ്കല തിരുസ്വരൂപത്തിനു മുന്‍പില്‍, ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4.00 മണക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന പുഷ്പാര്‍ച്ചനയും, പ്രാര്‍ത്ഥനാമഞ്ചരിയും, ശുശ്രൂഷയും, പാപ്പായുടെ പ്രഭാഷണവും, രോഗികള്‍ക്കുള്ള പ്രത്യേക ആശീര്‍വ്വാദവും ഇന്ന് ആഗോളശ്രദ്ധ ആകര്‍ഷിക്കുന്ന അമലോത്ഭവ സ്മരണയായി മാറിയിട്ടുണ്ട്.

3. റോമാക്കാര്‍ക്കു പ്രിയപ്പെട്ട അമലോത്ഭവോത്സവം
തുറസ്സായ വേദിയില്‍ നടത്തപ്പെടുന്ന ലളിതമെങ്കിലും മനോഹരമായ പരിപാടികളില്‍ റോമിലെ ആബാലവൃന്ദം വിശ്വാസികള്‍ സജീവമായി പങ്കെടുക്കും. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തുന്ന തീര്‍ത്ഥാടകരും അവിടെ സമ്മേളിക്കുക പതിവാണ്. റോമാനഗരാധിപ, റോമാരൂപതയുടെ വികാരി ജനറല്‍, കൂടാതെ ധാരാളം പൗരപ്രമുഖരും സഭാദ്ധ്യക്ഷന്മാരും പങ്കെടുക്കുന്ന പരിപാടിയാണിത്. 1854-Ɔമാണ്ടിലെ ഡിസംബര്‍ 8-ന് 9-Ɔο പിയൂസ് പാപ്പാ ദൈവമാതാവിന്‍റെ അമലോത്ഭവം, യേശുവിന്‍റെ അമ്മ, പാപവിഹീനയായവള്‍ എന്ന വിശ്വാസസത്യം ആഗോള സഭയില്‍ പ്രഖ്യാപിച്ചതിന്‍റെ അനുസ്മരണമായിട്ടാണ് അനുവര്‍ഷം റോമില്‍ മാത്രമല്ല ലോകമെമ്പാടും പരിശുദ്ധ കന്യകാനാഥയുടെ അമലോത്ഭവം ഒരു മഹോത്സവമായി കൊണ്ടാടുന്നത്.

4. അമലോത്ഭവ പ്രഖ്യാപനത്തിന്‍റെ ചരിത്രസ്മാരകം
റോമാ നഗരത്തിന്‍റെ ഹൃദയഭാഗത്താണ് സ്പാനിഷ് ചത്വരം. വിശാലമായ ചത്വരത്തിന്‍റെ പടിഞ്ഞാറു ഭാഗത്താണ് പതിറ്റാണ്ടുകള്‍ പഴക്കുമുള്ള അമലോത്ഭവനാഥയുടെ വെങ്കല പ്രതിമ സ്ഥിതിചെയ്യുന്നത്. നൂറ് അടി ഉയരമുള്ള വെണ്ണക്കല്‍ സ്തംഭത്തിലാണ് 16 അടി ഉയരമുള്ള അമലോത്ഭവനാഥയുടെ അതിമനോഹരമായ വെങ്കലശില്പം ഉയര്‍ന്നു നില്ക്കുന്നത്. പാപമാകുന്ന സര്‍പ്പത്തിന്‍റെ തലയില്‍ ചവിട്ടിയും, ചന്ദ്രനെ പാദപീഠമാക്കിയും നല്ലഞൊറിയുള്ള ഉടയാടയണിഞ്ഞും, ശിരസ്സില്‍ 12 നക്ഷത്രങ്ങളെ കിരീടമാക്കിയും ചൂഴ്ന്നുനില്ക്കുന്ന അനുപമയായ രാജ്ഞി നസ്രത്തിലെ മറിയമാണ്. പാപരഹിതയാണ് യേശുവിന്‍റെ അമ്മയെന്ന് പ്രഖ്യാപിക്കുന്നതാണ് അമലോത്ഭവസത്യം. 1854-Ɔമാണ്ടിലെ ഡിസംബര്‍ 8-Ɔ൦ തിയതി ഈ വിശ്വാസസത്യം 9-Ɔ൦ പിയൂസ് പാപ്പാണ് പ്രഖ്യാപിച്ചത്. അതിന്‍റെ സ്മരണാര്‍ത്ഥമാണ് സഭയുടെ വിശ്വാസപ്രചാരണ സംഘത്തിന്‍റെ കാര്യാലയത്തിനു മുന്‍പിലും സ്പാനിഷ് ചത്വരത്തോടു ചേര്‍ന്നും അമലോത്ഭവനാഥയുടെ സ്മാരകസ്തംഭം സ്ഥാപിക്കപ്പെട്ടത്. ഇറ്റാലിയന്‍ ശില്പി ജുസേപ്പെ ഓബീചിയാണ് (1808-1878) അമലോത്ഭവസ്വരൂപത്തിന്‍റെ സ്രഷ്ടാവ്.

5. മറിയത്തെ രക്ഷയുടെ ചരിത്രവുമായി
കണ്ണിചേര്‍ക്കുന്ന മറ്റു ശില്പങ്ങള്‍

പ്രതിമയ്ക്ക് ഇണങ്ങുന്ന സ്തംഭത്തിന്‍റെ കീഴ്ത്തട്ട് ഏറെ കലാപരവും വാസ്തു ചാതുരിയുള്ളതുമാണ്. മോസസ്, ഏശയാ, ദാവീദ് എന്നിങ്ങനെ രക്ഷയുടെ ചരിത്രത്തില്‍ ക്രിസ്തുവോട് സവിശേഷമായി ചേര്‍ന്നുനില്ക്കുന്ന സമാനതകളില്ലാത്ത ആത്മീയ വ്യക്തിത്വങ്ങളാണ് അമലോത്ഭവ സ്തൂഭത്തിന്‍റെ പാദപീഠം അലങ്കരിക്കുന്നത്. ക്രിസ്തുവില്‍ ലോകത്ത് തുറക്കപ്പെട്ട ദൈവരാജ്യസന്ദേശം പ്രഘോഷിച്ച 4 സുവിശേഷകന്മാര്‍ - മത്തായി, മര്‍ക്കോസ്, ലൂക്കാ, യോഹന്നാന്‍ എന്നിവരുടെ മാര്‍ബിളില്‍ തീര്‍ത്ത ശില്പങ്ങളും അമലോത്ഭവ സ്തംഭത്തിന്‍റെ കീഴ്ത്തട്ടില്‍ മനോഹരമായി സംയോജിക്കപ്പെട്ടിരിക്കുന്നു.

6. അമലോത്ഭവ ശുശ്രൂഷയില്‍ തത്സമയം പങ്കുചേരാം
റോമിലെ അമലോത്ഭവസ്തൂഭത്തിനു മുന്‍പില്‍ പാപ്പാ ഫ്രാന്‍സിസ് കാര്‍മ്മികത്വം വഹിക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷയില്‍ തത്സമയം പങ്കുചേരാം. ഞായറാഴ്ച പ്രാദേശിക സമയം
വൈകുന്നേരം 4 മണിക്ക്...  ഇന്ത്യയിലെ സമയം രാത്രി 8.30-ന്. 
ലിങ്ക് :
https://www.youtube.com/watch?v=5YceQ8YqYMc

 


 

05 December 2019, 16:26