2019.12.11 Udienza Generale 2019.12.11 Udienza Generale 

പാപ്പാ ഫ്രാന്‍സിസിന്‍റെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി

ഡിസംബര്‍ 13-Ɔο തിയതി വെള്ളിയാഴ്ച പൗരോഹിത്യത്തിന്‍റെ 50-Ɔο വാര്‍ഷികം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. പൗരോഹിത്യത്തിന്‍റെ സംഭവ ബഹുലമായ നാളുകള്‍
1969 ഡിസംബര്‍ 13-Ɔο തിയതിയാണ് ഹോര്‍ഹെ മാരിയോ ബര്‍ഗോളിയോ അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസില്‍ പൗരോഹിത്യം സ്വീകരിച്ചത്. ഈശോ സഭയില്‍ ആദ്യകാല അജപാലന ശുശ്രൂഷയും സന്ന്യാസ സമര്‍പ്പണവും ജീവിച്ച ഫാദര്‍ ബര്‍ഗോളിയോ 1973-ല്‍ ഈശോ സഭയുടെ അര്‍ജന്‍റീനയിലെ പ്രൊവിഷ്യല്‍ സുപ്പീരിയറായി സേവനമനുഷ്ഠിച്ചു. 1979-വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. 1992-ല്‍ അദ്ദേഹം ബ്യൂനസ് ഐരസ് അതിരുപതയുടെ സഹായമെത്രാനായും, തുടര്‍ന്ന് 1998-ല്‍ മെത്രാപ്പോലീത്തയായും നിയമിതനായി. ബ്യൂനസ് ഐരസ് അതിരൂപതാദ്ധ്യക്ഷനായി പ്രവര്‍ത്തിക്കവെ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ആര്‍ച്ചുബിഷപ്പ് ബര്‍ഗോളിയോയെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്.

2. വ്യക്തമായ നിലപാടുകളോടെ ജീവിച്ച അജപാലകന്‍
അര്‍ജന്‍റീനയുടെ അഭ്യന്തരവിപ്ലവ കാലത്ത് സഭയെ നേരായ വഴിയില്‍ നയിച്ച അജപാലകനാണ് കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ. പൊതുജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് വലിയ സ്വാധീനവും പ്രീതിയും നിലനില്ക്കേ വിപ്ലവനേതാക്കള്‍ക്ക് കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ ഒരു രാഷ്ട്രീയ ശത്രുവും ഭീഷണിയുമായിരുന്നു.

3.സഭാനേതൃത്വത്തിലേയ്ക്ക്
2013-ല്‍ പാപ്പാ ബെനഡിക്ട് 16- Ɔമന്‍ ഫെബ്രുവരി 28-ന് സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നാണ് മാര്‍ച്ച് 13-ന് കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ പാപ്പാ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഈശോ സഭയില്‍നിന്നും  ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നും മാത്രമല്ല, യൂറോപ്പിനു പുറത്തുനിന്നുമുള്ള (Non european) ആദ്യത്തെ സഭാതലവനാണ് പാപ്പാ ഫ്രാന്‍സിസ്.

4. പാവങ്ങളുടെ പക്ഷംചേരുന്ന പാപ്പാ
പാവങ്ങളുടെ പക്ഷംചേരുന്ന പാപ്പാ ഫ്രാന്‍സിസിനെ മാര്‍ക്സിസ്റ്റ് അനുഭാവിയായും, വിമോചന ദൈവശാസ്ത്രത്തിന്‍റെ മൗലികവാദിയായും ചിത്രീകരിക്കാറുണ്ടെങ്കിലും സഭാ പ്രബോധനങ്ങളിലും സുവിശേഷമൂല്യങ്ങളിലും അടിയുറച്ച നിലപാടുകളുള്ള പാരമ്പര്യവാദിയാണ് പാപ്പാ ഫ്രാന്‍സിസെന്നതാണ് സത്യം. എന്നാല്‍ ക്രിസ്തുവിന്‍റെ സഭ നവീകരിക്കപ്പെടുകയും സുവിശേഷമൂല്യങ്ങളിലും ക്രിസ്ത്വാനുകരണത്തിലും അടിസ്ഥാനപരമായി നവോത്ഥരിക്കപ്പെടുകയും വേണമെന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ പക്വമാര്‍ന്ന ഓരോ ചുവടുവയ്പ്പിലും, പ്രബോധനങ്ങളിലും നവീകരണ പദ്ധതികളിലും കാണാവുന്നതാണ്. ലാളിത്യമുള്ള ജീവിത ശൈലികൊണ്ടും, ദൈവിക കാരുണ്യത്തിന്‍റെ പ്രയോക്താവെന്ന നിലയിലും ലോകത്തുള്ള വിശ്വാസികളുടെ മാത്രമല്ല, സാധാരണക്കാരായ ജനകോടികളുടെ മനസ്സിലും ക്രിസ്തുസ്നേഹത്തിന്‍റെ മുദ്രപതിപ്പിക്കുവാനും, സകലര്‍ക്കും സ്നേഹമുള്ള സഹോദരനും പിതാവുമാകുവാനും പാപ്പാ ഫ്രാന്‍സിസിന് സാധിക്കുന്നു.

5. ലാളിത്യമാര്‍ന്ന ജീവിതശൈലി
അപ്പസ്തോലിക അരമനയുടെ വിശാലതയും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച്, വത്തിക്കാന്‍റെ അതിഥി മന്ദിരമായ സാന്താമാര്‍ത്തിയിലെ അന്തേവാസിയായി മറ്റു വൈദികര്‍ക്കും മെത്രാന്മാര്‍ക്കും ഒപ്പം ജീവിക്കുന്ന പാപ്പാ ഫ്രാന്‍സിസ് ലാളിത്യത്തിന്‍റെ പര്യായമാണ്. ലോകത്തുള്ള ബഹുഭൂരിപക്ഷം പാവങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു കൂട്ടായ്മയുടെ സംസ്ക്കാരത്തിന്‍റെ പ്രായോജകനാണ് പാപ്പാ ഫ്രാന്‍സിസ്. പൊതുഭവനമായ ഭൂമി അടിയന്തിരമായി സംരക്ഷിക്കുകയും, ഭാവി തലമുറയ്ക്കായി പരിപോഷിപ്പിക്കുകയും വേണമെന്ന വിശ്വസാഹോദര്യത്തിന്‍റെയും ശാന്തിയുടെയും വീക്ഷണം എന്നും ഹൃദയത്തിലേറ്റി ജീവിക്കുന്ന മഹാനുഭാവനുമാണ്. ഈ തുറന്ന കാഴ്ചപ്പാട് തന്‍റെ എല്ലാ പ്രബോധനങ്ങളിലും പ്രതിഫലിപ്പിക്കുകയും, ലോകത്തോട് പങ്കുവയ്ക്കുകയും ചെയ്യുന്ന ശാന്തിദൂതനാണ് പാപ്പാ ഫ്രാന്‍സിസ്.

6. ആശംസയോടെ...!
ആഗോളസഭയെ നയിക്കാന്‍ ഇനിയും ആയുസ്സും ആയുരാരോഗ്യവും ദൈവം പാപ്പായ്ക്കു നല്കട്ടെയെന്ന് ഈ ജൂബിലിനാളില്‍ സ്നേഹപൂ‍ര്‍വ്വം  പ്രാര്‍ത്ഥിക്കുന്നു!
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 December 2019, 18:00