തിരയുക

Vatican News
POPE FRANCIS POPE FRANCIS  (ANSA)

പീഡിതരായ ക്രൈസ്തവര്‍ പാപ്പായെ കാണാനെത്തി

പീഡനത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റ ഉക്രയിനിലെ ബൈസാന്‍റൈന്‍ കത്തോലിക്കര്‍ പാപ്പാ ഫ്രാന്‍സിസിനെ കാണാനെത്തി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഉക്രയിനിലെ മൂകചേവോ രൂപത
ഉക്രയിനിലെ മൂകചേവോ രൂപതയിലെ 1000-ല്‍ അധികം വിശ്വാസികളാണ് റഷ്യന്‍ പീഡനത്തില്‍ കഴിയേണ്ടി വന്നിട്ടുള്ള തങ്ങളുടെ സഭയുടെ നവോത്ഥാനത്തിന്‍റെ 30-Ɔο വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് മെത്രാന്മാര്‍ക്കൊപ്പം തീര്‍ത്ഥാടകരായി വത്തിക്കാനില്‍ എത്തിയത്.
1949-ല്‍ സോവിയറ്റ് റഷ്യ ഉക്രയിനിലെ ഗ്രീക്ക്-കാത്തലിക് ബൈസാന്‍റൈന്‍ സഭയെ അനധികൃതമെന്ന് പ്രഖ്യാപിക്കുകയും പീഡിപ്പിക്കുകയും ചെയ്തത് ചരിത്രമാണ്.

വിശ്വാസം ഏറ്റുപറയുന്ന തീര്‍ത്ഥാടനം
ഡിസംബര്‍ 11-Ɔο തിയതി വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്കു മുന്‍പാണ് പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ച വത്തിക്കാനില്‍ നടന്നത്. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.  ക്രിസ്തുവിനോടും പത്രോസിന്‍റെ പിന്‍ഗാമിയായ പാപ്പായോടുമുള്ള വിശ്വസ്തതയും വിധേയത്വവും ഏറ്റുപറയാന്‍ നടത്തിയ തീര്‍ത്ഥാടനമാണിതെന്ന് മൂകചേവോയുടെ ഇപ്പോഴത്തെ രൂപതാദ്ധ്യക്ഷന്‍, മിലാന്‍ സാഷിക്ക് ആമുഖമായി കൂടിക്കാഴ്ചയ്ക്ക് നന്ദിപറയുകയും പാപ്പായ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തുകൊണ്ട് പ്രസ്താവിച്ചു.

പാപ്പായുടെ പ്രഭാഷണം
ക്രിസ്തുവുമായുള്ള വ്യക്തി ബന്ധവും വിശ്വസ്തതയും എവിടെയും ഏതു സാഹചര്യത്തിലും കാത്തുസൂക്ഷിക്കണമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. മൂകചേവോയിലെ പൂര്‍വ്വീകരും അവരുടെ കാരണവന്മാരും മാതാപിതാക്കളും കാണിച്ചു തന്നിട്ടുള്ള വിശ്വാസ ജീവിതത്തിന്‍റെ പതറാത്ത പാതയില്‍ മുന്നേറണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ക്രിസ്തുവിലേയ്ക്കുള്ള ക്ഷണം എല്ലാവര്‍ക്കും ഉള്ളതാണെന്നും, കാരണം ആരും ക്രിസ്തുവിന്‍റ സ്നേഹത്തില്‍നിന്നും സന്തോഷത്തില്‍നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ലെന്നും പാപ്പാ അനുസ്മരിപ്പിച്ചു. കമ്യൂണിസ്റ്റ് റഷ്യയുടെ പീഡനകാലത്ത് ചിതറിപ്പോയ സഭ, അതില്‍പ്പിന്നെ ഉയര്‍ത്തെഴുന്നേറ്റ് മൂകചേവോ രൂപതയായതിന്‍റെ മൂന്നു ദശകങ്ങള്‍ പാപ്പാ അഭിനന്ദനമായി തന്‍റെ പ്രഭാഷണത്തില്‍ അനുസ്മരിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. സഭാമക്കള്‍ ഇനിയും കൂട്ടായ്മയിലും സാഹോദര്യത്തിലും വളരട്ടെയുന്നു പാപ്പാ ആശംസിച്ചു.

ആശംസയും ആശീര്‍വ്വാദവും

ആസന്നമാകുന്ന ക്രിസ്തുമസ്സിന്‍റെ ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ടും, അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടുമാണ് പാപ്പാ ഫ്രാന്‍സിസ് വാക്കുകള്‍ ഉപസംഹരിച്ചത്. തുടര്‍ന്ന് പൊതുകൂടിക്കാഴ്ചാ പരിപാടിക്കായി പാപ്പാ സമീപത്തിലുള്ള പോള്‍ ആറാമന്‍ ഹാളിലേയ്ക്കു നീങ്ങി.
 

12 December 2019, 08:57