2019.12.22 Pope at the window of Angelus prayer 2019.12.22 Pope at the window of Angelus prayer 

പരിത്യക്തനായപ്പോഴും പരിഭവിക്കാതിരുന്ന വിശുദ്ധ യൗസേപ്പ് !

ഡിസംബര്‍ 22-Ɔο തിയതി ഞായറാഴ്ച വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നയിച്ച ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ നല്കിയ സന്ദേശം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ത്രികാലപ്രാര്‍ത്ഥന സന്ദേശം - 4-Ɔο വാരം ആഗമനകാലം

1. പാപ്പായെ കാണാന്‍ ചത്വരത്തിലെ ആവേശം
യൂറോപ്പില്‍ ശൈത്യകാലമാണെങ്കിലും ഡിസംബര്‍ 22, ഞായര്‍ പ്രശാന്തവും തെളിവുള്ളതുമായിരുന്നു. ക്രിസ്തുമസ്സിനോട് അടുത്തുള്ള ദിവസമായതു കൊണ്ടാവണം, മദ്ധ്യാഹ്നത്തിനു മുന്നേതന്നെ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനും പാപ്പാ ഫ്രാന്‍സിസിനെ കാണുവാനും ശ്രവിക്കുവാനും ആശീര്‍വ്വാദം സ്വീകരിക്കുവാനുമായി ആയിരങ്ങള്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരുന്നു. കൊടിതോരണങ്ങളുമായി പാപ്പായെ കാണാന്‍ ആവേശത്തോടെ ആര്‍ത്തിരമ്പി നല്ക്കുന്ന ആബാലൃന്ദം ജനങ്ങള്‍ മനസ്സിന് ആനന്ദംപകരുന്ന കാഴ്ചയാണ്.  പാപ്പായെ കാണാന്‍ സൗകര്യപ്പെടുത്തുമാറ് കുഞ്ഞുമക്കളെ ധാരാളംപേര്‍ തോളില്‍ ഇരുത്തി കാത്തുനില്ക്കുന്നതും വത്തിക്കാനില്‍ കാണുന്ന കൗതുകം ഉണര്‍ത്തുന്ന കാഴ്ചയാണ്. മദ്ധ്യാഹ്നം 12 മണിയായതും, അപ്പസ്തോലിക അരമനയുടെ ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥനയ്ക്കായി പ്രത്യക്ഷപ്പെട്ടു. കരങ്ങള്‍ ഉയര്‍ത്തി മന്ദസ്മിതത്തടെ എല്ലാവരെയും അഭിവാദ്യംചെയ്തുകൊണ്ട് പാപ്പാ പ്രഭാഷണം ആരംഭിച്ചു.

2. ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യന്‍
ക്രിസ്തുമസ്സിന് ഒരുക്കമായുള്ള ഈ നാലാം വാരത്തില്‍ വിശുദ്ധ യൗസേപ്പിന്‍റെ ജീവിതാനുഭവത്തിലൂടെയാണ് വചനം നമ്മെ ക്രിസ്തുമസ്സിലേയ്ക്ക് നയിക്കുന്നത്
(മത്തായി 1, 18-24). പ്രത്യക്ഷത്തില്‍ തിരുപ്പിറവിയുടെ പശ്ചാത്തലത്തില്‍ ജോസഫ് ഒരു രണ്ടാം നിലക്കാരനാണ്. ഒരു പരോക്ഷ സ്ഥാനക്കാരനുമാണ്. അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിലും നിലപാടുകളിലും ക്രിസ്തീയതയുടെ ഉദാത്തമായ മനോഭാവം നമുക്കു ദര്‍ശിക്കാം. എന്നാല്‍ മറിയത്തോടും, സ്നാപക യോഹന്നാനോടും ആഗമനകാലത്തിലെ ആരാധനക്രമം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്ന വ്യക്തിത്വമാണ് ജോസഫിന്‍റേത്. എന്നാല്‍ ഈ മൂവരില്‍ ജോസഫാണ് ഏറ്റവും വിനീതഭാവന്‍. അദ്ദേഹം പ്രസംഗിക്കുന്നില്ല, ഉറക്കെ സംസാരിക്കുന്നുമില്ല. എന്നാല്‍ നിശ്ശബ്ദമായി ദൈവഹിതം നിറവേറ്റാന്‍ ശ്രമിക്കുന്നു. അദ്ദേഹം അതു നിര്‍വ്വഹിക്കുന്നത് സുവിശേഷത്തിലെ അഷ്ടഭാഗ്യങ്ങളുടെ രീതിയിലുമാണ്. “ആത്മനാ ദാരിദ്ര്യമുള്ളവര്‍ അനുഗൃഹീതരാണ്, സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്,” എന്ന പ്രബോധനം നമുക്കറിയാം (മത്തായി 5, 3). എന്നാല്‍ ജോസഫ് അതു ജീവിക്കുന്നു. അദ്ദേഹം ദരിദ്രനായിരുന്നു. അയാള്‍ ജീവിച്ചത് ജോലിചെയ്താണ്. അതിനാല്‍ ദൈവത്തില്‍ ആശ്രയിച്ചും, അവിടുന്നില്‍ പൂര്‍ണ്ണവിശ്വാസം അര്‍പ്പിച്ചും ജീവിക്കുന്നവരുടെ പ്രതീകമാണ് ജോസഫ്!

3. പരിത്യക്തനായപ്പോഴും പരിഭവിക്കാത്ത ജോസഫ്
മാനുഷികമായി ഏറെ പരിഭ്രാന്തിയുണര്‍ത്തുന്നതും, വിരോധാഭാസമായി തോന്നാവുന്നതും, പിരിമുറുക്കം സൃഷ്ടിക്കുന്നതുമായ സാഹചര്യമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. ജോസഫും മറിയവും തമ്മില്‍ വിവാഹനിശ്ചയം ചെയ്തിരുന്നു. എന്നാല്‍ അവര്‍ ഒരിക്കലും ഒരുമിച്ചു ജീവിച്ചിട്ടില്ലായിരുന്നു. അങ്ങനെ ഇരിക്കെ മറിയം ഗര്‍ഭവതിയായി കാണപ്പെടുന്നു. ദൈവിക പദ്ധതിയിലും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താലുമാണ് മറിയം ഗര്‍ഭം ധരിച്ചിരിക്കുന്നത്. ജോസഫ് മാനുഷികമായി സംഭ്രമചിത്തനും അസ്വസ്തനുമാകുന്നു. എന്നാല്‍ വികാരാധീനനായോ വിദ്വേഷത്തോടെയോ പ്രവര്‍ത്തിക്കാതെ, തനിക്ക് പ്രിയപ്പെട്ട മേരിക്ക് ഒരു മാനഹാനിയോ അപമാനമോ വരുത്താതെയും, അക്കാലത്തെ സാമൂഹിക നീതിയില്‍ കല്ലെറിഞ്ഞു കൊല്ലപ്പെടാന്‍ ഇടയാകാതിരിക്കുവാനും ജോസഫ് കരുതലുകള്‍ എടുക്കുന്നു. തനിക്കൊന്നും മനസ്സിലാകുന്നില്ലെങ്കിലും അയാള്‍  മൗനമായി തന്‍റേതായ പരിഹാരം കണ്ടെത്തുന്നു.

4. ദൈവം തുറന്ന നവമായ
വഴിയിലൂടെ  എന്നും ചരിച്ച ജോസഫ്

മാനുഷികമായി വിവരിക്കാനോ മനസ്സിലാക്കാനോ സാധിക്കാത്ത ഈ സാഹചര്യം മറിയത്തിന്‍റെയും ജോസഫിന്‍റെയും പരസ്പരബന്ധം തകര്‍ത്തേക്കാവുന്നതായിരുന്നു. അതുകൊണ്ടുതന്നെ മറിയത്തെ അപമാനിതയാക്കാതെയും അവള്‍ക്ക് മാനഹാനി വരുത്താതെയും, ജോസഫ് അവളെ രഹസ്യമായി പരിത്യജിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അയാള്‍ എടുത്ത തീരുമാനം ദൈവഹിതത്തിന് ചേര്‍ന്നതല്ലെന്നു വെളിപ്പെടുത്താന്‍ ഒരു ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട്, ജോസഫിനു സന്ദേശം നല്കി. ദൈവം അയാള്‍ക്ക് സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും ആനന്ദത്തിന്‍റെയും നവമായ പാതയാണു തുറന്നുകൊടുത്തത്. ദൂതന്‍ അറിയിച്ചത് ഇപ്രകാരമാണ്, “ദാവീദിന്‍റെ പുത്രനായ ജോസഫ്, ഭാര്യയായ മറിയത്തെ സ്വീകരിക്കാന്‍ നീ ശങ്കിക്കേണ്ട. അവളില്‍ ഉരുവായിരിക്കുന്ന കുഞ്ഞ് പരിശുദ്ധാത്മാവാല്‍ ജാതനാണ്” (20).

5. ദൈവത്തിലുള്ള ജോസഫിന്‍റെ
പതറാത്ത വിശ്വാസം

ഈ ഘട്ടത്തില്‍, ജോസഫ് പൂര്‍ണ്ണമായും ദൈവത്തില്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍ അറിയിച്ച പ്രകാരം മറിയത്തെ സ്വീകരിക്കുകയും ചെയ്യുന്നു. ദൈവത്തിലുള്ള പതറാത്ത വിശ്വാസമാണ് മാനുഷികമായി ഏറെ പ്രയാസമുള്ളതും, ഒപ്പം മാനുഷിക ബുദ്ധിക്ക് അഗ്രാഹ്യവുമായ ഈ തീരുമാനം അംഗീകരിക്കാന്‍ ജോസഫിനെ പ്രേരിപ്പിച്ചത്. മറിയത്തില്‍ ജാതനായിരിക്കുന്ന ശിശു തന്‍റേതല്ലെന്നും, ദൈവപുത്രനാണെന്നും അയാള്‍ വിശ്വാസത്തില്‍ അംഗീകരിക്കുന്നു. എന്നിട്ട് ഒരു പിതാവിന്‍റെ എല്ലാ കര്‍ത്തവ്യങ്ങളും ആ കുഞ്ഞിനുവേണ്ടി ഏറ്റെടുത്തുകൊണ്ട്, അവന് ഒരു കാവാലാളായി ജീവിക്കാന്‍ ജോസഫ് സന്നദ്ധനാകുന്നു. വിവേകിയും വിജ്ഞാനിയുമായ ഈ മനുഷ്യന്‍റെ ജീവിതം ആരെയും പ്രചോദിപ്പിക്കുന്നതും, മാതൃകയാക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ്. നമ്മുടെ മാനുഷിമായ ചെറിയ ബുദ്ധിക്കും യുക്തിക്കും ഉപരിയായി, ദൈവത്തിന്‍റെ വിസ്മയകരമായ ചെയ്തികളെ ഉള്‍ക്കൊള്ളുകയും, അവയോടു തുറവ് കാണിക്കുകയും ചെയ്തുകൊണ്ട് ക്രിസ്തുവിന്‍റെയും അവിടുത്തെ വചനത്തിന്‍റെയും നവമായ ചക്രവാളങ്ങളിലേയ്ക്ക് ചരിക്കണമെന്നാണ് ജോസഫ് നമ്മെ പഠിപ്പിക്കുന്നത്.

6. നമ്മുടെ പ്ലാനുകളിലും പദ്ധതികളിലും
ക്രിസ്തു ഉണ്ടാവട്ടെ!

അനുദിനജീവിതത്തിന്‍റെ മാനുഷികമായ പ്ലാനുകളിലും പദ്ധതികളിലും തന്നെയും ഉള്‍ച്ചേര്‍ക്കണമെന്ന് രക്ഷകനായ ക്രിസ്തു ഈ പുണ്യകാലത്ത് നമ്മോട് ആവശ്യപ്പെടുന്നുണ്ട്. ആസന്നമാകുന്ന ക്രിസ്തുമസ്സിലൂടെ ക്രിസ്തുവിനെ കൂടുതല്‍ ശ്രവിക്കുവാനും, സ്വീകരിക്കുവാനും പരിശുദ്ധ കന്യകാനാഥയും, തിരുക്കുടുംബ പാലകനായ വിശുദ്ധ യൗസേപ്പും നമ്മെ ഏവരെയും തുണയ്ക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ഉപസംഹരിച്ചത്.
തു‌ടര്‍ന്ന് ജനങ്ങള്‍ക്കൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലി. അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് ത്രികാല പ്രാര്‍ത്ഥന ഉപസംഹരിച്ചത്. അതിനുശേഷം ആശംസകളും അഭിവാദ്യങ്ങളും ഉണ്ടായിരുന്നു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 December 2019, 16:01