പാപ്പാ അന്തർദേശീയ ദൈവശാസ്ത്ര കമ്മീഷൻ അംഗങ്ങളുമായി... പാപ്പാ അന്തർദേശീയ ദൈവശാസ്ത്ര കമ്മീഷൻ അംഗങ്ങളുമായി... 

പാപ്പാ: ദൈവശാസ്ത്രം ദൈവവചനത്തെ ഉജ്ജ്വലിപ്പിക്കുന്നു.

ദൈവശാസ്ത്രം ദൈവവചനം ഉജ്ജ്വലിപ്പിക്കുകയാണ്; അല്ലാതെ സിദ്ധാന്തങ്ങൾ ഉണ്ടാക്കുകയല്ലെന്ന് അന്തർദേശീയ ദൈവശാസ്ത്ര കമ്മീഷൻ അംഗങ്ങളുമായി വത്തിക്കാനിൽ നവംബർ ഇരുപത്തൊമ്പതാം തിയതി നടന്ന കൂടിക്കാഴ്ചയിൽ പാപ്പാ ഉദ്ബോധിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അന്തർദേശീയ ദൈവശാസ്ത്ര കമ്മീഷൻ അംഗങ്ങളുമായി വത്തിക്കാനിൽ നവംബർ ഇരുപത്തൊമ്പതാം തിയതി നടന്ന കൂടിക്കാഴ്ചയിൽ  വിശ്വാസവും സംസ്കാരവും തമ്മിലുള്ള മധ്യസ്ഥതയിലൂടെ സുവിശേഷത്തെ പ്രകാശത്തിലേക്ക് കൊണ്ടുവരാൻ നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ അവരെ പ്രബോധിപ്പിച്ചു. കമ്മീഷൻ പ്രസിഡന്‍റ് കർദിനാൾ ലഡാരിയയ്ക്ക് നന്ദി പറഞ്ഞ പാപ്പാ കമ്മീഷന്‍റെ ജൂബിലി വര്‍ഷത്തെ അനുസ്മരിച്ച് കൊണ്ട് സഭയ്ക്ക് വേണ്ടി അവര്‍ നിര്‍വ്വഹിക്കുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

പോൾ ആറാമൻ പാപ്പായുടെ ആഗ്രഹപ്രകാരം രൂപീകരിച്ച അന്തർദ്ദേശീയ ദൈവശാസ്ത്ര കമ്മീഷൻ അതിന്‍റെ 50 ആം വാർഷീകം ആചരിക്കാൻ ഫ്രാൻസിസ് പാപ്പയോടൊത്തുവന്ന അവസരത്തിലാണ് വിശ്വാസവും സംസ്കാരവും വഴി സുവിശേഷത്തെ വെളിച്ചത്ത് കൊണ്ടുവരാനാണ് ദൈവശാസ്ത്ര കമ്മീഷന്‍റെ വിളി എന്ന് പാപ്പാ ഓർമ്മിപ്പിച്ചത്. "മുട്ടിന്മേൽ നിന്ന്" ദൈവശാസ്ത്രം ജനിക്കുകയും വളരുകയും ചെയ്യണം എന്നത് പാപ്പായുടെ പഠനങ്ങളിലെ  പുത്തൻ ആശയമല്ല എങ്കിലും പാപ്പാ, 50 വർഷത്തെ പ്രവർത്തനങ്ങൾ തന്നോടോത്ത് ആഘോഷിക്കാനെത്തിയ അന്തർദേശീയ ദൈവശാസ്ത്ര കമ്മീഷനോടൊത്തുള്ള കൂടിക്കാഴ്ചയിൽ അത് ആവർത്തിക്കയായിരുന്നു. മറ്റൊന്നുകൂടി പാപ്പാ അതോടുകൂട്ടിച്ചേർത്തു കൊണ്ട് സഭയുടെ പ്രേഷിതത്വത്തെ സഹായിക്കാൻ ദൈവശാസ്ത്രം സുവിശേഷത്തിന്‍റെ ശ്വാസം സ്വന്തമാക്കണമെന്നും അതിനാൽ വിശ്വാസത്തിന്‍റെ അമൂർത്തമായ ആശയങ്ങളുടെ ഔന്നത്യങ്ങളെ അനുദിന ജീവിത സാഹചര്യങ്ങളിൽ ആകർഷണീയമാക്കി അവതരിപ്പിക്കാനുള്ള കഴിവ് നേടിയെടുക്കണമെന്നും ഓർമ്മിപ്പിച്ചു. 1969 ഏപ്രിൽ 11ന് പോൾ ആറാമൻ പാപ്പാ ഈ കമ്മീഷൻ സ്ഥാപിക്കുമ്പോൾ ആഗ്രഹിച്ചതും അതുതന്നെയായിരുന്നു എന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പാ, ഈ അവസരത്തിനായി ബനഡിക്ട് പതിനാറാമൻ പാപ്പാ എഴുതിയ നീണ്ട അർത്ഥഗർഭമായ സന്ദേശം ഉദ്ധരിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിലിന്‍റെ കാലത്ത് ദൈവശാസ്ത്രവും സഭയുടെ പഠനങ്ങളുമായി ഒരു പാലം സൃഷ്ടിക്കാനാണ് വിദഗ്ദ്ധരായ നിങ്ങളെ ഒന്നിച്ചു കൂട്ടിയതെന്നും, വിവിധ സംസ്കാരങ്ങളും സഭയുടെ വിവിധയിടങ്ങളിലുള്ള ജീവിതങ്ങളും പരസ്പരം ബന്ധിപ്പിച്ച് സഭയുടെ പ്രവർത്തനങ്ങളെ സമ്പുഷ്ടമാക്കാൻ വിശ്വാസ സത്യത്തിനായുള്ള കോൺഗ്രിഗേഷന്‍റെ ജോലിയെ സഹായിക്കാനുമുള്ള ഉദ്ദേശങ്ങളായിരുന്നു അതിന്‍റെ പിന്നിലെന്നും പാപ്പാ അറിയിച്ചു. പല ഹെൻറി ലൂബെക്മാരുടെയും, കാൾറാണർമാരുടേയും ഇന്നത്തെ പിൻതുടർച്ചക്കാരാണ് അവരെന്നും പാപ്പാ അവരെ ഓർമ്മിപ്പിച്ചു.

സുവിശേഷത്തെ വെളിച്ചത്തിലേക്ക് കൊണ്ടുവരേണ്ടതെങ്ങനെ എന്ന് വിശദീകരിച്ച പാപ്പാ ഇന്ന് വിവിധ സംസ്കാരങ്ങളിലുള്ള സഭകളിൽ ക്രിസ്തു രഹസ്യത്തിന്‍റെ വറ്റാത്ത ഉറവയുടെ പുതുമകൾ വെളിച്ചത്തു കൊണ്ടുവരാന്‍ പരിശുദ്ധാത്മാവ് സംസാരിക്കുന്നത് ശ്രവിച്ച്, വിശ്വാസത്തെ ഇന്നത്തെ മനുഷ്യനായി വിവർത്തനം ചെയ്ത് സുവിശേഷത്തിന്‍റെ ആദ്യ ചുവടുകൾ വയ്ക്കാൻ സഹായിച്ച്, വഴിയൊരുക്കി, സഭയുടെ പുണരൽ സകലർക്കും അടുത്ത് അനുഭവവേദ്യമാക്കി, സുവിശേഷ പ്രഘോഷണത്തിന്‍റെ അസ്തമിക്കാത്ത രസം രുചിക്കാൻ എല്ലാവർക്കും ഇടയാക്കുകയാണ് വേണ്ടതെന്നും ദൈവശാസ്ത്രം ജീവിതത്തെ കുറിച്ചുള്ള സൂക്ഷ്മ പഠനത്തെക്കാൾ  ജീവിതത്തിലെ വിശ്വാസത്തിന്‍റെ മാംസം ധരിക്കലാണ് എന്നും വ്യക്തമാക്കി.

ദൈവശാസ്ത്രജ്ഞൻ ദൈവജനത്തിന് വിശ്വാസത്തിന്‍റെ പോഷണം നൽകി ചർച്ചകളിൽ നിന്ന് ഉരുത്തിരിയാവുന്ന തർക്കങ്ങളിലും ആപേക്ഷിക സിദ്ധാന്തങ്ങളിലും നിന്ന് അവരെ സംരക്ഷിക്കാൻ കൂടുതൽ പഠിക്കണമെന്നും ഓർമ്മിപ്പിച്ച പാപ്പാ എളിമയാർന്ന സ്ഥിരമായ പ്രാർത്ഥനയും, പരിശുദ്ധാത്മാവിനോടുള്ള തുറവും  ദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാന ഘടകങ്ങളാണെന്ന് ഉദ്ബോധിപ്പിച്ചു. ദൈവശാസ്ത്രം തനിച്ചല്ല സമൂഹമായും സമൂഹത്തിന് വേണ്ടിയും, സുവിശേഷത്തിന്‍റെ സ്വാദ് ഇന്നത്തെ സഹോദരീ സഹോദരർക്ക് രുചിയോടും ബഹുമാനത്തോടും കൂടെ നൽകുകയാണ് ചെയ്യേണ്ടതെന്നും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. ദൈവശാസ്ത്ര കമ്മീഷൻ സിനഡാലിറ്റിയെക്കുറിച്ചും, മതസ്വാതന്ത്ര്യത്തെക്കുറിച്ചും ഇറക്കിയ പഠനങ്ങളെ പാപ്പാ തന്‍റെ പ്രഭാഷണത്തിൽ പ്രശംസിച്ചു നന്ദിയർപ്പിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 November 2019, 12:31