തിരയുക

 സുവിശേഷവത്ക്കരണ ആഗോള പ്രസ്ഥാനത്തിന്‍റെ പ്രതിനിധികളുമായി  പാപ്പാ... സുവിശേഷവത്ക്കരണ ആഗോള പ്രസ്ഥാനത്തിന്‍റെ പ്രതിനിധികളുമായി പാപ്പാ... 

വിശുദ്ധിയിലേക്കുളള വിളി: നിര്‍ഭയതയും അഭിനിവേശവും

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ നാലാം അദ്ധ്യായത്തിലെ 129-131 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

നാലാമദ്ധ്യായം:  ഇന്നത്തെ ലോകത്തിലെ വിശുദ്ധിയുടെ അടയാളങ്ങൾ

വിശുദ്ധിയുടെ അടയാളങ്ങൾ എന്തൊക്കെയെന്ന് പാപ്പാ ഇവിടെ കാണിച്ചുതരുന്നു. സ്ഥിരോൽസാഹവും, ക്ഷമയും, ശാന്തതയും, സന്തോഷവും, രസികത്വവും തുടങ്ങി അപ്പോസ്തലീകമായ ധൈര്യവും, സമൂഹ ജീവിതവും, നിരന്തരമായ പ്രാർത്ഥനയും വിശുദ്ധിയുടെ പ്രകടഭാവങ്ങളായി മാർപാപ്പാ ചൂണ്ടിക്കാണിക്കുന്നു.

നാലാമത്തെ അദ്ധ്യായം ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും 5 മഹാ സാക്ഷ്യങ്ങൾ വരച്ചുകാണിക്കുന്നു. അഞ്ച് സമകാലിന രൂപങ്ങളാണനവ. എന്തെന്നാൽ വിശുദ്ധിക്ക് ഓരോ കാലഘട്ടത്തിലും വ്യത്യസ്ഥമായ രൂപങ്ങളുണ്ട്. അപ്പോസ്തോലിക പ്രബോധനം ഇക്കാത്തിലെ വിശുദ്ധിയുടെ രൂപങ്ങളാണ് തേടുന്നത് ഇന്നത്തെ സംസ്കാരത്തിന്‍റെ പരിമിതികളും, അപകടങ്ങളും വച്ച് പലപ്പോഴും അക്രമാസക്തമായ മനസ്സിനെ പതറിക്കുകയും ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്ന ആകുലതാബോധം, നിഷേധാത്മകതയും,  മുഖപ്രസാദമില്ലാത്ത അവസ്ഥയും, ഉപഭോക്തൃ സംസ്കാരം വളർത്തുന്ന സ്വയംപര്യാപ്തതയും ഇക്കാലത്തെ ആത്മീയ വിപണിയിൽ ഭരണം നടത്തുന്ന വ്യക്തിനിഷ്ഠതയും ദൈവവുമായി ഒരു ബന്ധവുമില്ലാത്ത വിലകുറഞ്ഞ ആത്മീയതയുടെ എല്ലാ രൂപങ്ങളും ഇവിടെ നിർദ്ദേശിക്കപ്പെടുന്ന  അ‍ഞ്ച് അടയാളങ്ങളായി കണകാക്കപ്പെടുന്നു.

വിശുദ്ധനായ ഒരു വ്യക്തി ആനന്ദത്തോടെ ജീവിക്കുന്നു. അദ്ദേഹത്തിന് ഒരു നർമ്മബോധവും ഉണ്ടാവും. വിശുദ്ധി എന്നാൽ കാപട്യമില്ലായ്മയാണ്. അപ്പോസ്തോലിക ധീരതയാണ്. തുനിയാനും പരീക്ഷിക്കുവാനും മുൻകൈ എടുക്കുവാനും നവ്യമായതിലേക്ക് നീങ്ങുവാനുമുള്ള ശേഷിയാണ്. അവസാനമായി വിശുദ്ധി എന്നത് കർത്താവിലേക്ക് നോക്കുവാൻ സ്വയം അനുവദിച്ചും അവിടത്തെ സ്നേഹത്തിന്‍റെ ഊഷ്മളതയാലും ആർദ്രതയാലും പരിപോഷിപ്പിക്കപ്പെടുന്നതിന് അനുവദിച്ചും നിശബ്ദതയിൽ നടത്തുന്ന പ്രാർത്ഥനയാണ്. വിശുദ്ധി എന്നത് കർത്താവിനാല്‍ അവിടുത്തെ അരുവിയുടെ ശക്തിയാൽ രൂപാന്തരപ്പെടുത്തപ്പെടുന്നതിനുമുള്ള വിട്ടുകൊടുക്കലാണ്.

നിര്‍ഭയവും അഭിനിവേശവും

129 . വിശുദ്ധി parrhesiaയും കൂടിയാണ്. അത് നിരഭയതയാണ്. സുവിശേഷപ്രഘോഷണത്തിനും ലോകത്തിൽ ഒരു മുദ്രപതിപ്പിക്കാനുള്ള ഒരാവേശമാണ്. ഇത് ചെയ്യുവാൻ നമ്മെ അനുവദിക്കാനായി, യേശു തന്നെ വരികയും ഒരിക്കൽ കൂടി പ്രശാന്തമായും ദൃഡമായും പറയുകയും ചെയ്യുന്നു: "ഭയപ്പെടേണ്ട" (മർക്കോ.6 :50). "യുഗാന്ത്യം വരെ എന്നും ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും"(മത്താ.28:20). ഈ വാക്കുകൾ, പരിശുദ്ധാത്മാവ് അപ്പോസ്തലന്മാരിൽ ഉണർത്തിയ അതെ ധൈര്യത്തോടു കൂടി യേശുക്രിസ്തുവിനെ വിളിച്ചറിയിക്കുവാൻ പ്രോത്സാഹിപ്പിച്ചു കൊണ്ട്, പോകുവാനും, ശൂശ്രുഷ ചെയ്യുവാനും നമ്മെ പ്രാപ്തരാക്കുന്നു. നിര്‍ഭയത, അത്യുത്സാഹം, വിളിച്ചറിയിക്കാനുള്ള സ്വാതന്ത്ര്യം, അപ്പോസ്തോലിക ചൈതന്യം എന്നിവയെല്ലാം Parrhesiaൽ ഉൾക്കൊള്ളുന്നുണ്ട്. വിശുദ്ധഗ്രന്ഥം ഈ പദത്തിനെ, ദൈവത്തോടും മറ്റുള്ളവരോടും തുറവുള്ള ജീവിതത്തിന്‍റെ സ്വാതന്ത്ര്യത്തെ വിവരിക്കാനും ഉപയോഗിക്കുന്നുണ്ട്. (cf.അപ്പോ.4:29,9:28,28:31;2കൊറി.3:12;എഫേ.3:12, ഹെബ്രാ3:6,10:19).

ദൈവം കൂടെയുണ്ടെങ്കിൽ ആർക്കാണ് നമുക്കെതിരെ നില്‍ക്കാന്‍ കഴിയുക? യഥാർത്ഥത്തിൽ ദൈവം കൂടെയുണ്ടെന്ന വിശ്വാസം മനസ്സിന് നല്‍കുന്ന ഒരു ധൈര്യമുണ്ട്. വിശുദ്ധിയെ ഈ ധൈര്യവുമായി ബന്ധിപ്പിക്കുകയാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ. പക്ഷേ ആ വിശുദ്ധിയുടെ അടിസ്ഥാനം ദൈവം കൂടെയുണ്ട് എന്ന വിശ്വാസവും കർത്താവിന്‍റെ വചനവുമാണ് “ഭയപ്പെടേണ്ടാ” (മർക്കോ.6:50) എന്നും "യുഗാന്ത്യം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും"(മത്തായി 28 : 20) എന്നുമുള്ള വചനങ്ങൾ. സുവിശേഷവൽക്കരണത്തിന്‍റെ ചരിത്രം പരിശോധിച്ചാൽ അപ്പോസ്തലന്മാരുടെ അതേ തീക്ഷ്ണതയോടെ കർത്താവിനെ പ്രഘോഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ട എല്ലാ വ്യക്തികൾക്കും ഈ ഉറപ്പു തന്നെയാണ് ബലം. അത് പരിശുദ്ധാത്മാവ് അപ്പോസ്തലന്മാർക്ക് നല്‍കിയ അതേ ശക്തിയാണ് എന്ന് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിക്കുന്നു. ഈ ധൈര്യം ഉൽസാഹവും തുറന്ന് സംസാരിക്കാനുള്ള കഴിവും, അപ്പോസ്തലീകാവേശവും ഉൾപ്പെടുന്ന ഒരു പുണ്യമാണ് എന്ന് അതിന്‍റെ ഗ്രീക്ക് മൂലപദമായ പറെഹ്സിയ ഉദ്ധരിച്ച് പാപ്പാ വിശദീകരിക്കുന്നു. പറെഹ്സിയ  എന്നതിന്‍റെ അര്‍ത്ഥം സ്വതന്ത്രവും ഭയരഹിതവുമായ ദൃഡനിശ്ചയം എന്നാണ്.

പലപ്പോഴും നമ്മുടെ അനുദിന ജീവിതത്തിൽ തുറന്ന് കാര്യങ്ങൾ പറയാൻ നമ്മൾ ധൈര്യപ്പെടാത്ത നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴും പലരോടും സംഭവങ്ങളോടും നമ്മൾ പറഞ്ഞൊഴിയാറുമുണ്ട്. ഒന്ന് ആ നിമിഷങ്ങളെ  വിശകലനം ചെയ്യാൻ ശ്രമിച്ചാൽ കണ്ടെത്താവുന്ന ചില സത്യങ്ങൾക്ക് ആധാരം ഭയമായിരിക്കണം. നമ്മെക്കുറിച്ച് നമ്മൾ പടുത്തുയർത്തിയ അസത്യബിംബങ്ങൾ തച്ചുടയ്ക്കപ്പെടും എന്ന ഭയം. സത്യം സ്വതന്ത്രമാക്കുമെന്നതിനേക്കാൾ സത്യം നമ്മെ ഒതുക്കും എന്ന ഭയം. ഇവിടെയാണ് പാപ്പാ വിശുദ്ധിയുടെ മാനമായി നമുക്ക് മുന്നിൽ വയ്ക്കുന്ന പാറഹ്സിയ എന്ന പദത്തിന്‍റെ മറ്റൊരു അർത്ഥം നമുക്ക് വ്യക്തമാകുന്നത്. പറെഹ്സിയ ദൈവത്തോടുള്ള തുറവിലും മറ്റുള്ളവരോടുള്ള തുറവിലും നിന്നു വരുന്ന ജീവിത സ്വാതന്ത്ര്യമാണ്. അത് എന്‍റെ കെട്ടുകളഴിച്ച് എനിക്ക് നൽകുന്നത് സ്വാതന്ത്ര്യമാണെന്നും ധൈര്യത്തോടെ യേശുവിനെ പ്രഘോഷിക്കാൻ എന്നെ പ്രാപ്തനാക്കുന്ന പുണ്യമാണെന്നും പാപ്പാ കാണിച്ചുതരുന്നു.

സുവിശേഷവത്കരണത്തിന്‍റെ തടസ്സം തീക്ഷണതയില്ലായ്മ

130. വിശുദ്ധ പോൾ ആറാമൻ, സുവിശേഷവത്കരണം നേരിടുന്ന തടസ്സങ്ങളെ കുറിച്ച് പരാമർശിക്കുമ്പോൾ, ഒരു തീക്ഷണതയില്ലായ്മയെ കുറിച്ച് പറയുന്നുണ്ട്: "അത് ഗൗരവമേറിയ കാര്യമാണ്, എന്തെന്നാൽ അത് ഉള്ളിൽ നിന്നും വരുന്നതാണ്."കരയോടു അടുത്തിരിക്കാൻ നമ്മൾ എത്രയോ പ്രാവശ്യമാണ് പ്രചോദിതരാകുന്നത്! എന്നിട്ടും കര്‍ത്താവ് നമ്മെ വിളിക്കുന്നത് ആഴത്തിലേക്ക് നീക്കി നമ്മുടെ വലകൾ ഇറക്കാനാണ് (cf.ലൂക്കാ.5:4). അവിടുത്തെ സേവനത്തിനായി നമ്മുടെ ജീവിതങ്ങളെ ഉഴിഞ്ഞുവയ്ക്കാൻ അവിടുന്നാവശ്യപ്പെടുന്നു. അവിടുത്തെ മുറുകെ പിടിച്ചു കൊണ്ട് നമ്മുടെ ആത്മീയ സിദ്ധികളെ മറ്റുള്ളവരുടെ സേവനത്തിനായി ചെലവഴിക്കാൻ നാം പ്രചോദിതരാക്കപ്പെടുന്നു. അവിടുത്തെ സ്നേഹത്താൽ നാം എപ്പോഴും നിർബന്ധിതരാക്കപ്പെടുന്നതായി അനുഭവപ്പെടട്ടെ (2കൊറി.5:14). വിശുദ്ധ പൗലോസിനോടു കൂടി നമുക്കും പറയാം: "സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്ക് ദുരിതം" (1കൊറി.9:16).

വിശുദ്ധ പോൾ ആറാമൻ പാപ്പായെ കൂട്ടുപിടിച്ച് ഫ്രാൻസിസ് പാപ്പാ തന്‍റെ ചിന്തകളുടെ അടിസ്ഥാനം വിശദീകരിക്കുകയാണ്. സവിശേഷവൽക്കരണത്തിന്‍റെ പ്രധാന തടസ്സം ഉള്ളിൽ നിന്ന് വരുന്ന ഉൽസാഹമില്ലായ്മയാണ് എന്ന് Evangelii Nuntiandi യിൽ എഴുതുന്നു. ഈ അപ്പോസ്തലിക പ്രബോധനത്തിൽ പോൾ ആറാമൻ ആനന്ദവും സുവിശേഷവൽക്കരണവുമായുള്ള ബന്ധം വരച്ചുകാട്ടുന്നുണ്ട്. സുവിശേഷവൽക്കരണത്തിന്‍റെ ശത്രു സന്തോഷമില്ലായ്മയും പ്രതീക്ഷയില്ലായ്മയുമാണെന്നും സുവിശേഷവൽക്കരണത്തിന്‍റെ  സമാശ്വസിപ്പിക്കുന്ന സന്തോഷം ഉള്ളിൽ നിന്ന് വരുന്നതും ആർക്കും നശിപ്പിക്കാൻ കഴിയാത്ത ഉൽസാഹത്തിൽ നിന്നാണെന്നും വിശുദ്ധ പോൾ ആറാമൻ പാപ്പാ എഴുതിയിരുന്നു. പലപ്പോഴും തീരത്ത് തന്നെ പതിയിരിക്കുന്ന നമ്മളോടു ഭയമില്ലാതെ ആഴത്തിലേക്ക് നീക്കി വലയിറക്കാൻ കർത്താവ് ആവശ്യപ്പെടുന്നു എന്ന് ഫ്രാൻസിസ് പാപ്പാ നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട് കർത്താവിന്‍റെ സേവനത്തിനായി നമ്മുടെ ജീവിതം ചിലവഴിക്കാൻ അവിടന്ന് നമ്മെ ക്ഷണിക്കുന്നു എന്ന് പാപ്പാ അറിയിക്കുന്നു. കർത്താവിനോടു ചേർന്നു നിന്ന്, അവന്‍റെ സ്നേഹത്താൽ വശീകരിക്കപ്പെടുമ്പോൾ വിശുദ്ധ പൗലോസ് പറഞ്ഞതുപോലെ,  ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം! എന്ന് (1കൊറി.9 :16) പറയാൻ നമുക്കിടവരുത്തും. നമ്മുടെ എല്ലാ കഴിവുകളും അതിനായി ഉപയോഗിക്കാൻ നമുക്ക് യാതൊരു ബുദ്ധിമുട്ടും തോന്നുകയുമില്ല.

131. യേശുവിനെ നോക്കുക. അവിടുത്തെ അഗാധമായ അനുകമ്പ മറ്റുള്ളവരിലേക്ക് ഒഴുകി.  അത് അവിടുത്തെ മടിച്ചു നിൽക്കാനോ, പേടിച്ചിരിക്കാനോ നമുക്ക് പലപ്പോഴും സംഭവിക്കുന്നത് പോലെ സ്വയാത്മബോധത്തിലുറച്ചു നിൽക്കാനോ ഇടയാക്കിയില്ല. തികച്ചും വ്യത്യസ്ഥമായിട്ടാണ് സംഭവിച്ചത്. അവിടുത്തെ അനുകമ്പ, പ്രഘോഷിക്കുന്നതിന് ക്രിയാത്മകമായി പുറത്തേക്കിറങ്ങുന്നതിനും സൗഖ്യദാനത്തിന്‍റെയും വിമോചനത്തിന്‍റെയും ദൗത്യനിര്‍വ്വഹണത്തിനായി മറ്റുള്ളവരെ അയയ്ക്കാനും ഇടയാക്കി. നമ്മുടെ ബലഹീനതയെ നമുക്ക് ഏറ്റ് പറയാം, പക്ഷേ, അതിനെ ഏറ്റെടുക്കാനും അതെ ദൗത്യനിര്‍വ്വഹണത്തിനായി നമ്മെയും അയയ്ക്കാനും യേശുവിനെ നമുക്ക് അനുവദിക്കാം. നമ്മൾ ബലഹീനരാണ്;പക്ഷേ നമ്മെ ശക്തരാക്കാൻ സാധിക്കുന്ന ഒരു നിധി നമ്മുടെ കൈവശമുണ്ട്. അതാകട്ടെ, സ്വീകരിക്കുന്നവരെ കൂടുതൽ നല്ലവരും കൂടുതൽ സന്തുഷ്ടിയുള്ളവരുമാക്കിത്തീർക്കും. നിര്‍ഭയതയും അപ്പോസ്തോലിക ധൈര്യവും ദൗത്യനിർവ്വഹണത്തിന്‍റെ അവിഭാജ്യഭാഗമാണ്.

കർത്താവിലേക്ക് നോക്കി അവിടുത്തെ അനുകമ്പയെ അനുകരിക്കാനാണ് പാപ്പാ ഇവിടെ നമ്മെ ഉദ്ബോധിപ്പിക്കുന്നത്. പലപ്പോഴും നമുക്കു ചുറ്റും കാണുന്നവയോടു അനുകമ്പ തോന്നാറുണ്ട് എന്നാൽ ആ തോന്നലിനോടു പ്രായോഗികമായി പ്രതികരിക്കാൻ തുടങ്ങാൻ ഉള്ളിൽ ഭയവും മടിയും, നമ്മിലെ കുറവുകളും തടയുന്ന എത്രയെത്ര അവസരങ്ങൾ നമുക്കുണ്ടായിട്ടുണ്ട്? ഇത് യേശുവിന്‍റെ കരുണാദ്രതയ്ക്ക് നേരെ വിപരീതമാണെന്ന് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ ഉള്ളിൽ നിറഞ്ഞ അനുകമ്പ അവനെ അടങ്ങിയിരിക്കാനല്ല,  ഇറങ്ങിപ്പുറപ്പെടുവാനാണ് പ്രേരിപ്പിച്ചത്. മോചനത്തിന്‍റെ സുവിശേഷം പ്രസംഗിക്കാനും, സൗഖ്യദായക പ്രവർത്തികളിൽ മുഴുകാനും മറ്റുള്ളവരെയും ആ പ്രേഷിതത്വത്തിലേക്ക് ആനയിക്കാനുമാണ് യേശു പരിശ്രമിച്ചത്, പ്രേരണയായത്. നമുക്ക് കുറവുകളുണ്ടാവാം എന്നാൽ ആ കുറവുകളെ കർത്താവിന്‍റെ കരങ്ങളിൽ കൊടുത്ത് നമ്മുടെ കഴിവുകളെ വികസിപ്പിച്ച് നമ്മുടെ സേവനം നൽകാൻ കഴിയുന്നവരുടെ നന്മയും സന്തോഷവും ഉറപ്പാക്കാൻ നമ്മെ ബലപ്പെടുത്താൻ പാപ്പാ തന്‍റെ പ്രബോധനത്തിലൂടെ പരിശ്രമിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 November 2019, 12:58