2019.11.10 Angelus 2019.11.10 Angelus 

നിത്യ ജീവിതത്തിലേക്കുള്ള വിളി

ഫ്രാന്‍സിസ് പാപ്പാ നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഇന്നത്തെ സുവിശേഷത്തിൽ (ലൂക്കാ.20:27-38)  ഈശോ, മരിച്ചവരുടെ ഉത്ഥാനത്തെ കുറിച്ച് മനോഹരമായി പഠിപ്പിക്കുന്നു. പുനരുത്ഥാനത്തിൽ വിശ്വസിക്കാത്ത സദുക്കായരിൽ ചിലർ വന്ന് യേശുവിനെ പ്രകോപിപ്പിക്കുവാന്‍ വഞ്ചന നിറഞ്ഞ ചോദ്യം ചോദിക്കുന്നു. സന്താനമില്ലാതെ മരിച്ച ഏഴ് ഭർത്താക്കന്മാരുടെ ഭാര്യ മരണത്തിന് ശേഷം ആരുടെ ഭാര്യയായിരിക്കുമെന്ന് ചോദ്യമുയർത്തിയപ്പോൾ "വരാനിരിക്കുന്ന യുഗത്തെ പ്രാപിക്കുന്നതിനും മരിച്ചവരിൽ നിന്ന് ഉയിർക്കുന്നതിനും യോഗ്യരായവർ വിവാഹം ചെയ്യുകയോ ചെയ്തു കൊടുക്കുകയോ ഇല്ല. പുനരുത്ഥാനത്തിന്‍റെ മക്കൾ എന്ന നിലയിൽ അവർ ദൈവദൂതന്മാർക്ക് തുല്യരും ദൈവമക്കളുമാണ്."(ലൂക്കാ.20: 35-36) എന്ന് പറഞ്ഞു കൊണ്ട് അവരുടെ കെണിയിൽ വീഴാതെ ക്രിസ്തു ഉത്തരം നൽകുന്നു.

ഈ ഉത്തരത്തിലൂടെ യേശു തന്നോടു സംവാദിക്കാൻ വന്നവരെയും, നമ്മെ എല്ലാവരെയും നാം ജീവിക്കുന്ന ഈ ഭൂവിലെ ജീവിതം മാത്രം മാനദണ്ഡമല്ലെന്നും എന്നാൽ മരണത്തിന് വിധേയമല്ലാത്ത മറ്റൊന്നുണ്ടെന്നും ആ മാനദണ്ഡത്തിലാണ് നാം ദൈവമക്കൾ എന്ന് പൂർണ്ണമായി വെളിപ്പെടുത്തപ്പെടുന്നതെന്നും വ്യക്തമാക്കുന്നു. മരണത്തിനപ്പുറത്തുള്ള ജീവിതത്തെ കുറിച്ചുള്ള ക്രിസ്തുവിന്‍റെ ലളിതവും വ്യക്തവുമായ ഈ വചനം നമുക്ക് ആശ്വാസവും പ്രത്യാശയും നൽകുന്നു. നമ്മുടെ ഈ കാലഘട്ടത്തിൽ നമുക്കിത് ആവശ്യമാണ്. ഈ പ്രപഞ്ചത്തെ കുറിച്ചുള്ള അറിവിൽ നാം സമ്പന്നരാണ്. എന്നാൽ നിത്യജീവനെ കുറിച്ചുള്ള ജ്ഞാനത്തിൽ നാം വളരെ ദരിദ്രരാണ്. ഉത്ഥാനത്തെ കുറിച്ചുള്ള യേശുവിന്‍റെ സുതാര്യമായ നിശ്ചയദാർഢ്യം ജീവന്‍റെ നാഥനായ ദൈവത്തിന്‍റെ വിശ്വസ്ഥതയെ അടിസ്ഥാനമാക്കിയിരിക്കുന്നു. യഥാർത്ഥത്തിൽ സദുക്കായരുടെ ചോദ്യത്തിൽ ആഴമായ ഒന്ന് മറഞ്ഞിരിക്കുന്നു: പുനരുത്ഥാനത്തിനു ശേഷം അവള്‍ ആരുടെ 

ഭാര്യയായിരിക്കും എന്നു മാത്രമല്ല അവളുടെ ജീവിതം ആരുടെതായിരിക്കും എന്ന കാര്യം മറഞ്ഞിരിക്കുന്നു.

ഈ സംശയം എല്ലാ കാലഘട്ടത്തിലെ മനുഷ്യരെയും നമ്മെയും സ്പർശിക്കുന്നതാണ്. ഈ ലോക ജീവിതത്തിന് ശേഷം നമ്മുടെ ജീവിതം എങ്ങനെയായിരിക്കും? മരണത്തിന്‍റെതായിരിക്കുമോ? അല്ലെങ്കിൽ ഒന്നിന്‍റെയും അല്ലാതിരിക്കുമോ? നമ്മുടെ ജീവിതം നമ്മെ സ്നേഹിക്കുകയും നമ്മെ കുറിച്ച് വളരെ ശ്രദ്ധാലുവുമായിരിക്കുന്ന ദൈവത്തിന്‍റെ സ്വന്തമായിരിക്കുമെന്ന് യേശു ഉത്തരം നൽകുന്നു.

''അവിടുന്നു അബ്രഹാത്തിന്‍റെ ദൈവമെന്നും, ഇസഹാക്കിന്‍റെ ദൈവമെന്നും, യാക്കോബിന്‍റെ ദൈവമെന്നും വിളിച്ചു കൊണ്ട് മരിച്ചവർ ഉയിർക്കുമെന്ന് കാണിച്ചുതരുന്നു: അവിടുന്നു മരിച്ചവരുടെ ദൈവമല്ല, ജീവിച്ചിരിക്കുന്നവരുടെ ദൈവമാണ്." (ലൂക്കാ .37-38).

എവിടെ ബന്ധവും, കൂട്ടായ്മയും, സാഹോദര്യമുണ്ടോ അവിടെ ജീവൻ നിലനിൽക്കുന്നു. അത് മരണത്തെക്കാൾ ശക്തമാണ്. സത്യസന്ധവും വിശ്വസ്ഥവുമായ ബന്ധങ്ങളുടെ മേൽ പണുതുയർത്തപ്പെടുമ്പോൾ ലഭിക്കുന്ന ജീവനാണത്. നേരെ മറിച്ച്, തനിക്ക് മാത്രം അവകാശപ്പെട്ടതായി കരുതി ഒറ്റപ്പെട്ട ദ്വീപുകളായി നടിക്കുന്നതിൽ ജീവനില്ല. അത്തരം മനോഭാവങ്ങളിൽ മരണം നിലനിൽക്കുന്നു. അത് അഹംഭാവമാണ്. ഞാൻ എനിക്ക് വേണ്ടി ജീവിക്കുന്നുവെങ്കിൽ ഞാൻ എന്‍റെ ഹൃദയത്തിൽ മരണം വിതയ്ക്കുന്നു.

"മരിച്ചവരുടെ ഉയിർപ്പിലും വരാനിരിക്കുന്ന ലോകത്തെയും പ്രതീക്ഷിക്കുന്നു '' എന്ന് വിശ്വാസ പ്രമാണത്തിന്‍റെ അവസാന ഭാഗത്ത് നാം ഉറപ്പിച്ച് പറയുന്നത് പോലെ എല്ലാ ദിവസവും ജീവിക്കാൻ പരിശുദ്ധ കന്യകമറിയം നമ്മെ സഹായിക്കട്ടെ! ഈ ലോകജീവിതത്തിന് അപ്പുറത്തുള്ള ജീവനായി കാത്തിരിക്കുക. ഈ വാക്കുകളിൽ പാപ്പാ തന്‍റെ  പ്രഭാഷണം ഉപസംഹരിച്ചു.

                                                                                                                         

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 November 2019, 15:04