തിരയുക

Vatican News
അര്‍ജന്തീനയിലെ ബുവെനോസ് ഐരെസിലുള്ള മതാന്തരസംവാദ സ്ഥാപനത്തിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനത്തില്‍ സംബന്ധിച്ച 60 പേര‌ടങ്ങിയ ഒരു സംഘത്തെ ഫ്രാന്‍സീസ് പാപ്പാ  തിങ്കളാഴ്ച (18/11/2019) വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍. അര്‍ജന്തീനയിലെ ബുവെനോസ് ഐരെസിലുള്ള മതാന്തരസംവാദ സ്ഥാപനത്തിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനത്തില്‍ സംബന്ധിച്ച 60 പേര‌ടങ്ങിയ ഒരു സംഘത്തെ ഫ്രാന്‍സീസ് പാപ്പാ തിങ്കളാഴ്ച (18/11/2019) വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍.   (ANSA)

മതാന്തരസംവാദം ഒരു ബലിഹീനതയല്ല, ഫ്രാന്‍സീസ് പാപ്പാ

മതങ്ങള്‍ വിദ്വേഷം ഊട്ടിവളര്‍ത്തുകയും അക്രമത്തിനു കാരണമാകുകയും ചെയ്യുന്നുവെന്ന് അന്യായമായി ആരോപിക്കുന്നവര്‍ക്ക് മറുപടി നല്കേണ്ടത് ആവശ്യമാണെന്ന് മാര്‍പ്പാപ്പാ .

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മതവിശ്വാസികള്‍ മാനവ സമൂഹത്തില്‍ സമാധാനത്തിന്‍റെ ഘടകമാണെന്ന് കാണിച്ചുകൊടുക്കേണ്ടത് സുപ്രധാനമാണെന്ന് മാര്‍പ്പാപ്പാ.

മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി, അര്‍ജന്തീനയിലെ ബുവെനോസ് ഐരെസിലുള്ള മതാന്തരസംവാദ സ്ഥാപനത്തിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ഒരു സമ്മേളനത്തില്‍ സംബന്ധിച്ച 60 പേര‌ടങ്ങിയ ഒരു സംഘത്തെ തിങ്കളാഴ്ച (18/11/19) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഇക്കൊല്ലം ഫെബ്രുവരി 4-ന്, അബുദാബിയില്‍ വച്ച് ഫ്രാന്‍സീസ് പാപ്പായും അല്‍-അഷറിലെ വലിയ ഇമാം അഹമ്മദ് അല്‍ തയ്യിബും ഒപ്പുവച്ച് പുറപ്പെടുവിച്ച “മാനവ സാഹോദര്യം വിശ്വശാന്തിക്കും പൊതുവായ ജീവിതത്തിനും” എന്ന രേഖയില്‍ കേന്ദ്രീകൃതമായിരുന്നു ഈ സമ്മേളനം.

മതങ്ങള്‍ വിദ്വേഷം ഊട്ടിവളര്‍ത്തുകയും അക്രമത്തിനു കാരണമാകുകയും ചെയ്യുന്നുവെന്ന് അന്യായമായി ആരോപിക്കുന്നവര്‍ക്ക് മറുപടി നല്കേണ്ടതും ആവശ്യമാണെന്ന് മാര്‍പ്പാപ്പാ സമ്മേളനത്തില്‍ സംബന്ധിച്ചവരെ ഓര്‍മ്മിപ്പിച്ചു.

ജനതകള്‍ക്കും സംസ്കാരങ്ങള്‍ക്കും മദ്ധ്യേ സേതുബന്ധം തീര്‍ക്കുകയെന്ന അടിയന്തര ദൗത്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ മതങ്ങള്‍ക്കാകില്ലയെന്ന വസ്തുത ചൂണ്ടിക്കാട്ടിയ പാപ്പാ അനുരഞ്ജന പാടവവും പ്രത്യാശയുടേതായ വീക്ഷണവും സമാധാനത്തിലേക്കുള്ള സമൂര്‍ത്ത പാതകളും വികസിപ്പിച്ചെടുക്കാന്‍ മാനവകുടുബത്തെ സഹായിക്കുന്നതിന്, മതങ്ങള്‍, സ്ഥൈര്യത്തോടും ധീരതയോടും ആത്മാര്‍ത്ഥതയോടും കൂടി യത്നിക്കേണ്ടതിനുള്ള സമയം സമാഗതമായിരിക്കുന്നുവെന്ന് പ്രസ്താവിച്ചു.

ഒന്നുകില്‍ ഭാവി ഒത്തൊരുമിച്ച് കെട്ടിപ്പടുക്കാം, അല്ലെങ്കില്‍ ഭാവിയില്ല, ഇക്കാര്യത്തില്‍ പക്ഷാന്തരമില്ല എന്ന് മാര്‍പ്പാപ്പാ പറഞ്ഞു.

ആത്മാര്‍ത്ഥവും പരസ്പരാദരവില്‍ അധിഷ്ഠിതവുമായ ഒരു സംഭാഷണം മതാന്തര സഹകരണം പരിപോഷിപ്പിക്കുന്നതിന് അനിവാര്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

നമ്മുടെ ലോകത്തെ വേദനയിലാഴ്ത്തുന്ന, ദശലക്ഷക്കണക്കിനാളുകളെ യാതനയിലാഴ്ത്തുന്ന, യുദ്ധങ്ങള്‍, പട്ടിണി, ദാരിദ്ര്യം, പരിസ്ഥിതി പ്രതിസന്ധി, അതിക്രമങ്ങള്‍, അഴിമതി, ധാര്‍മ്മികാധഃപതനം, കുടുംബശൈഥില്യം, സാമ്പത്തിക പ്രതിസന്ധി, സര്‍വ്വോപരി, പ്രത്യാശാരാഹിത്യം തുടങ്ങിയ നിരവധിയായ മുറിവുകള്‍ ഉണക്കുന്നതിന് ഫലപ്രദമായ ഒരുത്തരം നല്കാന്‍ മതാനുയായികള്‍ വിശ്വാസികളും അവിശ്വാസികളുമായ സന്മനസ്സുള്ള സകലരുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

സന്ദിഗ്ദ്ധാവസ്ഥയിലായ ഒരു ലോകത്തില്‍ മതാന്തര സംവാദം ഒരു ബലഹീനതയല്ലെന്ന് പ്രസ്താവിച്ച പാപ്പാ ഇതിനടിസ്ഥാനമായി നില്ക്കുന്നത് ദൈവം നരകുലവുമായി നടത്തിയ സംഭാഷണമാണെന്ന് ഉദ്ബോധിപ്പിച്ചു.   

 

 

18 November 2019, 13:20