ഫ്രാന്‍സീസ് പാപ്പാ  "റോത്ത റൊമാന" വത്തിക്കാന്‍ കോടതി സംഘടിപ്പിച്ച ഒരു പരിശീലന പരിപാടിയില്‍ പങ്കെടുത്തവരുമൊത്ത് 30/11/2019 ഫ്രാന്‍സീസ് പാപ്പാ "റോത്ത റൊമാന" വത്തിക്കാന്‍ കോടതി സംഘടിപ്പിച്ച ഒരു പരിശീലന പരിപാടിയില്‍ പങ്കെടുത്തവരുമൊത്ത് 30/11/2019 

ദാമ്പത്യജീവിതത്തില്‍ മുറിവേറ്റവര്‍ക്ക് സാന്ത്വനതൈലവുമായി സഭ!

വിവാഹമെന്ന കൂദാശ തക്കതായ ഒരുക്കത്തോടെ സ്വീകരിക്കണമെന്ന് മാര്‍പ്പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വൈവാഹികജീവിതത്തില്‍ മുറിവേറ്റ ദമ്പതികളുടെ ജീവിതയാഥാര്‍ത്ഥ്യത്തെ മുഖാമുഖം കാണുമ്പോള്‍ സഭ, പ്രഥമതഃ അവരോടൊപ്പം കേഴുകയും വേദനിക്കുകയും ചെയ്യുന്നുവെന്ന് മാര്‍പ്പാപ്പാ.

വൈവാഹിക ബന്ധത്തിന്‍റെ സംരക്ഷണത്തെയും വിവാഹജീവിതത്തില്‍ മുറിവേറ്റ ദമ്പതികളുടെ കാര്യത്തില്‍ ആവശ്യമായ അജപാലന ശ്രദ്ധയെയുംകുറിച്ച് “റോത്ത റൊമാന”യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട പരിശീലനപരിപാടിയല്‍ പങ്കെടുത്ത നാനൂറോളം പേരുടെ ഒരു സംഘത്തെ വത്തിക്കാനില്‍ ശനിയാഴ്ച (30/11/19) സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വിവാഹജീവിതത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ക്ക്, മാനസികവും ശാരീരികവും സാസ്ക്കാരികവും സഹാചര്യസംബന്ധിയുംമായവയുള്‍പ്പടെ പലവിധ കാരണങ്ങള്‍ ഉണ്ടെന്നും ചിലപ്പോള്‍ മാനവ ഹൃദയം സ്നേഹത്തിനുമുന്നില്‍ അടച്ചിടുന്നതിനാലും, നാം എല്ലാവരും നിപതിക്കുന്ന പാപത്താലും അതു സംഭവിക്കുന്നുവെന്നും ഇങ്ങനെ മുറിവേറ്റ ദമ്പതികളെ നോക്കാതെ കടന്നുപോകാന്‍ സഭയ്ക്കാകില്ലെന്നും പാപ്പാ പറഞ്ഞു.

മുറിവിന്‍റെ കാഠിന്യം കുറയ്ക്കുന്നതിനും അതുണക്കുന്നതിനും സാന്ത്വന തൈലവുമായി സഭ അവരുടെ പക്കലെത്തുന്നുവെന്നും അവരുടെ വേദനകള്‍ സ്വന്തമാക്കിത്തീര്‍ക്കാന്‍ സഭ ശ്രമിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

വിവാഹം എന്നത് ഒരു കൂദാശയാണെന്നും ക്രൈസ്തവദമ്പതികള്‍ വിശ്വാസത്തിലും സഭയിലും സഭയോടൊപ്പവും വിശുദ്ധിയുടെ വഴിയിലും സഞ്ചരിക്കേണ്ടവരാണെന്നും ഓര്‍മ്മപ്പെടുത്തിയ പാപ്പാ ഈ കൂദാശസ്വീകരിക്കേണ്ടവര്‍ക്ക് തക്കതായ ഒരുക്കം അനിവാര്യമാണെന്ന വസ്തുത ചൂണ്ടിക്കാട്ടുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 November 2019, 13:32