തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ, ഇടവകതലത്തിലുള്ള സുവിശേഷവത്ക്കരണ ചെറുസംഘങ്ങളടങ്ങിയ ആഗോള പ്രസ്ഥാനത്തിന്‍റെ പ്രതിനിധികളുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ 18/11/2019 ഫ്രാന്‍സീസ് പാപ്പാ, ഇടവകതലത്തിലുള്ള സുവിശേഷവത്ക്കരണ ചെറുസംഘങ്ങളടങ്ങിയ ആഗോള പ്രസ്ഥാനത്തിന്‍റെ പ്രതിനിധികളുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ 18/11/2019 

പരിവര്‍ത്തനദായക ക്രിസ്തീയസ്നേഹാധിഷ്ഠിത കൂടിക്കാഴ്ചകള്‍!

നമ്മുടെ അദ്ധ്വാനത്തിന്‍റെ ഫലം കാണാന്‍ നമുക്കുള്ള അഭിലാഷം മാനുഷികമാണെന്നിരിക്കെ സുവിശേഷം നമ്മെ നയിക്കുക മറ്റൊരു ദിശയിലേക്കാണെന്ന് മാര്‍പ്പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫലം പുറപ്പെടുവിക്കുക എന്ന വിളിയില്‍നിന്ന് ക്രിസ്ത്വാനുയായികള്‍ക്കാര്‍ക്കും തന്നെ ഒഴിഞ്ഞുമാറാനാകില്ലെന്ന് മാര്‍പ്പാപ്പാ.

ഇടവകതലത്തിലുള്ള സുവിശേഷവത്ക്കരണ ചെറുസംഘങ്ങളടങ്ങിയ ആഗോള പ്രസ്ഥാനത്തിന്‍റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസ്തുത പ്രസ്ഥാനത്തിന്‍റെ ആറായിരത്തോളം പേരടങ്ങിയ പ്രതിനിധിസംഘത്തെ തിങ്കളാഴ്ച (18/11/19) വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. 

“നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു” (യോഹന്നാന്‍ 16:15), യേശു സ്വശിഷ്യരോടു പറയുന്ന ഈ വാക്കുകള്‍ അനുസ്മരിച്ച പാപ്പാ, ശിഷ്യന്മാര്‍ അവരുടെ അദ്ധ്വാനത്തിന്‍റെ ഫലം കാണും എന്നു യേശു പറയുന്നില്ലെന്നും, എന്നാല്‍, അവരുടെ പ്രയത്നം ഫലം പുറപ്പെടുവിക്കുമെന്ന അവടന്ന് ഉറപ്പു നല്കുന്നുണ്ടെന്നും വിശദീകരിച്ചു.

എന്നാല്‍ നമ്മുടെ അദ്ധ്വാനത്തിന്‍റെ ഫലം കാണാനുള്ള നമ്മുടെ അഭിലാഷം മാനുഷികമാണെന്നിരിക്കെ സുവിശേഷം നമ്മെ മറ്റൊരു ദിശയിലേക്കാണ് നയിക്കുന്നതെന്ന് പാപ്പാ പറഞ്ഞു.

“കല്പിക്കപ്പെട്ടവയെല്ലാം ചെയ്തതിനുശേഷം, ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്മാരാണ്; കടമ നിര്‍വ്വഹിച്ചതേയുള്ളു എന്നു പറയുവിന്‍” (ലൂക്കാ:17,10) എന്ന് യേശു ശിഷ്യന്മാരോടു പറയുന്നത് പാപ്പാ ഇതിന് ഉപോദ്ബലകമായി ചൂണ്ടിക്കാട്ടി.

മറ്റുള്ളവരുമായുള്ള നമ്മുടെ കണ്ടുമുട്ടലുകള്‍ ക്രിസ്തീയസ്നേഹത്തില്‍ അധിഷ്ഠിതമാണെങ്കില്‍ അത് അപരന്‍റെ ജീവിതത്തില്‍ പരിവര്‍ത്തനമുണ്ടാക്കുമെന്നും കാരണം അത് അപരന്‍റെ ഹൃദയത്തിലേക്കു കടക്കുകയും ഹൃദയത്തന്‍റെ അഗാധതയെ സ്പര്‍ശിക്കുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

 

18 November 2019, 13:00