ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സീസ് പാപ്പാ 

തൊഴിലവസര സൃഷ്ടിക്കുതകുന്ന വ്യവസായം പൊതുനന്മോന്മുഖം

മനുഷ്യവ്യക്തിക്ക് ഗുണകരമായ ഒരു ധാര്‍മ്മിക സമീപനം കൈക്കൊള്ളുന്നതിലേക്ക് സാമ്പത്തിക-ധന വ്യവസ്ഥകള്‍ മടങ്ങിവരുന്നതിനായി പരിശ്രമിക്കാനും ഉദാരമായ ഐക്യദാര്‍ഢ്യത്തിന്‍റെ പാതയില്‍ ചരിക്കാനും മാര്‍പ്പാപ്പാ പ്രചോദനം പകരുന്നു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നരകുലത്തെയും നമ്മുടെ ഗ്രഹത്തെയും അലട്ടുന്ന വലിയ വെല്ലുവിളികളെ നേരിടാന്‍ കഴിവുറ്റതും സത്യസന്ധവും നീതിയുക്തവുമായ ഒരു സാമ്പത്തിക ക്രമം അടിയന്തരാവശ്യം ആണെന്ന് മാര്‍പ്പാപ്പാ.

സാകല്യ മുതലാളിത്തവ്യവസ്ഥിതിക്കായുള്ള സമിതിയുടെ (COUNCIL FOR INCLUSIVE CAPITALISM) പ്രതിനിധികളെ തിങ്കളാഴ്ച (11/11/19) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ദാരിദ്ര്യം ആഗോളതലത്തില്‍ വര്‍ദ്ധമാനമായിരിക്കുന്നത്, ലോകത്തില്‍ വ്യക്തികളുടെയും രാഷ്ട്രങ്ങളുടെയും സമഗ്രമായ ഏകതാനതയ്ക്കു പകരം പ്രബലമായിരിക്കുന്ന അസമത്വത്തിന് സാക്ഷ്യമേകുന്നുവെന്നു പാപ്പാ പറഞ്ഞു.

മനുഷ്യവ്യക്തിക്ക് ഗുണകരമായ ഒരു ധാര്‍മ്മിക സമീപനം കൈക്കൊള്ളുന്നതിലേക്ക് സാമ്പത്തിക-ധന വ്യവസ്ഥകള്‍ മടങ്ങിവരുന്നതിനായി പരിശ്രമിക്കാനും ഉദാരമായ ഐക്യദാര്‍ഢ്യത്തിന്‍റെ പാതയില്‍ ചരിക്കാനും മാര്‍പ്പാപ്പാ എല്ലാവര്‍ക്കും പ്രചോദനം പകര്‍ന്നു.

സമ്പത്താര്‍ജ്ജിക്കുന്നതിനും നമ്മുടെ ലോകത്തിന്‍റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുമുള്ള മഹത്തായ ഒരു വിളിയാണ് വ്യവസായമെന്ന് പാപ്പാ ഈ കൂടിക്കാഴ്ചാവേളയില്‍ ഓര്‍മ്മിപ്പിച്ചു.

പൊതുനന്മയ്ക്കായുള്ള പരിശ്രമത്തില്‍ സത്താപരമായ ഒരു ഘടകമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണെങ്കില്‍ പ്രത്യേകിച്ച്, വ്യവസായം ക്ഷേമത്തിന്‍റെ ഫലദായകമായ ഒരു ഉറവിടമായി ഭവിക്കുമെന്ന് പാപ്പാ പറഞ്ഞു.

എന്നാല്‍ യഥാര്‍ത്ഥ വികസനം സാമ്പത്തിക വളര്‍ച്ചയില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതല്ലെന്നും അത് മനുഷ്യവക്തിയുടെ സമഗ്രമായ പുരോഗതി പരിപോഷിപ്പിക്കുന്നതായിരിക്കണമെന്നുമുള്ള, വിശുദ്ധ പോള്‍ ആറാമന്‍ പാപ്പായുടെ വാക്കുകളും പാപ്പാ അനുസ്മരിച്ചു.

സാമൂഹ്യ സാംസ്കാരിക സാമ്പത്തിക ജീവിതത്തിന്‍റെ കേന്ദ്രസ്ഥാനത്ത് മനുഷ്യവ്യക്തിയെ പ്രതിഷ്ഠിക്കുന്നതിന് ഹൃദയമനസ്സുകളുടെ മൗലിക നവീകരണം അനിവാര്യമാണെന്ന വസ്തുതയും പാപ്പാ എടുത്തുകാട്ടി.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 November 2019, 14:17