എത്യോപ്യയില്‍  നടന്ന അക്രമങ്ങളിൽ ഇരയായവർക്ക്  വേണ്ടി പ്രാർത്ഥിക്കുന്ന വിശ്വാസികള്‍... എത്യോപ്യയില്‍ നടന്ന അക്രമങ്ങളിൽ ഇരയായവർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന വിശ്വാസികള്‍...  

എത്യോപ്യയിലെ ഓർത്തഡോക്സ് ക്രൈസ്തവർക്കും അക്രമത്തിന് ഇരയായവർക്കുമായി പാപ്പാ പ്രാർത്ഥിച്ചു.

എത്യോപ്യൻ ഓർത്തഡോക്സ് ക്രിസ്ത്യാനികൾക്കും അവിടെ നടന്ന അക്രമങ്ങളിൽ ഇരയായവർക്കും വേണ്ടി പ്രാർത്ഥിക്കാൻ ത്രികാല പ്രാർത്ഥനയിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയ വിശ്വാസികളോടു ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

 സാന്ത്വനം പ്രാര്‍ത്ഥനയിലൂടെ...

എത്യോപ്യയിലെ അക്രമത്തെക്കുറിച്ചുള്ള വാർത്തയിൽ താൻ ദുഃഖി തനാണെന്നും, എത്യോപ്യൻ ഓർത്തഡോക്സ് സഭയോടും അതിന്‍റെ സഹ-പാത്രിയാർക്കീസിനോടും കത്തോലിക്കരോടും തന്‍റെ സാമീപ്യം പ്രകടിപ്പിക്കുകയും ചെയ്ത പാപ്പാ “എന്‍റെ പ്രിയ സഹോദരൻ അബുൻ മത്തിയാസ്” എന്നാണ് സഹ-പാത്രിയർക്കീസിനെ വിശേഷിപ്പിച്ചത്. തുടര്‍ന്ന് "നന്മ നിറഞ്ഞ മറിയം" എന്ന പ്രാർത്ഥന അവിടെ വന്ന ജനങ്ങളോടൊപ്പം എത്തിയോപ്പിയലിലെ ആക്രമണങ്ങളിൽ ഇരയായവർക്കു വേണ്ടി പാപ്പാ അർപ്പിച്ചു.

ഒക്ടോബര്‍ 23ആം തിയതി എത്യോപ്യയിൽ ഉണ്ടായ അക്രമണം 70 ലധികം പേരുടെ മരണത്തിന് കാരണമായിരുന്നു. സുരക്ഷാ സേനയും ഒരു പ്രമുഖ രാഷ്ട്രീയ പ്രവർത്തകനും തമ്മിലുള്ള സംഘർഷത്തോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. രാജ്യത്തെ ഒറോമിയ മേഖലയിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചത്. അക്രമത്തിൽ വംശീയവും മതപരവുമായ ഘടകങ്ങൾക്ക് പങ്കുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.പൗരസ്‌ത്യന്‍ ഓർത്തഡോക്സ് സഭകളിൽ ഏറ്റവും വലുതാണ് എത്യോപ്യൻ ഓർത്തഡോക്സ് ത്വഹെഡോ സഭ. 45 മുതൽ 50 ദശലക്ഷം വരെയുള്ള വിശ്വാസികളിൽ കൂടുതൽ പേരും എത്യോപ്യയിലാണുള്ളത്.

ചേരി നിവാസികള്‍ക്ക് നല്‍കിയ അനുമതിക്ക് കൃതജ്ഞത

ഇറ്റലിയിൽ ഫോജയിലെ സാൻ സെവേരൊ രൂപതയ്ക്കും അവിടത്തെ മുനിസിപ്പാലിറ്റിക്കും അവിടത്തെ കപ്പിത്തനാത്തയിലെ ചേരിനിവാസികളിൽ വിസയില്ലാത്തവർക്ക് വസിക്കുവാനുള്ള അനുമതിയും മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്യുവാനുമുള്ള ഒരു സമ്മതപത്രം ഒപ്പുവച്ചതിന് മാർപ്പാപ്പാ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. തിരിച്ചറിയൽ രേഖയും താമസിക്കാനുള്ള രേഖയും ഉണ്ടാവുക അവർക്ക് ഒരു പുത്തൻ അന്തസ്സും നിയമപരമായി  താമസിച്ച് ചൂഷണങ്ങളിൽ നിന്ന് മോചിതരാകാനുള്ള അവസരവും നല്‍കുമെന്ന് അറിയിച്ച പാപ്പാ മുനിസിപ്പാലിറ്റിക്കും ഈ സമ്മതപത്രം ഒപ്പിടലിന്‍റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദിയർപ്പിച്ചു.

റോമാക്കാർക്കും തീർത്ഥാടകർക്കും പ്രത്യേകിച്ച് യൂറോപ്പിലെ പല രാജ്യങ്ങളിൽ നിന്നു വന്ന ചരിത്രപരമായ സംഘടനകളായ ഷൂട് സണും വിശുദ്ധ സെബസ്ത്യാനോസിന്‍റെ നാമധേയത്തിലുള്ള പോരാളികൾക്കും പോർച്ചുഗലിലെ ലോർഡെലോ ദെ ഔറോയിൽ നിന്ന് വന്ന വിശ്വാസികൾക്കും അഭിവാദ്യമർപ്പിച്ച പാപ്പാ അവരെ കൂടാതെ ഇറ്റലിയിലെ റെജൊ കലാബ്രിയാ, ത്രെവീസോ, പെസ്കാരാ, അസ്പ്രോമോൻതെയിലെ സാന്ത് യവ്ഫേമിയയിൽ നിന്ന് വന്നവരെയും,  മോദനയിലെയും ബെർഗമോ രൂപതയിലെ പെത്തോസിനോയിലേ സ്ഥൈര്യലേപനം സ്വീകരിച്ച യുവാക്കളേയും സൈക്കിളിൽ വിത്തെർ ബോയിൽ നിന്നെത്തിയ സ്കൗട്ടാംഗങ്ങളെയും, സ്പ്പെയിനിലെ ഹക്കൂനാ മുന്നേറ്റത്തിലെ അംഗങ്ങളേയും അഭിവാദ്യം ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 November 2019, 00:00