ഫ്രാന്‍സീസ് പാപ്പാ തായ്‌ലന്‍റില്‍, ബാങ്കോക്കിലെ വിമാനത്താവളത്തില്‍, പാപ്പായുടെ ബന്ധുവായ സലേഷ്യന്‍ സന്ന്യാസിനി ആന്ന റോസ സിവോരി (Ana Rosa Sivori)  ആണ് സമീപത്ത് (20/11/2019) ഫ്രാന്‍സീസ് പാപ്പാ തായ്‌ലന്‍റില്‍, ബാങ്കോക്കിലെ വിമാനത്താവളത്തില്‍, പാപ്പായുടെ ബന്ധുവായ സലേഷ്യന്‍ സന്ന്യാസിനി ആന്ന റോസ സിവോരി (Ana Rosa Sivori) ആണ് സമീപത്ത് (20/11/2019) 

ഫ്രാന്‍സീസ് പാപ്പാ തായ്‌ലന്‍റില്‍-പ്രഥമ ദിനം!

ഫ്രാന്‍സീസ് പാപ്പാ തായ്‌ലന്‍റിന്‍റെ തലസ്ഥാനമായ ബാങ്കോക്കില്‍ ബുധനാഴ്ച എത്തി. പാപ്പായുടെ തായ്‌ലന്‍റ് സന്ദര്‍ശനം ഇരുപത്തിമൂന്നാം തീയതി ശനിയാഴ്ച വരെ നീളും.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പാപ്പാ ഏഷ്യന്‍ നാടുകളിലേക്ക്

ഫ്രാന്‍സീസ്  പാപ്പായുടെ   മുപ്പത്തിരണ്ടാം  വിദേശ   അപ്പസ്തോലിക   സന്ദര്‍ശനത്തിന്   തുടക്കമായി. 19-26 വരെ നീളുന്ന ഈ അജപാലനയാത്രിയില്‍ ഫ്രാന്‍സീസ് പാപ്പാ സന്ദര്‍ശിക്കുന്നത് ഏഷ്യന്‍ നാടുകളായ തായ്‌ലന്‍റും ജപ്പാനുമാണ്. “ക്രിസ്തു ശിഷ്യര്‍ പ്രേഷിത ശിഷ്യര്‍” എന്ന മുദ്രാവാക്യമാണ്  പാപ്പായുടെ തായ്‌ലന്‍റ്  ഇടയസന്ദര്‍ശനം സ്വീകരിച്ചിരിക്കുന്നത്. ജപ്പാന്‍ അജപാലനസന്ദര്‍ശനത്തിന്‍റെ പ്രമേയം “എല്ലാം ജീവനും സരക്ഷണമേകുക” എന്നതാണ്.

തന്‍റെ ഈ  അഷ്ടദിന ഇടയസന്ദര്‍ശനത്തിന്‍റെ ആദ്യ വേദിയായ തായ്‌ലന്‍റില്‍ പാപ്പാ  ബുധനാഴ്ച (20/11/19), പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം രാവിലെ 10.30-ന് എത്തിച്ചേര്‍ന്നു. സമയത്തില്‍, ഇന്ത്യ, തായ്‌ലന്‍റിനെക്കാള്‍ ഒരു മണിക്കൂറും മുപ്പതു മിനിറ്റും പിന്നിലാണ്.

തായ്‌ലന്‍റിന്‍റെ തലസ്ഥാനമായ ബാങ്കോക്കിലെ വിമാനത്താവളത്തില്‍ സ്വാഗതസ്വീകരണ ചടങ്ങുകള്‍ മാത്രമായിരുന്നു പാപ്പായുടെ പരിപാടി ബുധാനാഴ്ച (20/11/2019). 

പാപ്പാ റോമിലെ മേരി മേജര്‍ ബസിലിക്കയില്‍ മാതാവിന്‍റെ പവിത്ര സന്നിധാനത്തില്‍

പത്തൊമ്പതാം തീയതി, ചൊവ്വാഴ്ച (19/11/19) മുതല്‍ ഇരുപത്തിയാറാം തീയതി (26/11/19) ചൊവ്വാഴ്ച വരെ നീളുന്ന തന്‍റെ അപ്പസ്തോലികയാത്രയെ ഫ്രാന്‍സീസ് പാപ്പാ, പതിവുപോലെ, റോമിലെ മേരി മേജര്‍ ബസിലിക്കയിലെത്തി പരിശുദ്ധ കന്യകാമറിയത്തിന് സമര്‍പ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പാപ്പാ, “സാളൂസ് പോപുളി റോമാനി” (Salus Populi Romani) അഥവാ, “റോമന്‍ ജനതയുടെ രക്ഷ” എന്ന അഭിധാനത്തില്‍ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യാകമറിയത്തിന്‍റെ സവിധത്തില്‍ പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചത്.

വൃദ്ധ ജനങ്ങളുമായി ഒരു കൂടിക്കാഴ്ച വത്തിക്കാനില്‍

ചൊവ്വാഴ്ച (19/11/19) വൈകുന്നേരം വത്തിക്കാനില്‍ നിന്ന് റോമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിനു മുമ്പ് പാപ്പാ പ്രായം ചെയ്യന്നവരുടെ ഒരു ചെറു സമൂഹവുമായി കൂടിക്കാഴ്ച നടത്തി. “നിര്‍ദ്ധനരുടെ കൊച്ചു സഹോദരികള്‍” എന്ന പേരില്‍ റോമിലുള്ള ഒരു സന്ന്യാസിനി സമൂഹം അഭയം നല്കിയിരിക്കുന്നവരാണ് ഈ വൃദ്ധ ജനങ്ങള്‍. 

യാത്ര ആരംഭിക്കുന്നു

പ്രായം ചെന്നവരുമായുള്ള ഈ കൂടിക്കാഴ്ചയ്ക്കു ശേഷം പാപ്പാ വത്തിക്കാനില്‍ നിന്ന് 30 കിലോമീറ്ററോളം അകലെ, ഫ്യുമിച്ചീനൊ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന വിമാനത്താവളത്തിലേക്കു കാറില്‍ പുറപ്പെട്ടു. റോമിലെ അന്താരാഷ്ട്ര വിമാനത്താവളമായ “ലെയൊണാര്‍ദൊ ദ വിഞ്ചി” സ്ഥിതിചെയ്യുന്ന ഫ്യുമിച്ചീനൊ ഇറ്റലിയിലെ “പോര്‍ത്തൊ സാന്ത റുഫീന” രൂപതയുടെ ഭരണസീമയ്ക്കുള്ളില്‍ വരുന്നതിനാല്‍ പ്രസ്തുത രൂപതയുടെ മെത്രാന്‍ ജീനൊ റെയാലിയും പാപ്പായെ സ്വീകരിച്ച് യാത്രയയ്ക്കാന്‍ വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നവരില്‍ ഉണ്ടായിരുന്നു.

റോമിലെ സമയം രാത്രി 7.15-ന്, ഇന്ത്യയിലെ സമയം രാത്രി 11.45-ന് ഫ്രാന്‍സീസ് പാപ്പാ, തന്‍റെ അനുചരരോടൊപ്പം തായ്‌ലന്‍റിന്‍റെ തലസ്ഥാനനഗരിയായ ബാങ്കോക്കിലേക്ക് “അല്‍ ഇത്താലിയ”യുടെ എയര്‍ബസ് 330-ല്‍, യാത്രയായി. 

സഹയാത്രികരോട്....

വിമാനത്തിലേറിയ പാപ്പാ തന്‍റെ സഹയാത്രികരെ, വിശിഷ്യ, മാദ്ധ്യമപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. തന്‍റെ ഈ യാത്രയില്‍ തന്നെ സഹായിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പാപ്പാ നന്ദി പറഞ്ഞു. പാശ്ചാത്യസംസ്കാരത്തില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഒരു സംസ്കാരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നത് നല്ലൊരു കാര്യമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന്   പാപ്പാ തന്‍റെ ഇരിപ്പിടത്തിലേക്കു പോകുകയും വിശ്രമിക്കുകയും ചെയ്തു.

റോമില്‍ നിന്ന് ബാങ്കോക്കിലേക്ക്

റോമിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബാങ്കോക്കിലേക്കുള്ള വ്യോമ ദൂരം 9352 കിലോമീറ്ററാണ്. ഈ ദൂരം തരണം ചെയ്യാന്‍ വിമാനം 10 മണിക്കൂറും 45 മിനിറ്റും എടുത്തെങ്കിലും യാത്രാസമയം നിശ്ചിത സമയത്തേക്കാള്‍ 45 മിനിറ്റു കുറവായിരുന്നു. പതിനഞ്ചു മിനിറ്റ് താമസിച്ചാണ് റോമില്‍ നിന്നു പറന്നുയര്‍ന്നതെങ്കിലും നിശ്ചിത സമയത്തെക്കാള്‍ അരമണിക്കൂര്‍ മുമ്പുതന്നെ വിമാനം ബാങ്കോക്കില്‍ താണിറങ്ങി.

വ്യോമ പാതകള്‍ 

ഇറ്റലിയുടെയും ലക്ഷ്യസ്ഥാനമായ തായ്‌ലന്‍റിന്‍റെയും വ്യാമപാതകള്‍ക്കു പുറമെ ക്രൊവേഷ്യ, ബോസ്നിയ ഹെര്‍സഗൊവീന, സേര്‍ബിയ, മോന്തെനേഗ്രൊ, ബള്‍ഗറി, തുര്‍ക്കി, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, മ്യന്മാര്‍ എന്നീ നാടുകളുടെയും ആകാശപാതകള്‍ പാപ്പാ സഞ്ചരിച്ച വിമാനം ഉപയോഗപ്പെടുത്തി. ഓരോ രാജ്യത്തിന്‍റെയും മുകളിലൂടെ പറക്കവെ പാപ്പാ അതതു രാജ്യത്തിന്‍റെ തലവനും ജനങ്ങള്‍ക്കും ആശംസാസന്ദേശം, പതിവു പോലെ, അയച്ചു. തന്‍റെ യാത്ര തായ്‌ലന്‍റിലേക്കായിരുന്നതിനാല്‍ അന്നാടിന്‍റെ  രാജാവ് മഹാ വജിറോലോംഗോണ്‍ രാമ പത്താമന് പ്രത്യേക സന്ദേശം അയച്ചില്ല 

സന്ദേശങ്ങള്‍ 

ഇന്ത്യയുടെ മുകളില്‍ വ്യോമയാനം എത്തിയപ്പോള്‍ ഫ്രാന്‍സീസ് പാപ്പാ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ഒരു സന്ദേശം അയച്ചു. 

തായ്‌ലന്‍റിലും ജപ്പാനിലും ഇടയസന്ദര്‍ശനം നടത്തുന്നതിനായുള്ള തന്‍റെ ഈ യാത്രയില്‍ ഇന്ത്യയുടെ മുകളിലൂടെ  കടന്നുപോകുന്ന വേളയില്‍ രാഷ്ട്രപതിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും   ഹൃദയംഗമമായ ആശംസകളേകുന്നുവെന്നും നാടിന് ശാന്തിയും ക്ഷേമവും പ്രദാനം ചെയ്യുന്നതിന് സര്‍വ്വശക്തനോടു പ്രാര്‍ത്ഥിക്കുന്നുവെന്നുമായിരുന്നു പാപ്പായുടെ സന്ദേശത്തിന്‍റെ ഉള്ളടക്കം.

പാക്കിസ്ഥാന്‍റെ പ്രസിഡന്‍റ് ആരിഫ് ആല്‍വിക്കയച്ച സന്ദേശത്തില്‍ പാപ്പാ അന്നാടിന് സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും ദൈവികാനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുന്നതിനായുള്ള പ്രാര്‍ത്ഥന ഉറപ്പേകി.

നാടിന് സമാധാനവും സമൃദ്ധിയും ഉണ്ടാകുന്നതിനായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പാ മ്യന്മാറിന്‍റെ പ്രസിഡന്‍റ് വിന്‍ മയിന്‍റനും അഫ്ഖാനിസ്ഥാന്‍റെ പ്രസിഡന്‍റ്  അഷറഫ് ഗാനി അഹമ്മദ്സ്സായിക്കും അയച്ച പ്രത്യേകം പ്രത്യേകം ആശംസാസന്ദേശങ്ങളില്‍ അറിയിച്ചു.

ഇറ്റലി, ക്രൊവേഷ്യ, ബോസ്നിയ ഹെര്‍സഗൊവീന, സേര്‍ബിയ, മോന്തെനേഗ്രൊ, ബള്‍ഗറി, തുര്‍ക്കി എന്നീ നാടുകള്‍ക്കും സമാധനവും സമൃദ്ധിയും ആശംസിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ അതതു നാടുകളുടെ തലവന്മാര്‍ക്ക് പാപ്പാ അയച്ചു.

ബാങ്കോക്കില്‍ സ്വീകരണം

ബാങ്കോക്കിലെ വിമാനത്താവളത്തിലെ സൈനിക ഗമനാഗമന ഭാഗത്തായിരുന്നു, അതായത്, “സൈനിക ടെര്‍മിനല്‍ 2”-ല്‍ ആയിരുന്നു പേപ്പല്‍ വിമാനം ഇറങ്ങിയത്. പാപ്പായെ വരവേറ്റ് പുറത്തേക്കാനയിക്കുന്നതിനായി തായ്‌ലന്‍റിലെ അപ്പസ്തോലിക് നുണ്ഷ്യൊ ആര്‍ച്ചുബിഷപ്പ് പോള്‍ ത്സ്ചാംഗ് ഇന്‍ നാമും (PAUL TSCHANG IN-NAM) അന്നാട്ടില്‍ പാപ്പായുടെ സന്ദര്‍ശന പരിപാടികള്‍ ഏകോപിപ്പിക്കുന്ന സംഘത്തിന്‍റെ  തലവനും വ്യോമയാനത്തിനുള്ളില്‍ പ്രവേശിച്ചു. തുടര്‍ന്ന് അവര്‍ പാപ്പായെ സ്വാഗതം ചെയ്ത് പുറത്തേക്കാനയിച്ചു. വിമാനപ്പടവുകള്‍ ഇറങ്ങിയ പാപ്പായെ സ്വീകരിക്കാന്‍ തായ്‌ലന്‍റിന്‍റെയും അന്നാട്ടിലെ സഭയുടെയും പ്രതിനിധികള്‍ അവിടെ സന്നിഹിതരായിരുന്നു. 

പാപ്പായുടെ അനന്തരവളും അരനൂറ്റാണ്ടിലേറെയായി തായ്‌ലന്‍റില്‍ സലേഷ്യന്‍ പ്രേഷിതയും ദ്വിഭാഷിയുമായ സന്ന്യാസിനി ആന്ന റോസ സിവോരി (Ana Rosa Sivori) പാപ്പായെ ആദ്യം സ്നേഹാലിംഗനം ചെയ്തു. തുടര്‍ന്ന്  തായ്‌ലന്‍റിന്‍റെ രാജകീയ സമിതിയംഗം പാപ്പായെ ഹസ്തദാനം നല്കി സ്വീകരിക്കുകയും “പുഷ്പമാല്യം” സമ്മാനിക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന സന്ന്യാസിനി സഹോദരി സന്ന്യാസിനി ആന്ന റോസ സിവോരി ആ പൂമാലയെക്കുറിച്ചൊരു ചെറുവിവരണം പാപ്പായ്ക്ക് നല്കുകയും ചെയ്തു. തദ്ദനന്തരം തായ്‌ലന്‍റിന്‍റെ ഭരണനേതൃത്വത്തിന്‍റെ 6 പ്രതിനിധികളെ പാപ്പാ പരിചയപ്പെട്ടു. അപ്പോള്‍ ആചാരവെടികള്‍ മുഴങ്ങുന്നുണ്ടായിരുന്നു. തുടര്‍ന്ന്  മെത്രാന്മാരടങ്ങിയ സഭാ പ്രതിനിധികളെ അഭിവാദ്യം ചെയ്ത പാപ്പാ അവിടെ പാരമ്പര്യ വേഷമണിഞ്ഞു നിന്നിരുന്ന ബാലികാബാലന്മാരെ വാത്സല്യത്തോടെ ആശ്ലേഷിക്കുകയും വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്ന വിശ്വാസികളുള്‍പ്പെടെയുള്ള ജനങ്ങളെ കൈകള്‍ വീശി അഭിവാദ്യം ചെയ്യുകയും ചെയ്തുകൊണ്ട് കാറിനടുത്തേക്കു പോയി. അപ്പോള്‍ അവര്‍ പേപ്പല്‍ പതാകകളും തായ്‌ലന്‍റിന്‍റെ പതാകകളും വീശി അവരുടെ സന്തോഷം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. പ്രാദേശിക സമയം, ഏതാണ്ട്, ഉച്ചയ്ക്ക് ഒരു മണിയോടു കൂടി പാപ്പാ അപ്പസ്തോലിക് നണ്‍ഷിയേച്ചറിലേക്കു യാത്രയായി. വിമാനത്താവളത്തില്‍ നിന്ന് 35 കിലോമീറ്ററോളം അകലെ ആണ് വത്തിക്കാന്‍റെ  സ്ഥാനപതിയുടെ കാര്യാലയം. ഈ കാര്യാലയമാണ് തായ്‌ലന്‍റിലെ ഇടയസന്ദര്‍ശന വേളയില്‍ പാപ്പായുടെ രാത്രിവിശ്രമ സ്ഥാനം.

അപ്പസ്തോലിക് നണ്‍ഷിയേച്ചറില്‍

അപ്പസ്തോലിക് നണ്‍ഷിയേച്ചറിലെത്തിയ പാപ്പായെ സ്വീകരിക്കാന്‍ നണ്‍ഷിയേച്ചറിലെ ഉദ്യോഗസ്ഥര്‍ക്കു പുറമെ, വൈദികാര്‍ത്ഥികളും സമര്‍പ്പിത ജീവിതത്തിനായി ഒരുങ്ങുന്ന പെണ്‍കുട്ടികളും യുവസന്ന്യാസിനികളും നണ്‍ഷിയേച്ചറിനടുത്തുള്ള ഇടവകയില്‍ നിന്നുള്ള യുവനങ്ങളും ഉണ്ടായിരുന്നു. ഈ യുവജനങ്ങള്‍ പാരമ്പര്യ വേഷമണിഞ്ഞ് നൃത്തം ചെയ്ത് പാപ്പായ്ക്ക് സ്വാഗതമോതി. 

തദ്ദനന്തരം പാപ്പാ നണ്‍ഷിയേച്ചറില്‍ ഉച്ചവിരുന്നില്‍ പങ്കുകൊണ്ടു. ബുധനാഴ്ച വൈകുന്നേരം ഫ്രാന്‍സിസ് പാപ്പാ അപ്പസ്തോലിക് നണ്‍ഷിയേച്ചറിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിച്ചു. തദ്ദനന്തരം അത്താഴം കഴിച്ച് രാത്രി വിശ്രമിക്കുകയും ചെയ്തു. 

ബാങ്കോക്ക് നഗരം

തായ്‌ലന്‍റില്‍ പാപ്പായുടെ ഇടയസന്ദര്‍ശനത്തിന്‍റെ വേദിയായ ബാങ്കോക്ക് അന്നാട്ടിലെ ഏറ്റം പ്രധാനപ്പെട്ട തുറമുഖ നഗരമാണ്. തായ്‌ലന്‍റ് ഉള്‍ക്കടലിനോടു ചേര്‍ന്ന് കിടക്കുന്ന ഒരു പട്ടണമാണിത്. ഈ നഗരത്തിലെ നിവാസികളുടെ സംഖ്യ 88 ലക്ഷത്തി 33400 ആണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള നഗരങ്ങളില്‍ ഒന്നാണ്, തായ്‌ ഭാഷയില്‍ മാലാഖമാരുടെ നഗരം എന്നര്‍ത്ഥമുള്ള “ക്രുംഗ് തേപ് മഹാ നക്കോണ്‍” എന്ന് അറിയപ്പെടുന്ന, ബാങ്കോക്ക്.  ചാവോ ഫ്രായ നദിയുടെ അഴിമുഖത്തിൽ അയുതായ സാമ്രാജ്യത്തിലെ ഒരു വ്യാപാരകേന്ദ്രമായിരുന്ന ഈ നഗരം, 1768-ൽ അയുതായ നഗരം കത്തിനശിച്ചതിനു ശേഷമാണ് ഇത് തലസ്ഥാനനഗരമായിത്തീർന്നത്. പുതിയ രാജാവ് തക്സിന്‍ ആണ് ഈ പ്രഖ്യാപനം നടത്തിയത്.

നദീതീരത്തുള്ള നഗരം, ഗ്രാമം എന്നീ അര്‍ത്ഥങ്ങളുള്ള “ബാംഗ്” എന്ന തായ് പദവും, ഒലിവു വൃക്ഷം പോലുള്ള ഒരു ഫലവൃക്ഷത്തെ ദ്യോതിപ്പിക്കുന്ന “മക്കോക്ക്” എന്ന വാക്കും ചേര്‍ന്നാണ് ബാങ്കോക്ക് എന്ന പേര് ഈ നഗരത്തിനു ലഭിച്ചതെന്നു കരുതപ്പെടുന്നു. ദ്വീപ് എന്നര്‍ത്ഥം വരുന്ന “കോഹ്” എന്ന പദം  “ബാംഗ്” എന്ന വാക്കിനോടു ചേര്‍ന്നാണ് ഈ പേരുണ്ടായതെന്ന ഭാഷ്യവും ഉണ്ട്.

തക്സിന്‍ രാജാവിന്‍റെ കാലശേഷം 1782 ല്‍ അധികാരമേറ്റ രാമ പ്രഥമന്‍ രാജാവ് എന്നറിയപ്പെടുന്ന ബുദ്ധ യോദ്ഫ ചുലലോകെയാണ് ചാവൊ ഫ്രായ നദിയുടെ കിഴക്കെത്തീരത്ത് തലസ്ഥാന നഗരം പുതുക്കി പണിയുകയും “ക്രുംഗ് തേപ് മഹാ നക്കോണ്‍” എന്ന ദീര്‍ഘനാമം നല്കുകയും ചെയ്തത്. എന്നാല്‍ ബാങ്കോക്ക് എന്ന നാമവും തുടര്‍ന്നുപയോഗിക്കപ്പെട്ടതോടെ അത് ആ നഗരത്തിന്‍റെ ആംഗലഭാഷാ നാമമായി ഔദ്യോഗകമായി അംഗികരിക്കപ്പെട്ടു.

ബാങ്കോക്കിന്‍റെ ആധുനികവത്ക്കരണം ശിഘ്രഗതിയിലായിരുന്നു. അതിവേഗ മാറ്റത്തിലുടെ ആ നഗരം തായ്‌ലന്‍റിന്‍റെ സാമ്പത്തിക കേന്ദ്രമായി പരിണിമിച്ചു. രണ്ടാം ലോകമഹായുദ്ധ വേളയില്‍ ഈ നഗരം ജപ്പാന്‍റെ ആധിപത്യത്തിലാകുകയും സഖ്യക്ഷകളുടെ ബോംബാക്രമണത്തിന് ഇരയാകുകയും ചെയ്തു. 1960 മുതല്‍ 1975 വരെയുള്ള വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കന്‍ സൈന്യത്തിന്‍റെ താവളമായി മാറി ഈ നഗരം. സൈന്യങ്ങള്‍ക്ക് കടന്നു പോകനും യുദ്ധോപകരണങ്ങള്‍ കൊണ്ടുപോകനും സൈന്യത്തിനു വിശ്രമിക്കാനുമുള്ള ഒരിടമായി ബാങ്കോക്ക്.

ഇന്ന് ബാങ്കോക്ക് ലോകത്തിലെ തന്നെ അത്യാധുനിക വ്യാപാര കേന്ദ്രങ്ങളില്‍ ഒന്നാണ്. അംബരചുംബികളായ ആയിരത്തോളം കച്ചവട സൗധങ്ങള്‍ ഈ നഗരത്തിലുണ്ട്. വിദേശ വ്യവസായ ശാലകളുടെ കാര്യാലയങ്ങളും ഇവിടെ കാണാം. ഒപ്പം തന്നെ ബാങ്കോക്ക് ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. “ഗ്രാന്‍റ് പാലസ്” രാജകൊട്ടാരം സ്ഥിതി ചെയ്യുന്ന രത്തനകോസിന്‍ ദ്വീപ് ഇവിടെയാണ്. തായ്‌ലന്‍റിലെ ഏറ്റം പവിത്രമെന്നു കരുതപ്പെടുന്ന ബുദ്ധക്ഷേത്രം “വാത്ത് ഫ്ര കയേവ്” സ്ഥിതി ചെയ്യുന്നതും ബാങ്കോക്കിലാണ്. വിഖ്യാതമായ ബുദ്ധന്‍റെ ശയന പ്രതിമയുള്ള “വാറ്റ് പോ” ക്ഷേത്രം ഇതിനടുത്താണ്. 5500 കിലോയോളം സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ചതാണ് ഈ വിഗ്രഹം. പതിനാലാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചിതിനു ശേഷം അവിടെ എത്തിച്ചതാണ് ഇതെന്ന് പറയപ്പെടുന്നു. മറ്റു പല ബുദ്ധക്ഷേത്രങ്ങളും ഈ നഗരത്തിലുണ്ട്. പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയ്ക്കു പുറമെ വിവിധ കത്തോലിക്കാ ദേവാലയങ്ങളു ബാങ്കോക്കിലുണ്ട്. സ്വര്‍ഗ്ഗാരോപിത നാഥയുടെ നാമത്തിലുള്ള കത്തീദ്രലാണ് ഈ ദേവാലയങ്ങളില്‍ പ്രധാനപ്പെട്ടത്.

ബാങ്കോക്ക് അതിരൂപത

ബാങ്കോക്ക് അതിരൂപത 1965 ഡിസമ്പര്‍ 18-നാണ് സ്ഥാപിതമായത്. ഈ അതിരൂപതയുടെ വിസ്തൃതി 18831 ചതുരശ്ര കിലോമീറ്ററാണ്. ഈ അതിരൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ വസിക്കുന്ന 1കോടി 37 ലക്ഷത്തി 50000 ത്തോളം വരുന്ന നിവാസികളില്‍ കത്തോലിക്കര്‍ 1 ലക്ഷത്തി 21000-ത്തില്‍പ്പരം മാത്രമാണ്. ഇവര്‍ 55 ഇടവകകളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഈ അതിരൂപതിയിലെ ഇടവകവൈദികരുടെ സംഖ്യ, 148 രൂപതാവൈദികരും 92 സന്ന്യസ്തവൈദികരും ഉള്‍പ്പടെ, 240 ആണ്. 250-ല്‍പ്പരം സന്ന്യസ്തരും 430-നടുത്ത് സന്ന്യാസിനികളും ഈ അതിരൂപതയില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ബാങ്കോക്ക് അതിരൂപതയുടെ കീഴില്‍ 130-ല്‍പ്പരം വിദ്യഭ്യാസ സ്ഥാപനങ്ങളും നാല്പതോളം ഉപവിപ്രവര്‍ത്തന കേന്ദ്രങ്ങളുമുണ്ട്. ഈ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ഫ്രാന്‍സീസ് സേവ്യര്‍ ക്രിയിംഗസാക്ക് കോവിതാവനിജ് ആണ്.

ഈ അതിരൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ വരുന്ന ബാന്‍ റാക് എന്ന സ്ഥലത്ത് 1949 ജൂണ്‍ 27-ന് ജനിച്ച അദ്ദേഹം 1976 ജൂലൈ 11-ന് പൗരോഹിത്യം സ്വീകരിക്കുകയും 2007 ജൂണ്‍ 2-ന് മെത്രാനായി അഭിഷിക്തനാകുകയും 2015 ഫെബ്രുവരി 14-ന് കര്‍ദ്ദിനാള്‍സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 November 2019, 08:23